Sorry, you need to enable JavaScript to visit this website.

മല പോലെ, മഞ്ഞ് പോലെ, എം.ജി.ആർ

ഏകദേശം മൂന്ന് പതിറ്റാണ്ടോളം ഞാൻ ദൂരദർശനിൽ ജോലി ചെയ്തിരുന്നു: അസിസ്റ്റന്റ് സ്‌റ്റേഷൻ ഡയറക്ടർ തൊട്ട് അഡീഷനൽ ഡയറക്ടർ ജനറലിന്റെ പദവികൾ വരെ. പല സന്ദർഭങ്ങളിലും ജോലി സംബന്ധമായി പല സംഘർഷങ്ങളും നേരിടേണ്ടിവന്നിട്ടുണ്ട്. ഒരു നിമിഷത്തിനുളളിൽ ജീവൻ അവസാനിക്കുന്ന ഘട്ടം വരെ. പക്ഷേ, ഏറ്റവും കടുത്ത മാനസികസംഘർഷം അനുഭവിച്ചത് മദിരാശിയിൽ തമിഴ്‌നാട് മുഖ്യമന്ത്രി, എം.ജി.രാമചന്ദ്രനെ അഭിമുഖീകരിക്കേണ്ടി വന്നതിന്റെ തൊട്ടുമുമ്പുളള ഏകദേശം മുക്കാൽ മണിക്കൂർ സമയമായിരുന്നു: ഡിസംബറിലെ ഒരു പുലർവേളയിൽ, അദ്ദേഹത്തിന്റെ രാമാവരത്തുളള തോട്ടത്തിലെ വീട്ടിൽ. പുലർച്ചെ അഞ്ചേകാൽ തൊട്ട് ആറു മണിവരെ കാത്തിരിപ്പ് നീണ്ടു. അത്രയും സമയം എങ്ങനെ കഴിച്ചുകൂട്ടിയെന്ന് ഇപ്പോഴും ഓർക്കുമ്പോൾ കിടിലമാണ്. ജനലക്ഷങ്ങൾക്ക് അദ്ദേഹത്തോടുളള ആരാധന പല തവണ നേരിൽ കണ്ടതാണ്. അദ്ദേഹത്തിന് ദൂരദർശനോട് കഠിനമായ കോപം തോന്നാനുളള കാരണം തേടിയായിരുന്നു എന്റെ സന്ദർശനം. കോപം എന്നോട് പ്രകടിപ്പിച്ചാൽ എന്തു ചെയ്യണമെന്നറിയാത്തതായിരുന്നു അത്യൂൽക്കടമായ ആശങ്കയുടെ കാരണം. കാത്തിരിപ്പ് കഴിഞ്ഞ് അദ്ദേഹത്തെ നേരിൽ അഭിമുഖീകരിക്കേണ്ട ഘട്ടം വന്നപ്പോൾ, ഞാൻ തലചുറ്റിവീഴുമോ എന്നുപോലും ഭയന്നിരുന്നു.
കാത്തിരിപ്പിന് ശേഷം അദ്ദേഹം വീട്ടിലെ മുകളിലത്തെ നിലയിൽനിന്ന് താഴത്തെ നിലയിലെ മുറിയിലേക്ക് വിളിപ്പിച്ചപ്പോൾ കടന്നുചെന്ന ഉടനെ ഞാൻ തൊഴുതു. അദ്ദേഹം ഇരിക്കാൻ ആംഗ്യം കാണിച്ചു. കറുത്ത കണ്ണട ധരിച്ചിരുന്നതിനാൽ മുഖഭാവം വ്യക്തമല്ല. ഇരിക്കാതെ തന്നെ തൊഴുതുകൊണ്ട്, അടുത്തുചെന്ന് ഇംഗ്ലീഷിൽ  ഞാൻ പറഞ്ഞു,''ക്ഷമിക്കണം. തമിഴിൽ സംസാരിക്കാനറിയില്ല.''അദ്ദേഹം എഴുന്നേറ്റ് ചിരിച്ചുകൊണ്ട് എന്റെ പുറത്ത് തട്ടിക്കൊണ്ട് പറഞ്ഞു,''അതിനെന്താ? നമുക്ക് മലയാളത്തിൽ സംസാരിക്കാമല്ലൊ.'' 
ആ നിമിഷത്തിൽ എനിക്ക് തോന്നിയ ആശ്വാസം വാക്കുകളിൽ ഒതുങ്ങുകയില്ല. തുടർന്നങ്ങോട്ട് ഏകദേശം മുക്കാൽ മണിക്കൂറോളം നീണ്ട, ഞങ്ങൾ മാത്രമായിരുന്ന സംഭാഷണവും ആശ്വാസത്തിന്റെ ആകാശവാതായനങ്ങൾ തുറക്കുന്നതായിരുന്നു. അത്രയും സംഘർഷഭരിതമായ പശ്ചാത്തലത്തിലാണ് ഞാനദ്ദേഹത്തെ കാണുന്നത്. കൂടിക്കാഴ്ച കഴിഞ്ഞപ്പോൾ മനസ്സിന് തോന്നിയ ലാഘവവും സന്തോഷവും എക്കാലത്തും മറക്കാൻ പറ്റുന്നതല്ല. മല പോലെ വന്ന് മഞ്ഞ് പോലെ പോയ്മറഞ്ഞ ഒരനുഭവം. സംഘർഷഭരിതമായ ഒരു പ്രശ്‌നപരിഹാരത്തിന് അദ്ദേഹത്തെ കാണേണ്ടിവന്ന അനുഭവം വ്യത്യസ്തമായിരുന്നു. 


1980 ഡിസംബറിൽ ദക്ഷിണേന്ത്യൻ സിനിമയുടെ സുവർണജൂബിലി വിപുലമായ തോതിൽ സൗത്ത് ഇന്ത്യൻ ഫിലിം ചേംബർ ഓഫ് കൊമേഴ്‌സ് വളരെ ആഘോഷപൂർവം കൊണ്ടാടി. പ്രസിഡന്റ് നീലം സഞ്ജീവറെഡ്ഡിയായിരുന്നു ഉജ്വലമായ ചടങ്ങുകൾ വിളക്കുകൊളുത്തി ഉദ്ഘാടനം ചെയ്തത്. താരപ്രഭ മിന്നിയ ചടങ്ങിന്റെ അരമണിക്കൂർ നേരത്തെ റിപ്പോർട്ട്  ദൂരദർശൻ തമിഴിൽ സംപ്രേഷണം ചെയ്തത്  വലിയ പ്രേക്ഷകപ്രീതി നേടി. ദൂരദർശൻ കേന്ദ്രം ഡയറക്ടർ എസ്.കെ.കപൂർ ലീവിലായിരുന്നതിനാൽ പരിപാടികളുടെ ചുമതല ഡെപ്യൂട്ടി ഡയറക്ടറായ എനിക്കായിരുന്നു. ആഘോഷങ്ങളുടെ സംപ്രേഷണം കഴിഞ്ഞ്, രണ്ടുദിവസം കഴിഞ്ഞപ്പോൾ തമിഴ്‌നാട് ഗവണ്മെന്റിന്റെ ഇൻഫർമേഷൻ ആന്റ്്് പബ്ലിക് റിലേഷൻസ് ഡയറക്ടർ സുന്ദരം (സൗമ്യനും മാന്യനുമായ മുതിർന്ന ഐഎഎസ്  ഉദ്യോഗസ്ഥൻ) എന്നെ ഫോണിൽ വിളിച്ച് കരുതലോടെ ഇരിക്കണമെന്ന് ഉപദേശിച്ചു: തലൈവർ (മുഖ്യമന്ത്രി) റിപ്പോർട്ടിനെക്കുറിച്ച് അത്യന്തം കോപിഷ്ഠനാണ്. കാരണമെന്തെന്ന് ആർക്കും അറിയില്ല. ദൂരദർശൻ ബഹിഷ്‌ക്കരിക്കാനാണ് എല്ലാവർക്കും നിർദ്ദേശം നൽകിയിരിക്കുന്നത്.
സുന്ദരം തമിഴ്‌നാട് ഗവണ്മെന്റ് പ്രസിദ്ധീകരണമായ ഒരു തമിഴ്-ഇംഗ്ലീഷ് തിരുക്കുറൾ എനിക്ക് സമ്മാനിച്ചിരുന്നു. പിന്നീട് ഹിന്ദുവിൽ നിരൂപണത്തിന് കവി എസ്. രമേശൻ നായരുടെ ഹൃദ്യമായ തിരുക്കുറൾ പരിഭാഷ കിട്ടുന്നതുവരെ ഞാനത് ഇടയ്ക്കിടെ മറിച്ചു നോക്കാറുണ്ടായിരുന്നു. വിഷമം തോന്നുമ്പോൾ തിരുക്കുറൾ വായിക്കണമെന്ന് സുന്ദരം എന്നെ ഉപദേശിച്ചിരുന്നു. മുഖ്യമന്ത്രിയെ നേരിൽ കാണാൻ അവസരമുണ്ടാക്കിത്തരണമെന്ന് അദ്ദേഹത്തോടും, മുഖ്യമന്ത്രിയുടെ സെക്രട്ടറി ശിവശൈലത്തോടും അഭ്യർത്ഥിച്ചു. അവർ നിസ്സഹായത പ്രകടിപ്പിച്ചു. ദൂരദർശൻ എന്ന് കേട്ടാൽ തന്നെ അദ്ദേഹത്തിന് കലി വരും എന്നവർ പറഞ്ഞു. ദൂരദർശൻ വാർത്തകൾക്കായി തമിഴ്‌നാട് ഗവണ്മെന്റിന്റെ പരിപാടികൾ കവർ ചെയ്യുമ്പോൾ സംസ്ഥാനമന്ത്രിമാർ പങ്കെടുക്കാതായി. മാത്രവുമല്ല, സംസ്ഥാനഗവണ്മെന്റിന്റെ ഒരു ചടങ്ങ് കവർ ചെയ്യാനെത്തിയ ദൂരദർശൻ ക്യാമറാമാനെ പൊലീസുകാർ അടിച്ചു, ദേഹോപദ്രവമേൽപിച്ചു. അതിനാൽ അവർ പ്രതിഷേധസൂചകമായി പണിമുടക്കുമെന്നറിയിച്ചു. ദൂരദർശൻ കേന്ദ്രത്തിലേക്കുളള വെളളവും വൈദ്യുതിയും വിച്ഛേദിക്കുമെന്ന ഭീഷണിയും കേട്ടു. സംസ്ഥാനമാണല്ലൊ കേന്ദ്രഗവണ്മെന്റ് സ്ഥാപനങ്ങൾക്ക് വെളളവും വൈദ്യുതിയും മറ്റ് സൗകര്യങ്ങളും നൽകുന്നത്.  അതീവ ദുർഘടമായ കേന്ദ്ര-സംസ്ഥാന ബന്ധങ്ങളെത്തന്നെ ബാധിക്കുന്ന സ്ഥിതിവിശേഷം. ഓഫീസിലാകെ മൂകമായ അന്തരീക്ഷം.  മദിരാശിയിലെ അക്കാലത്തെ മികച്ച ആശുപത്രിയായിരുന്നു കൊല്ലത്തുകാരനായ ഡോ. കെ. ജഗദീശന്റെ ഉടമസ്ഥതയിലുളള കെ.ജെ.ഹോസ്പിറ്റൽ. അതിവിദഗ്ധ ഭിഷഗ്വരനും സദാ ആതുരസവനസന്നദ്ധനും മനുഷ്യസ്‌നേഹത്തിന്റെ നിറകുടവുമായ ഡോക്ടറുടെ ഭാര്യ മീര കണ്ണൂർക്കാരിയാണ്. അതിഥി സൽക്കാരപ്രിയരായ അവരുടെ വീട്ടിൽ ഞങ്ങൾ ഇടയ്ക്കിടെ പോകാറുണ്ടായിരുന്നു. കുട്ടികൾക്ക് അസുഖം വന്നാൽ വിദഗ്ധ ചികിത്സ കിട്ടുമെന്നതിനാൽ അവിടെയാണ് കൊണ്ടുപോകുന്നത്. വിഷമഘട്ടത്തിലൊരു ദിവസം വൈകുന്നേരം വീട്ടിലെത്തിയപ്പോൾ, കൂനിന്മേൽ കുരുവായി ഇളയമകൻ വിശ്വനാഥന് അസുഖം. ഉടനെ കെ.ജെ.ഹോസ്പിറ്റലിലെത്തി. മറ്റൊരു ഡോക്ടർ മകനെ കൂട്ടിക്കൊണ്ടുപോയി പരിശോധിക്കുമ്പോൾ എന്റെ മുഖത്തെ വിഷമം വായിച്ചെടുത്ത ഡോ. ജഗദീശനെ ഞാൻ കാരണമറിയിച്ചു. അദ്ദേഹം സമാശ്വസിപ്പിച്ചു: ''എം.ജി.ആറിനെ നേരിൽ കാണാൻ തരപ്പെടുത്തിയാൽ ഈ വിഷമം തീരുമല്ലോ. ഞാനതിന് ഏർപ്പാടാക്കാം. കഴിയുമെങ്കിൽ ഇന്നു തന്നെ....സമാധാനമായിരിക്കൂ.'' ഡോക്ടറുടെ വാക്കുകളിൽ പൂർണ വിശ്വാസം വന്നിരുന്നില്ല. പക്ഷേ, അദ്ദേഹത്തിന്റെ പേര് കൂടിക്കാഴ്ച ഏർപ്പെടുത്തിയതിന് ഒരിക്കലും പുറത്തുപറയരുതെന്ന് നിഷ്‌ക്കർഷിച്ചു. അർധരാത്രി പന്ത്രണ്ടായപ്പോൾ ഇന്ദിരാ നഗറിലെ ഞങ്ങളുടെ ഗവണ്മെന്റ് ക്വാർട്ടേഴ്‌സിലെ ഫഌറ്റിൽ തുടർച്ചയായി കാളിംഗ് ബെല്ലടിക്കുന്നു. പുറത്ത് യൂണിഫോമിട്ട ഏതാനും പൊലീസ് ഉദ്യോഗസ്ഥന്മാർ! ഭാര്യ ഞെട്ടിവിറച്ചു. വാതിൽ തുറന്നപ്പോൾ പൊലീസുദ്യോഗസ്ഥന്മാർ നിരന്നുനിന്ന് സല്യൂട്ട്  ചെയ്തു. ആശ്വാസമായി. പുലർച്ചെ അഞ്ചര മണിക്ക് രാമാവരത്തെ തോട്ടത്തിൽ എം.ജി.ആർ എന്നെ കാണാമെന്നറിയിച്ചിട്ടുണ്ട്. തമിഴ്‌നാട് പോലീസ് വാഹനം നാലര മണിക്ക് എന്നെ കൂട്ടിക്കൊണ്ട് പോകാനെത്തും. അഞ്ചേകാലിനു തന്നെ എം.ജി.ആറിന്റെ വീട്ടിലെത്തി. ആ പുലർകാലസന്ധ്യയിലും പറമ്പിൽ നിറയെ ആൾക്കൂട്ടം. ഏറ്റവും ഉളളിലെ സ്വീകരണമുറിയിലേക്ക് ഞാൻ ആനയിക്കപ്പെട്ടു. രണ്ടു തമിഴ്‌നാട് മന്ത്രിമാർ അവിടെ മുമ്പേ എത്തി കാത്തിരിപ്പുണ്ടായിരുന്നു. ദൂരദർശനിൽ ഇടയ്ക്കിടെ പരിപാടികൾക്ക് വരുന്നതിനാൽ, എന്നെ അറിയുന്നവരെങ്കിലും അവർ മുഖം തിരിച്ചു; പുരശ്ചിത്തലൈവർക്ക് ദൂരദർശനോടുളള അകൽച്ച സുപ്രസിദ്ധം.മുൻപെഴുതിയ പോലെ അദ്ദേഹത്തിന്റെ അടുത്തുളള കസേരയിൽ ഞാനിരുന്നു. ഞങ്ങളുടെ സംഭാഷണം ഏകദേശം മുക്കാൽ മണിക്കൂറോളം നീണ്ടു. ആ സമയമത്രയും, ഞങ്ങൾ മാത്രമുളളപ്പോൾ, അദ്ദേഹം മലയാളത്തിൽ മാത്രമേ സംസാരിച്ചുളളു. ദൂരദർശൻ കേന്ദ്രത്തോടുളള കോപത്തിന്റെ കാരണം അദ്ദേഹം വിശദീകരിച്ചു: ഫിലിം ചേംബറിന്റെ ചടങ്ങിന് പ്രസിഡന്റ് തിരികൊളുത്താനുപയോഗിച്ച കുത്തുവിളക്ക് കയ്യിൽ കൊടുത്ത അമ്മുവിനെ നിങ്ങളുടെ ആളുകൾ മനഃപൂർവ്വം ഒഴിവാക്കി. അമ്മുവെന്ന് അദ്ദേഹം ഉദ്ദേശിച്ചത് ജയലളിതയെ ആണെന്ന് പിന്നീടുളള സംസാരത്തിൽനിന്ന് മനസ്സിലായി. 'ആ തെറ്റ് തിരുത്തണം: നിങ്ങൾ മനസ്സിരുത്തിയാൽ നടക്കുമെന്നറിയാം.' 
വലിയ തമിഴ് നായിക നടിയായ അവരെ ആരോ കരുതിക്കൂട്ടി ഒഴിവാക്കിയതാണെന്നായിരുന്നു അദ്ദേഹത്തിന്റെ അറിവ്. കൂടാതെ അവർ എ.ഐ.എ.ഡി.എംകെയുടെ പ്രൊപ്പഗാൻഡ സെക്രട്ടറിയുമായിരുന്നു. ദൂരദർശൻ കേന്ദ്രത്തിലെ ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥരെപ്പറ്റിയെല്ലാം അദ്ദേഹത്തിനറിയാമായിരുന്നു. അദ്ദേഹത്തിന്റെ വർത്തമാനം സൗമ്യവും മധുരവുമായിരുന്നു. ദൂരദർശൻ ബഹിഷ്‌ക്കരണം അവസാനിപ്പിക്കണമെന്നും 1981 ജനുവരി 10-ാം തീയതി മുതൽ മധുരയിൽ നടക്കുന്ന ലോക തമിഴ് സമ്മേളനത്തിന്റെ കവറേജിന് വേണ്ട ഒരുക്കങ്ങൾ മുൻകൂട്ടി ചെയ്യാനുളള സഹായങ്ങൾ വേണമെന്നും ഞാൻ അഭ്യർത്ഥിച്ചു. ലോക തമിഴ് സമ്മേളനം വേണ്ട രീതിയിൽ കവർ ചെയ്യുന്നതിന് ഒ.ബി വാനും അറുപതോളം സാങ്കേതികവിദഗ്ധരടക്കമുളള ഉദ്യോഗസ്ഥരും മധുരയിൽ പോയി താമസിക്കണം. അത് സംസ്ഥാനസർക്കാർ വിചാരിച്ചാലേ പറ്റൂ. അദ്ദേഹം ഉടനെ തന്നെ അതിനകം അവിടെ  എത്തി  പുറത്ത് കാത്തുനിന്നിരുന്ന മന്ത്രി ആർ.എം.വീരപ്പനെ ഉള്ളിൽ വിൡപ്പിച്ചു. ദൂരദർശനുമായുളള പരിഭവമെല്ലാം അവസാനിച്ചതായി അറിയിച്ചു. എനിക്കെന്ത് ആവശ്യമുണ്ടെങ്കിലും, ആർ.എം.വീരപ്പനെയോ അദ്ദേഹവുമായി നേരിട്ട് ബന്ധപ്പെടാൻ ഏറ്റവുമടുത്ത സഹായിയെയോ സമീപിക്കാമെന്നു പറഞ്ഞ് ഫോൺ നമ്പർ തന്നു. ഞാൻ യാത്ര പറയാനൊരുങ്ങുമ്പോൾ വിലക്കി, വീട്ടിൽ ആദ്യം വരുന്നവർ ഭക്ഷണം കഴിച്ചിട്ടേ പോകാവൂ എന്ന് നിഷ്‌ക്കർഷയുണ്ടെന്നും കുറച്ചുനേരം കാത്തിരുന്ന് കൂടെയിരുന്ന് ഭക്ഷണം കഴിക്കാമെന്നും പറഞ്ഞു. പ്രാതൽ വിഭവസമൃദ്ധമായിരുന്നു. ഇഡ്ഢലിയും വടയും പലതരം ചമ്മന്തികളും. ഓരോ ചമ്മന്തിയുടെയും സവിശേഷത അദ്ദേഹം പറഞ്ഞുതന്ന് കഴിക്കാൻ നിർബന്ധിച്ചു. 
ഓഫീസിൽ എത്തിയതിനുശേഷം ആദ്യം ചെയ്തത് ജയലളിത കുത്തുവിളക്ക് പ്രസിഡന്റിന് കൈമാറുന്ന ഷോട്ടുകൾ ഉണ്ടോ എന്ന് പരിശോധിക്കുകയും ഡോ. ജഗദീശനെ ഫോണിൽ വിളിച്ച് ആഹ്ലാദവും നന്ദിയും അറിയിക്കുകയുമായിരുന്നു. ഭാഗ്യം, ഫിലിമിന്റെ ഷോട്ടുകൾ കളഞ്ഞിട്ടില്ല. പരിപാടിയിൽ ഉപയോഗിക്കാത്ത എൽജി ഫിലിമിലെ ഷോട്ടുകൾ ഉപയോഗിച്ച് എങ്ങനെ മുഖ്യമന്ത്രിയുടെ ആജ്ഞ നിറവേറ്റാമെന്ന് സഹപ്രവർത്തകരായിരുന്ന കെ.എസ്. (ഗോപാലി) നാരായണസ്വാമി, എസ്.സമ്പത്ത്കുമാർ എന്നിവരുമായി കൂടിയാലോചിച്ചു. അവ ഉൾപ്പെടുത്തി അടുത്ത ഞായറാഴ്ച പരിപാടി പുനഃസംപ്രേഷണം നടത്താമെന്ന് അവർ ഏറ്റു. അവരത് ഭംഗിയായി എഡിറ്റ് ചെയ്ത് സംപ്രേഷണം നടത്തി. അദ്ദേഹം അത് കണ്ടുവെന്നും സന്തോഷം പ്രകടിപ്പിച്ചുവെന്നും ഉദ്യോഗസ്ഥന്മാർ എന്നെ അറിയിച്ചു. ആ കൂടിക്കാഴ്ചയ്ക്ക് ശേഷം എവിടെ വച്ച് കണ്ടാലും എം.ജി.ആർ എന്നെ അടുത്തുവിളിച്ച് കുശലാന്വേഷണം നടത്താറുമുണ്ടായിരുന്നു.
അവസാനമായി അദ്ദേഹത്തിന്റെ കൂടെ മദിരാശിയിൽ നിന്ന് വെല്ലൂരിലേക്ക്  അവിടുത്തെ ലോ പവർ ട്രാൻസ്മിറ്റർ ഉദ്ഘാടനം ചെയ്യാൻ 1984 ജൂലായ് മാസത്തിൽ ഹെലികോപ്ടറിൽ നടത്തിയ യാത്രയുടെ (എന്റെ ആദ്യത്തെയും അവസാനത്തെയും ഹെലികോപ്ടർ യാത്ര!) കാര്യം എടുത്തുപറയേണ്ടതുണ്ട്. കേന്ദ്രമന്ത്രി ബി. ശങ്കരാനന്ദിനെ അനുഗമിക്കാനായിരുന്നു എന്റെ നിയോഗം. ഹെലികോപ്ടറിൽ നിന്നിറങ്ങിയ എന്റെ ചുമലിൽ ചേർത്തുപിടിച്ച് എം.ജി.ആർ ചോദിച്ചു,''ഇവിടെ നിങ്ങൾക്ക് വേണ്ടി ഞാൻ എന്തെങ്കിലും ഏർപ്പാട് ചെയ്യണോ?'' ഒന്നും വേണ്ടെന്നും സഹപ്രവർത്തകർ അവിടെ നേരത്തേയെത്തി എല്ലാം ഏർപ്പാട് ചെയ്തിട്ടുണ്ടെന്നും പറഞ്ഞപ്പോഴാണ് അദ്ദേഹം പോയത്. അത് കഴിഞ്ഞ് ആളുകൾ  എന്നെ പൊതിയുകയായിരുന്നു. ചിലർ അദ്ദേഹം തൊട്ട എന്റെ ചുമലിൽ തൊട്ട് മുത്തംവെച്ചു. ചിലർ കാൽക്കൽ വീണു: അത് എം.ജി.ആറിനോടുള്ള ആരാധനയായിരുന്നു.
മദിരാശിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് സ്ഥലം മാറ്റമായി വരുമ്പോൾ, രോഗബാധിതനായിരുന്നതിനാൽ എം.ജി.ആറിനെ നേരിട്ട് കണ്ട് യാത്ര പറയാനും അനുഗ്രഹം തേടാനും കഴിഞ്ഞില്ലെന്ന മനസ്താപം ഇപ്പോഴും ബാക്കി.

Latest News