അഭിനയ രംഗത്ത് ഉയരങ്ങൾ തേടുന്ന കലാകാരനാണ് വസന്തൻ പൊന്നാനി. ഖത്തറിലെ ഒരു സ്വകാര്യ കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്യുന്ന വസന്തൻ കലാരംഗത്ത് വീണുകിട്ടുന്ന ഓരോ അവസരങ്ങളും പ്രയോജനപ്പെടുത്തിയാണ് സർഗസായൂജ്യം കണ്ടെത്തുന്നത്. സീൽക്കാരങ്ങളുടെ മടിത്തട്ടിൽ എന്ന ഷോർട്ട് ഫിലിമിലെ അഭിനയത്തിന് ഭരത് മുരളി മീഡിയ ഹബ് അവാർഡ് ലഭിച്ച വസന്തൻ പൊന്നാനിയുടെ കലാജീവിതം ഖത്തറിന്റെ ഭൂമികയിൽ പുതിയ തലങ്ങളിലേക്ക് കടക്കുമ്പോൾ ആ ജീവിതത്തിന്റെ ഓരങ്ങളിലൂടെ ഓട്ടപ്രദക്ഷിണം നടത്തുകയാണിവിടെ.
ചെറുപ്പം മുതലേ കലാരംഗത്ത് താൽപര്യമുണ്ടായിരുന്നെങ്കിലും ചുറ്റുപാടുകൾ അനുകൂലമായിരുന്നില്ല. സ്‌ക്കൂൾ തലത്തിൽ മിമിക്രിക്ക് സമ്മാനങ്ങൾ ലഭിച്ചിരുന്നു.
എസ്.എസ്.എൽ.സി കഴിഞ്ഞ് ഉപജീവനമാർഗമായി ഓട്ടോറിക്ഷ ഓടിച്ച് തുടങ്ങി. അതിനിടയിൽ ചില ഉൽസവ പറമ്പുകളിലൊക്കെ മിമിക്രി അവതരിപ്പിച്ചുവെന്നതൊഴിച്ചാൽ കാര്യമായ കലാപ്രവർത്തനങ്ങളൊന്നും ചെയ്യാനായില്ല. എന്നാൽ ജോലി ലഭിച്ച് കുവൈത്തിലെത്തിയതാണ് വസന്തനിലെ കലാകാരന് ജീവൻ പകർന്നത്. കുവൈത്തിലെ 15 വർഷത്തെ ജീവിത കാലം ധന്യമായ കലാജീവിതം സമ്മാനിച്ചു. ഡിലൈറ്റ് മ്യൂസിക് ബാന്റുമായി സഹകരിച്ച് മിമിക്രി വൺ മാൻ ഷോ അവതരിപ്പിച്ച് ശ്രദ്ധേയനായി.

2015 ൽ ഖത്തറിലെത്തിയ വസന്തന് തന്റെ കലാപ്രവർത്തനങ്ങൾക്ക് വേദിയൊരുക്കിയത് കൾചറൽ ഫോറം ഖത്തറായിരുന്നു. മിമിക്രിയും അഭിനയവും കോമഡിയുമൊക്കെയായി വിവിധ വേദികളിൽ സഹൃദയരുടെ പിന്തുണ നേടിയ വസന്തൻ ശബ്ദാനുകരണം, കോമഡി, സ്‌കിറ്റ് തുടങ്ങിയവയിലൊക്കെ പരീക്ഷണം നടത്തി വിജയിച്ചിട്ടുണ്ട്. കാലികമായ പല പ്രമേയങ്ങളിലും പ്രതികരണമായി ചെറിയ വീഡിയോകൾ ചെയ്ത് സോഷ്യൽ മീഡിയയിലൂടെ പങ്ക് വെക്കുവാൻ തുടങ്ങിയതോടെ നിരവധിയാളുകളുമായി സംവദിക്കുവാനും ആശയവിനിമയം നടത്തുവാനും സാധിച്ചു. ഫഌവേഴ്‌സ് ചാനലിന്റെ പ്രശസ്തമായ കോമഡിയുൽസവ വേദിയിൽ പരിപാടി അവതരിപ്പിച്ചും വസന്തൻ തന്റെ മികവ് തെളിയിച്ചിട്ടുണ്ട്.
ഇരുപത്തയ്യായിരത്തോളം പേരാണ് വസന്തനെ സോഷ്യൽ മീഡിയയിൽ ഫോളോ ചെയ്യുന്നത്. ടിക് ടോകിലും താരമായ വസന്തൻ മാനവിക നന്മയുടെയുും സാമൂഹ്യ സഹകരണത്തിന്റേയും പിൻബലത്തിലാണ് തന്റെ കലാസപര്യയുമായി മുന്നോട്ടുപോകുന്നത്.
ഖത്തറിൽ മീഡിയ വൺ സംഘടിപ്പിച്ച ബെസ്റ്റ് ആക്ടർ മൽസരത്തിൽ വിജയിച്ച് ദുൽഖർ സൽമാനിൽ നിന്നും സമ്മാനം വാങ്ങിയത് തന്റെ കലാരംഗത്തെ പൊൻതൂവലായാണ് വസന്തൻ കരുതുന്നത്. അതിനെ തുടർന്നാണ് എൽമർ എന്ന ചിത്രത്തിന്റെ ഓഡീഷ്യനിൽ പങ്കെടുക്കാൻ അവസരം ലഭിച്ചത്. തെരഞ്ഞെടുക്കപ്പെട്ട വസന്തൻ തരക്കേടില്ലാത്ത ഒരു വേഷമാണ് എൽമറിൽ ചെയ്തത്. പ്രിവ്യൂ ഷോ കഴിഞ്ഞ് റിലീസിനൊരുങ്ങുകയാണ് എൽമർ.
മറ്റ് രണ്ട് മൂന്ന് മലയാള ചിത്രങ്ങളുടെ ഓഡീഷ്യന് വിളിച്ചെങ്കിലും ജോലി സംബന്ധമായ കാരണങ്ങളാൽ നാട്ടിൽ പോകാൻ കഴിയാതിരുന്നതിനാൽ അവസരം നഷ്ടമായി.

പ്രവാസികളാണ് നാട്ടിൽ കൊറോണ പരത്തുന്നതെന്ന തരത്തിലുണ്ടായ ദൗർഭാഗ്യകരമായ നിലപാടിനെതിരെ ചെമ്പൻ വിനോദിന്റേയും മാമുക്കോയയുടേയും ശബ്ദമനുകരിച്ച് വസന്തൻ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോ വൈറലായിരുന്നു.
സീൽക്കാരങ്ങളുടെ മടിത്തട്ടിൽ പിറന്നത് മൊബൈലിൽ ഷൂട്ട് ചെയ്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നതിന് സുഹൃത്ത് കമൽ കുമാറിൽ നിന്നും ഒരു ചെറിയ സ്‌ക്രിപ്റ്റ് വാങ്ങിച്ചിരുന്നു. യാദൃഛികമായി ഈ സ്‌ക്രിപ്റ്റ് ഓക്‌സിജൻ മീഡിയയുടെ പി.പി.എം. ഫിറോസ് കാണുകയും നല്ല രീതിയിൽ കാമറ വെച്ച് തന്നെ ഇതൊരു ചിത്രമാക്കണമെന്ന ആശയം പങ്കുവെക്കുകയും ചെയ്തു. അങ്ങനെയാണ് സീൽക്കാരങ്ങളുടെ മടിത്തട്ടിൽ എന്ന ഷോർട്ട് ഫിലിം ഉണ്ടായത്. ആക്ടിംഗും റിയാക്ടിംഗുമായി വസന്തൻ നിറഞ്ഞഭിനയിച്ച ചിത്രത്തിന് അരഡസനിലേറെ പുരസ്‌കാരങ്ങളാണ് ഇതിനകം ലഭിച്ചത്.
ലോഹിതദാസ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, സൗത്ത് ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ, ശ്രീ സത്യജിത് റായ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, മീഡിയ സിറ്റി ഫിലിം ഫെസ്റ്റിവൽ അവാർഡ് തുടങ്ങി അംഗീകാരങ്ങൾ ഒന്നിന് പിറകെ മറ്റൊന്നായി വരുമ്പോഴും കലാനിർവഹണത്തിന്റെ സൗന്ദര്യമാസ്വദിച്ച് വസന്തൻ തന്റെ ജൈത്രയാത്ര തുടരുകയാണ്.
ചാക്യാരുടേയും കഥകളിയാശാന്റേയുമൊക്കെ വേഷങ്ങൾ കെട്ടാൻ അവസരം ലഭിച്ചതോടെ വൈവിധ്യങ്ങളുടെ മനോഹരമായ തലങ്ങളിലൂടെയാണ് വസന്തൻ മുന്നോട്ടുപോകുന്നത്. റേഡിയോ മലയാളത്തിൽ മാവേലിയായും നിങ്ങളാണ് താരമെന്ന പരിപാടിയിലും പങ്കെടുത്ത വസന്തൻ റേഡിയോ സുനോയുടെ റേഡിയോ നാടകോൽസവത്തിൽ ജനപ്രിയ നടനുള്ള അവാർഡ് സ്വന്തമാക്കിയിട്ടുണ്ട്.
നിഴലാട്ടം എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഏറെക്കുറേ പൂർത്തിയായി കഴിഞ്ഞു. ഏറെ വ്യത്യസ്തകളുള്ള ഒരു ചിത്രമായിരിക്കും നിഴലാട്ടമെന്നാണ് വസന്തൻ പറുന്നത്.
പൊന്നാനിയിലെ വേലായുധൻ - കാർത്യായനി ദമ്പതികളുടെ സീമന്ത പുത്രനായ വസന്തൻ അഭിനയത്തിന്റേയും കലാപ്രകടനങ്ങളുടേയുമിടയിൽ കലയുടെ സാമൂഹ്യ ധർമം അടയാളപ്പെടുത്തുന്നുവെന്നത് അടിവരയിടേണ്ടതാണ്. കേവലം വിനോദം എന്നതിലുപരി മനുഷ്യനന്മയും സാഹോദര്യവും പ്രോൽസാഹിപ്പിക്കുകയും സ്‌നേഹ സൗഹൃദങ്ങൾ വളർത്തുകയുമാണ് കലയുടെ ആത്യന്തിക ലക്ഷ്യമെന്നാണ് വസന്തൻ കരുതുന്നു.
മിമിക്രിയും അഭിനയവും പോലെ തന്നെ ചിത്രംവരയും തനിക്ക് വഴങ്ങുമെന്ന് വസന്തൻ തെളിയിച്ചിട്ടുണ്ട്. ഷൈലജയാണ് ഭാര്യ. ബിന്ദുജ, ധന ലക്ഷ്മി എന്നിവർ മക്കളാണ്. ബിന്ദുജ വരയിലും നൃത്തത്തിലും ധനലക്ഷ്മി സംഗീതത്തിലും തൽപരരാണ്.






