വേളി പൊളിച്ച വേലി

1985 - ലെ ചരിത്രമാണ്. തിരുവനന്തപുരം സെൻട്രൽ അഥവാ തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് പുറത്തിറങ്ങിയാൽ ആരുടെയും കണ്ണിൽ വളരെ പെട്ടെന്നുതന്നെ പതിയുന്ന ഒരു വലിയ പോസ്റ്റർ പരസ്യമുണ്ടായിരുന്നു: വേളിക്കായലിന്റെ ഒരു ചിത്രം. അതിലൊരു തോണി. അതിൽ വലിയ അക്ഷരങ്ങളിൽ, 'വേളിയിൽ തോണി തുഴഞ്ഞ് ആഹ്ലാദിക്കൂ' എന്ന പരസ്യവാചകം. വേളിയിലേക്ക് തോണി തുഴയാൻ സഞ്ചാരികളെ ആകർഷിക്കുകയാണ് ലക്ഷ്യം. കേരളത്തിന്റെ വിനോദസഞ്ചാരമേഖലയ്ക്ക് അക്കാലത്ത് ഒട്ടും പ്രാധാന്യം ലഭിച്ചിരുന്നില്ല.


വേളിയിൽ കായൽക്കരയിൽ ബോട്ട്ക്ലബ്ബിന്റെ ഒരു നല്ല കെട്ടിടം അന്നേയുണ്ട്. ദൂരദർശനിലെ ക്യാമറാ ടീം അവിടെ ഒരു വാർത്താപ്രാധാന്യമുളള സംഭവം കവർ ചെയ്യാൻ പോയി. കവറേജ് കഴിഞ്ഞപ്പോൾ സംഘത്തിലുണ്ടായിരുന്ന വി.ജി.ജോസഫിന് (ഡൽഹിയിലെ ദീർഘകാലാനുഭവവുമായി തിരുവനന്തപുരം ദൂരദർശനിൽ സ്ഥലംമാറ്റമായി വന്ന പ്രഗത്ഭനായ ക്യാമറാമാൻ) കായൽക്കരയൊക്കെ ഒന്നു ചുറ്റിക്കാണാനൊരു മോഹം തോന്നി. റെയിൽവേ സ്‌റ്റേഷനിൽ കണ്ട പരസ്യം ഓർമ്മവന്നത് പ്രചോദനമായി. തുഴയാനൊരു തോണി കായലിൽ കെട്ടിയിട്ടുണ്ട്. ഓല കൊണ്ടുള്ള മേൽപ്പുര ദ്രവിച്ച് ഈർക്കിലുകൾ മാത്രം ബാക്കി. തോണിയുടെ ഇരുമ്പുകൊണ്ടുളള ഭാഗങ്ങൾ മുഴുവൻ തുരുമ്പെടുത്തു ദ്രവിച്ചിരിക്കുന്നു. മുട്ടറ്റം പുല്ല് വളർന്ന് നടക്കാൻ പ്രയാസം. കാലുകൾ പൂഴിയിലും ചെളിമണ്ണിലും പൂഴ്ന്നുപോകുന്നു! സ്ഥലം കാണാൻ വന്ന ഏതോ ദമ്പതികളും ചെറിയ കുട്ടിയും കായൽവക്കിൽ കൂടി നടക്കുന്നു. കണ്ടപ്പോൾ ജോസഫിന് ആധിയായി. ആ കുഞ്ഞെങ്ങാൻ വെളളത്തിൽ വീണാൽ.. കാണാൻ പറ്റാത്ത നിലയിൽ പായലും കുളവാഴയും നിറഞ്ഞിരിക്കുകയാണ്! അതിമനോഹരമായ കായലിന്റെ പ്രകൃതിഭംഗി വിവരണാതീതം.

പിറ്റേദിവസം രാവിലെ എന്റെ ഓഫീസ് മുറിയിൽ വന്ന് ഒരു കാര്യം പറയാനുണ്ടെന്ന ആമുഖത്തോടെ സംഭവം വിവരിച്ചു. നമുക്ക് വാർത്താബുളളറ്റിനിൽ ഒരു സ്‌റ്റോറി കൊടുക്കാൻ അനുവദിക്കാമോ എന്നദ്ദേഹം ചോദിച്ചു. തീർച്ചയായും ചെയ്യാവുന്നതാണെന്നും നിത്യേന നടക്കുന്ന, വാർത്താ കവറേജുകൾ ചർച്ച ചെയ്യുന്ന മീറ്റിംഗിൽ കൂടുതൽ കാര്യങ്ങൾ  തീരുമാനിക്കാമെന്നും മറുപടി പറഞ്ഞു. അതിനടുത്ത ദിവസം പ്രൊഡ്യൂസർ ബൈജു ചന്ദ്രന്റെ നേതൃത്വത്തിൽ കവറേജ് നടത്തി. വളരെ നല്ല ദൃശ്യങ്ങളോടുകൂടി ഏഴ് മണിക്കുളള ബുളളറ്റിനിൽ വേളിയുടെ 
മനോഹാരിതയും അതിന്റെ വിനോദസഞ്ചാര സാധ്യതകളും അതിദയനീയമായ ശോച്യാവസ്ഥയും ചിത്രീകരിച്ചുകൊണ്ടുളള സ്‌റ്റോറി സംപ്രേഷണം ചെയ്തു. പ്രേക്ഷകരെ ആകർഷിക്കുകയും അതേസമയം വേളിയുടെ വിനോദസഞ്ചാര സാധ്യത പൂർണമായും പ്രയോജനപ്പെടുത്തുകയും ചെയ്യാൻ ലക്ഷ്യമിട്ടുകൊണ്ട് ഒരൊന്നാന്തരം സ്‌റ്റോറി. പ്രക്ഷേപണത്തിന് മുമ്പ് തന്നെ വേളിയെ അവഗണിക്കുന്നവർ കണ്ണുതുറക്കണമെന്നാഹ്വാനം ചെയ്യുന്ന സ്റ്റോറി ന്യൂസ് എഡിറ്റർ ഇ.കെ. കൃഷ്ണൻ നായരോടൊപ്പം ഞാൻ കണ്ടിരുന്നു. ഒരൊന്നാന്തരം യഥാർത്ഥ ടെലിവിഷൻ ദൃശ്യവാർത്ത (ഉദ്ഘാടന പ്രസംഗങ്ങൾക്കും നാടമുറിക്കലുകൾക്കും തിരികൊളുത്തലുകൾക്കുമപ്പുറം) തയ്യാറാക്കിയതിന് ബൈജുവിനെയും ജോസഫിനെയും ടീമിനെയും അഭിനന്ദിക്കുകയും ചെയ്തിരുന്നു.


ഏതായാലും വാർത്താബുളളറ്റിൻ കഴിഞ്ഞ ഉടനെ എനിക്കൊരു ഫോൺ വന്നു. വിളിച്ചത് മുൻ ടൂറിസം മന്ത്രിയും നിയമസഭാ സ്പീക്കറുമായിരുന്ന വക്കം പുരുഷോത്തമനായിരുന്നു. മദിരാശി ദൂരദർശനിൽനിന്ന് കേരളത്തിന്റെ ഓണം ടൂറിസം വാരമായി ആഘോഷിക്കുന്നതിന്റെ കവറേജിന് വന്നിരുന്നപ്പോൾ അദ്ദേഹത്തെ പരിചയപ്പെട്ടിരുന്നു. മസ്‌കറ്റ് ഹോട്ടലിൽ അദ്ദേഹം ഞങ്ങൾക്ക് ഉച്ചയൂണ് നൽകിയിരുന്നു. ഇതുപോലെ ഗവണ്മെന്റിനെ വിമർശിക്കുന്ന പരിപാടി കാണിച്ചത് ചെയ്യാൻ പാടില്ലാത്ത കാര്യമാണെന്നും അത് എങ്ങനെ ചെയ്തുവെന്നും അദ്ദേഹം ചോദിച്ചു. ഗവണ്മെന്റിന്റെ നയങ്ങളെയല്ല വിമർശിച്ചതെന്നും അത് നടപ്പിലാക്കിയ രീതിയെയാണ് വിമർശിച്ചതെന്നും പൊതുസേവന പ്രക്ഷേപണമാധ്യമമെന്ന നിലയിൽ തികഞ്ഞ ഉത്തരവാദിത്തത്തോടെയാണ് വേളിക്കഥ കാണിച്ചതെന്നും അദ്ദേഹത്തോട് പറഞ്ഞു. അദ്ദേഹത്തിന് ബോധ്യമായില്ലെന്നും മന്ത്രിയോട് സംസാരിക്കട്ടെയെന്നും മറുപടി പറഞ്ഞു. പിറ്റേദിവസം ഓഫീസിൽ ചെന്ന ഉടനെ തന്നെ 1982 ൽ വാർത്താവിതരണ പ്രക്ഷേപണമന്ത്രി കാര്യാലയം പുറത്തിറക്കിയ ജി. പാർത്ഥസാരഥി കമ്മിറ്റിയുടെ ആകാശവാണിയിലെയും ദൂരദർശനിലെയും വാർത്തകളുടെ മാർഗനിർദ്ദേശങ്ങൾ മനസ്സിരുത്തി വായിച്ച് ചെയ്ത കാര്യം ഒരിക്കൽകൂടി ബോധ്യം വരുത്തി. എച്ച്.കെ.എൽ. ഭഗത്തായിരുന്നു മന്ത്രി. ഏതായാലും അദ്ദേഹത്തിന്റെ ഓഫീസിൽ നിന്നാരും വിളിച്ചില്ല.
പിറ്റേദിവസം കേരള ടൂറിസം വകുപ്പിലെ അക്കാലത്തെ പബ്ലിക് റിലേഷൻസ് ഓഫീസർ ശാന്തമ്മ പിള്ള (പ്രഗത്ഭനായ ചലച്ചിത്ര സംവിധായകൻ കെ.പി.കുമാരന്റെ ഭാര്യ) എന്നെ കാണാനെത്തി. വേളിയെക്കുറിച്ച് സംപ്രേഷണം ചെയ്ത ദൃശ്യങ്ങളടങ്ങുന്ന ഒറിജിനൽ ടേപ്പോ അതിന്റെ സാക്ഷ്യപ്പെടുത്തിയ കോപ്പിയോ അവർക്ക് വേണം: ഡിപ്പാർട്ട്‌മെന്റിനു വേണ്ടി യാതൊരു കാരണവശാലും അത് സാധ്യമല്ലെന്നും, നിർബന്ധമാണെങ്കിൽ അതാവശ്യപ്പെട്ട് ഡയറക്ടർ ജനറലിനെഴുതി, അദ്ദേഹത്തിന്റെ നിർദ്ദേശം ലഭിക്കുകയാണെങ്കിലേ തരാൻ പറ്റൂ എന്ന മറുപടി അവരെ ഒട്ടും തൃപ്തിപ്പെടുത്തിയില്ല.
ഏതാനും ദിവസം കഴിഞ്ഞപ്പോൾ അന്നത്തെ ടൂറിസം ഡയറക്ടർ ടി. ബാലകൃഷ്ണൻ ഫോണിൽ വിളിച്ച് വേളി ടേപ്പ് കാണാൻ പറ്റുമോ എന്നന്വേഷിച്ചു. അതിന് പ്രയാസമൊന്നുമില്ലെന്നും  എപ്പോൾ വേണമെങ്കിലും ദൂരദർശൻ കേന്ദ്രത്തിൽ വന്നാൽ കാണാൻ ഏർപ്പാട് ചെയ്യാമെന്നും മറുപടി പറഞ്ഞു. ദൂരദർശൻ കേന്ദ്രം തുടങ്ങിയ കാലത്ത് ടൂറിസം ഡയറക്ടർ ഹരികൃഷ്ണൻ നായരും കെ.ടി.ഡി.സി മാനേജിംഗ് ഡയറക്ടർ പിളളയും ചെയ്തുതന്ന സഹായങ്ങൾ ഒരിക്കലും മറക്കാൻ കഴിയുന്നതല്ല.
    ബാലകൃഷ്ണൻ അന്നേ വളരെ സുമനസ്സും സൗമ്യപ്രകൃതനുമായിരുന്നു. വളരെ പെട്ടെന്നു തന്നെ ഞങ്ങൾ സുഹൃത്തുക്കളായി. അദ്ദേഹവും തുടർന്നു ടൂറിസം ഡയറക്ടർമാരായ അമിതാഭ്കാന്തും (ഇപ്പോഴത്തെ നീതി ആയോഗ് സി.ഇ.ഒ.) കെ. ജയകുമാറുമൊക്കെ ദൂരദർശനുമായി വളരെ അടുത്ത ബന്ധം പുലർത്തിയിരുന്നു. കേരളത്തിലെ ടൂറിസം വികസനത്തിന് സകലപിന്തുണയും ദൂരദർശൻ നൽകുകയും അവരെല്ലാം വ്യക്തിപരമായി ഇപ്പോഴും അടുത്ത സുഹൃത്തുക്കളായി തുടരുകയും ചെയ്യുന്നു. 
ബാലകൃഷ്ണൻ വളരെ ശ്രദ്ധാപൂർവ്വം വേളി കവറേജ് കണ്ടു; അദ്ദേഹം പുതുതായി ടൂറിസം ഡയറക്ടറായി ചാർജ്ജെടുത്തിട്ടേയുളളു. കേരളത്തിൽ ടൂറിസം ഒരു വലിയ ആകർഷണമായി വളരുമെന്ന് ബാലകൃഷ്ണന് ദീർഘദൃഷ്ടിയുണ്ടായിരുന്നു. അതിനായി പല പദ്ധതികളും മനസ്സിലുണ്ട.് തിരുവനന്തപുരത്തുതന്നെയുളള വേളിയുടെ സാധ്യതകൾ പ്രയോജനപ്പെടുത്താൻ അദ്ദേഹം ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ടൂറിസം അക്കാലത്ത് ഒരവഗണിത വിഷയമായതിനാൽ ഗവണ്മെന്റിൽ നിന്ന് പിന്തുണയൊന്നും കിട്ടുന്നില്ല. പക്ഷെ, പൊതുമേഖലാ രംഗത്തുനിന്ന് പിന്തുണ നേടാൻ പല ശ്രമങ്ങളും നടത്തിവരികയാണ്. വേളിയെക്കുറിച്ച് കാണേണ്ടവരുടെ കണ്ണ് തുറപ്പിക്കാൻ ഞങ്ങളുടെ കവറേജ് സഹായകമായെന്നും അതിനാൽ വിമർശനമുണ്ടെങ്കിലും അതിന് നന്ദിയുണ്ടെന്നും ബാലകൃഷ്ണൻ അറിയിച്ചു.
വക്കംപുരുഷോത്തമൻ വളരെ അസ്വസ്ഥനായി എന്നെ വിളിച്ച കാര്യം സൂചിപ്പിച്ചപ്പോൾ അദ്ദേഹത്തിന് വേളിയുമായി ഒരു വൈകാരിക ബന്ധമുണ്ടെന്ന് ബാലകൃഷ്ണൻ അറിയിച്ചു. വേളിയിലെ ഗവണ്മെന്റ് ഭൂമിയിൽ ഗവണ്മെന്റ് കെട്ടിടമായ ബോട്ട് ക്ലബ്ബ് ചില പ്രമുഖ സ്വകാര്യ വ്യക്തികൾ കൈവശം വെച്ച് ദുരുപയോഗം ചെയ്യുകയായിരുന്നു. രാഷ്ട്രീയമായി ശക്തമായ എതിർപ്പുണ്ടായിരുന്നിട്ടും വക്കം ആ കെട്ടിടവും ഗവണ്മെന്റിലേക്ക് തിരിച്ചെടുക്കുകയായിരുന്നു. അത്രയും ശക്തമായ എതിർപ്പിനെ അതിജീവിച്ച് ടൂറിസം കേന്ദ്രത്തിന്റെ ഭാഗമാക്കാൻ അദ്ദേഹം നടത്തിയ യത്്‌നം പ്രശംസനീയമാണ്. അതിനാലാവും അദ്ദേഹം അതിന്റെ ശോച്യാവസ്ഥ ചിത്രീകരിച്ചു കണ്ടപ്പോൾ അസ്വസ്ഥനായത്.
വേളിയുടെ മുഖഛായ മാറ്റാൻ തന്റെ ശ്രമങ്ങൾ വിജയിക്കുമെന്ന് ബാലകൃഷ്ണന് ആത്മധൈര്യമുണ്ടായിരുന്നു. അദ്ദേഹമാണ് പ്രശസ്ത ശിൽപി കാനായി കുഞ്ഞിരാമനെക്കൊണ്ട് അവിടം നാട്ടുകാരുടെ സഹായത്തോടുകൂടി ഒരൊന്നാന്തരം വിനോദസഞ്ചാര കേന്ദ്രമാക്കി വികസിപ്പിച്ചെടുത്തത്. വേളിയുടെ പരിതാപകരമായ മുഖച്ഛായ മാറുമ്പോൾ, മാറിയ വേളിയെക്കുറിച്ച് ഓരോ ഫോളോഅപ് സ്റ്റോറി സംപ്രേഷണം ചെയ്യണമെന്ന അപേക്ഷ സന്തോഷപൂർവ്വം സ്വീകരിച്ചിരുന്നു. ഞാൻ തന്നെ ഹിന്ദു പത്രത്തിന്റെ ഞായറാഴ്ച പതിപ്പിൽ ഇടവിട്ടുളള വർഷങ്ങളിൽ ചിത്രങ്ങളോടുകൂടി വേളിയുടെ മാറിയ മുഖച്ഛായയെക്കുറിച്ച് ലേഖനങ്ങൾ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു!
ബാലകൃഷ്ണന്റെ സൗഹൃദസന്ദർശനത്തോടെ വേളിക്കാര്യം കഴിഞ്ഞിരിക്കുമെന്ന ധാരണ തികച്ചും അസ്ഥാനത്തായിരുന്നു. കേരള ഗവണ്മെന്റിലെ ഒരു ഉയർന്ന ഉദ്യോഗസ്ഥനും വേറെ രണ്ട് പേരും (ഊമക്കത്തുകൾ തിരുവനന്തപുരത്തുനിന്ന് ഡൽഹിയിലേക്ക് സാധാരണം!) വാർത്താവിതരണ പ്രക്ഷേപണ മന്ത്രികാര്യാലയത്തിലേക്ക് എന്റെ നേതൃത്വത്തിൽ ദൂരദർശൻ കേന്ദ്ര-സംസ്ഥാന ബന്ധങ്ങളെ ബാധിക്കുന്ന രീതിയിൽ ഒരു കവറേജ് നടത്തിയതായി പരാതി അറിയിച്ചു. പരാതിയിൽ എന്റെ ഭാഗം കേൾക്കാനായി എനിക്കയച്ചു തന്നു. ഞാൻ വാർത്തയുടെ വിശദവിവരങ്ങളും വാർത്തകളെ സംബന്ധിച്ച മാർഗനിർദ്ദേശങ്ങളും ഉദ്ധരിച്ച് പൊതുതാൽപര്യ സംപ്രേഷണമാണ് നടത്തിയതെന്നും, അത്രയും ചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ ദൂരദർശൻ കേന്ദ്രത്തിന്റെ നിലനിൽപിനുതന്നെ പ്രസക്തിയില്ലെന്നുമെഴുതി, കത്ത് കിട്ടിയപ്പോൾ അന്നത്തെ അഡീഷണൽ ഡയറക്ടർ ജനറൽ ശിവ്ശർമ എന്നെ വിളിച്ചു, എന്താണ് 'വേലി' എന്ന് വ്യക്തമാക്കാൻ ആവശ്യപ്പെട്ടു. ഞാൻ വേലിയും വേളിയും ഇംഗ്ലീഷിലെഴുതുമ്പോൾ ഒന്നാണെന്നും പക്ഷെ മലയാളത്തിൽ രണ്ടായി ഉച്ചരിക്കാമെന്നും പറഞ്ഞ് കവറേജിന്റെ പശ്ചാത്തലം ദീർഘമായി വിശദീകരിച്ചു. 'വേലിയും വേളിയും കൊളളാം, നിങ്ങൾ വേളിയിലൂടെ ദൂരദർശന്റെ പ്രതിച്ഛായയുടെ കർക്കശമായ വേലി പൊളിച്ചിരിക്കുന്നു. കേരളത്തിൽ ടെലിവിഷൻ ശക്തമായ മാധ്യമമാണെന്ന് ബോധ്യപ്പെടുത്തിയിരിക്കുന്നു. അത് നന്നായി. ഇങ്ങനെ തന്നെയാവണം ഉത്തരവാദിത്തത്തോടെയുളള പൊതുസേവന പ്രക്ഷേപണം. എല്ലാ സൗഭാഗ്യങ്ങളും നേരുന്നു. പക്ഷെ, കൈ പൊളളാതെ സൂക്ഷിക്കണം!' ആ വാക്കുകൾ വലിയ പ്രചോദനമായിരുന്നു. ആദ്യം വേളിയിലൂടെ പൊളിച്ച വേലി ഞങ്ങൾ പിന്നീട് പല തവണ പൊളിച്ചു.

Latest News