കുട്ടികൾ വായിക്കും, തെറ്റുകൾ അലക്‌സ തിരുത്തും 

റീഡിംഗ് സൈഡ് കിക്കുമായി ആമസോൺ
കുട്ടികളിൽ വായനാശേഷിയും താൽപര്യവും വളർത്തുന്നതിന് പുതിയ ഫീച്ചറുമായി ആമസോൺ. റീഡിംഗ് സൈഡ് കിക്ക് എന്ന ഫീച്ചർ ഫയർ ടാബ് ലറ്റുകളിലും എക്കോ സ്മാർട്ട് സ്പീക്കറുകളിലുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. അലക്‌സയോടൊപ്പം സാധാരണ പുസ്തകങ്ങളോ ഡിജിറ്റൽ പുസ്തകങ്ങളോ വായിക്കാൻ കുട്ടികളെ അനുവദിക്കുന്നതാണ് റീഡിംഗ് സൈഡ് കിക്ക്. ഡിജിറ്റൽ അസിസ്റ്റന്റിന്റെ സഹായത്തോടെ പുസ്തകങ്ങൾ ഉച്ചത്തിൽ വായിക്കാം. 
കുട്ടികൾക്കായുള്ള ഫയർ ടാബ്‌ലറ്റിലും എക്കോ സ്പീക്കറിലും കിഡ്‌സ് പ്ലസ് സർവീസിൽ ഉൾപ്പടുത്തിയ റീഡിംഗ് അസിസ്റ്റന്റിന് മാസം 2.99 ഡോളറാണ് നിരക്ക്. വരി ചേരാനുള്ള സൗകര്യം കഴിഞ്ഞ ദിവസം ആരംഭിച്ചു. 
എക്കോ, എക്കോ ഡോട്ട്, എക്കോ ഡോട്ട് കിഡ്‌സ്, എക്കോ പ്ലസ്, എക്കോ ഷോ എന്നിങ്ങനെ അലക്‌സ ലഭ്യമായ എല്ലാ ഡിവൈസുകളിലും റീഡിംഗ് സൈഡ് കിക്ക് പ്രവർത്തിക്കും. സ്മാർട്ട് സ്പീക്കറിലും സ്മാർട്ട് ഡിസ്‌പ്ലേയിലും ആമസോൺ കിഡ്‌സ് എനേബിൾ ചെയ്താൽ കുട്ടികൾക്ക് അലക്‌സാ ലറ്റസ് സ്റ്റാർട്ട് റീഡ് എന്നു പറഞ്ഞുകൊണ്ട് റീഡിംഗ് സൈഡ് കിക്ക് തുടങ്ങാം. തുടർന്ന് പുസ്തകം തെരഞ്ഞെടുക്കാൻ ആവശ്യപ്പെടും. 700 ബുക്കുകൾ നിലവിൽ സിസ്റ്റത്തിൽ ലഭ്യമാണ്. കൂടുതൽ ബുക്കുകൾ ഓരോ ആഴ്ചയും ഉൾപ്പെടുത്തുന്നു.
പുസ്തകം വായിച്ചു തുടങ്ങിയാൽ അലക്‌സ അതു കേൾക്കുകയും ഉച്ചാരണത്തിലുള്ള തകരാറുകളും മറ്റും പറഞ്ഞു കൊടുക്കുകയും ചെയ്യും. ഗുഡ് ജോബ് തുടങ്ങിയ വാക്കുകകളിലൂടെ വായനയെ പ്രോത്സാഹിപ്പിക്കുകയും അഭിനന്ദിക്കുകയും ചെയ്യും.  

Latest News