സാമൂഹിക മാധ്യമങ്ങളുടെ സ്വാധീനം ഏറിവരികയാണ്. മലയാളികൾക്കിടയിൽ വലിയ പ്രചാരമില്ലാത്ത ട്വിറ്റർ ഒഴിച്ചു നിർത്തിയാൽ എല്ലാറ്റിനും ആവശ്യക്കാരേറെയാണ്. ഫേസ്ബുക്ക്, വാട്ട്‌സപ്പ്, യുട്യൂബ് എന്നിവയുടെ ഉപഭോഗം നാൾക്കുനാൾ വർധിച്ചു വരുന്നു. വന്ന് വന്ന് എപ്പോഴും ആരും ലൈവിൽ വരുമെന്ന അവസ്ഥ. ചില സുന്ദരിമാർ പാതിരാവിൽ മുഖപുസ്തകത്തിൽ വന്ന് പാടിക്കളയും. ഇവർ ഭാഗ്യവതികളാണ്. ഗൾഫ് ഉൾപ്പെടെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നുമായി ഹൃദയരൂപത്തിൽ ആയിരക്കണക്കിന് ലൈക്കുകൾ പാറിപ്പറക്കും. ഇത് സഹിക്കാം. ഞാനിന്ന് ലൈവിൽ വരാൻ കാരണം എന്ന് പറഞ്ഞ് ആണും പെണ്ണും അഞ്ച് മുതൽ പത്ത് മിനിറ്റ് വരെ പ്രസ്താവിക്കും. അതാണ് അൺ ലിമിറ്റഡ് ഫ്രീഡം എന്നു പറയുന്നത്. പത്ത് പതിനഞ്ച് വർഷം മുമ്പ് ടെലിവിഷൻ ചാനലുകളുടെ ടോർച്ച് ലൈറ്റ് മുഖത്തടിക്കുമ്പോൾ ലഭിച്ചിരുന്ന അതേ അനുഭൂതി അപ്പ് ലോഡ് ചെയ്യുന്നവർക്ക് ലഭിക്കുന്നു. ഇപ്പോൾ ലൈവിൽ വരുന്ന ആളുകൾ സാധാരണ മനുഷ്യരെ പോലെയാണ് വസ്ത്രധാരണം. അത്രയ്ക്ക് ആശ്വാസം. പ്രദേശത്തെ ടി.വി ലേഖകനെ സുഖിപ്പിച്ച് ഒപ്പം നിർത്തിയില്ലെങ്കിലും ആളുകൾക്ക് ഫെയിമസാവാൻ അനന്ത സാധ്യതകളാണ് പുതിയ കാലത്തെ സാമൂഹിക മാധ്യമങ്ങൾ തുറന്നിടുന്നത്. ടെലിവിഷൻ യുഗം ആവിർഭവിച്ചപ്പോൾ പത്രങ്ങളുടെ നിലനിൽപ് അവതാളത്തിലാവുമെന്നായിരുന്നു ആശങ്ക. പത്രങ്ങൾ വെല്ലുവിളിയെ അതിജീവിച്ച് മുന്നേറുകയാണ്. കരുതിയിരിക്കേണ്ടത് ടെലിവിഷൻ ചാനലുകളാണ്. സോഷ്യൽ മീഡിയയുടെ സൗജന്യ സേവനം ഉപയോഗപ്പെടുത്തി ആളുകൾ ആഗോള സമൂഹവുമായാണ് സംവദിക്കുന്നത്. വളരെ കരുതലോടെ കൈകാര്യം ചെയ്യേണ്ട വിഷയമാണിത്. ക്രെഡിബിലിറ്റി ഇല്ലാത്ത വാർത്തകൾ നൽകി ടെലിവിഷൻ ചാനലുകൾ സ്വയം ശവക്കുഴി തോണ്ടാതിരുന്നാൽ അവർക്ക് കൊള്ളാം.
*** *** ***
പിന്നിട്ട വർഷത്തെ കണക്കെടുത്താൽ മലയാളത്തിലെ ടി.വി ചാനലുകൾ വിശ്വാസ്യത നിലനിർത്താൻ പരമാവധി ശ്രദ്ധിച്ചിട്ടുണ്ടെന്ന് കാണാം. ഇപ്പറഞ്ഞതിന് അപവാദങ്ങളില്ലാതെയല്ല.
എന്നിരുന്നാലും പ്രധാനപ്പെട്ട വാർത്താ ചാനലുകൾക്ക് ക്രെഡിബിലിറ്റിയുടെ വിഷയത്തിൽ അറുപത് ശതമാനത്തിലേറെ മാർക്ക് നൽകാവുന്നതാണ്. സ്റ്റോറി ബ്രെയ്ക്ക് ചെയ്യുന്ന കാര്യത്തിൽ പ്രഥമ സ്ഥാനം നിലനിർത്താൻ മാതൃഭൂമി ന്യൂസിന് കഴിഞ്ഞു. ഇതേ ചാനലിൽ വർഷം മുഴുവൻ ന്യൂസ് റൂമിൽ സംഭവിച്ച അമളികൾ ശേഖരിച്ച് ധീംതരികിടതോമിൽ മാർഷൽ വി. സെബാസ്റ്റ്യൻ പുതുവർഷ എപ്പിസോഡാക്കി അവതരിപ്പിച്ചു. കാണികളെ ചിരിപ്പിക്കുന്ന ഈ തമാശകളിൽ പലതും ഏത് ന്യൂസ് റൂമിലും സംഭവിക്കാവുന്നതാണ്. ബോധപൂർവം ഫെയിക്ക് ന്യൂസുകൾ സംപ്രേഷണം ചെയ്ത് സമൂഹത്തിൽ പ്രശ്‌നങ്ങളുണ്ടാക്കാൻ ഉത്സാഹിക്കുന്ന ചില ദേശീയ മാധ്യമങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ നമ്മുടെ ന്യൂസ് ചാനലുകൾ ഇപ്പോഴും പരിധിയ്ക്കുള്ളിലാണ്. വൈകുന്നേരങ്ങളിലെ വാർത്താ സംവാദങ്ങൾ ചിലപ്പോഴൊക്കെ അരോചകമാവുന്നുവെന്നത് നേര്. ദേശീയ ചാനലുകളിലെ ചില ഹീറോകളെ അനുകരിക്കാനുള്ള ശ്രമങ്ങളാണ് മലയാളം ചാനലുകളിൽ ചിലതിലെ ഡിസ്‌കഷനിൽ നിന്ന് പ്രേക്ഷകരെ അകറ്റുന്നത്. ടെലിവിഷൻ ന്യൂസ് സ്റ്റുഡിയോകളിലെ അട്ടഹാസങ്ങളായി മാറുന്ന അന്തിചർച്ചയ്ക്ക് ആധാരമായി പലപ്പോഴും പ്രചരിപ്പിക്കപ്പെട്ടത് ഫേക്ക് ന്യൂസുകളാണ്. പ്രത്യേക അജണ്ടയോടെയാണ് ചില ദേശീയ മാധ്യമങ്ങൾ വാസ്തവമല്ലെന്നറിഞ്ഞിട്ടും വ്യാജ വാർത്തകൾക്ക് പ്രാധാന്യം നൽകിയത്.
ചാനലുകൾ തമ്മിൽ കടുത്ത മത്സരമായതോടെ ആരാദ്യം എന്ന വാശി തലയ്ക്ക് പിടിച്ചു. ഇത്തരമൊരു സാഹചര്യത്തിൽ കിട്ടുന്ന മുറയ്ക്ക് വാർത്ത സംപ്രേഷണം ചെയ്തു തുടങ്ങി. ധൃതി പിടിച്ച് റിപ്പോർട്ട് ചെയ്യുമ്പോൾ അബദ്ധങ്ങൾ കടന്നു കൂടുക സ്വാഭാവികം. ലഭിച്ച വാർത്തയുടെ വിശ്വസനീയത പരിശോധിക്കാതെ സംപ്രേഷണം ചെയ്യുന്നതാണ് പലപ്പോഴും പ്രശ്‌നമാവുന്നത്. ഫാക്റ്റ് ചെക്കിംഗിനൊന്നും ആർക്കും നേരമില്ല. വ്യാജ വാർത്തകൾ ആഘോഷിക്കുന്നതിൽ ഒന്നാം സ്ഥാനം റിപ്പബ്ലിക് ടിവിക്ക് തന്നെ. ദൽഹി ജുമാ മസ്ജിദ് കൂരിരുട്ടിലായ വാർത്ത റിപ്പബ്ലിക് ടെവിയുടെ വകയായിരുന്നു. വൈദ്യുതി ബിൽ കുടിശ്ശിക വരുത്തിയതാണ് ഈ സാഹചര്യമുണ്ടാക്കിയതെന്ന് ചാനലിൽ. കേട്ട പാതി കേൾക്കാത്ത പാതി ചാനലിലെ ദൗത്യസംഘം ക്യാമറകളുമായി കുതിച്ചെത്തി ഇമാം ബുഖാരിയുടെ വസതിയ്ക്ക് പുറത്ത് പാർക്ക് ചെയ്ത കാറുകളുടെ ചിത്രങ്ങൾ ഒപ്പിയെടുത്ത് എരിവും പുളിയും കൂട്ടി സംപ്രേഷണവും തുടങ്ങി. സത്യമെന്തെന്ന് മനസ്സിലാക്കാനുള്ള ഒരു ശ്രമവുമുണ്ടായില്ല. ഇമാമിന്റെ വസതിയുടെ കോളിംഗ് ബെല്ലിൽ ഒന്ന് അമർത്തിയിരുന്നുവെങ്കിൽ എത്ര മണിയ്ക്കാണ് സാധാരണ ഗതിയിൽ പള്ളിയിലെ ലൈറ്റ് ഓഫ് ചെയ്യുക എന്നത് മുതലുള്ള കാര്യങ്ങൾ നേരിട്ട് മനസ്സിലാക്കി റിപ്പോർട്ട് ചെയ്യാമായിരുന്നു. നാല് കോടി രൂപ കുടിശ്ശിക വരുത്തി ദൽഹി ജുമാ മസ്ജിദിൽ കരന്റ് ഇല്ലാതായത് വാർത്തയാവുന്നതങ്ങനെയാണ്. സത്യം മറിച്ചാണെന്ന് തിരിച്ചറിഞ്ഞപ്പോഴും ചാനൽ ഖേദം പ്രകടിപ്പിക്കാൻ തയാറായതുമില്ല. ഇന്ത്യ ടിവി, ആജ് തക്, ഇന്ത്യാ ടുഡേ ടിവികളിലും അടിസ്ഥാന രഹിതമായ വാർത്തകൾ ഒരു വെരിഫിക്കേഷനുമില്ലാതെ സംപ്രേഷണം ചെയ്തു വരുന്നു. കേരളത്തെ കൊച്ചാക്കുന്ന വാർത്തകൾ കൃത്രിമമായി ഉൽപാദിപ്പിച്ച് സംപ്രേഷണം ചെയ്യുന്ന കാര്യത്തിലും ദേശീയ ചാനലുകൾ മത്സരിക്കുകയാണ്. ദേശീയ ചാനലുകളിലെ ചില തള്ളലുകളാണ് അസഹനീയം. സീന്യൂസും എബിപിയും സംപ്രേഷണം ചെയ്ത ദാവൂദ് ഇബ്രാഹിം സ്റ്റോറിയുടെ കാര്യമെടുക്കാം. ഒരു ഗൾഫ് രാജ്യത്ത് ദാവൂദിന്റെ പതിനയ്യായിരം കോടിയുടെ സ്വത്ത് കണ്ടുകെട്ടിയ വാർത്ത രണ്ട് ചാനലിലുമുണ്ടായിരുന്നു.
പ്രധാനമന്ത്രി മോഡിജിയുടെ വലിയ നേട്ടമായാണ് ഇക്കാര്യം അവതരിപ്പിച്ചത്. ഇത് ലഭിച്ചത് ഗൾഫ് രാജ്യത്തെ അധികൃതരിൽ നിന്നോ, ഇന്ത്യയുടെ കോൺസുലേറ്റിൽ നിന്നോ, ന്യൂദൽഹിയിലെ വിദേശ മന്ത്രാലയത്തിൽ നിന്നോ ആയിരുന്നില്ല സീ ന്യൂസിന് റിപ്പോർട്ട് ലഭിച്ചത്. നമ്മുടെ സ്വന്തം സോഴ്‌സിൽ നിന്നെന്ന് പറഞ്ഞാണ് ബിഗ് ന്യൂസ് സീ ചാനൽ ബ്രെയ്ക്ക് ചെയ്തത്. വാർത്താ ചാനലിനെ ഉദ്ധരിച്ച് ബി.ജെ.പി നേതാക്കൾ ഇത് ട്വീറ്റ് ചെയ്ത് ആഘോഷിച്ചു. നാലഞ്ച് ദിവസം കഴിഞ്ഞപ്പോൾ വാർത്തയുടെ ഭാവം മാറി. ഇത്രയും സ്വത്ത് കണ്ടുകെട്ടാൻ ആലോചിക്കുന്നുവെന്നായി ദേശീയ മാധ്യമത്തിന്റെ വെബ്‌സൈറ്റ്.
ആദ്യ വാർത്തയും പിന്നീട് വന്ന മാറ്റവും കണ്ട് ശങ്കിച്ച് നിന്ന പ്രേക്ഷകർ രണ്ടാഴ്ചക്കകം ഗൾഫ് രാജ്യത്തെ അധികൃതർ ഔദ്യോഗികമായി നിഷേധിക്കുന്നതാണ് കണ്ടത്. സ്തുതിഗീതങ്ങൾക്ക് ഒരു ക്ഷാമവുമില്ലാത്ത കാലത്ത് ദേശീയ മാധ്യമങ്ങൾ അധികാര സ്ഥാനങ്ങളിലിരിക്കുന്നവരെ പുകഴ്ത്തുന്ന വിഷയത്തിൽ ഒരു മടിയും കാണിക്കാറില്ല. രാംനാഥ് കോവിന്ദ് ഇന്ത്യയുടെ രാഷ്ട്രപതിയായ ഉടനെ അദ്ദേഹത്തെ കുറിച്ച് അടിപൊളി വാർത്ത വന്നു. ഒരു മണിക്കൂറിനകം ട്വിറ്ററിൽ മുപ്പത് ലക്ഷം ഫോളോവേഴ്‌സിനെ കോവിന്ദിന് ലഭിച്ചുവെന്ന വാർത്ത കാട്ടുതീ പോലെ പടർന്നു. ഒഫീഷ്യൽ ട്വിറ്റർ അക്കൗണ്ടിലാണിത്.
ഇതൊരിക്കലും സാധ്യതയില്ലാത്ത ഒന്നാണെന്ന് തിരിച്ചറിയാൻ ഡെസ്‌കുകളിൽ ആരുമില്ലാതെ പോയി. മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ ട്വിറ്റർ ഫോളോവേഴ്‌സിനെ കൂടി ഉൾപ്പെടുത്തിയാണ് ഈ കണക്കെന്ന് മനസ്സിലാക്കാവുന്നതേയുള്ളൂ. പ്രണബിന്റെ ട്വീറ്റുകൾ ആർക്കൈവ് ചെയ്തതും ഡിജിറ്റൽ ഹിസ്റ്ററിയിൽ വരുമെന്ന് തിരിച്ചറിയാനുള്ള സമാന്യ ബുദ്ധി പോലുമില്ലാതെ ആവേശം മൂത്ത ജേണലിസമാണ് നടമാടുന്നത്. കേരളത്തിൽ ഇടത്, വലത്, തീവ്ര വലത് ചായ്‌വുള്ള ദിനപത്രങ്ങളുണ്ട്. മിക്ക വിഭാഗങ്ങൾക്കും ടെലിവിഷൻ ചാനലുകളുമുണ്ട്. കഴിവതും ക്രെഡിബിലിറ്റി കളയാതിരിക്കാൻ ശ്രദ്ധിക്കുന്നുവെന്നതാണ് മലയാള മാധ്യമങ്ങളുടെ വിജയ രഹസ്യം. ദേശീയ തലത്തിലും കേരള മോഡലിന് പ്രസക്തി വർധിച്ചു വരികയാണ്.