ഒരു മില്യൺ മരം നടൽ പദ്ധതിയിൽ കൈകോർത്ത് ഇന്ത്യൻ അംബാസഡറും

ഖത്തർ ഗവൺമെന്റിന്റെ ഒരു മില്യൺ മരം നടൽ പദ്ധതിയുമായി സഹകരിച്ച് മഅ്മൂറ പാർക്കിൽ ഇന്ത്യൻ അംബാസഡർ ഡോ.ദീപക് മിത്തൽ മരം നടുന്നു.

ദോഹ - ഖത്തർ നടപ്പാക്കുന്ന ഒരു മില്യൺ മരം നടൽ പദ്ധതിയിൽ കൈകോർത്ത് ഇന്ത്യൻ അംബാസഡറും. ഒരു മില്യൺ മരം നടൽ പദ്ധതിയുമായി സഹകരിച്ച് മഅ്മൂറ പാർക്കിൽ മരം നട്ട് ഇന്ത്യൻ അംബാസഡറും ഇന്ത്യൻ കൾചറൽ സെന്ററും രംഗത്തെത്തി. ഖത്തറിന്റെ അഭിമാന ഹരിത പദ്ധതിൽ ഖത്തറിലെ ഏറ്റവും വലിയ വിദേശി സമൂഹം പങ്കെടുക്കുന്നത് ഏറെ പ്രാധാന്യത്തോടെയാണ് അധികൃതർ നോക്കി കാണുന്നത്. ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാർഷികാഘോഷമായ ആസാദി കാ അമൃത മഹോത്സവിന്റെ ഭാഗമായി പരിസ്ഥിതി ദിനാചരണത്തിൽ ഖത്തറിന്റെ വിവിധ ഭാഗങ്ങളിൽ 75 മരങ്ങൾ നട്ടുപിടിക്കുമെന്ന് ഇന്ത്യൻ കൾചറൽ സെന്റർ പ്രഖ്യാപിച്ചിരുന്നു. ഇന്ത്യൻ കൾചറൽ സെന്റർ പരിസരത്തും വിവിധ സ്‌ക്കൂളുകളിലും മരം നട്ടാണ് ഐ.സി.സി ഈ വർഷത്തെ പരിസ്ഥിതി ദിനാചരണം സവിശേഷമാക്കിയത്. പരിസ്ഥിതി കാമ്പയിനിന്റെ ഭാഗമായാണ് മുനിസിപ്പൽ പരിസ്ഥിതി മന്ത്രാലയത്തിലെ പബ്ളിക് പാർക്ക് ഡിപ്പാർട്ടുമെന്റുമായി സഹകരിച്ച് മഅ്മൂറ പാർക്കിൽ ഇന്നലെ മരം നട്ടത്.

ഇന്ത്യൻ അംബാസഡർ ഡോ.ദീപക് മിത്തൽ, എംബസി ഫസ്റ്റ് സെക്രട്ടറി സേവ്യർ ധനരാജ്, മുനിസിപ്പൽ പരിസ്ഥിതി മന്ത്രാലയത്തിലെ പബ്ളിക് പാർക്ക് ഡിപ്പാർട്ടുമെന്റിലെ അസിസ്റ്റന്റ് ഡയറക്ടർ മുഹമ്മദ് ഇബ്രാഹീം അൽ സാദ എന്നിവർ മരം നടലിൽ പങ്കാളികളായി. ഇക്കോ സിസ്റ്റം പുനഃസ്ഥാപിക്കുന്നതിനും ഖത്തറിൽ പച്ചപ്പ് പരത്തുന്നതിനുമുള്ള ശ്രമങ്ങളിൽ ഇന്ത്യൻ സമൂഹത്തിന്റെ പൂർണ സഹകരണണവും പങ്കാളിത്തവുമുണ്ടാകുമെന്ന് ചടങ്ങിൽ സംസാരിക്കവേ അംബാസഡർ ഉറപ്പുനൽകി. ഖത്തറിന്റെ വിവിധ ഭാഗങ്ങളിൽ ഒരു മില്യൺ മരങ്ങൾ നട്ടുപിടിപ്പിക്കാനുള്ള ശ്രമം ശ്ളാഘനീയമാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യൻ കൾചറൽ സെന്റർ പ്രസിഡണ്ട് പി.എൻ ബാബുരാജൻ, വൈസ് പ്രസിഡണ്ട് സുബ്രമണ്യ ഹെബ്ബഗലു, ജനറൽ സെക്രട്ടറി കൃഷ്ണകുമാർ, മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ അനീഷ് ജോർജ് മാത്യു, അഫ്സൽ അബ്ദുൽ മജീദ്, സജീവ് സത്യശീലൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

 

 

Latest News