ധനുഷ് ചിത്രത്തില്‍ തിളങ്ങിയത് മലയാളത്തിന്റെ സ്വന്തം ജോജു ജോര്‍ജ്, അഭിനന്ദന പ്രവാഹം

ചെന്നൈ- ധനുഷ് നായകനായി അഭിനയിച്ച് കാര്‍ത്തിക് സുബ്ബരാജ്  സംവിധാനം ചെയ്ത ജഗമേതന്തിരം എന്ന ചിത്രത്തില്‍ ശിവദാസ് ( ശിവദോസ് ) എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ജോജു ജോര്‍ജിന്റെ ഗംഭീര പ്രകടനം.  
ധനുഷാണ് നായകനെങ്കിലും സിനിമയില്‍ തിളങ്ങിയത് ശിവദാസിനെ അവതരിപ്പിച്ച ജോജുവും പീറ്ററായി വന്ന വിദേശ നടന്‍ ജെയിംസ് കോസ്‌മോയുമായിരുന്നു.നായികയായ ഐശ്വര്യലക്ഷ്മിയും നല്ല പെര്‍ഫോമന്‍സ് കാഴ്ചവച്ചപ്പോള്‍ ശുരുളി എന്ന നായക കഥാപാത്രത്തെ അവതരിപ്പിച്ച ധനുഷിന് പതിവുപോലെ മികവ് പുലര്‍ത്താനായില്ല.
ലണ്ടനില്‍ കുടിയേറ്റക്കാരുടെയും സാധാരണക്കാരായ ഇന്ത്യക്കാരുടെയും സംരക്ഷകനാണ് ജോജുവിന്റെ ശിവദാസ്.എന്നാല്‍ വര്‍ണ്ണവെറിയുടെ ആസാനായ പീറ്റര്‍ കുടിയേറ്റക്കാരെ പുറത്താക്കുന്നതിനുള്ള തന്ത്രങ്ങള്‍ മെനയുന്ന അധോലോക നായകനാണ്. തന്നെ ലക്ഷ്യം വയ്ക്കുന്ന പീറ്ററിനെ നേരിടാന്‍ ശിവദാസും ചില അധോലോക ഏര്‍പ്പാടുകള്‍ ചെയ്യുന്നുണ്ട്.
ചലച്ചിത്ര നിര്‍മ്മാതാവും നടനുമായ ജോസഫ് ജോര്‍ജ് എന്ന ജോജു ജോര്‍ജ് ഇപ്പോള്‍ മലയാള സിനിമയിലെ അവിഭാജ്യ ഘടകമായ നടനാണ്. ജോസഫ് എന്ന ചിത്രത്തിലെ കഥാപാത്രം വലിയ അംഗീകാരമാണ് ജോജുവിന് നേടിക്കൊടുത്തത്. പിന്നീടാണ് ശ്രദ്ധേയമായ വേഷങ്ങള്‍ ജോജു ചെയ്തത്. ജഗമേ തന്തിരത്തോടെ തമിഴിലും ജോജുവിന് പ്രിയമേറും.

 

 

Latest News