ദോഹ- ഖത്തറിൽ പഴയ ബാങ്ക് നോട്ടുകൾ ഡിസംബർ 31 വരെ മാറ്റിയെടുക്കാം. ഖത്തർ ഇസ്ലാമിക് ബാങ്കാണ് ഇത് സംബന്ധിച്ച് ഉപഭോക്താക്കൾക്ക് നോട്ടിഫിക്കേഷൻ നൽകിയത്. ഖത്തർ ഇസ് ലാമിക് ബാങ്കിന്റെ ക്യാഷ് ഡെപ്പോസിറ്റ് മെഷീനുകൾ ഉപയോഗിച്ച് പഴയ നോട്ടുകൾ മാറ്റിയെടുക്കാൻ ഉപഭോക്താക്കളെ പ്രോൽസാഹിപ്പിക്കുന്നതായും ബാങ്ക് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു.
ഖത്തർ സെൻട്രൽ ബാങ്ക് ഇത് സംബന്ധിച്ച് എല്ലാ ബാങ്കുകൾക്കും നിർദേശം നൽകി. കൊറോണ കാരണം നാട്ടിൽ കുടുങ്ങിയവരടക്കം പലർക്കും സന്തോഷം നൽകുന്ന വാർത്തയാണിത്. പലരും കയ്യിലുള്ള പഴയ നോട്ടുകൾ എങ്ങനെ മാറ്റിയെടുക്കാമെന്ന ചിന്തയിലായിരുന്നു. ഡിസംബർ 31 വരെ സമയം ലഭിച്ചത് കൊണ്ട് എല്ലാവരും സൗകര്യം പോലെ പഴയ നോട്ടുകൾ മാറ്റിയെടുക്കുവാനവസരം ലഭിക്കും.
2020 ഡിസംബർ 13 നാണ് നിലവിലുള്ള നാലാം സീരീസ് നോട്ടുകൾ പിൻവലിക്കുന്നതായും ഡിസംബർ 18 മുതൽ പുതിയ കറൻസി നോട്ടുകൾ പുറത്തിറക്കുമെന്നും ഖത്തർ സെൻട്രൽ ബാങ്ക് പ്രഖ്യാപിച്ചത്. പഴയ സീരീസിലുള്ള നോട്ടുകൾ മാർച്ച് വരെ ഉപയോഗിക്കാമെന്നാണ് അന്ന് അറിയിച്ചിരുന്നത്. എന്നാൽ ഉപഭോക്താക്കളുടെ സൗകര്യം പരിഗണിച്ച് ജൂലൈ 1 വരെ പഴയ നോട്ടുകൾ സ്വീകരിക്കുമെന്ന് ഫെബ്രുവരി മാസമാണ് ഔദ്യോഗിക പ്രഖ്യാപനം വന്നത്. മിക്കവരും പഴയ നോട്ടുകൾ മാറ്റിയെടുക്കുന്ന തിരക്കിലായിരുന്നു. ഇന്നാണ് ഡിസംബർ 31 വരെ നോട്ടുകൾ മാറ്റിയെടുക്കാമെന്ന് ഖത്തർ സെൻട്രൽ ബാങ്ക് പ്രഖ്യാപിച്ചത്.
ഖത്തറിന്റെയും അറബ് ലോകത്തിന്റേയും സാംസ്കാരിക ചരിത്രവും പാരമ്പര്യവും അടയാളപ്പെടുത്തുന്ന അഞ്ചാം സീരീസിലുള്ള പുതിയ നോട്ടുകൾ പുതിയ കുറേ സുരക്ഷ സംവിധാനങ്ങളുള്ളവയാണ്. പുതുതായി പരിചയപ്പെടുത്തിയ 200 റിയാലിന്റെ നോട്ട് 100 ന്റെയും 500 ന്റേയും ഇടയിലുള്ള കറൻസി എന്ന നിലക്ക് മാത്രമല്ല ഏറെ പുതുമയും പ്രത്യേകതയുമുള്ളത് എന്ന നിലക്ക് ശ്രദ്ധേയമാണ്. ഖത്തർ ഇതാദ്യമായാണ് 200 റിയാലിന്റെ നോട്ട് വിപണിയിലിറക്കിയത്.






