1987 ൽ തേക്കടിയിൽ പക്ഷിനിരീക്ഷകർക്കായി ആദ്യമായൊരു ക്യാമ്പ് സംഘടിപ്പിച്ചതും നീലകണ്ഠനായിരുന്നു. ഇതിനെ തുടർന്നാണ് പരിസ്ഥിതി ക്യാമ്പുകൾ സംസ്ഥാനത്ത് വ്യാപകമായത്. പ്രൊഫ. ജോൺസി ജേക്കബ്ബാണ് അദ്ദേഹത്തിന്റെ സുവോളജിക്കൽ ക്ലബ്ബിന്റെ നേതൃത്വത്തിൽ ആദ്യമായി നേച്ചർ ക്യാമ്പുകൾ ആരംഭിച്ചത്.
പക്ഷിനിരീക്ഷകരുടെയും പ്രകൃതിസ്നേഹികളുടെയും പ്രിയപ്പെട്ട ഗ്രന്ഥമായ കേരളത്തിലെ പക്ഷികൾ പുറത്തുവന്നിട്ട് അറുപതാണ്ട്. 1958 ലാണ് കേരള സാഹിത്യ അക്കാദമി തങ്ങളുടെ ആദ്യഗ്രന്ഥമായി ഈ പുസ്തകം പ്രസിദ്ധീകരിച്ചത്. കേരളത്തിലെ പക്ഷികളുടെ അറുപതാം വാർഷികം ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ് കേരളത്തിലെ പക്ഷിപ്രേമികൾ. പ്രൊഫ.കെ.കെ. നീലകണ്ഠൻ(ഇന്ദുചൂഡൻ) എഴുതിയ ഈ പുസ്തകമാണ് കേരളത്തിലെ പക്ഷികളെക്കുറിച്ചുള്ള ആധികാരികഗ്രന്ഥമായി ഇക്കാലത്തും പരിഗണിക്കപ്പെടുന്നത്. കേരളത്തിലെ പക്ഷികളുടെ അഞ്ചാം പതിപ്പാണ് ഇപ്പോൾ പ്രചാരത്തിലുള്ളത്. 2017 ജൂൺ 14ന് പ്രൊഫ. നീലകണ്ഠന്റെ 25-ാം ചരമദിനത്തിൽ ചൂലന്നൂർ മയിൽസങ്കേതത്തിൽവെച്ചാണിത് പ്രകാശനം ചെയ്തത്.
ഒന്നാം പതിപ്പിൽ 150 പക്ഷികളെക്കുറിച്ചുള്ള വിവരണങ്ങളാണ് ഉണ്ടായിരുന്നത്. അഞ്ചാം പതിപ്പിൽ 512 പക്ഷികളെപരാമർശിക്കുന്നുണ്ട്. ഓരോ പുതിയ പതിപ്പും കൂടുതൽ പക്ഷികളെക്കുറിച്ചുള്ള അറിവുമായാണ് പുറത്തിറങ്ങിയത്. നിരവധി പേരുടെ ശ്രമഫലമായാണ് ഇത് സാധ്യമായത്. കേരളത്തിലെമ്പാടും പക്ഷിനിരീക്ഷകരെയും പരിസ്ഥിതി സംരക്ഷകരെയും സൃഷ്ടിച്ചെടുക്കുന്നതിൽ ഈ പുസ്തകം വലിയതോതിൽ സഹായം ചെയ്തു.

1963ൽ മോസ്കോ ഭാരതീയപ്രദർശനത്തിൽ ഇന്ത്യയിൽനിന്ന് പ്രദർശിപ്പിക്കാൻ തെരഞ്ഞെടുക്കപ്പെട്ട മൂന്ന് പുസ്തകങ്ങളിൽ ഒന്നായിരുന്നു കേരളത്തിലെ പക്ഷികൾ. സൈലന്റ് വാലി സംരക്ഷണ പ്രവർത്തനങ്ങളിൽ ആളെക്കൂട്ടുന്നതിൽ കേരളത്തിലെ പക്ഷികൾ വളരെ സഹായംചെയ്തിട്ടുണ്ട്. കേരളനാച്യുറൽ ഹിസ്റ്ററി സൊസൈറ്റിയുടെ സ്ഥാപക പ്രസിഡന്റ് കെ.കെ. നീലകണ്ഠനാണ്. സൈലന്റ് വാലി സമരങ്ങളുടെ മുന്നണിപോരാളിയുമായിരുന്നു അദ്ദേഹം. കേരളത്തിലെ പക്ഷികളെക്കുറിച്ച് ആദ്യമായി സമഗ്രമായൊരു പഠനം നടത്തിയത് ലോകപ്രശസ്ത പക്ഷിനിരീക്ഷകനായ ഡോ. സലീം അലിയാണ്. 1930 കളുടെ തുടക്കത്തിലാണ് അദ്ദേഹം തിരുവിതാംകൂറിലും കൊച്ചിയിലും സഞ്ചരിച്ച് പക്ഷി സർവ്വെ നടത്തിയത്. സലീം അലിയുടെ ഓർണത്തോളജി ഓഫ് ട്രാവൻകൂർ ആന്റ് കൊച്ചിൻ, ബേർഡ്സ് ഓഫ് ട്രാവൻകൂർ ആന്റ് കൊച്ചിൻ എന്ന ശാസ്ത്രലേഖനങ്ങൾ കേരളത്തിന് മുതൽകൂട്ടായി. ഈ ലേഖനങ്ങളുടെ കൂടി പിന്തുണയോടെയാണ് കെ.കെ. നീലകണ്ഠൻ കേരളത്തിലെ പക്ഷികൾ എഴുതിയത്. പിന്നീട് സലീം അലിയുടേതായി ബേർഡ്സ് ഓഫ് കേരള എന്ന പുസ്തകം പുറത്തുവരുകയുണ്ടായി. 1987 ൽ തേക്കടിയിൽ പക്ഷിനിരീക്ഷകർക്കായി ആദ്യമായൊരു ക്യാമ്പ് സംഘടിപ്പിച്ചതും നീലകണ്ഠനായിരുന്നു. ഇതിനെ തുടർന്നാണ് പരിസ്ഥിതി ക്യാമ്പുകൾ സംസ്ഥാനത്ത് വ്യാപകമായത്. പ്രൊഫ. ജോൺസി ജേക്കബ്ബാണ് അദ്ദേഹത്തിന്റെ സുവോളജിക്കൽ ക്ലബ്ബിന്റെ നേതൃത്വത്തിൽ ആദ്യമായി നേച്ചർ ക്യാമ്പുകൾ ആരംഭിച്ചത്. ഇതിന്റെ ചുവട്പിടിച്ചാവും കെ.കെ. നീലകണ്ഠൻ പക്ഷിനിരീക്ഷകർക്കായി മാത്രമൊരു ക്യാമ്പ് സംഘടിപ്പിച്ചത്. തിരുവനന്തപുരം വനിതാ കോളേജിലും യൂണിവേഴ്സിറ്റി കോളേജിലും അദ്ദേഹം ഇംഗ്ലീഷ് പ്രൊഫസറായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. അവസാനകാലത്ത് പാലക്കാട്ടെ തന്റെ ഗ്രാമമായ കാവശ്ശേരിയിലാണ് അദ്ദേഹം പക്ഷിനിരീക്ഷണവുമായി കഴിച്ചുകൂട്ടിയത്. നമ്മുടെ പ്രകൃതി സംരക്ഷണപ്രവർത്തനങ്ങൾക്ക് ആക്കം കൂട്ടിയ മഹദ്ഗ്രന്ഥമെന്ന നിലയിലും 'കേരളത്തിലെ പക്ഷികൾ' എക്കാലവും സ്മരിക്കപ്പെടും.






