Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ജിദ്ദാ പൈതൃക നഗരം; പഴമയുടെ പുതുമ

ജിദ്ദ ബലദ് നവീകരണശേഷം ശാരാ ഗാബിലിന്റെ  (ദഹബ് സ്‌ക്വയർ) മാതൃക

സൗദി സാംസ്‌കാരിക മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ ജിദ്ദാ പൈതൃക നഗരം പ്രാചീനസൗന്ദര്യം വീണ്ടെടുക്കുന്നു

ജിദ്ദ ഡൗൺടൗൺ (ബലദ്) ദഹബ് സ്‌ക്വയർ അഥവാ സുവർണചത്വരം എന്ന പേര് സ്വീകരിച്ച് പൈതൃകഭംഗിയും പ്രൗഢിയും തിരിച്ചുപിടിക്കുന്നു. ശാരാ ദഹബ് മുതൽ ശാരാ ഗാബിലിൽ നസീഫ് ഹൗസ് വരെയുള്ള ഭാഗം മുഴുവൻ പുനർനിർമാണത്തിന്റെ പാതയിലാണ്. അഞ്ചു മാസത്തിനകം പണി പൂർത്തിയായി പുരാതന ജിദ്ദ, ലോകടൂറിസം ഭൂപടത്തിൽ അർഹമായ ഇടം പിടിക്കും.  
യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിൽ സൗദിയിൽ നിന്ന് ഇടംനേടിയ പ്രധാന പൈതൃക കേന്ദ്രമാണ് ചെങ്കടലിന്റെ റാണിയെന്ന പേരിൽ അറിയപ്പെടുന്ന ജിദ്ദ നഗരത്തിന്റെ മധ്യഭാഗത്തെ ഹിസ്റ്റോറിക് ജിദ്ദ ഏരിയ. മദായിൻ സ്വാലിഹിനും ദിർഇയക്കും ശേഷം സൗദിയിൽ നിന്ന് യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിൽ ഇടംനേടിയ മൂന്നാമത്തെ കേന്ദ്രമാണ് ഹിസ്റ്റോറിക് ജിദ്ദ. ജിദ്ദ നഗരത്തിന്റെ ചരിത്രത്തിന് പുരാതന കാലത്തോളം പഴക്കമുണ്ട്. ഹിജ്‌റ 26 - ാമാണ്ടിൽ (എ.ഡി-647) മൂന്നാം ഖലീഫ ഉസ്മാൻ ബിൻ അഫാൻ (റ) മക്കയുടെ തുറമുഖമെന്ന നിലയിൽ ജിദ്ദയെ മാറ്റിയതോടെ ആദ്യകാല ഇസ്‌ലാമിക യുഗത്തിന്റെ തുടക്കത്തിൽ നഗരം വലിയ വഴിത്തിരിവിന് സാക്ഷ്യം വഹിച്ചു. 


അന്നുമുതൽ ചെങ്കടൽ തീരത്തെ ഏറ്റവും പ്രധാനപ്പെട്ട നഗരവും ഇരു ഹറമുകളിലേക്കുമുള്ള യാത്രാവീഥിയിലെ പ്രധാന കവാടവും എന്നോണം ജിദ്ദ നഗരം ഇസ്‌ലാമിക ചരിത്രമാനം നേടി. പ്രധാനപ്പെട്ട നിരവധി പുരാവസ്തു, പൈതൃക കെട്ടിടങ്ങളും അടയാളങ്ങളും സ്ഥിതി ചെയ്യുന്ന, ജിദ്ദയുടെ ചരിത്രപരമായ ആഴം അടങ്ങിയ ഭാഗം ഹിസ്റ്റോറിക് ജിദ്ദ ഏരിയ എന്ന പേരിലാണ് ഇന്ന് അറിയപ്പെടുന്നത്. 


രാജ്യത്തിന്റെ പുരാതനവും സമ്പന്നവുമായ ഗതകാല ചരിത്രത്തിന് സാക്ഷിയായി ദീർഘകാലമായി ഹിസ്റ്റോറിക് ജിദ്ദ തലയുയർത്തി നിൽക്കുന്നു. ഹിജാസ് ഏകീകരിച്ച് സൗദി രാഷ്ട്രത്തിൽ കൂട്ടിച്ചേർക്കുന്ന കാലത്ത് 1925 ൽ ആധുനിക സൗദി അറേബ്യയുടെ സ്ഥാപകൻ അബ്ദുൽ അസീസ് രാജാവ് ഇവിടുത്തെ (ബെയ്ത് നസ്വീഫ്) നസ്വീഫ് ഹൗസിലാണ് കഴിഞ്ഞിരുന്നത്. ജനങ്ങളെ കാണാനും ഭരണകാര്യങ്ങൾ നടത്താനും ഇതിനടുത്ത അൽഹനഫി മസ്ജിദിനു സമീപത്തുള്ള സ്ഥലമാണ് രാജസദസ്സ് ആയും നമസ്‌കാര സ്ഥലമായും അബ്ദുൽ അസീസ് രാജാവ് ഉപയോഗിച്ചിരുന്നത്. 


ലോകത്തിന്റെ അഷ്ടദിക്കുകളിൽ നിന്നുള്ള ഹജ്, ഉംറ തീർഥാടകർ പുണ്യഭൂമിയിലേക്കുള്ള യാത്രക്കിടെ കടന്നുപോകുന്ന പ്രധാന കവാടമായ ജിദ്ദ, ആഗോള വ്യാപാര മേഖലയിൽ ഏറ്റവും പ്രധാനപ്പെട്ട കടത്തുകേന്ദ്രവും വിനോദ സഞ്ചാര കേന്ദ്രവുമാണ്. വിവിധ വകുപ്പുകൾ നടത്തുന്ന ശ്രമങ്ങൾ ഏകീകരിക്കാൻ ലക്ഷ്യമിട്ടാണ് ഹിസ്റ്റോറിക് ജിദ്ദ ഏരിയക്ക് പ്രത്യേക ഡിപ്പാർട്ട്‌മെന്റ് സമീപ കാലത്ത് ഭരണാധികാരികൾ സ്ഥാപിച്ചത്. അറ്റകുറ്റപ്പണികൾ നടത്തി സംരക്ഷിക്കുന്നതിലെ അശ്രദ്ധയും അവഗണനയും അടക്കമുള്ള കാരണങ്ങളാൽ ഇവിടുത്തെ നൂറു കണക്കിന് വർഷം പഴക്കമുള്ള ഏതാനും കെട്ടിടങ്ങൾ മുൻകാലങ്ങളിൽ തകർന്നടിഞ്ഞിട്ടുണ്ട്. പ്രദേശത്തെ ചില കെട്ടിടങ്ങൾക്ക് 450 ലേറെ വർഷത്തെ പഴക്കമുണ്ട്. പ്രദേശത്തെ മുഴുവൻ ചരിത്ര, പൈതൃക കെട്ടിടങ്ങളും സംരക്ഷിക്കാനും ആവശ്യമായ എല്ലാവിധ പശ്ചാത്തല സൗകര്യങ്ങളും ഒരുക്കി വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന കേന്ദ്രമെന്നോണം ഹിസ്റ്റോറിക് ജിദ്ദ ഏരിയയെ പരിവർത്തിപ്പിക്കാനുമുള്ള ശ്രമങ്ങളിലാണ് സൗദി ഭരണകൂടം ഇപ്പോൾ. 


ഹിസ്റ്റോറിക് ജിദ്ദയുടെ ചരിത്ര, പൈതൃക പ്രാധാന്യം കണക്കിലെടുത്ത് കാലാകാലങ്ങളിൽ നിരവധി പുനരുദ്ധാരണ, വികസന പ്രവർത്തനങ്ങൾ സൗദി ഭരണകൂടം നടപ്പാക്കിയിട്ടുണ്ട്. അതിവിശിഷ്ടമായ വാസ്തുവിദ്യാ ശൈലികളിലുള്ള അൽഅതീഖ് (ശാഫി) ജുമാമമസ്ജിദ്, ഉസ്മാൻ ബിൻ അഫാൻ മസ്ജിദ്, അൽബാശാ മസ്ജിദ്, അക്കാശ് മസ്ജിദ്, അൽമിഅ്മാർ മസ്ജിദ്, അൽഹനഫി മസ്ജിദ്, നസ്വീഫ് ഹൗസ്, വൈദേശിക ആക്രമണങ്ങളിൽ നിന്ന് നഗരത്തെ സംരക്ഷിക്കാൻ നിർമിച്ച, ടവറുകളും കോട്ടകളും സൈനിക ഉപകരണങ്ങളും അടങ്ങിയ ചരിത്ര മതിൽ, ചരിത്രമുറങ്ങുന്ന ഗലികളിലെ നഗരപൈതൃകം എന്നിവയെല്ലാം ഹിസ്റ്റോറിക് ജിദ്ദയിലെ സമ്പന്നമായ ഗതകാല ചരിത്രം പറയുന്നു. ഹിസ്റ്റോറിക് ജിദ്ദയിലെ ഗലികളുടെ പേരുകളിലും നിരവധി കഥകളും സംഭവങ്ങളും മറഞ്ഞിരിക്കുന്നു. ഹിസ്റ്റോറിക് ജിദ്ദയിലെ സൂഖുകൾ സവിശേഷവും മറ്റു നഗരങ്ങളിലെ സമാന വിപണികളിൽനിന്ന് ഏറെ വ്യത്യസ്തവുമാണ്. 


ചരിത്രപമായ സ്വത്വവും പൈതൃക ഭവനങ്ങളും സംരക്ഷിക്കാനുള്ള നിരന്തരമായ ശ്രമങ്ങൾക്കാണ് ജിദ്ദ നഗരം സാക്ഷ്യം വഹിക്കുന്നത്. സൗദി ടൂറിസം ആന്റ് നാഷണൽ ഹെരിറ്റേജ് അതോറിറ്റി ജിദ്ദ നഗരസഭയുമായി സഹകരിച്ച് നേരത്തെ പ്രദേശത്തെ നിരവധി ഭവനങ്ങളും മ്യൂസിയങ്ങളും അറ്റകുറ്റപ്പണികൾ നടത്തി സംരക്ഷിച്ചിരുന്നു. തകർച്ചയിൽ നിന്ന് കെട്ടിടങ്ങളെയും സ്വത്വം മാറുന്നതിൽ നിന്ന് പ്രദേശത്തെയും സംരക്ഷിക്കാൻ ഇത് സഹായകമായി. യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിൽ ഹിസ്റ്റോറിക് ജിദ്ദ ഇടംപിടിക്കാനും ഈ ശ്രമങ്ങളിലൂടെയാണ് സാധിച്ചത്. സമീപ കാലത്താണ് ഹിസ്റ്റോറിക് ജിദ്ദ ഏരിയയുടെ മേൽനോട്ട ചുമതല സാംസ്‌കാരിക മന്ത്രാലയത്തെ ഏൽപിച്ചത്. വികസന പദ്ധതികളിലൂടെ പ്രദേശത്തെ ഓപ്പൺ മ്യൂസിയം ആക്കി മാറ്റാനാണ് സാംസ്‌കാരിക മന്ത്രാലയം ശ്രമിക്കുന്നത്. 


ആവശ്യമായ പരിചരണങ്ങളിലൂടെ ഹിസ്റ്റോറിക് ജിദ്ദ ഏരിയക്ക് പുതുജീവൻ നൽകാനാണ് സാംസ്‌കാരിക മന്ത്രാലയം ഉുന്നമിടുന്നത്. നിരവധി തലമുറകളുടെ ജീവിത വ്യവഹാരങ്ങൾക്ക് സാക്ഷ്യം വഹിച്ച, ചരിത്ര പ്രാധാന്യമുള്ള പുരാതന കെട്ടിടങ്ങൾ അറ്റകുറ്റപ്പണികൾ നടത്തി സംരക്ഷിക്കൽ, പശ്ചാത്തല സൗകര്യങ്ങൾ മെച്ചപ്പെടുത്തൽ, പ്രദേശം മൊത്തത്തിൽ മോടിപിടിപ്പിക്കൽ എന്നിവയെല്ലാം അടങ്ങിയ പദ്ധതികൾ ടൂറിസം മന്ത്രാലയം നടപ്പാക്കുന്നു. ഭാവിയിൽ ഹിസ്റ്റോറിക് ജിദ്ദ ഏരിയക്കു ചുറ്റുമുള്ള പ്രദേശങ്ങളുടെ വികസനം കൂടി സാംസ്‌കാരിക മന്ത്രാലയം ലക്ഷ്യമിടുന്നുണ്ട്. പദ്ധതികൾ ഹിസ്റ്റോറിക് ജിദ്ദ ഏരിയയെ മാത്രമല്ല, ജിദ്ദ നഗരത്തെ മൊത്തത്തിൽ സ്വാധീനിക്കുമെന്ന് സാംസ്‌കാരിക മന്ത്രാലയം പറയുന്നു. 
അഗ്നിശമന സംവിധാനം, പ്രധാന റോഡുകളിൽ ഫുട്പാത്തുകൾ നിർമിക്കൽ, തെരുവുവിളക്കുകൾ സ്ഥാപിക്കൽ അടക്കമുള്ള നിരവധി പദ്ധതികൾ കോടിക്കണക്കിന് റിയാൽ ചെലവഴിച്ച് സമീപ കാലത്ത് പൂർത്തിയാക്കിയിട്ടുണ്ട്. ചരിത്രപരമായ നഗരങ്ങളെ സവിശേഷമായ ഒരു വിനോദ സഞ്ചാര കേന്ദ്രമാക്കി വികസിപ്പിക്കാനും നവീകരിക്കാനും അവലംബിക്കാവുന്ന ഉത്തമ ഉദാഹരണമാണ് ഹിസ്റ്റോറിക് ജിദ്ദ പദ്ധതി. 


പല ഘട്ടങ്ങളായാണ് പുനരുദ്ധാരണ പദ്ധതി നടപ്പാക്കുന്നത്. കെട്ടിടങ്ങളുടെ ചരിത്ര, പൈതൃക മൂല്യം, പ്രാധാന്യം എന്നിവയെ കുറിച്ച് ആഴത്തിൽ ഗവേഷണം നടത്തിയാണ് അറ്റകുറ്റപ്പണികളുമായി ബന്ധപ്പെട്ട പഠനം പൂർത്തിയാക്കി, ഭവനങ്ങളും കെട്ടിടങ്ങളം നിർമിക്കുമ്പോൾ ഉപയോഗിച്ച യഥാർഥ നിർമാണ സാമഗ്രികൾ, പരമ്പരാഗത കെട്ടിട രീതികൾ, സൂക്ഷ്മമായ വാസ്തുവിദ്യ, അലങ്കാര വിശദാംശങ്ങൾ എന്നിവയെ കുറിച്ച ഡോക്യുമെന്റേഷൻ തയാറാക്കുന്നത്. തുടർന്ന് ഒറിജിനാലിറ്റിയും കൃത്യതയയും കണക്കിലെടുത്തും യുനെസ്‌കോയുടെ അന്താരാഷ്ട്ര മാനദണ്ഡങ്ങളും വ്യവസ്ഥകളും പാലിച്ചുമുള്ള അറ്റകുറ്റപ്പണി രീതിശാസ്ത്രത്തിൽ എത്തിച്ചേരാൻ പഠന, ഗവേഷണ ഫലങ്ങൾ അവലോകനം ചെയ്യും. കൃത്യമായ അറ്റകുറ്റപ്പണി മേഖലയിൽ ഉയർന്നതും വിശിഷ്ടവുമായ വൈദഗ്ധ്യം ആവശ്യമുള്ള ഈ പഠനങ്ങൾ നടപ്പാക്കൽ ഘട്ടം നിരീക്ഷിക്കുകയും ഓരോ ഘട്ടത്തിനും ഉചിതമായ പരിഹാരങ്ങൾ കണ്ടെത്തുകയും ചെയ്യുന്നു. കെട്ടിടത്തിന്റെ വൈശിഷ്ട്യം സ്ഥിരീകരിക്കാനും ചരിത്രപരവും വാസ്തുവിദ്യാപരവുമായ മൂല്യം സംരക്ഷിക്കാനും പൈതൃക കെട്ടിടങ്ങളുടെ പുനരുദ്ധാരണ വേളയിൽ സാവകാശവും ഗവേഷണവും ആവശ്യമാണ്. 


ഹിസ്റ്റോറിക് ജിദ്ദ ഏരിയയിൽ നിരവധി പൈതൃക കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികൾ സാംസ്‌കാരിക മന്ത്രാലയം ഇതിനകം പൂർത്തിയാക്കിയിട്ടുണ്ട്. നിരവധി കെട്ടിടങ്ങളിൽ നിലവിൽ പുനരുദ്ധാരണ ജോലികൾ പുരോഗമിക്കുകയാണ്. സമീപ കാലത്ത് പ്രദേശത്തെ ഏതാനും പുരാതന കെട്ടിടങ്ങൾ ഇടിഞ്ഞുവീഴുകയും കത്തിയമരുകയും ചെയ്തിരുന്നു. ഇത്തരം സംഭവങ്ങൾക്ക് ശാശ്വത പരിഹാരം എന്നോണമാണ് പലഘട്ടങ്ങളായും മുൻഗണനാക്രമം നിശ്ചയിച്ചുമുള്ള പുനരുദ്ധാരണ പദ്ധതി നടപ്പാക്കുന്നത്.  
സാമ്പത്തിക വൈവിധ്യവൽക്കരണ പദ്ധതിയായ വിഷൻ 2030 പദ്ധതി വിനോദ സഞ്ചാര വ്യവസായ മേഖലക്ക് ഊന്നൽ നൽകുന്നു. 2030 ഓടെ ഹജ്, ഉംറ തീർഥാടകർ അടക്കം പ്രതിവർഷം പത്തു കോടി വിനോദ സഞ്ചാരികളെ രാജ്യത്തേക്ക് ആകർഷിക്കാനാണ് ലക്ഷ്യമിടുന്നത്. ഇത് സാക്ഷാൽക്കരിക്കുന്ന ദിശയിലുള്ള സുപ്രധാന ചുവടുവെപ്പുകളിൽ ഒന്ന് എന്നോണമാണ് ഹിസ്റ്റോറിക് ജിദ്ദ ഏരിയയുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കും സംരക്ഷണത്തിനും തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് സ്വതന്ത്രമായ ബജറ്റോടെ പ്രത്യേക ഡിപ്പാർട്ട്‌മെന്റ് സ്ഥാപിച്ചത്. പ്രദേശത്ത് വിവിധ വകുപ്പുകൾ നടത്തുന്ന പുനരുദ്ധാരണ, വികസന പദ്ധതികൾ ഏകോപിപ്പിക്കാനും വേഗത്തിലാക്കാനും പുതിയ ഡിപ്പാർട്ട്‌മെന്റ് സ്ഥാപനം സഹായകമാകുന്നു.



 

Latest News