അബുദാബി- യുഎഇയില്‍ ഇനി സല്സ്വഭാവികള്ക്കു മാത്രമെ ജോലി ലഭിക്കൂ. തൊഴില്‍ വിസ ലഭിക്കണമെങ്കില്‍ സല്‍സ്വഭാവം തെളിയിക്കുന്ന സാക്ഷ്യപത്രം നിര്‍ബന്ധമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഫെബ്രുവരി നാലു മുതല്‍ ഇതു പ്രാബല്യത്തില്‍ വരും. തൊഴില്‍ തേടി എത്തുന്നവര്‍ അവരുടെ സ്വന്തം രാജ്യമോ കഴിഞ്ഞ അഞ്ചു വര്‍ഷമായി ജീവിച്ച രാജ്യമോ നല്കുന്ന സ്വഭാവ സാക്ഷ്യപത്രമാണ് നല്‍കേണ്ടത്.
ബന്ധപ്പെട്ട അധികാരികള്‍ നല്കുന്ന സാക്ഷ്യപത്രം അതതു രാജ്യങ്ങളുടെ എംബസിയും യുഎഇ വിദേശകാര്യ മന്ത്രാലയവും സാക്ഷ്യപ്പെടുത്തുകയും വേണം. എങ്കിലേ വിസ ലഭിക്കൂ. അതേസമയം ആശ്രിതര്‍ക്ക് സ്വഭാവ സാക്ഷ്യപത്രം വേണ്ടതില്ല. ടൂറിസ്റ്റ്, സന്ദര്‍ശന വിസകളില്‍ എത്തുന്നവര്‍ക്കും ഇതു നിര്‍ബന്ധമില്ല.
വിവിധ സര്‍ക്കാര്‍ ഏജന്‍സികളുടെ പ്രതിനിധികള്‍ ഉള്‍പ്പെട്ട ഉന്നത തലസമിതിയാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്. രാജ്യത്തെ ഏറ്റവും സുരക്ഷിതമായ ഇടമാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് സമിതി വ്യക്തമാക്കി.