മൈത്രിയുടെ ചരിത്രം: ഇ.എം.എസ് പള്ളി: പുലാമന്തോൾ

'എനിക്ക് നാളെ അങ്ങാടിപ്പുറത്ത് നിന്നും തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിലേക്കും, അവിടെ നിന്നും എന്റെ കാറിൽ സെക്രട്ടറിയേറ്റിലേക്കും ചെന്നെത്തുവാനുള്ള സമയം ദയവ് ചെയ്ത് നിങ്ങൾ അനുവദിക്കൂ' എന്നും നിങ്ങൾ തിരുവനന്തപുരത്തേക്ക് ഒന്നു വരണമെന്നുമാണ് മരക്കാർ ഹാജിയുടെ കൈപിടിച്ച് ഇ.എം.എസ് അന്നേരം പറഞ്ഞത്. ബാപ്പുട്ടി മാസ്റ്റർ, കെ. വി രാമൻ, മലവട്ടത്ത് മുഹമ്മദ്ഹാജി, എം. മായിൻഹാജി എന്നിവർ ഇ. എം. എസിന്റെ നിർദേശപ്രകാരം തിരുവനന്തപുരത്തെത്തുകയും മണ്ണാർക്കാട് എം.എൽ.എ കൊങ്ങശ്ശേരി കൃഷ്ണൻ, പട്ടാമ്പി എം.എൽ.എ ഇ. പി. ഗോപാലൻ എന്നിവരോടൊപ്പം മുഖ്യമന്ത്രിയെ കാണുകയും ചെയ്തു. പള്ളി പണിയാനുള്ള ഉത്തരവ് അപ്പോൾതന്നെ ഇ. എം. എസ് കൈമാറി. താമസിയാതെ മുസ്‌ലിം ആരാധനാലയങ്ങളും മദ്രസകളും നിർമിക്കാനുള്ള നിയമനിർമാണവും ഇ. എം. എസ് മന്ത്രിസഭ നടത്തി.

1957. ലോകത്താദ്യമായി ബാലറ്റ് പേപ്പറിലൂടെ അധികാരത്തിലേറിയ കമ്യൂണിസ്റ്റ് മന്ത്രിസഭയുടെ അമരക്കാരനായി ഏലംകുളം മനക്കൽ ശങ്കരൻ നമ്പൂതിരിപ്പാട് ചുമതലയേറ്റതോടെ മലയാളക്കരയിൽ നൂതനമായൊരു ചരിത്ര നിർമ്മിതിക്ക് കളമൊരുങ്ങുകയായിരുന്നു. അക്കാലത്തെ സാമൂഹിക സാംസ്‌കാരിക മേഖലകളിൽ വിപ്ലവകരമായ നിരവധി മാറ്റങ്ങൾ സൃഷ്ടിക്കപ്പെട്ടിട്ടുണ്ടങ്കിലും മറ്റു ചില ഒറ്റപ്പെട്ട ഇടപെടലുകൾ ഇന്നും ചരിത്ര സംഭവങ്ങളായി അടയാളപ്പെടുത്തുന്നുണ്ട്. ഏറെ കാലങ്ങൾക്ക് ശേഷവും ഇന്നും ചരിത്ര സ്മരണ നില നിർത്തുന്ന ഒന്നാണ് പുലാമന്തോൾ ജുമാമസ്ജിദ് അഥവാ ഇ.എം.എസ് പള്ളി. 


ആദ്യത്തെ കമ്യൂണിസ്റ്റ് മുഖ്യമന്ത്രി, ഇന്ത്യൻ തൊഴിലാളി പ്രസ്ഥാനത്തിന്റെ അമരക്കാരൻ, താത്ത്വികൻ എന്നിങ്ങനെ നീളുന്ന വിശേഷണങ്ങൾ ഉള്ള ഇ.എം.എസ് പെരിന്തൽമണ്ണ പുലാമന്തോളിലെ സാധാരണക്കാർക്ക് ടൗൺ മസ്ജിദിന്റെ സ്ഥാപകൻ കൂടിയാണ്. ഒന്നിച്ചു ജമാഅത്തായി നമസ്‌ക്കരിക്കാനുള്ള ആ പ്രദേശത്തുകാരുടെ ചിരകാല അഭിലാഷത്തിന് ഇ.എം.എസ് പരിഹാരം കണ്ടെത്തിയതിലൂടെ മതനിരപേക്ഷതയുടെയും മനുഷ്യസ്‌നേഹത്തിന്റെയും പ്രതീകമായി ഈ പള്ളി - ഇ.എം.എസ് പള്ളി-  ഇന്നും തലയുയർത്തി നിൽക്കുന്നു.
  പുലാമന്തോൾ പള്ളിക്ക് അനുമതി ലഭിച്ചതിനെ കുറിച്ച് അന്നാട്ടുകാരായ പഴമക്കാർ അടയാളപ്പെടുത്തുന്നതിങ്ങനെയാണ്. മലബാർ കലാപത്തിനും മാപ്പിള ലഹളക്കും ശേഷം പള്ളികൾ ഉയരത്തിൽ പണിയുന്നതിനും പൊളിച്ച് പണിയുന്നതിനും ബ്രിട്ടീഷുകാർ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. 1947 ൽ ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷവും ഈ നിയന്ത്രണം മാറ്റിയിരുന്നില്ല. 


ബ്രിട്ടീഷ് ഭരണകാലത്ത് മലബാറിൽ മുസ്‌ലിം ആരാധനാലയങ്ങൾ നിർമിക്കാൻ നിരോധമുണ്ടായിരുന്നു. ഇതിന് സർക്കാരിന്റെ പ്രത്യേക അനുമതി വേണം. പുലാമന്തോൾ പ്രദേശത്ത് ജുമുഅ കൂടാൻ ഒരു പള്ളിയെന്നത് ദീർഘകാല സ്വപ്‌നമായിരുന്നു. കറുത്തേതൊടി മരക്കാർഹാജിയുടെ പീടികയുടെ പിന്നിലുള്ള സ്ഥലത്തായിരുന്നു അന്ന് നമസ്‌കാരം നിർവഹിച്ചിരുന്നത്. ഇപ്പോൾ പള്ളിനിൽക്കുന്ന സ്ഥലം വാങ്ങി താൽക്കാലിക ഷെഡ് പണിതിരുന്നു. എന്നാൽ പള്ളി വിരോധികൾ ഇടപെട്ട് ഇത് തടയുകയും സർക്കാരിൽനിന്ന് അനുകൂലമായി ഉത്തരവ് സമ്പാദിക്കുകയും ചെയ്തു. 
താലൂക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒരുസംഘം അന്നത്തെ മദിരാശി മുഖ്യമന്ത്രി കാമരാജ് നാടാരെ കണ്ടെങ്കിലും ഫലമുണ്ടായില്ല. കാഞ്ഞിരക്കടവത്ത് കറുത്തേതൊടി മരക്കാർഹാജി, ബാപ്പുട്ടി മാസ്റ്റർ, മലവട്ടത്ത് ഹൈദർ, മായിൻഹാജി എന്നിവരായിരുന്നു ഈ ദൗത്യത്തിന് നേതൃത്വം നൽകിയ മുൻനിര പ്രവർത്തകർ. 
1957-ൽ മുഖ്യമന്ത്രിയായി ഇ.എം.എസ് അധികാരമേറ്റപ്പോൾ ഏപ്രിൽ പത്തിന് പുലാമന്തോളിൽ അദ്ദേഹത്തിന് സ്വീകരണം നൽകിയിരുന്നു. ഇവിടെ പള്ളി പണിയാൻ അനുവദിക്കണമെന്ന് അഭ്യർഥിച്ച് മരക്കാർ ഹാജിയുടെ നേതൃത്വത്തിൽ ഇ.എം.എസിന് നിവേദനം നൽകിയതിലൂടെ ഒരു ചരിത്ര നിർവ്വഹണത്തിന് തുടക്കം കുറിക്കുകയായിരുന്നു.


 “സഖാവെ, ഞങ്ങളുടെ പ്രശ്‌നം, വിശ്വാസികൾ വർധിച്ചത് കാരണം നിലവിലുള്ള പള്ളിയിൽ നമസ്‌കാരത്തിനുള്ള സ്ഥലമില്ലാതായിരിക്കുന്നു. പള്ളികൾ പടച്ചോന്റെ ഭവനമാണല്ലോ. നിലവിലുള്ള നിയമം അത് പുതുക്കിപ്പണിയാൻ അനുവദിക്കുന്നില്ല. സ്വാതന്ത്ര്യം കിട്ടിയതിന് ശേഷം കോൺഗ്രസ് ഗവൺമെൻറുകൾ അനുഭാവപൂർണമായ സമീപനം സ്വീകരിക്കുന്നില്ല. ഞങ്ങൾ ഈ നാട്ടിൽ ജനിച്ചവർ, ഞങ്ങൾക്ക് ആചാരാനുഷ്ഠാനങ്ങൾ നടത്താൻ ആവശ്യമായ സൗകര്യം ഒരുക്കിത്തരുവാൻ അങ്ങയുടെ ഇടപെടൽ ഉണ്ടാവണം'' .. വിനയപൂർവ്വം ഇ.എം.എസിന്റെ മുൻപിൽ അവതരിപ്പിച്ച ഈ നിവേദനത്തിന് ഇ.എം.എസിന്റെ മറുപടി ഇങ്ങനെയായിരുന്നു.  “എനിക്ക് നാളെ അങ്ങാടിപ്പുറത്ത് നിന്നും തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിലേക്കും, അവിടെ നിന്നും എന്റെ കാറിൽ സെക്രട്ടറിയേറ്റിലേക്കും ചെന്നെത്തുവാനുള്ള സമയം ദയവ് ചെയ്ത് നിങ്ങൾ അനുവദിക്കൂ''എന്നും നിങ്ങൾ തിരുവനന്തപുരത്തേക്ക്്് ഒന്നു വരണമെന്നുമാണ്്് മരക്കാർ ഹാജിയുടെ കൈപിടിച്ച് ഇ.എം.എസ് അന്നേരം പറഞ്ഞത്. ബാപ്പുട്ടി മാസ്റ്റർ, കെ.വി രാമൻ, മലവട്ടത്ത് മുഹമ്മദ്ഹാജി, എം. മായിൻഹാജി എന്നിവർ ഇ. എം. എസിന്റെ നിർദേശപ്രകാരം തിരുവനന്തപുരത്തെത്തുകയും മണ്ണാർക്കാട് എം.എൽ.എ കൊങ്ങശ്ശേരി കൃഷ്ണൻ, പട്ടാമ്പി എം.എൽ.എ ഇ. പി. ഗോപാലൻ എന്നിവരോടൊപ്പം മുഖ്യമന്ത്രിയെ കാണുകയുംചെയ്തു. പള്ളി പണിയാനുള്ള ഉത്തരവ് അപ്പോൾതന്നെ ഇ.എം.എസ് കൈമാറി. താമസിയാതെ മുസ്‌ലിം ആരാധനാലയങ്ങളും മദ്രസകളും നിർമിക്കാനുള്ള നിയമനിർമാണവും ഇ.എം.എസ് മന്ത്രിസഭ നടത്തി. 1957 ഏപ്രിൽ 24 ന് ഇ.എം.എസ് തന്നെ, തന്റെ ജന്മദേശമായ ഏലംകുളത്തിനു സമീപത്തുള്ള പുലാമന്തോളിലെ പള്ളിക്കും പുലാമന്തോൾ ഹൈസ്‌കൂളിനും തറക്കല്ലിട്ടു. 
രണ്ടു വർഷം മുൻപാണ് സി.പി.എം പോളിറ്റ് ബ്യൂറോ മെംബർ എം. എ ബേബി ഈ ലേഖകന്റെ വീട്ടിലെത്തിയതിനു ശേഷം ഏലംകുളം മനയിലും പിന്നീട് പുലാമന്തോൾ ഇ.എം.എസ് പള്ളിയിലും ശേഷം പുലാമന്തോൾ ഹൈസ്‌കൂളിലും സന്ദർശനം നടത്തിയത്. 
പുലാമന്തോൾ പള്ളി സന്ദർശിച്ചതിനു ശേഷം ഭരണസമിതിയുമായി പള്ളിയുടെ നിർമ്മിതിയുടെ ചരിത്രങ്ങൾ ചോദിച്ചറിഞ്ഞ്് എം.എ ബേബി ഏലംകുളവും പുലാമന്തോളും തമ്മിലുള്ള അകലത്തെ വിശ്വാസത്തിന്റെയും സ്‌നേഹത്തിന്റെയും ചരിത്ര സ്മരണകളുടെയും ഇഴയടുപ്പത്തെ ചേർത്ത് വെക്കുകയായിരുന്നു.

Latest News