കൃഷിയെ ഭക്ഷണം ഉൽപാദിപ്പിക്കുന്നതിനുള്ള ഒരു ഉപാധിയായി മാത്രമല്ല, അത് ജീവിതത്തോടുള്ള സൗന്ദര്യാത്മകവും ആത്മീയവുമായ ഒരു സമീപനം കൂടിയാണെന്ന് ജൈവകൃഷിരീതിയുടെ ആധുനികകാലത്തെ പ്രധാന പ്രയോക്താക്കളിലൊരാളായ ജപ്പാൻ സ്വദേശി മസനോബു ഫുകുവോക്ക പറഞ്ഞിട്ടുണ്ട്. കോട്ടയം ജില്ലയിലെ പാലായ്ക്കടുത്ത എലിക്കുളം പഞ്ചായത്തിലെ ചെങ്ങളം ഈസ്റ്റ് പഴേപറമ്പിൽ ജോസിന്റെ കൃഷിത്തോട്ടത്തിലേയ്ക്കു വരിക. ഇവിടത്തെ കൃഷിരീതികൾ വിനോദത്തിനും വിജ്ഞാനത്തിനുമുള്ള വേദി കൂടിയാണ്. ഭൂമിയുടെ അവകാശികളായ മനുഷ്യരുടെ കഠിനാദ്ധ്വാനത്തിന്റെയും വിയർപ്പിന്റെയും വില തിരിച്ചുനൽകാനുള്ള വ്യഗ്രതയിലാണ് ഇവിടത്തെ ഓരോ മണൽത്തരിയും. നിശ്ചയദാർഢ്യവും മനക്കരുത്തും കൈമുതലാക്കി മണ്ണിൽ പൊന്നു വിളയിക്കുമ്പോൾ ആ മണ്ണിന് ദൈവത്തിന്റെ കരസ്പർശവും കൂടിയുണ്ടാകുന്നു.
പാരമ്പര്യമായി പഠിച്ചെടുത്ത കൃഷിരീതികൾക്ക് പുറമെ ശാസ്ത്രീയ കൃഷിരീതികളും ജോസ് പി. കുര്യൻ എന്ന നാല്പത്തിയൊന്നുകാരൻ പ്രയോഗത്തിൽ വരുത്തിയപ്പോൾ അതൊരു പുതിയ തുടക്കമാവുകയായിരുന്നു. പൂർവ്വികമായി ലഭിച്ച പത്തേക്കർ നിലത്താണ് ജോസിന്റെ കൃഷിപരീക്ഷണങ്ങൾ പുരോഗമിക്കുന്നത്. നാലേക്കറോളം സ്ഥലത്ത് റബർ നട്ടുപിടിപ്പിച്ചിരിക്കുന്നു. ബാക്കിയുള്ള ആറേക്കറിൽ തെങ്ങും വാഴയും കാപ്പിയും കുരുമുളകും ജാതിയും ഇഞ്ചിയും മഞ്ഞളും തുടങ്ങി പഴവർഗങ്ങളും കിഴങ്ങുവർഗങ്ങളും പച്ചക്കറികളുമാണ് ഇടംപിടിച്ചിരിക്കുന്നത്. ഭൂമിയുടെ കിടപ്പുരീതിക്ക് ഭംഗംവരുത്താതെയുള്ള കൃഷിരീതിയാണ് ജോസ് സ്വീകരിച്ചിരിക്കുന്നത്.

കാഞ്ഞിരപ്പള്ളി സെന്റ് ആന്റണീസ് കോളേജിൽനിന്നും ബി.കോം ബിരുദം നേടിയ ജോസ് ഇ-കൊമേഴ്‌സ് മേഖലയായിരുന്നു തിരഞ്ഞെടുത്തത്. ബെസ്റ്റ് മൈൻഡ് ടെക്‌നോളജീസിൽ കുറച്ചുകാലം ജോലി നോക്കി. ഇപ്പോൾ ലാറ്റക്‌സ് കമ്പനികൾക്കുവേണ്ടിയുള്ള സോഫ്റ്റ്‌വേർ നിർമ്മിച്ചുനൽകുകയാണ്.
കാർഷികവൃത്തി പാരമ്പര്യമായിരുന്നതുകൊണ്ട് കുട്ടിക്കാലംതൊട്ടേ കൃഷിപ്പണികളിൽ അപ്പനെ സഹായിച്ചിരുന്നു. ഇപ്പോഴും അപ്പനും മക്കളും തന്നെയാണ് കൃഷിപ്പണിക്കിറങ്ങുന്നത്. അപ്പൻ പി.ജെ.കുര്യാക്കോസും അമ്മ ട്രീസയും ഭാര്യ അനുവും മക്കളായ സിറിയക്കും റോസ്‌വിനുമെല്ലാമാണ് കൂട്ടിനുള്ളത്. കുട്ടികളെ മണ്ണറിഞ്ഞു വളർത്തണമെന്ന ചിന്താഗതിക്കാരനായതുകൊണ്ട് അവരെയും സജീവമായി നിർത്തുന്നു. ആടിനുവേണ്ട പുല്ല് ശേഖരിക്കാനും പന്നിക്കും താറാവിനും കോഴിക്കുമെല്ലാം തീറ്റ നൽകാനും അവരാണ് മുന്നിലുള്ളത്. കൂടാതെ ജാതിക്കയും പാഷൻ ഫ്രൂട്ടുമെല്ലാം ശേഖരിക്കുന്നതും അവർതന്നെ.
പുലർച്ചെ മൂന്നര മണിക്ക് ഉറക്കമുണരും. റബർ വെട്ടാണ് തുടക്കം. പത്തുമണിവരെ നീളുന്ന കൃഷിപ്പണികൾ. വെയിലിന്റെ കാഠിന്യമെത്തുമ്പോൾ പണി മതിയാക്കും. തുടർന്ന് വീടിനകത്താണ് ജോലി. സോഫ്റ്റ്‌വേർ ഡവലപ്പറുടെ ജോലികളിൽ മുഴുകുന്നു. ആ സമയത്താണ് കുട്ടികൾ പഠിക്കുന്നത്. മറ്റുള്ളവർ അടുക്കളയിലേയ്ക്കു കയറും. വൈകീട്ട് മൂന്നിന് വീണ്ടും കൃഷിക്കളത്തിലേയ്ക്ക്. ഏഴുമണിക്കുമുൻപ് ജോലികളെല്ലാം അവസാനിപ്പിക്കും. കാർഷികവൃത്തിയിൽ സമയനിഷ്ഠ പാലിച്ചുകൊണ്ടുള്ളതാണ് ജോസിന്റെ ജീവിതം.
പശുവും ആടും പന്നിയുമെല്ലാം ജോസിന്റെ പറമ്പിൽ മേഞ്ഞുനടക്കുന്നുണ്ട്. നന്നായി പാൽ ലഭിക്കുന്ന എച്ച്.എഫ് വർഗത്തിൽപ്പെട്ട പശുക്കളാണ് ഇവിടെയുള്ളത്. ഇവയുടെ കറവയും പരിപാലനവും എല്ലാവരുടെയും ചുമതലയാണ്. വീട്ടിൽവച്ചുതന്നെയാണ് പാൽ വിൽക്കുന്നത്. നന്നായി പാൽ ലഭിക്കുന്നതിനായി മുപ്പതു സെന്റിൽ തീറ്റപ്പുല്ലും ഒരുക്കിയിട്ടുണ്ട്. കൂടാതെ പച്ചിലകളും കളകളുമെല്ലാം പശുവിന് ഭക്ഷണമാകുന്നു. തൊഴുത്തിലെ ചാണകവും ഗോമൂത്രവുമെല്ലാം ബയോഗ്യാസ് പ്ലാന്റിലെത്തും. ഗ്യാസ് പാചകത്തിനുപയോഗിക്കും. പ്ലാന്റിലെ സ്ലെറിയാകട്ടെ കൃഷിയിടത്തിൽ വളമായി ഉപയോഗിക്കുന്നു.

മലബാറി ഇനത്തിൽപ്പെട്ട ആടുകളാണ് ജോസിന്റെ മറ്റൊരു ആകർഷണം. പെണ്ണാടുകളെ വളർത്തുമ്പോൾ മുട്ടനാടുകളെ ഇറച്ചിയാക്കി വിൽക്കും. ആട്ടിൻപാലിനും ഇറച്ചിക്കും ആവശ്യക്കാരേറെയുണ്ടെന്ന് ജോസ് പറയുന്നു. പന്നികളാകട്ടെ നാടൻ പന്നിയിനമായ അങ്കമാലി കറുത്ത പന്നികളെയാണ് വളർത്തുന്നത്. ജോസിന്റെ മക്കളാണ് പന്നികളെയും ആടുകളെയും പരിപാലിക്കുന്നതിൽ മുൻപന്തിയിലുള്ളത്.
ജോസിന്റെ കൃഷിയിടത്തിൽ എല്ലാവരേയും ആകർഷിക്കുന്നത് പറമ്പിനോടു ചേർന്നുള്ള വലിയൊരു പാറമടയാണ്. പാറമടകൾ പലതും അപകടക്കെണികളാണെങ്കിൽ ഇവിടത്തെ പാറമടയെ മീൻമടയാക്കി മാറ്റിയിരിക്കുകയാണ് ഈ കർഷകൻ. പ്രതിമാസം ആയിരങ്ങൾ വരുമാനം ലഭിക്കുന്ന പാറമടയാണിത്. വിശാലമായ ഈ പാറക്കുളത്തിൽ കട്‌ല, രോഹു, മൃഗാൾ, ഗ്രാസ് കാർപ്പ്, തിലാപ്പിയ, ജയന്റ് ഗൗരാമി എന്നിവ നീന്തിത്തുടിക്കുന്നത് നയനാനന്ദകരമായ കാഴ്ചയാണ്. വലിയൊരു മീൻകൂടും ജോസ് ഒരുക്കിയിട്ടുണ്ട്. കോട്ടയം ജില്ലയുടെ കിഴക്കൻ മേഖലയിലെ ഏക മീൻകൂടും മീൻഫാമും ജോസിന്റേതാണ്. ഒരു ടൺ കപ്പാസിറ്റിയുള്ള ഫാമിൽ ഗിഫ്റ്റ് തിലാപ്പിയയാണ് വളർത്തുന്നത്. സെൻട്രൽ മറൈൻ ഫിഷറീസ് ഇൻസ്റ്റിറ്റിയൂട്ടുമായി സഹകരിച്ചുള്ളതാണ് ഈ മത്സ്യകൃഷി. ചേമ്പിന്റെ ഇലയും പെല്ലറ്റും മീൻതീറ്റയുമെല്ലാം നൽകിയാണ് മത്സ്യങ്ങളെ വളർത്തുന്നത്.

ടൂറിസത്തിന്റെ അനന്തസാധ്യതകളും ഈ പാറമടയിൽ ഒരുക്കിയിട്ടുണ്ട്. ശനി, ഞായർ ദിവസങ്ങളിൽ പാറമടയിൽ ഒരുക്കിയിട്ടുള്ള ചങ്ങാടത്തിൽ ഇരുന്നുകൊണ്ട് ചൂണ്ടയിട്ട് മീൻപിടിക്കാം. നിശ്ചിത ഫീസ് ഒടുക്കിയാൽ ആർക്കും ഇവിടെവന്ന് ചൂണ്ടയിടാം. പിടിക്കുന്ന മീനിന്റെ വില നൽകണമെന്നു മാത്രം. മറ്റു ദിവസങ്ങളിൽ മത്സ്യകൃഷിയെക്കുറിച്ച് അറിയാൻ താൽപര്യമുള്ളവരും ഇവിടെയെത്തുന്നു. മത്സ്യകൃഷിയിൽ തനിക്കുള്ള അറിവ് മറ്റുള്ളവർക്ക് പകർന്നുനൽകാനും ജോസ് ഒരുക്കമാണ്. ജോസിന്റെ ഈ ടൂറിസം പദ്ധതി പലരും അനുകരിക്കാൻ തുടങ്ങിയെന്നത് ശുഭോദർക്കമാണ്.
നൂറിലേറെ താറാവുകളെയും ജോസിന്റെ കൃഷിക്കളത്തിൽ കാണാം. ചാര, ചെമ്പല്ലി ഇനങ്ങളിൽപ്പെട്ട താറാവുകളാണ് ഇവിടെയുള്ളത്. കമ്പിവേലികൾക്കുള്ളിൽ ചെറിയൊരു പടുതാക്കുളവും ഇവയ്ക്കായി ഒരുക്കിയിട്ടുണ്ട്. നീന്തുന്ന താറാവുകൾക്ക് ഊർജ്ജനഷ്ടമുണ്ടാകാതിരിക്കാനാണ് തല മുങ്ങുന്നതരത്തിലുള്ള പടുതാക്കുളം ഒരുക്കിയിരിക്കുന്നത്. നൂറോളം മുട്ടക്കോഴികളും ഇവിടെയുണ്ട്. പച്ചപ്പുല്ലും വാട്ടർ കാബേജും വാഴപ്പിണ്ടിയും ചക്കപ്പഴവുമെല്ലാം കോഴികൾക്കും താറാവുകൾക്കും ഭക്ഷണമായി നൽകുന്നുണ്ട്. കൃത്യമായ ഇടവേളകളിൽ ശരിയായി തയ്യാറാക്കിയ സമീകൃതാഹാരം നൽകുന്നതുവഴി രോഗപ്രതിരോധശേഷി വർധിപ്പിക്കാനും കഴിയുന്നുണ്ടെന്ന് ജോസ് പറയുന്നു. കോഴിയുടെയും താറാവിന്റെയും കൂടിന് തണലായി പാഷൻ ഫ്രൂട്ടിന്റെയും കോവലിന്റെയും വിശാലമായ പന്തലും ഒരുക്കിയിട്ടുണ്ട്.
എലിക്കുളം പഞ്ചായത്തിലെ പലരും തങ്ങൾക്കാവശ്യമായ കാർഷിക വിളകൾ വാങ്ങുന്നത് ജോസിൽനിന്നാണ്. വിഷമയമില്ലാത്തവയാണെന്ന വിശ്വാസമാണ് അവരെ ഇതിന് പ്രേരിപ്പിക്കുന്നത്. തന്റെ വീടും പറമ്പുമാണ് ഈ കർഷകന്റെ വിപണി. മീൻകച്ചവടം കുളത്തിൽവെച്ചുതന്നെ നടക്കുന്നു. തൊഴുത്തിൽ പാൽവിൽപനയും. കോഴിമുട്ടയും താറാവുമുട്ടയും ഇവിടെ വിൽപനയ്ക്കു വെച്ചിട്ടുണ്ട്. പച്ചക്കറികളും കിഴങ്ങുവർഗ്ഗങ്ങളും കൂവപ്പൊടിയും ഈന്തിൻകായുടെ പൊടിയുമെല്ലാം വാങ്ങാൻ ആളുകളെത്തുന്നതും ജോസിന്റെ വീട്ടിൽതന്നെ. കൃഷിയിലെ സത്യസന്ധതയും കൃത്യനിഷ്ഠയുമാണ് ജോസിനെ നാട്ടുകാരുടെ പ്രിയപ്പെട്ട കർഷകനാക്കുന്നത്. മിച്ചംവരുന്ന കാർഷികവിളകൾ ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെ മേൽനോട്ടത്തിലുള്ള ചന്തകളിലും എക്കോഷോപ്പുകളിലും എത്തിക്കുന്നു.

പഞ്ചായത്തിന്റെ പേരിൽ അരി വിപണിയിലെത്തിച്ച് മാതൃക കാട്ടിയ ചരിത്രവും എലിക്കുളം പഞ്ചായത്തിനുണ്ട്. കൃഷിയെ നെഞ്ചോടു ചേർക്കുന്ന ഒരു കൂട്ടം ചെറുപ്പക്കാരാണ് ഇതിനുപിന്നിൽ. ജോസിനോടൊപ്പം സുഹൃത്തുക്കളായ ടോണി പന്തലാടി, മാത്യുസെൺ മണ്ഡപത്തിൽ, റെജി ചൂരനോലിക്കൽ, ബിൻസ് തൊടുകയിൽ, ഷാജി എബ്രഹാം എന്നിവർ ചേർന്ന് കൃഷിക്കൊപ്പം ഉത്തരവാദിത്ത ടൂറിസമെന്ന ചിന്തയും മനസ്സിൽ പേറിനടക്കുന്നവരാണ്. കൃഷിക്കും വിനോദത്തിനും ഏറെ സാധ്യതയുള്ള മണ്ണാണ് തങ്ങളുടേതെന്ന് ഈ ചെറുപ്പക്കാർ മനസ്സിലാക്കിക്കഴിഞ്ഞു. ക്രിയാത്മകമായ അത്തരം മാറ്റങ്ങൾക്ക് കാതോർക്കുകയാണ് ഈ നാടും നാട്ടുകാരും.
എലിക്കുളം പഞ്ചായത്തിന്റെ മികച്ച സംയുക്ത കർഷകനുള്ള 2018ലെ പുരസ്‌കാരം ജോസിനെ തേടിയെത്തിയിരുന്നു. ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും കർഷകപക്ഷ സമീപനമാണ് ഇത്തരം അംഗീകാരങ്ങൾക്ക് പ്രചോദനമെന്നും കർഷകസംഘത്തിന്റെ ജോയന്റ് സെക്രട്ടറി കൂടിയായ ഈ യുവകർഷകൻ പറയുന്നു. ജോസിന്റെ ഫോൺ നമ്പർ: 9447182603.






