Sorry, you need to enable JavaScript to visit this website.

വിശക്കുന്നല്ലോ, വിശക്കുന്നല്ലോ ശമ്പളം തായോ... 

അധികം കാലം മുമ്പൊന്നുമല്ല. കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനം കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനത്തുനിന്ന് ഒരു ദിനപത്രം അച്ചടിച്ചു തുടങ്ങി. നിലവിലുള്ളതിനൊന്നും തീവ്രത പോരായെന്ന്  കണ്ടിട്ടാണ് ഒരു വിദ്വാൻ  മുൻകൈയെടുത്ത് പുതിയ ജിഹ്വ തുടങ്ങിയത്. കാര്യങ്ങൾ കുഴപ്പമില്ലാതെ മുന്നോട്ടു പോകുന്നതിനിടെയാണ് പ്രശ്‌നങ്ങൾ തലപൊക്കിയത്. അച്ചടിമഷിയിലൂടെ വികാരങ്ങൾക്ക് തീ പിടിപ്പിക്കുന്നുണ്ടെങ്കിലും ഒന്നും അത്രയ്ക്കങ്ങ് ശരിയാവുന്നില്ല. ആന്റി ക്ലൈമാക്‌സ് പ്രതീക്ഷിച്ചത് പോലെ. മാധ്യമ പ്രവർത്തകരുടെ ശമ്പളം മുടങ്ങി. അവസാന രംഗമാണ് ബഹുരസം. അസംതൃ്പതരുടെ വികാര പ്രകടനം പത്രത്തിന്റെ മുഖപ്രസംഗത്തിൽ നടത്തിപ്പുകാരനെ പരമാവധി തെറിവിളിച്ചായിരുന്നു ലാസ്റ്റ് വിസിൽ. ഇതാണ് പറയുന്നത്. പത്രക്കാരേയും പോലീസിനേയും അങ്ങനെയങ്ങ് നമ്പാൻ പറ്റില്ലെന്ന്. എന്നാൽ ഇത്തരം പ്രവണതകൾ ആഗോള പ്രതിഭാസമാണെന്നാണ് സാംബിയയിൽ നിന്നുള്ള പുതിയ വർത്തമാനം സൂചിപ്പിക്കുന്നത്. 


കോവിഡ് മഹാമാരി തൊഴിൽ മേഖലയിൽ ഉണ്ടാക്കിയ ആഘാതം ചെറുതല്ല. നിരവധി പേർക്കാണ് ജോലി നഷ്ടപ്പെട്ടത്. ചിലരുടെ  ശമ്പളം കാര്യമായി വെട്ടിക്കുറച്ചു. മറ്റു ചിലർക്ക് കമ്പനികൾ കൃത്യസമയത്ത് ശമ്പളം നൽകാറില്ല. കിട്ടുന്നത്  തവണ വ്യവസ്ഥയിലും. ജോലി പോകുമോ എന്ന ഭയം മൂലം ആരോടും പരാതി പറയാതെ പലരും എല്ലാം സഹിച്ച് മുന്നോട്ട് പോവുകയാണ്. എന്നാൽ ടെലിവിഷൻ  ന്യൂസ് റീഡറായ കബിന്ദ കാലിമിന  ക്ഷമ നശിച്ച് പ്രതികരിച്ചവിധം ശ്രദ്ധേയമായി.  സാംബിയയിലെ കെബിഎൻ ടിവി ന്യൂസ് (കെൻമാർക് ബ്രോഡ്കാസ്റ്റിംഗ് നെറ്റ്‌വർക്ക്) അവതാരകനായ കബിന്ദ കാലിമിന വാർത്ത വായിക്കുന്നതിനിടെ അത് നിർത്തിയാണ് തനിക്കും സഹപ്രവർത്തകർക്കും ശമ്പളം ലഭിച്ചിട്ടില്ല എന്ന കാര്യം ബുള്ളറ്റിനിടെ  വിളിച്ചു പറഞ്ഞത്. ലേഡീസ് ആൻഡ് ജന്റിൽ മാൻ എന്ന് അഭിസംബോധന ചെയ്താണ് കബിന്ദ കാലിമിന വാർത്തകൾ വായിച്ചു തുടങ്ങുന്നത്. പ്രധാന വാർത്തകളും അന്താരാഷ്ട വാർത്തകളും വായിച്ച ശേഷം കായിക വാർത്തകൾ വായിക്കാൻ തുനിയുന്ന കബിന്ദ കാലിമിന അസ്വസ്ഥനാണെന്ന് കാണികൾക്ക് വ്യക്തമായിരുന്നു. 


വർത്തയല്ലാത്ത ഒരു കാര്യം പറയാനുണ്ട് എന്ന് പറഞ്ഞാണ് കബിന്ദ ശമ്പള പ്രശ്‌നം വെളിപ്പെടുത്തുന്നത്. 'ഞങ്ങളും മനുഷ്യരാണ്, ഞങ്ങൾക്ക് ശമ്പളം കിട്ടണം. നിർഭാഗ്യവശാൽ കെബിഎൻ ടിവിയിൽ ഞങ്ങൾക്കാർക്കും ശമ്പളം ലഭിച്ചിട്ടില്ല' എന്ന് പറഞ്ഞാണ് കബിന്ദ തുടങ്ങിയത്.  ചാനലിലെ പ്രമുഖരായ പലർക്കും തനിക്കും ശമ്പളം ലഭിച്ചിട്ടില്ല എന്നും കബിന്ദ പറയുന്നുണ്ട്. കൂടുതൽ വിശദാംശങ്ങളിലേക്ക് കബിന്ദ കടക്കാൻ ശ്രമിച്ചപ്പോൾ  കെബിഎൻ ടിവി ന്യൂസ് അധികൃതർ പരസ്യം തിരുകി കയറ്റിയാണ് സംപ്രേഷണം അവസാനിപ്പിച്ചത്. 
വാശിയുടെ കാര്യത്തിൽ മാധ്യമ പ്രവർത്തകൻ ഒട്ടും പിന്നിലായിരുന്നില്ല. കബിന്ദ കാലിമിന വീഡിയോ ക്ലിപ്പ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്താണ് ലോക ജനതയെ വിവരമറിച്ചത്.   ശരിയാണ്, ഞാൻ തത്സമയ ടിവിയിൽ അത് പറഞ്ഞു.


മിക്ക മാധ്യമപ്രവർത്തകരും ഇക്കാര്യം സംസാരിക്കാൻ ഭയപ്പെടുന്നു എന്നതിനർത്ഥം മാധ്യമപ്രവർത്തകർക്ക് സംസാരിക്കാനുള്ള ശേഷി നഷ്ടപ്പെട്ടു എന്നല്ല,' എന്ന കുറിപ്പോടെയാണ് കാലിമിന തന്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ  വീഡിയോ പങ്ക് വെച്ചത്. ടി.വി ചാനലിന്റെ മാനേജ്‌മെന്റും വെറുതെ ഇരുന്നില്ല. കബിന്ദ മദ്യപിച്ചാണ് വാർത്തകൾ വായിക്കാൻ എത്തിയത് എന്ന വാദവുമായാണ്  കെബിഎൻ ടിവി രംഗത്ത് വന്നത്. കുടിച്ചു ലക്കുകെട്ട് ജോലിക്ക് കയറിയ കബിന്ദയുടെ പ്രവൃത്തിയിൽ അന്വേഷണം ആരംഭിച്ചു എന്ന് ഫേസ്ബുക്കിൽ കുറിച്ചാണ്  കെബിഎൻ ടിവി തിരിച്ചടിച്ചത്. ഏതായാലും അന്താരാഷ്ട്ര മാധ്യമമായ ഇൻഡിപെന്റന്റിൽ വരെ ഇത് വാർത്തയായി.

***    ***    ***

അടുത്തിടെ സമൂഹ മാധ്യമങ്ങളിൽ വൈറലായ ഒരു വിവാഹ പരസ്യമുണ്ട്. സ്വന്തമായി അഭിപ്രായങ്ങളുള്ള ഫെമിനിസ്റ്റിന്' വരനെ തേടിയുള്ളതാണ് പരസ്യം. രാജ്യത്തെ വിവാഹ പരസ്യങ്ങൾ പലതും പെൺകുട്ടിയുടെ ഭംഗി, നിറം എന്നിവയിൽ ഇപ്പോഴും ഉടക്കി നിൽക്കുമ്പോൾ ഈ ചിന്താഗതിക്ക് നേർ വിപരീതമാണ് 'സ്വന്തമായി അഭിപ്രായങ്ങളുള്ള ഫെമിനിസ്റ്റിന്' വരനെ തേടിയുള്ള പരസ്യം.


30 വയസ്സിന് മുകളിൽ പ്രായമുള്ള വിദ്യാസമ്പന്നയായ യുവതിയ്ക്ക്  വരനെ വേണമെന്നാണ്  പരസ്യത്തിൽ പറഞ്ഞിട്ടുള്ളത്. പെൺകുട്ടിയ്ക്ക് കുറച്ച് മുടിയാണുള്ളതെന്നും  ശരീരത്തിൽ പിയേർസിങ് ചെയ്തിട്ടുണ്ട് എന്നും മുതലാളിത്ത വ്യവസ്ഥിതിയ്‌ക്കെതിരായ മേഖലയിലാണ് ജോലി ചെയ്യുന്നതെന്നുമാണ്  പെൺകുട്ടിയെപ്പറ്റി പരസ്യത്തിൽ വിവരിച്ചിരിക്കുന്നത്.
തുടർന്ന് വരന് ആവശ്യമായ യോഗ്യതകളെപ്പറ്റി പറയുന്നു. സുന്ദരനായ, ആരോഗ്യദൃഢഗാത്രനായ, 25 വയസ്സിനും 28 വയസ്സിനും ഇടയിൽ പ്രായമുള്ള ആളായിരിക്കണം വരൻ. സ്വന്തമായി ബിസിനസ്സും ബംഗ്ലാവുമുള്ള ഒറ്റ പുത്രന്മാർ മാത്രം മുന്നോട്ട് വന്നാൽ മതി. ബംഗ്ലാവില്ലെങ്കിൽ കുറഞ്ഞത് 20 ഏക്കർ ഫാം ഹൗസ് സ്വന്തമായുണ്ടായാലും മതി. വരന് പാചകം അറിയണം എന്നും കൂർക്കം വലിക്കാനും കീഴ്ശ്വാസം വിടാനും പാടില്ല എന്നൊക്കെയാണ് മറ്റുള്ള നിബന്ധനകൾ. തൽപരകക്ഷികൾക്ക് ബന്ധപ്പെടാൻ  ജി-മെയിൽ വിലാസവും നൽകിയിട്ടുണ്ട്. 


കൊമേഡിയനായ അദിതി മിത്തൽ പോസ്റ്റ് ചെയ്ത പത്ര കട്ടിംഗിന്റെ ചിത്രം വൈറലാവാൻ അധികം സമയം വേണ്ടിവന്നില്ല. ബോളിവുഡ് നടി റിച്ച ചദ്ദ ഉൾപ്പെടെ നിരവധിപേർ പരസ്യത്തിന് രസകരമായ പ്രതികരണങ്ങൾ കുറിച്ചു. ഈ പത്രപരസ്യം ശരിയായത് തന്നെയോ എന്നാണ് സമൂഹ മാധ്യമങ്ങളിൽ സംശയം ഉണർന്നത്.
ബിബിസിയുടെ റിപ്പോർട്ട് പ്രകാരം  ഇത് ഒരു പ്രാങ്ക് പരസ്യം ആണ്. 30 വയസ്സ് തികയുന്ന തന്റെ പെങ്ങൾക്ക് ഒരു സർപ്രൈസ് ആയാണ് സഹോദരൻ ഇത്തരത്തിൽ ഒരു പത്രപ്പരസ്യം ഒരുക്കിയത്. ജന്മദിനത്തിന്റെ അന്ന് പത്രപ്പരസ്യവും ഇ-മെയിൽ ഐഡിയും പാസ്‌വേർഡും സഹോദരൻ പേര് വെളിപ്പെടുത്താൻ താൽപര്യമില്ലാത്ത  പെങ്ങൾക്ക് നൽകി. 
രസകരമായ പ്രതികരണങ്ങളാണ് ഇ-മെയിലിൽ പിന്നീട് വന്നതെന്ന് യുവതി സാക്ഷ്യപ്പെടുത്തി.  മലയാളി സോഷ്യൽ മീഡിയയിൽ അടുത്തിടെ കറങ്ങി നടന്ന മറ്റൊരു പരസ്യമാണല്ലോ രണ്ട് വാക്‌സിനെടുത്ത റോമൻ കത്തോലിക്ക യുവതിയ്ക്ക് രണ്ട് വാക്‌സിനെടുത്ത വരനെ വേണമെന്നത്. വാക്‌സിൻ ബോധവൽക്കരണത്തിന് ഗോവ പനാജിയിലെ ഒരാൾ ഒപ്പിച്ച വേലയായിരുന്നു ഇത്. 

***    ***    ***

വിരമിക്കുന്നതിന് മുന്നോടിയായി സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ഏഷ്യാനെറ്റിന് നൽകിയ അഭിമുഖം ചർച്ചയാവുകയാണ്. 
കേരളം ഐ.എസ് തീവ്രവാദികളുടെ റിക്രൂട്ടിങ് താവളമാണെന്നാണ് ബെഹ്‌റ പറഞ്ഞത്. ഇവിടത്തെ വിദ്യാഭ്യാസമുള്ള പ്രൊഫഷണലുകളെയാണ് ഭീകരർ നോട്ടമിട്ടിരിക്കുന്നത്. പാവം അഞ്ച് കൊല്ലം ആ പദവിയിലിരുന്നപ്പോൾ ഇത് മുളയിലേ നുള്ളാതെ ഇപ്പോൾ തുറന്നു പറഞ്ഞിരിക്കുകയാണ്.
ഉന്നത യോഗ്യതകളുള്ള പ്രൊഫഷണലുകൾ ഈ മാതിരി ഏർപ്പാടിനൊക്കെ നിൽക്കുമോ? ഏതായാലും ബെഹ്‌റയുടെ മൊഴിമുത്തുകൾ ദേശീയ തലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ടു. ബെഹ്‌റാജിയുടെ  വാക്കുകളുടെ സ്‌ക്രീൻഷോട്ട് പങ്കുവച്ചാണ് ബോളിവുഡ് താരം കങ്കണയുടെ പ്രതികരണം. കേരള മോഡൽ എന്ന ക്യാപ്ഷനോടെയും പരിഹസിച്ചു കൊണ്ട് കൈയ്യടിക്കുന്ന ഇമോജിയും താരം പങ്കുവെച്ചു. ഇൻസ്റ്റഗ്രാം സ്‌റ്റോറിയിലൂടെ ആയിരുന്നു നടിയുടെ പ്രതികരണം. കേരളത്തിലുള്ളവരെ ഭീകര സംഘടനകൾക്ക് ആവശ്യമാണെന്നും വിദ്യാഭ്യാസ നിലവാരത്തിൽ ഉയർന്നു നിൽക്കുന്നതാണ് ഇതിന് കാരണമെന്നുമാണ് ബെഹ്‌റ പറഞ്ഞിരുന്നത്.

***    ***    ***

കൊറോണ കാലത്ത് പലതും മാറി. യൂട്യൂബിന്റെ സാമൂഹിക പദവിയും മാറി. പണ്ടൊക്കെ പക്ക സദാചാരവാദികൾ മറച്ചുവെച്ച കംപ്യൂട്ടറിൽനിന്ന് നിർവൃതിയുടെ നീല കാഴ്ചകൾ അതീവ രഹസ്യമായി കാണാനാണിത് ഉപയോഗിച്ചിരുന്നത്. ഇപ്പോൾ മലയാളി വനിതകളുടെ തള്ളിക്കയറ്റമാണ് ഈ ആപ്പിൽ. എല്ലാവർക്കും പെട്ടെന്ന് ധനികരാവണം. ഉപ്പുമാവ് എങ്ങനെ തയാറാക്കാം, കട്ടൻ ചായയുടെ ചേരുവകൾ എന്നിങ്ങനെ പലതും കയറി വരുന്നു. രണ്ട് ഭാര്യമാരുള്ള ബഷീറിന്റെ പ്രിയതമകളിലൊരാൾ റെസിപ്പി അപ്‌ലോഡ് ചെയ്ത് കോടികളാണുണ്ടാക്കുന്നതെന്ന് അറിയാത്ത മലയാളി വീട്ടമ്മമാർ ചുരുക്കമായിരിക്കും. കാട്ടുതീ പോലെ പടരുന്ന ഈ അറിവിന്റെ ഉത്ഭവം ആർക്കുമറിയില്ല. 


യൂട്യൂബിനെ ഒരു പാഷനായും വരുമാന മാർഗമായും കൊണ്ടുനടക്കുന്ന നിരവധി വ്‌ളോഗർമാരാണ് കേരളത്തിലുള്ളത്. പാചകം, യാത്ര, ടെക്‌നോളജി, കൃഷി, സിനിമ അങ്ങനെ വിവിധ മേഖലകളിൽ മലയാളി യൂട്യൂബ് വ്‌ളോഗർമാരുടെ സാന്നിധ്യം മലയാളത്തിലുണ്ട്. ഇവരുടെ വരുമാനം എത്രയാണെന്ന ചോദ്യം അന്തരീക്ഷത്തിലുണ്ട്. 
വാൻ ലൈഫ് എന്ന ആശയം മലയാളികൾക്കിടയിൽ വ്യാപകമാക്കുന്നതിൽ നിർണായക പങ്കുവഹിച്ചവരാണ് കണ്ണൂർ സ്വദേശികളായ എബിൻ-ലിബിൻ  സഹോദരന്മാർ. രണ്ട് വർഷങ്ങൾക്ക് മുൻപാണ് ഇവർ ഇത്തരത്തിൽ വാനിൽ യാത്രകൾ ആരംഭിക്കുന്നത്. ചുരുങ്ങിയ സമയംകൊണ്ട് തന്നെ ഇവർ യൂട്യൂബ് പ്രേക്ഷകർക്കിടയിൽ പ്രിയങ്കരരായി മാറി. നിലവിൽ പതിമൂന്ന് ലക്ഷത്തോളം സബ്‌സക്രൈബർമാരാണ് ഇവർക്കുള്ളത്.


യൂട്യൂബിൽ എല്ലാവർക്കും ഒരു വരുമാനമല്ലെന്ന് ഈ സഹോദരന്മാർ പറയുന്നു. പലർക്കും പല വരുമാനമാണ്. ഒരാൾക്ക് കിട്ടുന്ന വരുമാനംവെച്ച് മറ്റൊരാളുടെ കണക്ക് അളക്കാൻ സാധിക്കില്ലെന്നും അവർ കൂട്ടിച്ചേർത്തു. വീഡിയോയുടെ ലെങ്ത്, പരസ്യം, പരസ്യത്തിന്റെ ദൈർഘ്യം അനുസരിച്ചൊക്കെയാണ് വരുമാനം നിശ്ചയിക്കപ്പെടുന്നതെന്നും അവർ വ്യക്തമാക്കി. ഇത്തരത്തിൽ വരുന്ന കണക്കുകളെല്ലാം ഊഹം മാത്രമാണെന്നും അവർ വ്യക്തമാക്കി. 

***    ***    ***

എൽ.ഐ.സി ഡെവലപ്പ്‌മെന്റ് ഓഫീസർമാരുടെ മേശപ്പുറത്ത് പണ്ടൊക്കെ കാണാറുള്ള ഉദ്ധരണിയാണ് സ്‌കൈ ഈസ് ദ ലിമിറ്റ്. ആകാശത്തോളം വളർന്ന പൊട്ടിക്കൽ കേസുകളാണ് മലയാള ടിവി ചാനലുകൾ ചർച്ച ചെയ്തത്. ഈ സീരീസിൽ പെട്ട ഒരെണ്ണം മാതൃഭൂമി ന്യൂസിൽ കാണാനിടയായി. മഞ്ജുഷാണ് അവതരകൻ. തലശ്ശേരി എം.എൽ.എ എ.എൻ ഷംസീറാണ് സിപിഎമ്മിനെ പ്രതിരോധിക്കുന്നത്. ആക്രമണം കോൺഗ്രസിന്റെ ചാമക്കാല വകയും. ഭാര്യയുടെ ജോലി, തലശ്ശേരി-വടകര തെരഞ്ഞെടുപ്പ് പോലുള്ള ഓട്ട് ഓഫ് സിലബസ് കാര്യങ്ങളിലേക്ക് ചർച്ച വഴി മാറിയെങ്കിലും ഷംസീറിന്റെ ഒരു വാദം പെരുത്ത് ഇഷ്ടമായി. ഇദ്ദേഹം അഭിഭാഷകനായിരുന്നെങ്കിൽ കുറച്ചുകൂടി ഷൈൻ ചെയ്യുമായിരുന്നുവെന്ന് കണ്ടിരിക്കുന്നവർക്ക് തോന്നിക്കാണും. ടി.പി കേസ് പ്രതി ഷാഫിയുടെ കല്യാണത്തിന് പോയതിനെ കുറിച്ചള്ള വിശദീകരണം ഉഗ്രനായി. ജയിലെന്നത് ഒരു റിഫർമേഷൻ സെന്ററാണ്. അവിടെ വെച്ച് ആർക്ക് എപ്പോൾ വേണമെങ്കിലും മാനസാന്തരം സംഭവിക്കാം. ഷാഫിയുടെ കാര്യത്തിലും ഇതു തന്നെയാണ്. നേർവഴിക്ക് കൊണ്ടു വരാനുള്ള ശ്രമം. 

***    ***    ***

തട്ടമിട്ടതിന്റെ പേരിൽ ചാനൽ സ്റ്റുഡിയോകളിൽ പെൺകുട്ടികൾ വിവേചനം നേരിടുന്നുവെന്ന വനിതാ നേതാവിന്റെ പ്രസ്താവന റിപ്പോർട്ടർ ചാനലിൽ. തട്ടമിട്ടാലും, ഇല്ലെങ്കിലും വേണ്ടീല, ബർത് ഡേ സ്യൂട്ടിൽ വന്ന് വാർത്ത വായിക്കരുതെന്ന് മാത്രമാണ് കാണികളുടെ പ്രാർഥന. 

Latest News