പോഗ്ബയുടെ പുറത്ത് റുഡിഗർ കടിച്ചു, ഞങ്ങൾ സുഹൃത്തുക്കൾ, പരാതിയില്ലെന്ന് പോഗ്ബ

പാരീസ്- യൂറോ കപ്പ് ടൂർണമെന്റിലെ മരണ ഗ്രൂപ്പായ ഗ്രൂപ്പ് എഫിൽ ഫ്രാൻസ്-ജർമനി പോരാട്ടത്തിൽ ജർമനിയുടെ പ്രതിരോധനിര താരം അന്റോണിയോ റുഡിഗർ ഫ്രാൻസിന്റെ മധ്യനിര താരമായ പോൾ പോഗ്ബയുടെ പുറത്ത് കടിച്ചു.  പോഗ്ബ റഫറിയോട് പരാതി പറഞ്ഞെങ്കിലും ആ സമയത്ത് അത് പരിശോധിച്ചില്ല. 
സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായെങ്കിലും ഇക്കാര്യത്തിൽ കൂടുതൽ നടപടികളുടെ ആവശ്യമില്ലെന്ന് പോഗ്ബ വ്യക്തമാക്കി. റുഡിഗറിന് ശിക്ഷ ലഭിക്കാൻ വേണ്ടിയല്ല താൻ പരാതിപ്പെട്ടതെന്നും മറിച്ച് ഇങ്ങനെയൊരു ശ്രമം എതിരാളിയുടെ ഭാഗത്ത് നിന്നും ഉണ്ടായെന്ന് ചൂണ്ടിക്കാണിക്കുക മാത്രമാണ് ചെയ്തതെന്നും പോഗ്ബ പറഞ്ഞു. 'ഞങ്ങൾ സുഹൃത്തുക്കളാണ്. ഇതൊരു വലിയ കാര്യവുമല്ല. നിങ്ങളെല്ലാവരും ടിവിയിൽ ദൃശ്യങ്ങൾ കണ്ടുവെന്ന് ഞാൻ കരുതുന്നു. അതു കഴിഞ്ഞു പോയ കാര്യമാണ്. അതിന്റെ പേരിൽ മഞ്ഞക്കാർഡിനോ ചുവപ്പുകാർഡിനോ വേണ്ടി കരയാൻ ഞാൻ ഒരുക്കമല്ല. ഞങ്ങൾ വളരെക്കാലമായി പരസ്പരം അറിയാവുന്നവരാണ്. കടിച്ചതു പോലെ എനിക്കു തോന്നിയതു കൊണ്ട് ഞാൻ റഫറിയോട് പറഞ്ഞു. തീരുമാനങ്ങൾ എടുക്കേണ്ട അദ്ദേഹം അതെടുക്കുകയും ചെയ്തു. റുഡിഗർക്ക് കാർഡൊന്നും ലഭിച്ചില്ല. മത്സരശേഷം അത് അവസാനിക്കുകയും ചെയ്തു. ഇതിന്റെ പേരിൽ താരത്തെ സസ്‌പെൻഡ് ചെയ്യണമെന്ന് എനിക്കു താൽപര്യമില്ല.' പോഗ്ബ വ്യക്തമാക്കി.
 

Latest News