അബുദാബി - യാത്രാവിലക്കില്‍പ്പെട്ട് നാട്ടില്‍ കുടുങ്ങിയ പ്രവാസികളുടെ പ്രശ്‌നത്തില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തരമായി ഇടപെടണമെന്ന് വിവിധ സംഘടനകള്‍ ആവശ്യപ്പെട്ടു.
ജോലി നഷ്ടപ്പെടുമെന്ന ആശങ്കയിലാണ് പലരും. ഇവര്‍ക്കെല്ലാം നാട്ടില്‍ തൊഴില്‍ നല്‍കാനാവില്ലെന്നു മാത്രമല്ല പുനരധിവാസവും സര്‍ക്കാരിനു കീറാമുട്ടിയാകുമെന്നും സംഘടനകള്‍ മുന്നറിയിപ്പ് നല്‍കി.
പ്രവാസി ഇന്ത്യക്കാരുടെ യാത്രാ പ്രശ്‌നം പരിഹരിക്കാന്‍ അടിയന്തര നടപടി വേണമെന്ന് യു.എ.ഇ കെ.എം.സി.സി നാഷനല്‍ കമ്മിറ്റി പ്രസിഡന്റ് ഡോ. പുത്തൂര്‍ റഹ്‌മാന്‍ പറഞ്ഞു. കേന്ദ്ര, കേരള സര്‍ക്കാരുകള്‍ക്കും യു.എ.ഇയിലെ ഇന്ത്യന്‍ സ്ഥാനപതി പവന്‍ കപൂറിനും കോണ്‍സല്‍ ജനറലില്‍ ഡോ. അമന്‍പുരിക്കും കത്തുനല്‍കി.
നാട്ടില്‍ കുടുങ്ങിയവര്‍ക്ക് എത്രയും വേഗം തിരിച്ചെത്തി ജോലിയില്‍ പ്രവേശിക്കാന്‍ സൗകര്യം ഒരുക്കണമെന്ന് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് ഇ.പി ജോണ്‍സണ്‍ ആവശ്യപ്പെട്ടു.
ഇന്ത്യയില്‍ പ്രതിദിന കോവിഡ് കേസുകള്‍ കുറഞ്ഞതിനാല്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചു വിമാന സര്‍വീസ് പുനരാരംഭിക്കാന്‍ യു.എ.ഇയുമായി ബന്ധപ്പെട്ട് നടപടിയെടുക്കണമെന്ന് അബുദാബി കേരള സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് വി.പി കൃഷ്ണകുമാര്‍ പറഞ്ഞു.
പ്രശ്‌ന പരിഹാരം ആവശ്യപ്പെട്ട് ഇതര സംഘടനകളുമായി ചേര്‍ന്ന് സര്‍ക്കാരുകളില്‍ സമ്മര്‍ദം ചെലുത്തുമെന്ന് അബുദാബി മലയാളി സമാജം പ്രസിഡന്റ് സലീം ചിറക്കല്‍ പറഞ്ഞു.
അരങ്ങ് സാംസ്‌കാരിക വേദി പ്രസിഡന്റ് എ.എം അന്‍സാര്‍, അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ ജനറല്‍ സെക്രട്ടറി ടി.കെ അബ്ദുസ്സലാം എന്നിവരും ഇതേ ആവശ്യങ്ങളുന്നയിച്ചു.






