കോവിഡ് കാലത്ത് നാലു ചുവരുകളിൽ തളച്ചിടപ്പെടേണ്ടി വന്ന ലോകജനത വിരസതകളിൽ നിന്നും ഒറ്റപ്പെടലുകളിൽ നിന്നും രക്ഷ നേടാൻ പാചകം, നൃത്തം, എഴുത്ത് തുടങ്ങിയ പല പരീക്ഷണങ്ങളിലേക്കും അഭയം പ്രാപിച്ചപ്പോൾ പ്രവാസ ലോകത്തുനിന്നും വർണക്കടലാസുകളാൽ കരകൗശല കലാരൂപമായ ക്വില്ലിംഗ് ആർട്ടിൽ തന്റേതായ പരീക്ഷണങ്ങൾ നടത്തി നയന വിസ്മയം തീർത്തുകൊണ്ട് സ്വന്തമായൊരിടം സൃഷ്ടിക്കാൻ ശ്രമിക്കുകയാണ് പയ്യന്നൂർക്കാരി സബിന ബിജു.

പലതരം വരകളും ചിത്രങ്ങളും ചായക്കൂട്ടുകളുമെല്ലാം നമുക്ക് സുപരിചിതമാണല്ലോ. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായി അധികമാർക്കും പരിചിതമല്ലാത്ത ക്വില്ലിംഗ് ആർട്ടിൽ തന്റേതായ ആശയങ്ങളും നിറങ്ങളും ചേർക്കുകയാണ് സബിന. പേപ്പറിനെ ഒരിഞ്ചിൽ താഴെ മാത്രം വീതിയുള്ള ചെറിയ കഷ്ണങ്ങളാക്കി മുറിച്ചെടുത്ത് ചുരുട്ടി പ്രത്യേക ശ്രേണിയിൽ, വരച്ച ചിത്രങ്ങളിലോ പ്രിന്റ് ചെയ്ത ചിത്രങ്ങളിലോ ഒട്ടിച്ചു ചേർത്ത് ജീവൻ തുടിക്കുന്ന ത്രീഡി രൂപത്തിലാക്കി കാൻവാസിലേക്ക് പകർത്തി വെക്കുകയാണിവർ.
ഒരുപാട് മ്യൂറൽ ആർട്ടുകളും പെയിന്റിംഗുകളും മലയാളികൾ കണ്ടിട്ടുണ്ടെങ്കിലും ക്വില്ലിംഗ് ആർട്ട് ശരിക്കും ആരെയും ആകർഷിക്കുന്നതും വൈവിധ്യത നിറഞ്ഞതുമാണ്.

ചിത്രങ്ങൾക്കും വരകൾക്കും അനുവാചകരോട് ഒരുപാട് സംവദിക്കാനുണ്ടാവും. സാമൂഹിക പശ്ചാത്തലങ്ങൾ, കാഴ്ചപ്പാടുകൾ, ദീർഘവീക്ഷണങ്ങൾ തുടങ്ങി പലതും. അത് ത്രീഡി രൂപത്തിലുള്ളതാണെങ്കിൽ ആസ്വാദകന്റെ മനസ്സിലേക്ക് നേരിട്ടിറങ്ങി വരും. ഇത്തരം ആശയങ്ങളും പ്രകൃതിയും സംസ്കൃതിയും രാഷ്ട്രീയവും എല്ലാം ചേർന്ന പകർത്തി വെക്കലുകളാണ് സബിന തന്റെ ക്വില്ലിംഗ് ആർട്ടിലൂടെ നിർവഹിക്കുന്നത്. ഫ്ളോറൽ ആര്ട്ട്, മഴ, പ്രണയിതാക്കൾ, അർധനാരീശ്വരൻ തുടങ്ങി ഷാർജ ഭരണാധികാരിയും യു.എ.ഇ സുപ്രീം കൗൺസിൽ അംഗവുമായ ഡോ. ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി വരെ നിറക്കൂട്ടുകളിൽ ഇടംപിടിച്ചിട്ടുണ്ട്.
വടക്കൻ മലബാറിന്റെ ഹൃദയ താളമായ തെയ്യത്തിന്റെ രൗദ്രസൗമ്യ ഭാവങ്ങളും യുവത്വത്തിന്റെ സിരകളിൽ ഇന്നും നുരയ്ക്കുന്ന ചെന്താരകം ചെഗുവേരയും എല്ലാം സബിനയുടെ കാൻവാസിൽ പകർത്തപ്പെട്ടിരിക്കുന്നു. ഇതിനോടകം അറുപതിൽപരം ചിത്രങ്ങൾ സബിന കാൻവാസിലാക്കിയിട്ടുണ്ട്. ഫോട്ടോഗ്രഫാറായിരുന്ന അച്ഛൻ പകർത്തിയ ചിത്രങ്ങളും വരകളുമെല്ലാം ചെറുപ്പം മുതൽ കണ്ടു വളർന്ന സബിന, കണ്ണൂർ സർവകലാശാലയിൽ നിന്നും ഫാഷൻ ആൻഡ് അപ്പാരൽ ഡിസൈനിംഗിൽ ഫസ്റ്റ് ക്ലാസോടെ ബിരുദം കഴിഞ്ഞിറങ്ങിയതോടെയാണ് അച്ഛന്റെ സർഗാത്മകത നിറഞ്ഞ പാത ജീവിതത്തിന്റെ ഭാഗമാക്കിയത്. അച്ഛൻ തന്റെ മുന്നിലുള്ളവയെ ഫിലിമിലേക്ക് ഒപ്പിയെടുത്തപ്പോൾ മകൾ മനസ്സിലുള്ളവയെ കടലാസ് കഷ്ണങ്ങളിലേക്ക് പറിച്ചു നടുകയായിരുന്നു. വളരെ യാദൃഛികമായാണ് സബിന ക്വില്ലിംഗ് ആർട്ടിസ്റ്റായി മാറുന്നത്.
രണ്ട് പെൺകുട്ടികളുടെ അമ്മ കൂടിയായ സബിനക്ക് വീണുകിട്ടുന്ന ഒഴിവുസമയങ്ങളിൽ ചെയ്തു കൊണ്ടിരുന്ന പേപ്പർ കമ്മലുകളിൽ നിന്നും വ്യത്യസ്തമായി ചിത്രങ്ങളിലേക്ക് ഇവ ഒട്ടിച്ചു ചേർത്താലോ എന്ന ചിന്തയിൽ നിന്നാണ് ക്വില്ലിംഗ് ആർട്ടിന്റെ വഴിയേ സബിന എത്തിച്ചേരുന്നത്. അതിൽ പിന്നെ ഷാർജയിലെ സബിനയുടെ വീട്ടിൽ പിറന്നത് വർണ വിസ്മയങ്ങളുടെ മാന്ത്രിക ലോകമായിരുന്നു.
ഈയടുത്ത കാലത്ത് പരീക്ഷണങ്ങളുടെ വലിയൊരു ലോകവും സബിന തുറന്നിട്ടു.
യുവകലാ സന്ധ്യ എന്ന പേരിൽ വനിതകൾക്കു വേണ്ടി നടത്തിയ പരിപാടിയിൽ തന്റേതായി ചിത്രങ്ങൾ പ്രദർശിപ്പിച്ച് എക്സിബിഷൻ നടത്തി സബിന കൈയടി നേടിക്കഴിഞ്ഞു. ഇന്ത്യൻ അസോസിയേഷൻ ഷാർജ സംഘടിപ്പിച്ച എക്സിബിഷന്റെ ഭാഗമാകാൻ കഴിഞ്ഞതും വലിയ ഭാഗ്യം തന്നെയെന്നത് സബിന കൃതജ്ഞതയോടെ ഓർക്കുന്നു.
പേപ്പർ ക്വില്ലിംഗ് ആർട്ടിൽ പ്രത്യേക പരിശീലനങ്ങൾ ഒന്നും ലഭിച്ചിട്ടില്ലാത്ത തനിക്ക് ഇത് സാധ്യമായെങ്കിൽ ആർക്കും വളരെ നിഷ്പ്രയാസം വഴങ്ങുമെന്നും ഇതിനു അടിസ്ഥാനമായി വേണ്ടത് അർപ്പണ മനോഭാവവും ക്ഷമയും അതീവ ശ്രദ്ധയും മാത്രമാണെന്നും ഉറപ്പിച്ചു പറയുന്നു.

ക്വില്ലിംഗ് ആർട്ട് ടൂളുകളായ സ്ലോട്ടഡ് ടൂൾ, ട്വീസർ, ഫോം ബോർഡ്, ഗ്ലു , പേപ്പർ സ്ട്രിപ്സ് എന്നിവയാണ് ഇതിനു വേണ്ടി ഉപയോഗിക്കുന്നത്. പേപ്പർ സ്ട്രിപ്സ് ക്വില്ലിംഗ് പേപ്പർ എന്ന പേരിൽ സ്റ്റേഷനറികളിലും ഓൺലൈൻ ആയും ലഭ്യമാണ്. കൂടാതെ എഫോർ പേപ്പറുകൾ നിരനിരയായി മുറിച്ചുള്ള പേപ്പർ സ്ട്രിപ്പുകൾ നമുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാം. പല ചിത്രങ്ങളും പൂർത്തീകരിക്കാൻ ഒരാഴ്ച മുതൽ ഒരു മാസം വരെയാണ് സമയമെടുക്കുന്നത്. മാത്രമല്ല പേപ്പർ വർക്കുകളായതുകൊണ്ട് പെട്ടെന്ന് തന്നെ പൊടികയറി ചീത്തയാവാൻ സാധ്യതയുള്ളതിനാൽ തന്റെ ചിത്രങ്ങളെല്ലാം ഫ്രെയിം ചെയ്താണ് സൂക്ഷിക്കുന്നത്. മ്യൂറൽ ആർട്ട് ചെയ്യുമ്പോൾ ചിത്രങ്ങളിലെ ജീവൻ തുടിപ്പുകൾ നൽകുന്നത് കണ്ണുകളാണ്. അതിനു മാത്രമായി മൂന്നോ നാലോ മണിക്കൂറുകൾ അതീവ ക്ഷമയോടെയും സൂക്ഷ്മതയോടെയും ചെലവഴിക്കേണ്ടതായി വരാറുണ്ടെന്നും പലപ്പോഴും ചെയ്തു കഴിഞ്ഞ് , പല ദിശകളിൽ ചെന്ന് കണ്ണുകൾക്ക് ജീവൻ തുടിക്കുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തുന്നതായും അവർ പറയുന്നു. കണ്ണിന്റെ തീവ്രത ശരിക്കും ചിത്രങ്ങൾക്ക് ത്രീഡി എഫക്ട് പൂർണമായും നൽകുന്നു. വളരെ സൂക്ഷ്മതയോടെ ചെയ്യേണ്ടുന്ന ആർട്ട് ഫോം ആയതുകൊണ്ടു തന്നെ എവിടെ വെച്ചെങ്കിലും തെറ്റുകൾ വന്നെന്നു മനസ്സിലായാൽ മുഴുവനായും വീണ്ടും ചെയ്തു തുടങ്ങേണ്ടതായി വരാറുണ്ടെന്നും ഓരോ വർക്കുകളും പൂർത്തീകരിക്കുമ്പോൾ താൻ വിചാരിച്ച രീതിയിൽ പൂർത്തിയാവുമ്പോൾ കിട്ടുന്ന ആത്മസംതൃപ്തി പറഞ്ഞറിയിക്കാൻ കഴിയാത്തതാണെന്നും ഒരു നിറപുഞ്ചിരിയോടെ സബിന പറഞ്ഞു വെക്കുന്നു .
എട്ടു വർഷത്തോളമായി ഷാർജയിൽ സ്ഥിര താമസമാക്കിയ സബിന മോഡൽ രംഗത്തും സജീവ സാന്നിധ്യമായിക്കൊണ്ടിരിക്കുകയാണ്.
സാബ് ക്വിൽ ആർട്ട് എന്ന പേരിൽ ഫേസ്ബുക് പേജ് വഴി ഉപഭോക്താവിന്റെ ഇഷ്ടാനുസരണം ചിത്രങ്ങൾ ചെയ്തു കൊടുക്കുന്ന തിരക്കിലാണിപ്പോൾ. യുവ കലാ സാഹിതി പ്രവർത്തകനായ ബിജുവാണ് നല്ല പാതി. അദ്ദേഹത്തിന്റെ പ്രോത്സാഹനവും സഹകരണവും പ്രശംസനീയവുമാണ്.
അതിരില്ലാത്ത ആകാശങ്ങൾ തന്റെ പരിശ്രമത്തിലൂടെ താണ്ടാനാവുമെന്നും വിജയം സുനിശ്ചിതമെന്നും വിശ്വസിക്കുന്ന സബിനയുടെ വലിയ ആഗ്രഹങ്ങളിലൊന്ന്
യു.എ.ഇയിൽ ഇതുവരെ അധികമാരും കണ്ടിട്ടില്ലാത്തത്ര വലിയ കാൻവാസിൽ കേരളീയരുടെ പൈതൃകമുണർത്തുന്ന തനത് കലാരൂപമായ കഥകളിയുടെ പേപ്പർ ക്വില്ലിംഗ് ആർട്ട് ചെയ്യണമെന്നുള്ളതാണെന്നും കൂട്ടിച്ചേർക്കുന്നു. കലയിൽ മാത്രമല്ല ജീവിതത്തിൽ തന്റെ എല്ലാ മേഖലകളിലും വ്യക്തിമുദ്ര പതിപ്പിക്കാൻ കഴിയട്ടെ.






