Sorry, you need to enable JavaScript to visit this website.

തൻസി: ന്യൂസ് റൂമിനകത്തും പുറത്തും

അവതരണകലയെ പ്രൗഢമാക്കിയും ശബ്ദ ഗാംഭീര്യവും ഭാഷാചാരുതയും കൊണ്ട് ഗൾഫിലെ പ്രവാസികൾക്കിടയിൽ കഴിഞ്ഞ പത്തു വർഷമായി ഏറെ സുപരിചിതയാണ് തൻസി ഹാഷിർ. പ്രവാസികളിൽ വിശിഷ്യ യുഎഇയിലെ മലയാളികളിൽ അവരുടെ ജീവിതത്തിന്റെ ഭാഗമായ റേഡിയോ സംവിധാനത്തിലൂടെ ദിനേന കേട്ട് കൊണ്ടിരിക്കുന്ന തൻസിയുടെ ശബ്ദം നാടിന്റെയും പ്രവാസ ലോകത്തിലെയും സ്പന്ദനങ്ങൾ പ്രവാസികളുടെ മനസ്സിന്റെ അകത്തളങ്ങളിലേക്ക് ആഴത്തിൽ ഇറങ്ങുകയും കുളിർമ്മ പകരുകയും ചെയ്യുന്നു. 
ഏറ്റവും പുതിയ വാർത്തകൾ വേഗത്തിൽ എത്തിക്കുന്നതിൽ സാമൂഹ്യ മാധ്യമങ്ങളും ദൃശ്യ മാധ്യമങ്ങളും മൽസരിക്കുന്ന വർത്തമാനകാല സാഹചര്യത്തിലും റേഡിയോയെ ആശ്രയിക്കുന്നതിലൂടെ പ്രേക്ഷകർക്കു എന്നും പുതുമയുള്ള വാർത്തകളും കലാവിരുന്നുകളും സമ്മാനിക്കുന്നതിൽ തൻസിയുടെ മിടുക്കും വാക്ചാതുരിയും ശ്രോതാക്കൾ നെഞ്ചോട് ചേർക്കുന്നു. മരുഭൂമിയെ പ്രതീക്ഷയുടെ തുരുത്തായി പ്രവാസികൾക്ക് പരിചയപ്പെടുത്തുകയും പരിമിതികളിൽ പെട്ടുഴലാതെ പ്രവാസികളുടെ വ്യക്തിത്വ വികസനത്തിനും അതിലൂടെ സമൂഹ നന്മയ്ക്കും മലയാളക്കരയുടെ സമഗ്ര വികസനത്തിനും തന്റെ ചുറ്റുപാടുകളെ പാകപ്പെടുത്തുന്നതിൽ തൻസിയുടെ ഇടപെടൽ ഏറെ ശ്രദ്ധേയമാണ്. വിദ്യാർത്ഥിയായിരിക്കെ വാർത്തകളോടും മാധ്യമ പ്രവർത്തനത്തോടും ഏറെ തൽപരയായിരുന്ന തൻസിയുടെ അഭിരുചി മനസ്സിലാക്കിയ അധ്യാപകർ കൂടുതൽ പ്രചോദനം നൽകുകയും അതൊരു അഭിനിവേശമായി കൊണ്ട് നടക്കുകയും ചെയ്തു. കൊല്ലം വിമല ഹൃദയ ഗേൾസ് സ്‌കൂളിലും കൊല്ലം എസ്. എൻ വനിതാ കോളേജിൽ നിന്നും പഠനം പൂർത്തിയാക്കിയ തൻസി വിവാഹശേഷം 2001 ലാണ് ഭർത്താവിനോടൊപ്പം യു.എ.ഇ യിലെത്തുന്നത്. വർഷങ്ങൾക്കുശേഷം കുടുംബവുമൊത്ത് ഗൾഫിൽ കഴിയവേയാണ് തൻസി അവതരിപ്പിച്ച് സൂക്ഷിച്ചുവെച്ചിരുന്ന ചില വാർത്തകളും കൂട്ടത്തിൽ ബയോഡാറ്റയും അജ്മാനിൽ പ്രവർത്തിക്കുന്ന ഗോൾഡ് 101.3 എഫ്.എമ്മിലേക്ക് അയക്കുന്നത്.

2011 ലാണ് തൻസി ഗോൾഡ് 101.3 എഫ്.എമ്മിൽ എത്തുന്നത്. താൽക്കാലിക ഒഴിവിൽ അവസരം ലഭിച്ച തൻസിയുടെ പ്രാഗത്ഭ്യം കണ്ട് ജോലി സ്ഥിരപ്പെടുത്തുകയായിരുന്നു. അന്ന് ഗോൾഡ് 101.3 എഫ്.എമ്മിലുണ്ടായിരുന്ന ന്യൂസ് ഹെഡ് ബിജു ആബേൽ ജേക്കബ് നൽകിയ പിന്തുണയാണ് ഈ മേഖലയിൽ പിടിച്ചുനിർത്തിയത്. വാർത്താവതരണത്തോടുള്ള ആഭിമുഖ്യം മാത്രം പോര ഈ മേഖലയിൽ പിടിച്ചുനിൽക്കാൻ എന്ന് തിരിച്ചറിഞ്ഞ തൻസി പിന്നീടാണ് കേരള യൂനിവേഴ്സിറ്റിയിൽനിന്ന് ജേണലിസത്തിൽ ബിരുദാനന്തര ഡിപ്ലോമ കരസ്ഥമാക്കിയത്. സാമൂഹ്യ നന്മയ്ക്കും നീതിയുടെ പരിപാലനത്തിനും സാംസ്‌കാരിക മുന്നേറ്റത്തിനും കരുത്തേകാൻ സ്ത്രീകൾ മുഖ്യധാരയിൽ എത്തണമെന്ന ചിന്ത തൻസിയുടെ മനസ്സിൽ സദാ നിറഞ്ഞു നിന്നിരുന്നു. സ്ത്രീയിൽ അന്തർലീനമായ കഴിവ് സർഗാത്മാകത ആർജിച്ചിട്ടുള്ള പ്രാവീണ്യം എന്നിവ കണ്ടെത്തി പരിപോഷിപ്പിക്കുന്നതിലൂടെ ആത്മവിശ്വാസം വീണ്ടെടുക്കാനും അത് സമൂഹത്തിൽ വലിയ വിപ്ലവങ്ങൾ സൃഷ്ടിക്കുമെന്ന ധാരണയിൽ തന്നെ തൻസി ഏറ്റെടുത്ത ജോലിയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചു മുന്നേറുകയായിരുന്നു. വാർത്താവതാരക എന്നതിനേക്കാളുപരി യു.എ.ഇയിലെ സാമൂഹിക, സാംസ്‌കാരിക മണ്ഡലങ്ങളിൽ നിറസാന്നിധ്യമാണ് തൻസി മലയാള സാംസ്‌കാരിക പരിപാടികൾ യു.എ.ഇയിൽ അരങ്ങേറുമ്പോൾ വേദിയിലോ സദസ്സിലോ ഈ കരുത്തുറ്റ ശബ്ദം പ്രതീക്ഷിക്കാം. 2020 ജനുവരിയിൽ കേരള നിയമസഭാ മന്ദിരത്തിൽ നടന്ന രണ്ടാം ലോക കേരള സഭയിൽ യു.എ.ഇയിൽ നിന്നുള്ള പ്രത്യേക ക്ഷണിതാവായി പങ്കെടുത്തിരുന്നു തൻസി. സ്ത്രീകളടക്കമുള്ള പ്രവാസികളുടെ ശബ്ദം അധികാരികളുടെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിനായിരുന്നു തനിക്ക് ലഭിച്ച അവസരം ഇവർ ഉപയോഗപ്പെടുത്തിയത്. സമൂഹം മുദ്രചാർത്തിയ നിരാശയുടെ പടുകുഴിയിൽ നിന്ന് സ്ത്രീ സമൂഹത്തെ ഉയർത്തണമെങ്കിൽ ശക്തമായ ഇടപെടൽ അനിവാര്യമാണെന്ന് തെളിയിച്ച തൻസി ഹാഷിർ സംരംഭകത്വ വികസനം, വരുമാനം നേടിത്തരുന്ന മറ്റിതര ജോലികൾ എന്നിവയിലൂടെ സ്ത്രീ ശാക്തീകരണം സാധ്യമാകുമെന്ന് കാണിച്ചുകൊടുക്കുകയായിരുന്നു. ഓരോ സ്ത്രീയും അവരവരുടെ ലക്ഷ്യം എന്താണെന്ന് കണ്ടെത്തി ആ ലക്ഷ്യത്തിനായി പ്രവർത്തിക്കുകയും അതിലൂടെ സമൂഹത്തിന്റെ മുഖ്യ ധാരയിലേക്ക് എത്തപ്പെടുമെന്നു തൻസി വിശ്വസിക്കുന്നു.


കോവിഡ് കാലത്ത് പ്രതിസന്ധിയിൽ അകപ്പെട്ടവരെ സഹായിക്കുന്നതിനായി യു.എ.ഇയിൽ രൂപീകരിച്ച നോർക്ക ഹെൽപ്പ് ഡെസ്‌കുമായി ബന്ധപ്പെട്ടും സജീവമായിരുന്നു. പ്രളയദുരിതാശ്വാസത്തിനു വേണ്ടി ദുബായിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന ബിസിനസ് മീറ്റ് , ദുബായിൽ നടന്ന ലോക കേരള സഭ പശ്ചിമേഷ്യൻ മേഖലാ സമ്മേളനം, എൻ.ആർ.കെ എമേർജിംഗ് എന്റർപ്രണേഴ്‌സ് മീറ്റ് തുടങ്ങി കേരള സർക്കാരിന്റെ പ്രധാനപ്പെട്ട വിവിധ പരിപാടികൾ അവതരിപ്പിക്കാനും തൻസിക്ക് അവസരം ലഭിച്ചിരുന്നു.  ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിലെ ഗൗരവതരമായ സാഹിത്യ, സാംസ്‌കാരിക ചർച്ചകൾ നിയന്ത്രിക്കുന്നിടത്തും ഈ കരുത്തുള്ള ശബ്ദം കേൾക്കാം. യു.എ.ഇ എക്സ്ചേഞ്ച് ചിരന്തന മാധ്യമപുരസ്‌കാരം, ഡോ. എ.പി.ജെ 
അബ്ദുൽ കലാം ഇന്റർനാഷണൽ വിമൻസ് എക്സലൻസ് അവാർഡ്, ഗ്രീൻ വോയ്സ് സ്നേഹപുരം പുരസ്‌കാരം, റാക് യുവകലാസാഹിതി പുരസ്‌കാരം തുടങ്ങി നിരവധി അവാർഡുകളും കൊല്ലം പള്ളിമുക്ക് സ്വദേശിനിയായ തൻസിയെ തേടിയെത്തിയിട്ടുണ്ട്. ഭർത്താവ് ഹാഷിർ കോയക്കുട്ടി ദുബായിൽ എൻജിനീയറാണ്.

രണ്ട് പെൺമക്കൾ. മൂത്തമകൾ ലിയാന കൊല്ലം ടി.കെ.എം എൻജിനീയറിംഗ് കോളേജിൽ ഒന്നാം വർഷ ബി.ടെക് വിദ്യാർഥിനിയാണ്. ഇളയ മകൾ തഹാനി ഷാർജ ഔർ ഓൺ ഇംഗ്ലീഷ് സ്‌കൂളിൽ ഏഴാം ക്ലാസ് വിദ്യാർഥിനിയും. സി.പി.എം നേതാവ് എം. നൗഷാദ് എം.എൽ.എ, തൻസിയുടെ അമ്മാവനാണ്. 

Latest News