ദക്ഷിണാഫ്രിക്കക്ക് 72 റൺസ് ജയം
കേപ്ടൗൺ - വെർനൻ ഫിലാന്ററുടെ നേതൃത്വത്തിൽ ആഞ്ഞടിച്ച ദക്ഷിണാഫ്രിക്കൻ പെയ്‌സ് ചുഴലിയിൽ ഇന്ത്യൻ ബാറ്റിംഗ് നിര ചീട്ടുകൊട്ടാരം പോലെ തകർന്നു. ഇരു ടീമിലെയും പെയ്‌സ്‌നിര ഇടിമുഴക്കം സൃഷ്ടിച്ച ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ദക്ഷിണാഫ്രിക്ക 72 റൺസിന് ജയിച്ചു. മൂന്നു മത്സര പരമ്പരയിൽ ആതിഥേയർ 1-0 ന് മുന്നിലെത്തി. മൂന്നാം ദിനം പൂർണമായി നഷ്ടപ്പെട്ടിട്ടും നാലാം ദിനം ചായ കഴിഞ്ഞയുടനെ ഇന്ത്യയെ 135 ന് പുറത്താക്കി ദക്ഷിണാഫ്രിക്ക വിജയം ആഘോഷിച്ചു. ബാറ്റിംഗ് തീർത്തും പ്രയാസകരമായ പിച്ചിൽ 18 വിക്കറ്റാണ് ഇന്നലെ നിലംപൊത്തിയത്. രണ്ടിന് 65 ൽ ഇന്നിംഗ്‌സ് പുനരാരംഭിച്ച ആതിഥേയരെ ഇന്ത്യൻ പെയ്‌സർമാർ 130 ന് ഓളൗട്ടാക്കിയപ്പോൾ കളി കീഴ്‌മേൽ മറിയുമെന്നാണ് തോന്നിയത്. 208 റൺസ് മതിയായിരുന്നു ഇന്ത്യക്ക് ജയിക്കാൻ. എന്നാൽ ഡെയ്ൽ സ്റ്റെയ്‌നിന്റെ അഭാവത്തിലും ദക്ഷിണാഫ്രിക്കൻ പെയ്‌സ് ആഞ്ഞുവീശി. ഫിലാന്റർ 42 റൺസ് വഴങ്ങി ആറു വിക്കറ്റെടുത്തു. മോർണി മോർക്കലിനും കഗീസൊ റബാദക്കും രണ്ടു വീതം വിക്കറ്റ് കിട്ടി.
ക്യാപ്റ്റൻ വിരാട് കോഹ്‌ലി (28) ചെറുത്തുനിന്നതോടെ ഇന്ത്യക്ക് വിജയപ്രതീക്ഷയുണ്ടായിരുന്നു. എന്നാൽ ലഞ്ചിനു ശേഷം കോഹ്‌ലിയെ ഫിലാന്റർ വിക്കറ്റിനു മുന്നിൽ കുടുക്കി. രോഹിത് ശർമയെ (10) ഫിലാന്റർ ബൗൾഡാക്കുകയും വൃദ്ധിമാൻ സാഹയെയും (8) ഹാർദിക് പാണ്ഡ്യയെയും (1) റബാദ മടക്കുകയും ചെയ്തതോടെ മൂന്നിന് 71 ൽ നിന്ന് ഏഴിന് 82 ലേക്ക് ഇന്ത്യ കൂപ്പുകുത്തി. ആർ. അശ്വിനും (37)-ഭുവനേശ്വർകുമാറും (13 നോട്ടൗട്ട്) 49 റൺസ് കൂട്ടുകെട്ടിലൂടെ ഇന്ത്യക്ക് നേരിയ പ്രതീക്ഷ നൽകിയെങ്കിലും നാലു പന്തിനിടെ മൂന്നു വിക്കറ്റെടുത്ത് ഫിലാന്റർ വിജയം പൂർത്തിയാക്കി. അശ്വിനെ ഫിലാന്ററുടെ ബൗളിംഗിൽ വിക്കറ്റ്കീപ്പർ ക്വിന്റൻ ഡികോക്ക് മനോഹരമായി പിടിച്ചു. മുഹമ്മദ് ഷാമിയെയും (4) ജസ്പ്രീത് ബുംറയെയും (0) തുടർച്ചയായ പന്തുകളിൽ സ്ലിപ്പിൽ ഫാഫ് ഡുപ്ലെസിയുടെ കൈകളിലെത്തിച്ചു. ഹോം ഗ്രൗണ്ടിൽ ഫിലാന്റർ കാഴ്ചവെച്ചത് കരിയർ ബെസ്റ്റ് പ്രകടനമാണ്.
രാവിലെ മൂന്നു വിക്കറ്റ് വീതമെടുത്ത ഷാമിയും ബുംറയും ദക്ഷിണാഫ്രിക്കയെയും നിലംതൊടാതെ പറത്തി. രണ്ടിന് 65 ൽ ഇന്നിംഗ്‌സ് പുനരാരംഭിച്ച അവർക്ക് 65 റൺസ് കൂടിയേ ചേർക്കാനായുള്ളൂ. എബി ഡിവിലിയേഴ്‌സ് (35) ഒഴികെ ആർക്കും പിടിച്ചുനിൽക്കാനായില്ല. കേശവ് മഹാരാജ് (15) മാത്രമാണ് ഇന്നിംഗ്‌സിൽ ഇന്നലെ ഡിവിലിയേഴ്‌സിനെ കൂടാതെ രണ്ടക്കത്തിലെത്തിയത്. ഒമ്പതാമത്തെ പന്തിൽ ഹാശിം അംലയെ (4) പുറത്താക്കി ഷാമിയാണ് തുടങ്ങി വെച്ചത്. ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസിയെ (0) പുറത്താക്കിയ ബുംറയുടെ പന്തായിരുന്നു ഏറ്റവും മനോഹരം. മുടന്തിയെത്തിയ ഡെയ്ൽ സ്റ്റെയ്ൻ അവസാന വിക്കറ്റിൽ ഡിവിലിയേഴ്‌സിനൊപ്പം നാല് പന്ത് നേരിട്ടു. പക്ഷെ ഡിവിലിയേഴ്‌സിനെ പുറത്താക്കി ബുംറ ഇന്നിംഗ്‌സ് അവസാനിപ്പിച്ചു. എട്ട് ഫീൽഡർമാരെ ബൗണ്ടറിയിൽ നിർത്തിയാണ് ഡിവിലിയേഴ്‌സിന് ബുംറ പന്തെറിഞ്ഞത്.
208 റൺസ് ഈ പിച്ചിൽ പ്രയാസകരമാണെന്നറിയാമായിരുന്ന ഇന്ത്യ സൂക്ഷിച്ചാണ് തുടങ്ങിയത്. എട്ടോവറിൽ സ്‌കോർ 30 ലെത്തി. ശിഖർ ധവാനെ (16) പുറത്താക്കി മോണി മോർക്കലാണ് ബ്രെയ്ക്ത്രൂ സമ്മാനിച്ചത്. രണ്ടു തവണ ഡി.ആർ.എസിൽ രക്ഷപ്പെട്ട മുരളി വിജയ്‌യെ അതേ സ്‌കോറിൽ ഫിലാന്റർ പുറത്താക്കി. നേരത്തെ രണ്ടു തവണയും ഫിലാന്റർ ഔട്ടാക്കിയപ്പോഴാണ് മുരളി ഡി.ആർ.എസ് അപ്പീലിലൂടെ ആയുസ്സ് നീട്ടിയത്.
അസാധ്യമായ പന്തിൽ ചേതേശ്വർ പൂജാരയെ (4) മോർക്കൽ തിരിച്ചയച്ചു. കോഹ്‌ലി ക്രീസിലുണ്ടായിരുന്ന അര മണിക്കൂർ ഇന്ത്യക്ക് പ്രതീക്ഷയുടേതായിരുന്നു. എന്നാൽ ഫിലാന്ററെ ഫ്രന്റ് ഫൂട്ടിൽ കളിക്കാനുള്ള കോഹ്‌ലിയുടെ ശ്രമം പാളിയതോടെ കളി തിരിഞ്ഞു. റബാദയുടെ കിടിലൻ ബൗൺസറിൽ രോഹിത് പുറത്താവേണ്ടതായിരുന്നു. സൂര്യരശ്മികൾ നേരിട്ട് കണ്ണിലേക്കടിച്ചതിനാൽ കേശവ് മഹാരാജ് പന്ത് കണ്ടില്ല. അഞ്ച് പന്തിന്റെ കൂടി ആയുസ്സേ ഉണ്ടായുള്ളൂ രോഹിതിന്. ഫിലാന്റർ ബൗൾഡാക്കി. ഗള്ളിയിൽ ഡിവിലിയേഴ്‌സിന്റെ മനോഹരമായ ക്യാച്ചിൽ ഹാർദിക് മടങ്ങി. ചായക്കു മുമ്പുള്ള അവസാന പന്തിൽ വൃദ്ധിമാൻ സാഹയെ (8) റബാദ വിക്കറ്റിനു മുന്നിൽ കുടുക്കി. അശ്വിനും ഭുവനേശ്വറും പരാജയം വൈകിച്ചെങ്കിലും ഫിലാന്റർ അവസരത്തിനൊത്തുയർന്നു.