'എന്നാൽ പിന്നെ അനുഭവിച്ചോ...'

ഇക്കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരം കോഴിക്കോട് നഗരത്തിലെ പ്രധാന വീഥികളിലെല്ലാം അഭൂതപൂർവമായ തിരക്കാണ് അനുഭവപ്പെട്ടത്. കേരളത്തിലെ എല്ലാ പട്ടണങ്ങളിലും കവലകളിലും ഇതേ രീതിയിലുള്ള ജനത്തിരക്ക് അനുഭവപ്പെട്ടിട്ടുണ്ടാവുമെന്നതിൽ സംശയമില്ല. കാരണം തൊട്ടടുത്ത രണ്ട് ദിവസങ്ങളിൽ കേരളത്തിൽ ട്രിപ്പിൾ ലോക്ഡൗണാണ്. ഇതാണ് ഉത്സവ സീസണിലേതിന് തുല്യമായ തിരക്കുണ്ടാവാൻ കാരണം. 
എല്ലായിടത്തും അവശ്യ വസ്തുക്കൾ ശേഖരിക്കാൻ ജനം തെരുവിലറങ്ങിയതാണ്. ഉത്രാടപ്പാച്ചിലിനെയോ പെരുന്നാൾ രാവിനെയോ ഓർമിപ്പിക്കുന്ന ജഗപൊക. തിങ്കളാഴ്ചയാണല്ലോ കൊറോണ വീണ്ടും കേരളം വിട്ടുപോവുക. അഞ്ച് ദിവസം മഡഗാസ്‌കറിലും അന്റാർട്ടിക്കയിലും ഡൊമിനിക്കൻ റിപ്പബ്ലിക്കിലും മറ്റും കറങ്ങിക്കഴിഞ്ഞ് മൂപ്പരെത്തുക അടുത്ത വെള്ളിയാഴ്ച. ലോക് ഡൗൺ ഇളവുകളിലുമുണ്ട് സവിശേഷത. കണ്ണട വാങ്ങാനും മൊബൈൽ നന്നാക്കാനുമൊക്കെയായി വീട്ടുകാർ അഞ്ച് ദിവസങ്ങളിലും അങ്ങാടിയിലെത്തും. ഇതിലും മുന്തിയ പരിഷ്‌കാരമാണ് സ്വകാര്യ ബസുകളുടെ  റണ്ണിംഗിന് ഏർപ്പെടുത്തിയ ക്രമീകരണം. ഒന്നിടവിട്ട ദിവസങ്ങളിലാണ് ഒറ്റയക്ക ബസുകളെ സർവീസ് നടത്താൻ  അനുവദിക്കുക. കൂടുതൽ ബസുകളും ഒറ്റയക്കത്തിലാകയാൽ ഒന്നിട വിട്ട ദിവസങ്ങളിൽ കൊറോണയ്ക്ക് കയറി നിൽക്കാൻ പറ്റാത്ത വിധത്തിലാണ് ഓടിയത്. ഫറോക്ക്് ഭാഗത്തേക്ക് ബസുകൾ കുറഞ്ഞതിനാൽ വാഗൺ ട്രാജഡി സ്‌റ്റൈലിലായിരുന്നു ഉള്ള ബസുകളുടെ പ്രയാണം. ഇതിലൊരെണ്ണം ചൂണ്ടിക്കാട്ടി പാളയത്തെ മെഡിക്കൽ ഷോപ്പിലെ ഫാർമസിസ്റ്റ് പറഞ്ഞതിങ്ങനെ. 'നല്ല സാമൂഹിക അകലം പാലിക്കലാണല്ലോ'  ഈ പരിഹാസം അർഹിക്കുന്നവരാണ് ഇത്തരം അശാസ്ത്രീയ പരിഷ്‌കാരങ്ങൾ നടപ്പാക്കിയത്. കാറിലും വിമാനത്തിലും മാത്രം യാത്ര  ചെയ്യുന്നവർക്കറിയില്ലല്ലോ ഏതെങ്കിലും റൂട്ടിൽ മണിക്കൂറുകളോളം ബസില്ലാതിരുന്നാലുള്ള പ്രയാസം. ലോക് ഡൗൺ നിയന്ത്രണമുള്ളപ്പോൾ സാമ്പാർ പച്ചക്കറി വാങ്ങാൻ പോകുന്ന സാധാരണക്കാർ  സത്യപ്രതിജ്ഞ കൈവശം സൂക്ഷിക്കേണ്ടതുണ്ട്. ജില്ല വിട്ടുപോകുമ്പോൾ ഇതിലും കൂടിയ ഇനം രേഖകൾ കരുതേണ്ടതുണ്ട്. നാലഞ്ച് ദിവസം മുമ്പ് പുലർെച്ച രാമനാട്ടുകരയിൽ അപകടത്തിൽ അഞ്ച് യുവാക്കളാണ് മരിച്ചത്. കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണഖനിയുണ്ടോയെന്നറിയാൻ  കണ്ണൂർ, പാലക്കാട് ജില്ലകളിൽ നിന്നും കൊടുവള്ളിയിൽ നിന്നുമാണ് സംഘങ്ങളെത്തിയത്. ദുബായിൽ നിന്നെത്തിയ കോടിയുടെ പൊന്ന് വെള്ള യൂനിഫോമിട്ട അണ്ണന്മാർ പൊക്കിയിരുന്നു. നിരത്തുകളിൽ  ആളനക്കമില്ലാത്ത പാതിരാത്രിയ്ക്ക് ശേഷമുള്ള സമയത്താണ് കഥയറിയാതെ ഇവർ വിമാനത്താവളത്തിലേക്കും തിരിച്ചുമൊക്കെ യാത്ര ചെയ്തത്. ഇവരുടെയൊക്കെ കൈവശമുള്ള സത്യവാങ്മൂലത്തിൽ എന്തായിരിക്കും എഴുതിയിട്ടുണ്ടാവുക? സുരേന്ദ്രൻ-ജാനു സംഭാഷണത്തിന്റെ ഓഡിയോ ക്ലിപ്പുകളാണ് അൽപമെങ്കിലും ആശ്വാസം പകരുന്നത്. മാതൃഭൂമി ന്യൂസിൽ കവറേജിന് തീവ്രത കുറഞ്ഞിട്ടുമില്ല. എല്ലാം കോംപ്ലിമെന്റാവുന്ന ഒരു കാലഘട്ടമാണല്ലോ ഇത്. 

*** *** ***

കൊല്ലത്ത് വിസ്മയ എന്ന പെൺകുട്ടി സ്ത്രീധന പീഡനത്തിന് ഇരയായി ഭർതൃഗൃഹത്തിൽ മരണപ്പെട്ട സംഭവം മലയാളി സമൂഹത്തെ നടുക്കി. പതിറ്റാണ്ടുകൾക്കപ്പുറം പാസാക്കിയ സ്ത്രീധന നിരോധന നിയമത്തിന്റെ കാര്യം പറഞ്ഞ്് സോഷ്യൽ മീഡിയ ആക്്റ്റിവിസ്റ്റുകളും ബഹളം വെച്ചു. നിരവധി പേർ കൊല്ലപ്പെടുന്ന വാഹനാപകടത്തിന് ശേഷം പതിവായി കാണാറുള്ള രോഷ പ്രകടനവും നിയന്ത്രണങ്ങളും പോലെ ഇതും അൽപായുസ്സള്ളതാവും. 
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി സദാ പറയാറുള്ളത് പോലെ നിയമം നിയമത്തിന്റെ വഴിക്ക് തന്നെ പോകും. സഖാവിന്റെ മകൾക്കിത് പറ്റിയല്ലോ എന്ന് പറയുന്ന മന്ത്രി വചനവും കേട്ടു. കമ്യൂണിസ്റ്റുകാർക്കാണ് ഇത്തരം വിഷയങ്ങളിൽ മാതൃക സൃഷ്ടിക്കാനാവുക. ഇതിനിടയ്ക്ക് സി.പി.ഐ നേതാവ് സത്യൻ മൊകേരിയുടെ മകളുടെ വിവാഹം രജിസ്റ്റർ കച്ചേരിയിൽ നടന്നുവെന്ന വാർത്ത വായിക്കുമ്പോൾ മലയാളികളിൽ പ്രതീക്ഷ ഉയരുകയാണ്. ആയുർവേദ മെഡിക്കൽ വിദ്യാർഥിനിയായ വിസ്മയ മിടുക്കിയായിരുന്നു. ആ കുട്ടി ചെയ്ത ചില ടിക്ക് ടോക് വീഡിയോ കാണുമ്പോൾ മനുഷ്യർ കരഞ്ഞുപോകും. കഴിഞ്ഞ തിങ്കളാഴ്ചയാണ് വിസ്മയയെ ഭർത്താവിന്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. നൂറ് പവൻ സ്വർണ്ണവും ഒരു ഏക്കർ 25 സെന്റ് സ്ഥലവും ഇതിന് പുറമേ പത്ത് ലക്ഷം വിലവരുന്ന കാറും വിസ്മയയുടെ വീട്ടുകാർ സ്ത്രീധനമായി നൽകിയിരുന്നത്. എന്നാൽ കാറ് ഇഷ്ടപ്പെടാഞ്ഞതോടെയാണ് വിസ്മയയെ ഭർത്താവ് ക്രൂരമായി പീഡിപ്പിച്ചു തുടങ്ങിയതെന്നാണ് വിസ്മയയുടെ പിതാവ് പറഞ്ഞത്. വിസ്മയയുടെ മരണവാർത്ത വിവാദമായതിന് പിന്നാലെയാണ് 'ഇന്ന് നീ, നാളെ എന്റെ മകൾ'  എന്ന് നടൻ ജയറാം ഫേസ്ബുക്കിലെഴുതിയത്. വിസ്മയയുടെ ഫോട്ടോയ്‌ക്കൊപ്പമായിരുന്നു പോസ്റ്റ്. എന്നാൽ വലിയ രീതിയിലുള്ള വിമർശനങ്ങളും ട്രോളുകളുമാണ് ഇതിന് പിന്നാലെ വന്നത്. ജയറാമും മകൾ മാളവികയും പ്രമുഖ  ജ്വല്ലറിയുടെ പരസ്യത്തിൽ അഭിനയിച്ചിരുന്നു. ഈ പരസ്യത്തെ മുൻനിർത്തിയായിരുന്നു ട്രോളുകൾ. പരസ്യത്തിൽ വിവാഹത്തിനായി ധാരാളം സ്വർണം ധരിച്ച് ഒരുങ്ങി നിൽക്കുന്ന രീതിയിലാണ് ജയറാമിന്റെ മകൾ എത്തുന്നത്. ഈ പരസ്യത്തിന്റെ ദൃശ്യങ്ങൾ വെച്ചുകൊണ്ടാണ് ജയറാമിനെതിരെ വിമർശനം ഉയർന്നത്. 
ഫേസ്ബുക്കിൽ പോസ്റ്റിട്ട നടൻ ജയറാമിനെതിരെ നടന്ന വിമർശനങ്ങളിൽ പ്രതികരണവുമായി നടൻ സുരേഷ് ഗോപി രംഗത്തെത്തി.  ഒരു പെൺകുട്ടിയുടെ അച്ഛൻ എന്ന നിലയിലാണ് ജയറാം പ്രതികരിച്ചതെന്നും അദ്ദേഹം പറഞ്ഞു. മനോരമ ന്യൂസിലെ ചർച്ചയ്ക്കിടെയായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. ഒരു പെൺകുട്ടിയുടെ അച്ഛൻ എന്ന നിലക്കാണ് ജയറാം പ്രതികരിച്ചത്. ജയറാമിന് അതിന് അവകാശമില്ലേ. അദ്ദേഹം ഒരു പരസ്യം ചെയ്തതിന്റെ പേരിൽ വിമർശിക്കണോ? വിപണന ഉൽപന്നത്തിന്റെ പരസ്യത്തിലാണ് അദ്ദേഹം അഭിനയിച്ചത്. അത് ഇവിടെ വിലക്കിയിട്ടുണ്ടോ? കഞ്ചാവിന്റെ പരസ്യത്തിൽ അല്ല അദ്ദേഹം അഭിനയിച്ചത്' -സുരേഷ് ഗോപി പറഞ്ഞു. വിസ്മയ തന്നെയൊന്ന് നേരത്തെ വിളിച്ചിരുന്നെങ്കിൽ താൻ അവിടെയെത്തി ഭർത്താവ് കിരണിനെ പോയി രണ്ട് പൊട്ടിച്ചേനെ എന്നും ചർച്ചയിൽ സുരേഷ് ഗോപി പറഞ്ഞു.

*** *** ***

പ്രവർത്തനം തുടങ്ങി വർഷങ്ങൾ പലതായെങ്കിലും വലിയൊരു മാധ്യമ ഗ്രൂപ്പിന്റെ പിൻബലമുള്ള മനോരമ ന്യൂസ് എന്ന ചാനൽ ഇതേവരെ കേരളീയ സമൂഹത്തിൽ കാര്യമായ ചലനമുണ്ടാക്കാത്തതെന്തെന്നത് അദ്്ഭുതപ്പെടുത്തുന്ന കാര്യമാണ്. ദക്ഷിണേന്ത്യയിലെ  മറ്റൊരു സംസ്ഥാനമായ ആന്ധ്ര പ്രദേശിലെ ഇടിവി ചാനൽ പല ഭാഷകളിലായി തെലുങ്കിലെ മനോരമയായ ഈനാടുവിനേക്കാൾ എത്രയോ മടങ്ങ് വളർച്ച കൈവരിച്ചു. എന്നിട്ടും മനോരമ ചാനലെന്തേ ഇങ്ങനെ? മനോരമയിലെ വനിതാ അവതാരകരുടെ മിടുക്ക്് പലപ്പോഴും വ്യക്തമായതാണ്. ചാനൽ സംവാദങ്ങളിൽ ഈ പെൺകുട്ടികൾ എയറിലേക്ക്് കയറ്റിവിടുന്ന രാഷ്ട്രീയ പ്രമുഖർ ട്രോളന്മാരുടെ പ്രിയ വിഷയമാണ് താനും. ഇതിന് മുമ്പൊരിക്കൽ സി.പി.എമ്മിന്റെ മുതിർന്ന നേതാവും മുൻ മന്ത്രിയുമായ ഇ.പി ജയരാജന്റെ മുഹമ്മദലി വിഡ്ഢിത്തങ്ങൾ പുറത്തു കൊണ്ടുവന്നത് മനോരമ ന്യൂസുമായുള്ള ഫോൺ സംഭാഷണത്തിലൂടെയാണ്. ഇപ്പോഴിതാ വനിതാ കമ്മീഷൻ അധ്യക്ഷ എം.സി ജോസഫൈന് പുറത്തേക്കുള്ള വഴിയൊരുക്കിയതും മനോരമ ചാനലിലെ ഫോൺ ഇൻ പ്രോഗ്രാമാണ്. പരാതി പറയാൻ വിളിച്ച  സ്ത്രീയോട് എന്നാ പിന്നെ അനുഭവിച്ചോയെന്നു പറയുകയും കയർത്ത് സംസാരിക്കുകയും ചെയ്തു. ഇത് വലിയ പ്രതിഷേധത്തിന് ഇടയാക്കി.  സഖാക്കൾ അടക്കം എല്ലാവരും വനിതാ കമ്മീഷന്റെ  കാലാവധി എന്ന്് അവസാനിക്കുമെന്ന് അന്വേഷിക്കുന്ന സാഹചര്യമുണ്ടായി. ന്യൂസ് 18 ചാനലിൽ വെള്ളിയാഴ്ച രാത്രി വനിതാ കമ്മീഷൻ അതിക്രമത്തെ കുറിച്ച് നടന്ന സംവാദത്തിൽ ഒരു വനിതാ പാനലിസ്റ്റ് അഭിപ്രായപ്പെട്ടത് ജോസഫൈനെ ഈ പണിയ്ക്ക് കൊള്ളില്ലെന്നും ഇവരുടെ സംസാരരീതി കണ്ടാൽ ഏതെങ്കിലും തീവ്രവാദ ഗ്രൂപ്പിന്റെ കമാണ്ടറാക്കുകയാണ് വേണ്ടതെന്നുമാണ്. 
എം.സി. ജോസഫൈനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ മറ്റൊരു പരാതിക്കാരിയോട് കയർത്ത് സംസാരിക്കുന്ന ശബ്ദരേഖ കൂടി പുറത്തെത്തിയിരുന്നു. വിവാഹ തട്ടിപ്പുകാരനായ ഭർത്താവിൽനിന്ന് നീതി വേണമെന്നാവശ്യപ്പെട്ട് വനിത കമ്മീഷൻ അധ്യക്ഷയെ വിളിച്ച കൊല്ലം സ്വദേശിനിയാണ് ശബ്ദരേഖയുമായി രംഗത്ത് വന്നത്. തന്നേയും കുട്ടികളേയും നോക്കാതെ മറ്റൊരു വിവാഹം കഴിച്ച ഭർത്താവിനെതിരേ ആയിരുന്നു യുവതിയുടെ പരാതി. എന്നാൽ സംസാരത്തിനിടെ നിങ്ങളുടെ പുരാണം കേൾക്കാൻ സമയമില്ലെന്നും നിങ്ങളെയാണ് അടിക്കേണ്ടതെന്നും ജോസഫൈൻ പറഞ്ഞു. രണ്ടാമത് വിവാഹം കഴിച്ച സ്ത്രീയേയും ഉപേക്ഷിച്ച് ഇയാൾ മുറപ്പെണ്ണിനെ വിവാഹം കഴിച്ചെന്നും വീണ്ടും തന്റെയടുത്ത് വന്നെന്നും പരാതിക്കാരി പറഞ്ഞു. തുടർന്നാണ് നിങ്ങളെയാണ് അടിക്കേണ്ടതെന്നും പുരാണം കേൾക്കാൻ സമയമില്ലെന്നും വിളിക്കുന്ന സ്ത്രീകളൊക്കെ ഇങ്ങനെ കഥ പറഞ്ഞാൽ എങ്ങനെ വിശ്വസിക്കുമെന്നും ജോസഫൈൻ ചോദിച്ചത്. ഏതായാലും മലയാളികളെല്ലാം ഏക മനസ്സോടെ ആഗ്രഹിച്ചത് സംഭവിച്ചതോടെ ആന്റി ക്ലൈമാക്‌സായി. ജോലിയില്ലാത്ത ആയിരക്കണക്കിന് മനുഷ്യത്വം ഉള്ള ആളുകൾ ഉണ്ട് അവരെ ആരെങ്കിലും ഒക്കെ ഈ പണി ഏൽപ്പിച്ചാൽ പോരെയെന്നാണ് നടി സാധിക വേണുഗോപാൽ ചോദിച്ചത്.  അല്ലെങ്കിൽ തന്നെ പെണ്ണിനെ കേൾക്കാൻ പെണ്ണും ആണിനെ കേൾക്കാൻ ആണും എന്തിനാണ്? സാമാന്യം മാനുഷിക മൂല്യം അറിയുന്ന സഹജീവികളെ മനസിലാക്കാൻ മനസും, കഴിവുള്ള ഒരാളായാൽ പോരെ, അതിനും ലിംഗ വ്യത്യാസം വേണോ? പെണ്ണിനെ മനസിലാക്കാനും പരിഗണിക്കാനും പെണ്ണിനേ ആകൂ എന്ന ചിന്ത ആണ് ആദ്യം മാറേണ്ടതെന്നും താരം കൂട്ടിച്ചേർത്തു. ശരിക്കും മദർ തെരേസയെ പോലൊരാൾ വേണം ഇത്രയേറെ സ്ത്രീപീഡനം നടക്കുന്ന കേരളം പോലൊരു സംസ്ഥാനത്ത് ഈ പദവിയിലെത്താൻ. രസമതൊന്നുമല്ല, പത്ത് വർഷം ഭാര്യയെ ഒളിപ്പിച്ച് താമസിപ്പിച്ച് പൊന്നുപോലെ നോക്കിയ നെന്മാറയിലെ ഷാജഹാനെ സോഷ്യൽ മീഡിയ വാഴ്ത്തുന്നതും കണ്ടു. പത്ത് ലക്ഷം വാങ്ങി പീഡിപ്പിച്ചവനേക്കാൾ ഞങ്ങളുടെ ഹീറോ പത്ത് കൊല്ലം ഒറ്റമുറിയിൽ പൂട്ടിയിട്ട് നോക്കിയവനാണെന്നായിരുന്നു കമന്റുകൾ. 

*** *** ***

മലയാളം ഹൃദയത്തിലേറ്റിയ പ്രണയാർദ്ര ഗാനങ്ങളുടെ ശിൽപി പൂവച്ചൽ ഖാദർ  അന്തരിച്ചത് പിന്നിട്ട വാരത്തിലാണ്. മുന്നൂറിലേറെ ചിത്രങ്ങളിലായി രണ്ടായിരത്തോളം ഗാനങ്ങളെഴുതി. പോളിടെക്‌നിക്ക് ഡിപ്ലോമയും തിരുവനന്തപുരം എഞ്ചിനീയറിങ് കോളജിലെ തുടർപഠനവും കഴിഞ്ഞ് പി.ഡബ്ല്യൂ.ഡിയിൽ ഓവർസിയറായി കോഴിക്കോട്ടെത്തിയത് അദ്ദേഹത്തിന്റെ ജീവിതത്തിൽ വഴിത്തിരിവായി. ഐ.വി ശശി, ബാബുരാജ്, ദേവരാജൻ മാഷ്, ജോൺസൺ മാഷ്, രവീന്ദ്രൻ മാഷ്, കാനേഷ് പൂനൂർ, സലാം കാരശ്ശേരി  തുടങ്ങി മലയാള സംഗീതസാംസ്‌കാരിക രംഗത്തെ അതികായന്മാരോടൊപ്പമുള്ള സൗഹൃദവലയത്തിലേക്ക് വഴിത്തുറന്നത് കോഴിക്കോട്ടെ ഔദ്യോഗികജീവിതമാണ്. അത് മലയാളഗാനലോകത്തേക്കുള്ള രാജകീയാഗമനത്തിനും നിമിത്തമായി. വിജയനിർമല സംവിധാനം ചെയ്ത് അഭിനയിച്ച കവിത എന്ന ചിത്രത്തിന് കവിതയെഴുതിയാണ് സിനിമയിലെ അരങ്ങേറ്റം. 1973 ൽ പുറത്തിറങ്ങിയ കാറ്റ് വിതച്ചവൻ എന്ന സിനിമക്ക് വേണ്ടി 'മഴവില്ലിനജ്ഞാതവാസം കഴിഞ്ഞു' എന്ന വരികളെഴുതിയതിൽ പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നില്ല. തുടർച്ചയായി സിനിമകൾ.
ആറു പതിറ്റാണ്ടുനീണ്ട സർഗജീവിതത്തിനിടെ, ചിത്തിരത്തോണി, കളിവീണ, പാടുവാൻ പഠിക്കുവാൻ എന്നീ പുസ്തകങ്ങളും ആ തൂലികയിൽ പിറന്നു. പാട്ടിന്റെ പാലാഴി തീർത്ത പാട്ടെഴുത്തുകാരന് അർഹമായ അംഗീകാരം നൽകാനാവാതെ പോയത് മലയാളത്തിന്റെ നീറ്റലായി എന്നുമുണ്ടാകും. കലിപൂണ്ട കോവിഡുകാലം പൂവച്ചൽ ഖാദർ എന്ന പ്രതിഭയെ കൂടി കവർന്നെടുക്കുമ്പോൾ കൂടുതൽ അനാഥമായതിന്റെ അമ്പരപ്പിലാണ് മലയാള സാഹിത്യ ലോകം. മരണവാർത്ത പുറത്തു വന്ന പ്രഭാതത്തിൽ തന്നെ മാതൃഭൂമി ന്യൂസ് പൂവച്ചൽ ഖാദറുമായുള്ള അഭിമുഖമുൾപ്പെടുത്തിയ ചക്കരപന്തൽ സംപ്രേഷണം ചെയ്തത് ശ്രദ്ധേയമായി.
 

Latest News