Sorry, you need to enable JavaScript to visit this website.

'ഗൃഹലക്ഷ്മി' യിലെ ലേഖനം വരുത്തിവെച്ച വിന

രാഗിണി കൃഷ്ണൻ

1980 കളുടെ ഒടുവിലാവുമ്പോഴത്തേക്ക് തിരുവനന്തപുരം ദൂരദർശനിലെ അവതാരകരും വാർത്താവായനക്കാരും സിനിമാതാരങ്ങളെ വെല്ലുന്ന ഗ്ലാമർ താരങ്ങളായിരുന്നു. ക്യാമറകൾക്ക് പിന്നിൽ, ഈ താരങ്ങളെ പ്രേക്ഷകരുടെ മുന്നിൽ അവതരിപ്പിക്കുന്നവരുടെ യത്‌നങ്ങൾ ജനം തിരിച്ചറിയില്ല. സിനിമാതാരങ്ങളെ സ്‌ക്രീനിൽ കാണണമെങ്കിൽ, തിയേറ്ററിൽ പോയി ടിക്കറ്റെടുത്ത് സിനിമ കാണണം. എന്നാൽ മിനി സ്‌ക്രീനിലെ താരങ്ങളെ വീട്ടിലിരുന്ന് എല്ലാവർക്കും കാണാം. ദൂരദർശൻ സ്‌ക്രീനിൽ പങ്കെടുക്കാൻ വരുന്ന പ്രഗത്ഭമതികളെക്കാൾ-പരിപാടികളിൽ പങ്കെടുക്കുന്നവർ-കൂടുതൽ താരമൂല്യം അവതാരകരും വാർത്താവായനക്കാരും നേടിയിരുന്നു. ആ കാലത്ത് കേരളത്തിൽ- ഒറ്റ ചാനലേ ഉളളൂ. ദൂരദർശൻ-ടെലിവിഷൻ വീടുകളുടെ സാന്ദ്രത മറ്റ് സംസ്ഥാനങ്ങളിലേതിനെക്കാൾ കൂടുതലായിരുന്നു. 1988ൽ തന്നെ തിരുവനന്തപുരം ദൂരദർശന്റെ മലയാളം പരിപാടികൾ എറണാകുളത്തും കോഴിക്കോടുമുളള പത്ത് കിലോവാട്ട് ശേഷിയുളള സംപ്രേഷിണികളിലൂടെ ടെലികമ്മ്യൂണിക്കേഷൻ ഡിപ്പാർട്ട്‌മെന്റിന്റെ മൈക്രോവെയ്‌വ് സംവിധാനത്തിലൂടെ റിലെ ചെയ്തിരുന്നു. അന്നത്തെ കേന്ദ്രവാർത്താവിതരണ പ്രക്ഷേപണ സഹമന്ത്രി എസ്. കൃഷ്ണകുമാർ ഈ റിലെ സംവിധാനം ത്വരിതപ്പെടുത്താൻ പ്രത്യേക താൽപര്യമെടുത്തിരുന്നു.


എറണാകുളം, കോഴിക്കോട് നഗരങ്ങളിലെ സംപ്രേഷിണിക്കു ചുറ്റും എൺപത് കിലോമീറ്റർ ദൂരത്തിൽ മലയാളം പരിപാടികൾ ലഭിക്കുമായിരുന്നതിനാൽ കേരളത്തിൽ ഒരു വലിയ ശതമാനം ഭൂപ്രദേശങ്ങളിൽ തിരുവനന്തപുരത്തുനിന്നുളള മലയാളം ടെലിവിഷൻ പരിപാടികൾ കാണാമായിരുന്നു. അതിനാൽ ടെലിവിഷൻ താരങ്ങളുടെ  യശസ്സ് വ്യാപകമായിരുന്നു. ജനം തിരിച്ചറിയുന്നതിനാൽ സ്വതന്ത്രമായി നടക്കാൻ പറ്റുന്നില്ല എന്നുവരെ ചിലർ പറഞ്ഞിരുന്നു.


ഞങ്ങൾക്ക് സ്വന്തം ജ്യേഷ്ഠസഹോദരനെപ്പോലെ ഏറ്റവും സ്‌നേഹബഹുമാനങ്ങളുളള കുടുംബാംഗമാണ് എം.ടി.വാസുദേവൻ നായർ. അദ്ദേഹം എന്റെ ഭാര്യ രാഗിണിയുടെ ചില സാഹിത്യസൃഷ്ടികൾ കണ്ട് നല്ല അഭിപ്രായം പറഞ്ഞിരുന്നു. അദ്ദേഹം വീണ്ടും മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെയും ഗൃഹലക്ഷ്മിയുടെയും മറ്റും പത്രാധിപരായപ്പോൾ രാഗിണിയോട് രചനകൾ അയയ്ക്കാനാവശ്യപ്പെടുകയും പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. പിന്നീട് രാഗിണിക്ക് അദ്ദേഹം മാസശമ്പളത്തിൽ ലൈനർ / റീറ്റെയ്‌നർ പദവി നൽകിയത് രാഗിണിയെ ആവേശഭരിതയാക്കി. ഗൃഹലക്ഷ്മിയുടെ സഹപത്രാധിപയായിരുന്ന പി.ബി.ലൽക്കാറും രാഗിണിക്ക് നല്ല പ്രോത്സാഹനം നൽകി. എല്ലാ മാസവും ഗൃഹലക്ഷ്മി രാഗിണിയുടെ രചനകൾ കൃത്യമായി പ്രസിദ്ധീകരിക്കാൻ തുടങ്ങി.

 

പല വിഷയങ്ങളെയും വ്യക്തികളെയും കുറിച്ച് ലേഖനങ്ങൾ വന്നു. അങ്ങനെയിരിക്കെ ടെലിവിഷനിലെ വാർത്താവായനക്കാരായ താരങ്ങളെക്കുറിച്ച് ഒരു കവർ സ്റ്റോറി  പ്രസിദ്ധീകരിക്കാനുളള ദൗത്യം രാഗിണി ഏറ്റെടുക്കുന്നു. അക്കാലത്ത് ടെലിവിഷനിൽ സാങ്കേതികസൗകര്യങ്ങൾ ഇന്നുളളതിനെക്കാൾ വളരെ പരിമിതവും ഇക്കാലത്തെ സ്ഥിതിവെച്ചുനോക്കിയാൽ പ്രാകൃതമെന്ന് പോലും പറയാവുന്ന അവസ്ഥയിലുമായിരുന്നു. എഡിറ്റോറിയൽ വിഭാഗത്തിലുളളവർ തയ്യാറാക്കുന്ന ബുളളറ്റിൻ പലയാവർത്തി വായിച്ച് ദൃശ്യങ്ങൾ വരുമ്പോൾ അവയ്ക്കനുസൃതമായി നിർത്തിയോ, എഴുതിയത് വായിച്ചോ ആണ് വാർത്താവായന. അവതരണം ശരിയായ രീതിയിൽ പിന്നീടാണ് വന്നത്. ആദ്യം ടെലിപ്രോംപ്ടറും പിന്നെ ഡിജിപ്രോംപ്ടറും ഗ്രാഫിക്‌സുമൊക്കെ വന്നു. വാർത്തകൾ വായിക്കുന്നവർ ആ കാലങ്ങളിൽ മൂന്ന് മണിക്കൂറെങ്കിലും മുമ്പേ കേന്ദ്രത്തിലെത്തണം. എങ്കിലേ ബുളളറ്റിനുമായി സമരസപ്പെടാനും തെറ്റില്ലാതെ വായിക്കാനും പറ്റൂ. നൂറുകണക്കിന് അപേക്ഷകരിൽ നിന്ന് തെരഞ്ഞെടുത്ത് അവരെ പരിശീലിപ്പിച്ച് താരങ്ങളാക്കി മാറ്റിയവരുടെ പരിശ്രമം എടുത്തുപറയേണ്ടതുണ്ട്. ന്യൂസ് എഡിറ്റർമാരുടെയും പ്രൊഡ്യൂസർമാരുടേതും പ്രത്യേകിച്ച്.
അങ്ങനെ, താരങ്ങളുമായി അഭിമുഖം നടത്തിയ ശേഷമാണ് രാഗിണി ലേഖനമെഴുതിയത്. മാതൃഭൂമി ഫോട്ടോഗ്രാഫർ രാജൻ പൊതുവാൾ അവരുടെയെല്ലാം നല്ല പടങ്ങളുമെടുത്തു. രാജേശ്വരി മോഹൻ, ഹേമലത, മായ, സുധ, സുജാത ചന്ദ്രൻ എന്നീ സുന്ദരികളുടേതായിരുന്നു ഗൃഹലക്ഷ്മിയുടെ കവർചിത്രം. ലേഖനം തയ്യാറാക്കാൻ ചോദിച്ച ചോദ്യങ്ങളെക്കുറിച്ചോ അതെഴുതിക്കഴിഞ്ഞപ്പോഴോ ഞാൻ ഒന്നും അറിഞ്ഞിരുന്നില്ല. ചിലർ വീട്ടിൽ വന്നിട്ടാണ് ലേഖികയെ കണ്ടതെന്ന് അതച്ചടിച്ചുവന്ന് കഴിഞ്ഞ ശേഷമാണ് ഞാനറിയുന്നത്! ഗൃഹലക്ഷ്മിയുടെ ആ ലക്കം തിരുവനന്തപുരത്ത് നല്ല പോലെ വിറ്റഴിഞ്ഞു. കാരണം അതിറങ്ങിയതിന്റെ പിറ്റേദിവസം ഒരു കോപ്പിക്ക് വേണ്ടി പത്രവിതരണക്കാരനോടാവശ്യപ്പെട്ടപ്പോൾ തീർന്നുപോയി എന്നാണ് മറുപടി കിട്ടിയത്!


കവര്‍‌സ്റ്റോറി വന്ന് കഴിഞ്ഞ് രണ്ട് ദിവസം കഴിഞ്ഞപ്പോഴാണ് ദൂരദർശൻ കേന്ദ്രത്തിലെ സാങ്കേതികവിഭാഗത്തിൽ പെടുന്നവർ തങ്ങളെപ്പറ്റി അതിൽ അത്ര നല്ല കാര്യങ്ങളല്ല വാർത്താവായനക്കാരിൽ ചിലർ പറഞ്ഞിരിക്കുന്നതെന്ന് മനസ്സിലാക്കുന്നത്. ഡൽഹിയിലെയും തിരുവനന്തപുരത്തെയും വാർത്താവതാരകർ  തമ്മിൽ വാർത്താവതരണത്തിലും മേക്കപ്പിലും കാണുന്ന വ്യത്യാസത്തെക്കുറിച്ചുളള ചോദ്യത്തിന്റെ മറുപടിയിൽ, സാങ്കേതികമായ തകരാറുകളാണ് ഇതിൽ കാര്യമായിട്ടുളളതെന്നും ലൈറ്റിംഗിന്റെ തകരാറുകൊണ്ടാണ് മുഖം അത്ര ശോഭനമായി കാണാത്തതെന്നുമൊക്കെ ചിലർ പറഞ്ഞു. വീട്ടിൽചെന്ന് റെക്കോർഡ് ചെയ്ത തന്റെ മുഖം കണ്ട് സങ്കടം തോന്നിയിട്ടുണ്ടെന്നുവരെ ഒരു വാർത്താവായനക്കാരി പറഞ്ഞു. ദൂരദർശനിലെ സാങ്കേതികവിഭാഗത്തിൽ ധാരാളം യുവാക്കൾ പുതുതായി ജോലിക്ക് ചേർന്നിരുന്നു; അവരിൽ മിക്കവരും ജോലിയിൽ വൈദഗ്ധ്യം നേടിയവരുമായിരുന്നു. മേൽനോട്ടച്ചുമതലയുളള എൻജിനീയർമാരിൽ രവികുമാർ, പ്രഭാകരൻനായർ എന്നിവർ എന്റെ കൂടെ മദ്രാസിൽ പ്രശംസനീയമായി ജോലിചെയ്തിരുന്നു. മിടുക്കനായ അരവിന്ദാക്ഷമേനോൻ ബോംബെ ദൂരദർശനിൽ നിന്ന് വന്നതാണ്. മാത്രവുമല്ല ആരംഭകാലങ്ങളിൽ സ്ഥാപനത്തിന്റെ സൽപേരിനുവേണ്ടി ഉദ്യോഗസ്ഥന്മാർ എല്ലാവരും അശ്രാന്തപരിശ്രമം നടത്തിയിരുന്നു. അതിനാൽ താരങ്ങളുടെ പരാമർശങ്ങൾ അവരെ ചൊടിപ്പിച്ചതിൽ അത്ഭുതമില്ല: പക്ഷേ അവർ വിമർശനത്തോട് പ്രതികരിച്ച രീതി പ്രാകൃതമായിരുന്നുവെന്ന് മാത്രം.

 


മിക്ക ദിവസങ്ങളിലും വാർത്താവായനക്കാർ മാറി മാറി വരും. ഒരാൾക്ക് ഒരു മാസത്തിൽ ഏറ്റവും കൂടുതൽ ആറ് ദിവസമേ വരാൻ പറ്റൂ. ഗൃഹലക്ഷ്മിയിൽ തങ്ങളെ കുറ്റംപറഞ്ഞവർ വരുമ്പോൾ സ്റ്റുഡിയോ സെറ്റിൽ ലൈറ്റിംഗ് നടത്തുന്നവർ ഒരു ലൈറ്റ് ഓഫ് ചെയ്യും. അപ്പോൾ പ്രേക്ഷകർ കാണുന്നത് ഇരുണ്ട അവ്യക്തമായ മുഖങ്ങളായിരിക്കും. ടെലിവിഷനിൽ (സിനിമയിലും) ബാക്ക് ലൈറ്റ്, കീലൈറ്റ്, ഫിൽലൈറ്റ് എന്നിങ്ങനെ പ്രതിരൂപത്തിന് തെളിച്ചം കിട്ടാൻ വെളിച്ചം നൽകണം. അതില്ലെങ്കിൽ ഇരുട്ടിൽ വായിക്കുന്നതുപോലുളള മുഖമാണ് കാണുന്നത്. വായനക്കാരികളോടാണ് അമർഷം. പുരുഷന്മാർ വായിക്കുന്ന ദിവസങ്ങളിൽ ഒരു പ്രശ്‌നവുമില്ല. രണ്ട് മൂന്ന് ദിവസം കഴിഞ്ഞപ്പോൾ ഞാൻ ബന്ധപ്പെട്ട മേലുദ്യോഗസ്ഥന്മാരെ വിളിപ്പിച്ചപ്പോഴാണ് ഇരുണ്ട മുഖങ്ങളുടെ രഹസ്യം ഗൃഹലക്ഷ്മിയിലെ കവർ സ്‌റ്റോറിയാണെന്ന് മനസ്സിലാക്കുന്നത്. ഭാര്യ വരുത്തിവെച്ച വിന! വാഴ മുളളിൽ വീണാലും മുളള് വാഴയിൽ പതിച്ചാലും പരിക്ക് വാഴയ്ക്ക് തന്നെ. അതിനിടയിൽ മനോരമ ദിനപത്രത്തിൽ ഡയറക്ടറുടെ ഭാര്യയുടെ ലേഖനം നിമിത്തം കേന്ദ്രത്തിലെ സാങ്കേതികവിഭാഗം നിസ്സഹകരിക്കുകയാണെന്ന വാർത്തയും വന്നു. പ്രശ്‌നം പരിഹരിക്കേണ്ടത് ഔദ്യോഗികമായും വ്യക്തിപരമായും എന്റെ ആവശ്യമായിത്തീർന്നു. 


അഭിമുഖം നൽകിയവരെയും സാങ്കേതികവിഭാഗത്തിന്റെ പ്രതിനിധികളെയും ഞാൻ വിളിപ്പിച്ചു. കാര്യങ്ങൾ വിശദീകരിക്കാനാവശ്യപ്പെട്ടു, രണ്ട് കൂട്ടരോടും. ലൈറ്റിംഗ് മോശമാണെങ്കിൽ, അത് മാത്രമല്ല സാങ്കേതികമായി എന്ത് തകരാറുണ്ടെങ്കിലും ചോദിക്കാനും പറയാനും ഉത്തരവാദിത്തപ്പെട്ട മേലുദ്യോഗസ്ഥന്മാർ തങ്ങൾക്കുണ്ടെന്നും, ഞാനടക്കമുളളവർ നിർദാക്ഷിണ്യം കുറ്റങ്ങളും തെറ്റുകളും ചൂണ്ടിക്കാട്ടി പരിഹരിക്കാനാവശ്യമായ നിർദ്ദേശങ്ങൾ നൽകാറുണ്ടെന്നും സാങ്കേതിക വിഭാഗക്കാർ പറഞ്ഞു. അല്ലാതെ ഇന്നലെ പെയ്ത മഴയ്ക്ക് ഇന്ന് പൊട്ടിമുളച്ച തകരകൾ പോലെയുളളവർ തങ്ങളുടെ ജോലിയെപ്പറ്റി പരസ്യമായി അഭിപ്രായം പറഞ്ഞാൽ അവരുമായി സഹകരിക്കാനാവില്ലെന്നും അവർ അറിയിച്ചു. അവരുടെ അന്തസ്സിന്റെ പ്രശ്‌നമാണതെന്നും സ്ഥാപനത്തിന്റെ മേധാവിയെന്ന നിലയിൽ അത് ഞാൻ സംരക്ഷിക്കണമെന്നും അവരാവശ്യപ്പെട്ടു. വാർത്താവായനയിൽനിന്ന് മാറ്റിനിർത്തിയാൽ നഷ്ടമാകുന്ന ഗ്ലാമറിനെക്കുറിച്ച് അവരിൽ ചിലർക്ക് പെട്ടെന്നാണ് ബോധോദയമുണ്ടാവുന്നത്. ചിലർ തങ്ങളങ്ങനെയൊരു കാര്യം പറഞ്ഞിട്ടില്ലെന്ന് ആണയിട്ടു. അങ്ങനെയാണെങ്കിൽ അതെഴുതി കൊടുക്കണമെന്നും ഗൃഹലക്ഷ്മി പത്രാധിപരോട് പ്രസിദ്ധീകരിക്കാൻ പറയണമെന്നുമായി മറുപക്ഷം. പറഞ്ഞിട്ടുണ്ടെന്ന കാര്യം എല്ലാവർക്കുമറിയാം! അടുത്തദിവസം എഴുതിക്കൊണ്ടുവരാമെന്ന് പറഞ്ഞ് വായനക്കാരികൾ പിരിഞ്ഞു. അതൊരു വെളളിയാഴ്ചയായിരുന്നു. അടുത്ത തിങ്കളാഴ്ചയായിരുന്നു വീണ്ടും വരാമെന്ന പറഞ്ഞത്. അവർ പോയിക്കഴിഞ്ഞപ്പോൾ ഞാൻ സഹപ്രവർത്തകരോട് പറഞ്ഞു: അവർ കുറ്റം പറഞ്ഞിട്ടുണ്ടോ ഇല്ലേ എന്നെനിക്കറിഞ്ഞുകൂടാ.

പക്ഷെ, സ്ഥാപനം നല്ല നിലയിൽ നടത്തേണ്ടത് നമ്മുടെയെല്ലാം ചുമതലയാണ്. നിങ്ങൾക്ക് പരാതിയുണ്ടെങ്കിൽ അത് പ്രകടിപ്പിക്കേണ്ടത്, ഇങ്ങനെ സ്‌ക്രീനിൽ ഇരുട്ടിൽ കാണുന്ന മുഖങ്ങളെയല്ല. നിങ്ങളുടെ പ്രതിഷേധം മാനിക്കുന്നു. ഇന്ന് മുതൽ അത് തുടർന്നാൽ ഞാൻ നിർദാക്ഷിണ്യം നിയമപരമായ അച്ചടക്കനടപടികളെടുക്കും. ഒരു വിട്ടുവീഴ്ചയും അക്കാര്യത്തിൽ ഉണ്ടാവുകയില്ല. വാർത്താവായനക്കാരികൾക്ക് കേന്ദ്രഗവണ്മെന്റുദ്യോഗസ്ഥന്മാരുടെ പെരുമാറ്റച്ചട്ടങ്ങൾ ബാധകമല്ല. നിങ്ങൾക്ക് ബാധകമാണ്. അവരെല്ലാവരും പറഞ്ഞിട്ടുണ്ടെന്നതിൽ തങ്ങൾക്കൊരു സംശയവുമില്ലെന്നും ദൂരദർശന്റെ ചെലവിൽ തങ്ങളുടെയെല്ലം തൊഴിൽമികവിലൂടെയാണ് അവർ താരങ്ങളായതെന്നും അവരെ ഒരു പാഠം പഠിപ്പിക്കാനാണ് തങ്ങളിത് ചെയ്തതെന്നും ചില സഹപ്രവർത്തകർ പറഞ്ഞു. അവരെ ആരെയും ഇനി സ്ഥാപനത്തിനകത്ത് കയറ്റരുതെന്ന് മറ്റൊരു കൂട്ടർ നിർബന്ധം പിടിക്കാൻ തുടങ്ങിയെങ്കിലും വിവേകശാലികളായ മേലുദ്യോഗസ്ഥർ അവരെ വിലക്കി. തിങ്കളാഴ്ച വരെ കാക്കാൻ പറഞ്ഞു. 


വാരാന്ത്യത്തിൽ പട്ടം വൃന്ദാവൻ ഹൗസിംഗ് കോളനിയിൽ ഞങ്ങൾ താമസിക്കുന്ന ഫഌറ്റിൽ വായനക്കാരിലൊരാളും ഭർത്താവും കയറിവന്നു. അവർ വളരെ ക്ഷുഭിതരായിരുന്നു പറയാത്ത, സ്വപ്‌നേപി വിചാരിക്കാത്ത കാര്യങ്ങളാണ് മാഡം ലേഖനത്തിലെഴുതിയിരിക്കുന്നതെന്നും അത് തെറ്റായിരുന്നുവെന്ന് പത്രാധിപരെ അറിയിച്ച് പ്രസിദ്ധം ചെയ്യണമെന്നും ശാഠ്യം പിടിച്ചു. ഓഫീസിൽ എനിക്ക് വരുത്തിവെച്ച വിനയെപ്പറ്റി ഞാൻ ഭാര്യയോട് പറഞ്ഞിരുന്നു. അവൾ എഴുതിവെച്ച ചോദ്യങ്ങളും അവയ്ക്ക് ഓരോരുത്തരും നൽകിയ ഉത്തരങ്ങളുമടങ്ങിയ കടലാസുകൾ എന്നെ കാണിച്ചിരുന്നു.  പറഞ്ഞതെല്ലാം അങ്ങനെതന്നെ എഴുതിപ്പിടിപ്പിക്കുമെന്ന് അവർ വിചാരിച്ചിരുന്നില്ലായിരിക്കാം. അവർ നിരാശരായി മടങ്ങി. 


തിങ്കളാഴ്ച നേരത്തെ തന്നെ ഇരുകൂട്ടരും ഓഫീസിലെത്തി. ആരുടെ ഉപദേശമാണെന്നറിയില്ല, അവർ ഒരു മാപ്പപേക്ഷയുമായാണ് വന്നത്. ഒരു പ്രസിദ്ധീകരണത്തിന് വേണ്ടി തങ്ങളുടെ അഭിമുഖസംഭാഷണം നടത്തിയപ്പോൾ പല കാര്യങ്ങളും പറഞ്ഞുവെന്നും, അതിൽ പലതും പ്രസിദ്ധീകരണത്തിനല്ലാത്ത സൗഹൃദസംഭാഷണങ്ങളായിരുന്നുവെന്നും, അതിൽ ചില പരാമർശങ്ങൾ തെറ്റായിപ്പോയെന്ന് ഇപ്പോൾ മനസ്സിലായെന്നും തങ്ങൾ അങ്ങനെ ഉദ്ദേശിച്ചിട്ടേയില്ലെന്നും അതിന് ബന്ധപ്പെട്ടവർ മാപ്പ് നൽകണമെന്നുമായിരുന്നു എല്ലാവരും ഒപ്പിട്ട കത്തിലെ ഉളളടക്കം. ഇലയ്ക്കും മുള്ളിനും കേടില്ലാതെ എല്ലാവരും കാന്റീനിലെ ചായ കുടിച്ച് സൗഹൃദത്തോടെ പിരിഞ്ഞു. പിന്നെ എല്ലാം പഴയപടിയായി.
അതിനിടയിൽ ഒരു വായനക്കാരി ഗൃഹലക്ഷ്മിയുടെ പത്രാധിപർക്ക് കത്തയച്ചിരുന്നു: പറയാത്ത കാര്യങ്ങളാണ് പ്രസിദ്ധീകരിച്ചതെന്നും പിൻവലിച്ച് മാപ്പ് പറയണമെന്നും! എഡിറ്റർ പി.ബി ലൽക്കാർ ലേഖികയെ വിളിച്ചന്വേഷിച്ചു. പറയാത്ത കാര്യമല്ല പ്രസിദ്ധീകരിച്ചതെന്ന് നല്ല ബോധ്യമുളളതിനാൽ പത്രാധിപ ധർമ്മം പാലിച്ചു. അവർ അതെപ്പറ്റി ഒന്നും ചെയ്തില്ല. 

Latest News