തീവ്രം, സൂക്ഷ്മം, സുന്ദരം; ഈ കൊച്ചു ചിത്രം

മനുഷ്യ മനസ്സിന്റെ വിചിത്രവും വിഹ്വലവുമായ ഭാവനകൾ എങ്ങനെ സഞ്ചരിക്കുമെന്ന് പ്രവചിക്കുക വയ്യ. ഓരോ കഥാപാത്രവും പശ്ചാത്തലവും എവിടെ നിന്നു പുനർജനിച്ചുവെന്ന് നിർവചിക്കാനും നിർവാഹമില്ല. സമൂഹത്തിലെ പൊതു ജീവിതബോധത്തിന്റെ അംശങ്ങൾ ചേർന്നു രൂപപ്പെട്ട കഥയുടെ സഞ്ചാരത്തിൽ അതിശയോക്തിയോ യാഥാർഥ്യമോ കെട്ടു പിണഞ്ഞു കിടക്കാം. കണ്ടെത്താനാവാത്ത നിരവധി നൂലമാലകൾക്കിടയിൽ വീർപ്പു മുട്ടുന്ന എഴുത്തുകാരൻ പെട്ടെന്ന് കണ്ടെത്തുന്ന പോംവഴികൾ പക്ഷേ ധാർമികതയുടെ അതിരുകളിൽ നിരന്തരം വിചാരണയ്ക്ക് വിധേയമാകാം. എഴുത്തുകാരന്റെ വ്യക്തിത്വം പോലെ കഥാപാത്രത്തിലും പടർന്നു കയറുന്ന സൂക്ഷ്മാംശങ്ങൾ വിശകലനം ചെയ്യാൻ പലപ്പോഴും വായനക്കാർ മിനക്കെടാറില്ല. അങ്ങനെയായാൽ ഒരു കഥയിൽ നിന്ന് നിരവധി ഉപകഥകൾ പൊട്ടി മുളയ്ക്കാം. അതു തന്നെയാണ് ഒരു കഥയുടെ സാക്ഷാൽക്കാര വിജയവും.


ഹരി എന്നു പേരിട്ട ഒരു ഹ്രസ്വചിത്രം കാണാനിടയായി. ഒരു നിമിഷം പോലും ശ്രദ്ധ വ്യതിചലിക്കാതെ കണ്ടിരുന്നു പോയി. കഥാകാരന്റെ മുന്നിൽ പ്രത്യക്ഷപ്പെടുന്ന കഥാപാത്രത്തിന്റെ ചോദ്യങ്ങൾക്ക് മുന്നിൽ ആസ്വാദകനും വീർപ്പുമുട്ടിയിരുന്നേക്കാം. 'എന്നെ എന്തിന് കൊന്നു'എന്ന കഥാകാരനോടുള്ള കഥാപാത്രത്തിന്റെ ചോദ്യം ഉത്തരമില്ലാതെ അവശേഷിക്കുന്നു.
അരുതാത്തത് ചെയ്തു എന്നു ആരോപിക്കപ്പെടുന്നതിലെ നിയമവശമല്ല, മറിച്ചു ഏറ്റവും വലിയ തെറ്റ് ചെയ്തു കഴിഞ്ഞ ഒരാളെ ലാഘവബുദ്ധിയോടെ കൊന്നാൽ മതിയോ എന്ന ചോദ്യമാണ് മനസ്സാക്ഷിയിൽ മുഴങ്ങുന്നത്. കുടുംബജീവിതത്തിന്റെ പവിത്രതയിൽ പുഴുക്കുത്തു വീണ കറുത്ത കാലത്തിന്റെ ദാരുണ ദൃശ്യം പ്രേക്ഷകന്റെ മുന്നിൽ അവതരിപ്പിക്കുമ്പോൾ, ഉത്തരം കണ്ടെത്തേണ്ട മൂല്യങ്ങളുടെ ഉൾക്കിടിലമുണ്ട്. അത് ഗൗരവം ചോരാതെ ഒപ്പിയെടുക്കാൻ സംവിധായകനായ മുജീബ് ആർ. അഹമ്മദിന് കഴിഞ്ഞിട്ടുണ്ട്.
പശ്ചാത്തലത്തിന്റെ നിശാ മൂകതയും വെളിച്ചത്തിന്റെ ഒതുക്കമുള്ള സജ്ജീകരണവുമെല്ലാം മികച്ചതായി. ഛായാഗ്രാഹകൻ അഷ്‌റഫ് പാലാഴി പ്രത്യേകം അഭിനന്ദനം അർഹിക്കുന്നുണ്ട്. അഭിനയത്തിന്റെ സാധ്യതയിൽ ദൃശ്യങ്ങളോട് തീവ്രമായി ചേർന്നു നിൽക്കാൻ കബീറിന് അനായാസം കഴിഞ്ഞു. പ്രദീപ് ബാലന്റെ കഥാപാത്രം ശക്തമായി ഉന്നയിക്കുന്ന രോഷത്തിനും ചോദ്യങ്ങൾക്കും സ്വാഭാവികതയുണ്ട്.

 


ചെറിയ ഫ്രെയിമിനുള്ളിൽ ഒതുങ്ങുന്ന വലിയ സാമൂഹ്യ വിഷയത്തിന് ഇത്തരത്തിൽ ആവിഷ്‌ക്കാര ചാരുത നൽകിയവരെ അഭിനന്ദിക്കാതെ വയ്യ. ഇത് പ്രഫഷണൽ മികവോടെ എഡിറ്റ് ചെയ്യപ്പെട്ട ചെറു സിനിമയാണ്. ചിലപ്പോൾ,നടുക്കത്തോടെ മാത്രം ചോദ്യങ്ങൾ നേരിടുന്ന എഴുത്തുകാരന്റെ പക്ഷത്താവും പ്രേക്ഷകർ. മറ്റു ചിലപ്പോൾ കഥാപാത്രത്തിന്റെ മുറിവേറ്റ ഹൃദയരക്തം കണ്ട് വിങ്ങിയിരുന്നു പോവും കാഴ്ചക്കാർ. ഹ്രസ്വ സിനിമയുടെ സൗന്ദര്യവും ആവിഷ്‌ക്കാര സാമർഥ്യവും 'ഹരി'യെ അനുഗ്രഹിച്ചിരിക്കുന്നു, അഭിനന്ദനങ്ങൾ.
'ഹരി' നേടിയ അവാർഡുകൾ : 


ഷോർട്ട് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റ് , സിനി ഫെയർ ഫിലിം ഫെസ്റ്റ് ,ഇന്ത്യൻ ടാലെന്റ് ഫിലിം അവാർഡ്സ്,ഗ്ലോബൽ ഇൻഡീ ഫിലിം അവാർഡ്സ് എന്നീ ഫെസ്റ്റിവലുകളിൽ  മികച്ച ക്യാമറാമാനുള്ള അവാർഡ് അഷ്റഫ് പാലാഴിക്ക് ലഭിക്കുകയുണ്ടായി. വ്യത്യസ്ത ഫെസ്റ്റിവലുകളിലായി പ്രദീപ് ബാലനും സി.ടി കബീറൂം മികച്ച നടന്മാരായി തിരഞ്ഞെടുക്കപ്പെട്ടു.
കൊച്ചിൻ , നവാഡ,ഇന്ത്യൻ ഇന്റർനാഷണൽ ഫെസ്റ്റിവലുകളിൽ മികച്ച കഥയ്ക്കുള്ള അവാർഡുകൾ ഹരി എന്ന ചിത്രത്തിന്റെ കഥ തയ്യാറാക്കിയ മുജീബ് ആർ. അഹമ്മദിനായിരുന്നു. ഇവയുൾപ്പെടെ റിലീസ് ചെയ്തു ചുരുങ്ങിയ സമയത്തിനുള്ളിൽ പതിനാറോളം ചലച്ചിത്രോത്സവങ്ങളിലേക്ക് ഹരി  തിരഞ്ഞെടുക്കപ്പെടുകയും അവാർഡുകൾ ലഭിക്കുകയുമുണ്ടായി.
അമ്പത്തിയഞ്ചു രാജ്യങ്ങളിൽ നിന്നായി ആയിരത്തി അഞ്ഞൂറോളം ചിത്രങ്ങൾ മാറ്റുരച്ച നവാഡ, ബാംഗ്ലൂർ, മുംബൈ ചലച്ചിത്രോത്സവങ്ങളിൽ വിവിധ വിഭാഗങ്ങളിലായി ഹരി എന്ന ഈ കൊച്ചു ചിത്രം ആദരിക്കപ്പെടുകയുണ്ടായി. 

Latest News