Sorry, you need to enable JavaScript to visit this website.

വീണ്ടുമൊരു വടക്കൻ വീരഗാഥ


ലക്ഷദ്വീപിൽ നിന്നെത്തി മധ്യ തിരുവിതാംകൂറിലെ മെഡിക്കൽ കോളജിൽ മെഡിസിന് പഠിച്ച ഒരു കൂട്ടുകാരിയുണ്ടായിരുന്നു. അറബിക്കടലിന്റെ പവിഴമുത്തുകളായ ദ്വീപ് ജനതയുടെ ജീവിതത്തെ കുറിച്ച് നാട്ടുകാരോട് തന്നെ ചോദിച്ചറിയുന്നതാണല്ലോ ഉചിതം. 90 കളുടെ ആദ്യ പാതിയിലാണ് സംഭവം. ദ്വീപിൽ കര(കേരളം)യിൽ നിന്നെത്തിയ ഒരു മുസ്‌ലിയാർ മത പ്രഭാഷണം നടത്തിയതിനെ കുറിച്ച് അവർ പറഞ്ഞു. മൗലവിയുടെ പ്രസംഗം ദ്വീപ് ജനതയ്ക്ക് ഒരു മുന്നറിയിപ്പായിരുന്നു. ടെലിവിഷൻ സെറ്റുകളുള്ള വീട്ടിൽ മലക്കുകൾ (മാലാഖമാർ) പ്രവേശിക്കില്ലെന്നാണ് അദ്ദേഹം ബോധിപ്പിച്ചത്. കേട്ട പാതി കേൾക്കാത്ത പാതി എല്ലാവരും കിട്ടിയ വിലയ്ക്ക് ടിവി സെറ്റുകൾ വിറ്റൊഴിവാക്കി. നൂറ് ശതമാനത്തിനടുത്ത് മുസ്‌ലിംകളുള്ള ദ്വീപിലെ നിഷ്‌കളങ്കരായ മഹാ ഭൂരിപക്ഷത്തിന്റേയും ആചാരങ്ങൾ  ഇതിൽനിന്ന് വ്യക്തമാണ്. നാട്ടിൽ നിന്നെത്തിയ മലയാളി ഉദ്യോഗസ്ഥർക്കാണ് കോളടിച്ചത്. ചുളു വിലയ്ക്ക് ടി.വി സെറ്റുകൾ സ്വന്തമാക്കാൻ അവർക്കായി.

മംഗളം ഗ്രൂപ്പിന് അക്കാലത്ത് കർപ്പൂരം എന്ന പേരിൽ ഒരു മാഗസിനുണ്ടായിരുന്നു. മലയാളത്തിൽ എഴുത്തുകാർക്ക് ഏറ്റവും ആകർഷക പ്രതിഫലം നൽകിയിരുന്ന കർപ്പൂരത്തിൽ ദ്വീപ് ജീവിതത്തെ കുറിച്ച് ഫീച്ചർ എഴുതിയതോർക്കുന്നു. ദ്വീപ് പോരാട്ട നായിക ആയിഷ സുൽത്താന കഴിഞ്ഞ ദിവസം ഒരു ദൃശ്യ മാധ്യമ അഭിമുഖത്തിൽ താൻ കോളജിൽ പഠിച്ച കാലത്ത് തിരുവാതിരക്കളി അവതരിപ്പിച്ചതൊക്കെ അയവിറക്കുന്നതും കേട്ടു. മതേതര പശ്ചാത്തലമുള്ള ആയിഷയുടെ വാപ്പ സർക്കാർ ഉദ്യോഗസ്ഥനാണ്. തന്റെ മെന്ററായ ഹിന്ദു വിഭാഗത്തിൽ പെട്ട ടീച്ചറാണ് ദ്വീപിൽ പ്രാഥമിക വിദ്യാഭ്യാസം നേടുമ്പോൾ  കേരളത്തെ കുറിച്ച് കൂടുതൽ അറിയാൻ വഴിയൊരുക്കിയതെന്നുമെല്ലാം അവർ പറഞ്ഞു. ആയിഷ നിയമ നടപടികളുമായി ബന്ധപ്പെട്ട് ദ്വീപിലേക്ക് തിരിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം അഡ്മിനിസ്‌ട്രേറ്ററുടെ സന്ദർശനത്തോടനുബന്ധിച്ച് ദ്വീപ് ജനത  പ്രതിഷേധിച്ചിരുന്നു. വീടുകളിൽ വിളക്കണച്ച് പാത്രം കൊട്ടിയായിരുന്നു അഡ്മിനിസ്‌ട്രേറ്റർ പ്രഫുൽ ഘോട  പട്ടേലിനെതിരെ പ്രതിഷേധിച്ചത്. ദേശീയ മുഖ്യധാരയോട് ഇത്രയേറെ അടുപ്പം പുലർത്തുന്നവരാണ് ദ്വീപ് സമൂഹങ്ങളിൽ കഴിയുന്നതെന്നതിന് വേറെ തെളിവെന്ത് വേണം? 

 

കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരന്റെ അഭിമുഖം റിപ്പബ്ലിക് ടിവിയിലും മാതൃഭൂമി ന്യൂസ് ഉൾപ്പെടെയുള്ള ചാനലുകളിലുമുണ്ടായിരുന്നു. രണ്ടു പേരും കണ്ണൂരുകാരാണല്ലോ, കണ്ണൂർ സ്‌റ്റൈൽ പൊളിറ്റിക്‌സായിരിക്കുമോ എന്ന ചോദ്യത്തിനെല്ലാം സുധാകരൻ ഒരുവിധം ഭംഗിയായി ഉത്തരം പറഞ്ഞു. ഒഴുക്കില്ലെങ്കിലും കോൺഗ്രസിന്റെ ഒരു മുൻ മുഖ്യമന്ത്രി ഇംഗഌഷ് പറയുന്നത് പോലെ അരോചകമായിരുന്നില്ല. മാതൃഭൂമി ന്യൂസിൽ തലസ്ഥാനത്തെ ആസ്ഥാന മാധ്യമ പ്രവർത്തകൻ പറയുകയാണ്. രാഷ്ട്രീയത്തിലെ കണ്ണൂർ ശൈലിയ്‌ക്കൊന്നും ഇനി പ്രസക്തിയില്ല. അതിന്റെ കാലമൊക്കെ കഴിഞ്ഞു. അക്രമവും കൊലപാതകങ്ങളും കവർ ചെയ്യാൻ മുമ്പൊക്കെ പതിവായി കണ്ണൂരിലേക്ക് പോകാറുള്ള താൻ ആ വഴിക്ക് പോയ കാലം മറന്നു. 1998ലാണ് ഏറ്റവുമൊടുവിൽ കണ്ണൂരിൽ ഇത്തരമൊരു സംഭവം കവർ ചെയ്യാൻ ചെന്നത്. ഇപ്പോൾ കണ്ണൂർ കണ്ടാൽ യൂറോപ്പിലാണെന്ന് തോന്നിപ്പോകും. ഇക്കഴിഞ്ഞ വോട്ടെടുപ്പിന് ശേഷവും കൂത്തുപറമ്പിൽ കൊലപാതകമുണ്ടായത് ഇദ്ദേഹം അറിഞ്ഞില്ലേ. കോൺഗ്രസ് പ്രവർത്തകരുടെ ഇരട്ടക്കൊലയും ഒന്നുമറിഞ്ഞില്ലേ. ശ്രീ എം ഇഫക്റ്റ് എങ്കിലും അപ്‌ഡേറ്റ് ചെയ്തിരുന്നുവെങ്കിൽ ചാർച്ചികൻ ഈ അബദ്ധം പറയില്ലായിരുന്നു. 


അതിനിടയ്ക്ക് മനോരമ ആഴ്ചപതിപ്പിൽ രസകരമായ പല വിഷയങ്ങളും പ്രസിദ്ധപ്പെടുത്തി വരുന്നു. പിണറായിയ്ക്ക് ഇഷ്ടപ്പെട്ട മീൻ കറി മുതൽ വീട്ടുവിശേഷങ്ങൾ തുടർച്ചയായി വായനക്കാരെ രസിപ്പിക്കുന്നു. ഇപ്പോഴിതാ അര നൂറ്റാണ്ടിനപ്പുറം ധർമടം ബ്രണ്ണൻ കോളജിലെ വീരശൂര പരാക്രമങ്ങൾ അച്ചടി, ദൃശ്യ മാധ്യമങ്ങളിൽ നിറഞ്ഞാടുന്നു. ആടാം പാടാം ആരോമൽ ചേകവർ പണ്ടങ്കം വെട്ടിയ കഥകൾ എന്ന ബാക്ക്ഗ്രൗണ്ട് മ്യൂസിക്ക് കൊടുത്തിരുന്നുവെങ്കിൽ സംഗതി പൊളിച്ചേനെ. പഴയ കാര്യങ്ങൾ വെളിപ്പെടുത്തിയ മുൻ മന്ത്രി എ.കെ ബാലനാണ് കഥയ്ക്ക് ശനിയാഴ്ച ആന്റി ക്ലൈമാക്‌സുണ്ടാക്കിയത്.  'പിണറായി വിജയനും സുധാകരനും ഒരുമിച്ച് പഠിച്ചിട്ടേയില്ല. പിണറായി വിജയൻ പോയതിനു ശേഷമാണ് സുധാകരൻ ബ്രണ്ണൻ കോളജിൽ ചേരുന്നത്. അദ്ദേഹം ചേർന്ന് രണ്ടു വർഷത്തിനു ശേഷമാണ് ഞാൻ കോളജിൽ ചേരുന്നത്. ഞാൻ അവിടെ പ്രീഡിഗ്രിക്ക് പഠിക്കുന്ന സമയത്ത് ഇയാൾ ബിഎക്കാരനാണ്. കെഎസ്‌യുവിന്റെ കൂത്തരങ്ങായിരുന്നു ആ കോളജ്. ഒരു സമരം നടത്തിയാൽ വിജയിപ്പിക്കില്ല, ലോങ് ബെല്ല് അടിക്കാൻ സമ്മതിക്കില്ല, സമരവുമായി ബന്ധപ്പെട്ട് ആരെങ്കിലും വന്നാൽ അവരെ തല്ലും ഇങ്ങനെയുള്ള ഘട്ടം ഉണ്ടായിരുന്നു. അതിനെയെല്ലാം കെഎസ്എഫ് ചെറുത്തുനിന്നു. ഈ ഘട്ടത്തിലാണ് 1969ൽ ടി.വി.ബാലൻമാഷ് എന്ന് പറയുന്ന ഒരു ഇംഗ്ലിഷ് ലക്ചർ ക്ലാസ് എടുക്കുന്ന സമയത്ത് ആ ക്ലാസ് ബഹിഷ്‌കരണത്തിനായി ഞാൻ പോയത്.

കെഎസ്‌യുക്കാർ ക്ലാസ് ബഹിഷ്‌കരിക്കാൻ സമ്മതിച്ചില്ല. അന്നു സംസ്ഥാന അടിസ്ഥാനത്തിൽ ക്ലാസ് ബഹിഷ്‌കരണത്തിന് ആഹ്വാനം ചെയ്തതാണ് പിണറായി വിജയൻ സെക്രട്ടറി ആയിട്ടുള്ള കെഎസ്എഫ്. കോളജിലെത്തിയ പിണറായി വിജയൻ ഞാനും സുധാകരനും തമ്മിലുള്ള ബഹളം കേട്ട് സയൻസ് ബ്ലോക്കിൽ വന്നു. ഒരു തല്ലിന്റെ ഘട്ടം വന്ന സമയത്ത് അത് ഒഴിവായി. ആ ഒഴിവായതിന്റെ രംഗമാണ് പിണറായി സൂചിപ്പിച്ചത്-  ബാലൻ ചരിത്രം വ്യക്തമാക്കി. ബാലൻ പറഞ്ഞത് സത്യമാവാനാണ് വഴി. അങ്ങനെയെങ്കിൽ പിണറായി കൂത്തുപറമ്പ് എം.എൽ.എ ആയ കാലത്തേതാണ് ഈ സംഭവം. അതെന്തെങ്കിലുമാവട്ടെ, ഓൻ എന്നെ പിച്ചി, ഞാൻ നുള്ളി പോലുള്ള സംവാദങ്ങൾക്ക് നേരം പാഴാക്കുന്നതാണോ മാധ്യമ ധർമം? 

***            ***            ***


ദൽഹി നിസാമുദ്ദീനിൽ നടന്ന തബ് ലീഗ്  ജമാഅത്ത് സമ്മേളനം രാജ്യത്ത് കോവിഡ് വ്യാപനത്തിനു കാരണമായി എന്ന തരത്തിൽ റിപ്പോർട്ട് ചെയ്ത മൂന്ന് ദേശീയ വാർത്താ ചാനലുകൾക്കെതിരെ പിഴ. ഒരു ലക്ഷം രൂപവീതമാണ് മൂന്ന് ചാനലുകൾക്കും ന്യൂസ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാൻഡേർഡ് അതോറിറ്റി ( എൻബിഎസ്എ ) പിഴയിട്ടത്. ടൈംസ് നൗ, കന്നഡ ചാനലുകളായ ന്യൂസ് 18 കന്നഡ, സുവർണ ന്യൂസ് എന്നിവയ്ക്കാണ് പിഴ. മുസ്‌ലിംകളെ ലക്ഷ്യം വെക്കുന്ന രീതിയിൽ വാർത്ത റിപ്പോർട്ട് ചെയ്തു എന്നാണ് അതോറിറ്റി കണ്ടെത്തിയിരിക്കുന്നത്. 2020 മാർച്ചിൽ രാജ്യത്ത് അങ്ങിങ്ങായി കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നതിനിടെയായിരുന്നു ദൽഹിയിലെ മർക്കസ് നിസാമുദീനിൽ തബ്‌ലീഗ് ജമാഅത്ത് സമ്മേളനം നടന്നത്. വിദേശത്ത് നിന്നുൾപ്പെടെയുള്ളവരും സമ്മേളനത്തിൽ പങ്കെടുത്തിരുന്നു. സമുദായ സംഘർഷത്തിനു വഴിവെക്കുന്ന തരത്തിലായിരുന്നു ഈ റിപ്പോർട്ടുകളെന്ന് എൻബിഎസ്എ വിലയിരുത്തി. കോവിഡ്19 ന്റെ ഏറ്റവും വലിയ ഹോട്‌സ്‌പോട്ടുകളിലൊന്നായി നിസാമുദീൻ മാറിയതിനു പിന്നാലെയാണ് രാജ്യത്ത് കോവിഡ് വ്യാപനത്തിന് കാരണം ഈ മത പരിപാടിയാണെന്ന ആക്ഷേപമുയർന്നത്.

***            ***            ***


മോഹൻലാൽ, പ്രിയദർശൻ കൂട്ടുകെട്ടിലെ ബിഗ് ബജറ്റ് ചിത്രമാണ് 'മരക്കാർ അറബിക്കടലിന്റെ സിംഹം'. കഴിഞ്ഞ വർഷം മാർച്ചിലാണ് റിലീസ് പ്രഖ്യാപിച്ചിരുന്നതെങ്കിലും പിന്നീട് കോവിഡും ലോക്ഡൗണും കാരണം സിനിമാ ഇൻഡസ്ട്രി തന്നെ അവതാളത്തിലായി.


ഇതോടെ ചിത്രത്തിന്റെ റിലീസ് മാറ്റിവയ്ക്കുക ആയിരുന്നു. ഇപ്പോഴിതാ മുമ്പ് അറിയിച്ചത് പോലെ മരക്കാർ ഓഗസ്റ്റ് 12ന് ഓണം റിലീസ് ആയി തിയറ്ററുകളിലെത്തുമെന്ന് നിർമാതാവ് ആന്റണി പെരുമ്പാവൂർ പറയുന്നു.  കോവിഡ് ഭീഷണി ഓഗസ്റ്റ് തുടക്കമാവുമ്പോഴേക്ക് മാറുമെന്ന് മുൻകൂട്ടി കണ്ട ലാലേട്ടനിലാണ് മലയാളികളുടെ പ്രതീക്ഷ.  അതേപോലെ മമ്മൂക്ക ചെയ്യുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളൊന്നും പബ്ലിസിറ്റി ഇഷ്ടമല്ലാത്തത് കൊണ്ട് ആരും അറിയില്ലെന്നാണ് മമ്മൂട്ടി ആരാധക ഗ്രൂപ്പിൽ വന്ന കുറിപ്പിൽ പറയുന്നത്. ഈ കുറിപ്പ് ഇപ്പോൾ വൈറലായിരിക്കുകയാണ്. ഓസ്‌ട്രേലിയയിലുള്ള മമ്മൂട്ടിയുടെ കെയർ ആൻഡ് ഷെയർ ചാരിറ്റി ഡയറക്ടർ ബോർഡിൽ അംഗമായ റോബർട്ടോ കുര്യാക്കോസ് വീഡിയോ പങ്കുവെച്ച് കൊണ്ടുള്ള കുറിപ്പിലാണ് മമ്മൂട്ടിയുടെ സഹായങ്ങളെ കുറിച്ച് പറയുന്നത്. 600 കുട്ടികൾക്ക് ഹൃദയ ശസ്ത്രക്രിയയ്ക്കായി മമ്മൂട്ടി ഇതുവരെ 50 കോടിയുടെ സഹായം ചെയ്തു. ഇപ്പോഴാണെങ്കിൽ ദരിദ്ര വിദ്യാർഥികൾക്ക് മൊബൈൽ ഫോൺ എത്തിക്കാനുള്ള യജ്ഞത്തിലാണ് മെഗാ സ്റ്റാർ.  ലക്ഷദ്വീപ് വിഷയത്തിൽ അങ്ങേയറ്റത്തെ മനുഷ്യത്വ വിരുദ്ധ നടപടികൾ അരങ്ങേറിയിട്ടും അതിനെതിരെ പ്രതികരിക്കാൻ മമ്മൂട്ടി ഒരു ഉത്സാഹവും കാണിക്കുന്നില്ല എന്ന് കാണുമ്പോൾ അദ്ഭുതമാണെന്ന് എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്‌ലിയ വിമർശിച്ചിരുന്നു. 

***            ***            ***


വ്യക്തി ജീവിതത്തിൽ സ്വകാര്യത സൂക്ഷിക്കുന്ന ബോളിവുഡ് താരമാണ് ജാക്വിലിൻ ഫെർണാണ്ടസ്.  കാമുകനൊപ്പം താമസിക്കാൻ ജാക്വിലിൻ പുതിയ വീട് അന്വേഷിച്ചു വരികയായിരുന്നു. 175 കോടി രൂപ വിലയുള്ള  പുതിയ ബംഗ്ലാവ് വാങ്ങിയതായി സീ ന്യൂസും എബിപിയും റിപ്പോർട്ട് ചെയ്യുന്നു.  പുതിയ വീട്ടിൽ ജാക്വിലിനും കാമുകനും ഉടൻ തന്നെ താമസം തുടങ്ങുമെന്നും റിപ്പോർട്ടിലുണ്ട്. ദക്ഷിണേന്ത്യയിലെ ബിസിനസ് പ്രമുഖനാണ് ജാക്കിയുടെ കാമുകനെന്നും വാർത്തകളുണ്ട്. ഏറെ നാളായി പ്രണയത്തിലായ ഇരുവരും ഒന്നിച്ച് താമസിക്കാൻ വീടന്വേഷണത്തിനുള്ള തിരക്കിലായിരുന്നു. മുംബൈയിൽ ജുഹുവിലാണ് ജാക്വിലിന്റെ ആഡംബര ബംഗ്ലാവ്. മോഡലിങ് രംഗത്തു നിന്നാണ് ജാക്വിലിൻ സിനിമയിലേക്ക് എത്തുന്നത്. സെയ്ഫ് അലി ഖാൻ, അർജുൻ കപൂർ, യാമി ഗൗതം എന്നിവർക്കൊപ്പം ഭൂത് പൊലീസ് എന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കിലാണ് ജാക്വിലിൻ ഇപ്പോൾ.  രൺവീർ സിങ് നായകനാകുന്ന രോഹിത് ഷെട്ടി ചിത്രം സർക്കസിലും ജാക്വിലിൻ അഭിനയിക്കുന്നുണ്ട്. സൽമാൻ ഖാനൊപ്പം കിക്ക് 2 ആണ് ജാക്വിലിന്റെ ഇനി പുറത്തിറങ്ങാനുള്ള ചിത്രം. 2009 ൽ അലാദ്ദീൻ എന്ന ചിത്രത്തിലൂടെയാണ് ജാക്വിലിൻ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നത്. പുതിയ റിപ്പോർട്ടുകൾ അനുസരിച്ച് ബോളിവുഡിൽ നിന്നും ഹോളിവുഡിലേക്ക് ചുവടുവെയ്ക്കാൻ ഒരുങ്ങുകയാണ് ഈ ശ്രീലങ്കൻ സുന്ദരി. 175 കോടിയുടെ വീട്ടിൽ താമസിച്ച് പ്രണയിച്ചോട്ടെ. കൂട്ടത്തിൽ മൊബൈൽ ഫോണും ടാബ്‌ലറ്റും വാങ്ങാൻ ശേഷിയില്ലാത്ത കോടിക്കണണക്കിന് കുട്ടികളെ സഹായിക്കരുതോ? 

 

Latest News