Sorry, you need to enable JavaScript to visit this website.

പാലക്കാട്ടെ 'വിസ്മയതുമ്പത്ത്'  

ജീവിതത്തിൽ എന്നെങ്കിലും പ്രണയിച്ചവർക്ക് പ്രത്യേക അനുഭൂതി പകരുന്ന കാഴ്ചയാണ് ജൂണിലെ മഴത്തുള്ളികൾ. പോയ് മറഞ്ഞ മധുരം തുളുമ്പിയ നാളുകളിലേക്ക്  മനസ്സു കൊണ്ട് വീണ്ടും വിരുന്ന് പോകാൻ പ്രേരിപ്പിക്കുന്ന ഋതുഭേദം. ചങ്ങമ്പുഴയുടെ രമണനിലെ പോലെയുള്ള പ്ലാറ്റോണിക്  ലൗ ഒന്നും ഇക്കാലത്ത് കാണാനില്ലെന്ന് പറഞ്ഞവർക്കൊക്കെ മാറ്റിയെഴുതാൻ കാലമായി. പുതിയ തലമുറ വളരെ പ്രായോഗികമായാണ് കാര്യങ്ങൾ കാണുന്നതെന്ന് പഴിക്കുന്നവർ കണ്ണു തുറന്ന് ചുറ്റും നോക്കുക. 2004ൽ പുറത്തിറങ്ങിയ ഫാസിൽ ചിത്രമാണ് വിസ്മയതുമ്പത്ത്. മനശ്ശാസ്ത്ര ത്രില്ലർ എന്നൊക്കെ വിശേഷിപ്പിച്ച സിനിമ ബോക്‌സ് ഓഫീസിൽ ഫ്്‌ളോപ്പായിരുന്നു. മോഹൻലാലും നയൻതാരയുമൊക്കെ ലീഡ് റോളിൽ. ലാലിനോട് തൊട്ടുരുമ്മി നിൽക്കുമ്പോഴും ഇതിലെ നയൻതാരയുടെ കഥാപാത്രത്തെ മറ്റാർക്കും കാണാനാവില്ല. മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുകയാണ് നെന്മാറയിലെ റഹ്്മാൻ-സജിത കഥ. ഏഷ്യാനെറ്റ്, മനോരമ ന്യൂസ്, ന്യൂസ് 18, മാതൃഭൂമി, ജനം, മീഡിയാ വൺ എന്നു വേണ്ട സകല ചാനലുകളിലും ഓൺ ലൈൻ മീഡിയയിലും ഇതു സംബന്ധിച്ച റിപ്പോർട്ടുകളേയുള്ളു. കോവിഡ് ബാധിച്ച് പേജുകൾ കുറഞ്ഞ പത്രങ്ങൾ പഴയ കാലത്തെ പോലെ വൈവിധ്യമാർന്ന കഥകൾ മെനഞ്ഞെടുക്കുന്നില്ലെന്നത് ആശ്വാസം. കൊടകര കുഴൽ, വയനാട് മുട്ടിലിലെ കാട്  വെളുപ്പിക്കൽ പോലുള്ള സെൻസിറ്റീവ് ഇഷ്യുകൾ കൈകാര്യം ചെയ്യുന്നതിലും സേഫ് പാലക്കാട്ടെ ഷാജഹാൻ-മുംതാസ് വിശേഷങ്ങൾ വിളമ്പുന്നതാണ്. മർമം നോക്കാനില്ല, എവിടെയും എങ്ങനെയും പ്രയോഗിക്കാം. 
2010 ഫെബ്രുവരി രണ്ടാം തീയതി മേമയുടെ വീട്ടിലേക്ക് പഞ്ചാമൃതവുമായി പോയ സജിതയെന്ന പെൺകുട്ടിയെ കാണാതായത് മുതലാണ് സംഭവങ്ങളുടെ തുടക്കം.  പെൺകുട്ടിയെ കാണാതായതോടെ വീട്ടുകാർ പോലീസിൽ പരാതി നൽകി. എത്ര അന്വേഷണം നടത്തിയിട്ടും പോലീസിന് പെൺകുട്ടിയെ കണ്ടെത്താൻ സാധിച്ചില്ല. പാലക്കാട് അയിലൂർ കാരക്കാട്ട് പറമ്പിൽ കാണാതായ യുവതിയെ ആരോരുമറിയാതെ പത്ത്്  വർഷം  അയൽ വീട്ടിലെ  യുവാവ് ഒളിവിൽ സംരക്ഷിച്ച്, ആരോരുമറിയാതെ വീട്ടിലെ ഒരു മുറിയിൽ യുവതിയെ ഒളിപ്പിച്ച് താമസിപ്പിക്കുകയായിരുന്നു യുവാവ്. യുവതി അയൽ വീട്ടിലുണ്ടെന്ന് ഇക്കാലമത്രയും  വീട്ടുകാർ കണ്ടെത്തിയില്ല. യുവതി ഒളിച്ചിരുന്ന വീട്ടിലെ ആളുകൾ പോലും യുവതിയുടെ സാന്നിധ്യം മനസിലാക്കിയില്ല.   
അയിലൂർ കാരക്കാട്ടുപറമ്പ് മുഹമ്മദ് ഖനിയുടെ മകൻ റഹ്മാനാണ് (34) സമീപവാസിയായ വേലായുധന്റെ മകൾ സജിതയെ (28) ഒറ്റമുറി വീട്ടിൽ ഇത്രയും കാലം ഒളിപ്പിച്ചത്.  24കാരനായ റഹ്മാൻ  18കാരിയായ സജിതയുമായി പ്രണയത്തിലായിരുന്നു. വീട്ടുകാർ വിവാഹത്തിന് സമ്മതിക്കില്ലെന്ന് ഇരുവർക്കും ഉറപ്പായിരുന്നു. തുടർന്ന് സജിത ആരോടും പറയാതെ വീടുവിട്ടിറങ്ങി റഹ്മാന്റെയടുത്തെത്തി.
റഹ്മാൻ ആരുമറിയാതെ സജിതയെ വീട്ടിൽ കയറ്റി. ചെറിയ വീട്ടിൽ ശൗചാലയം പോലുമില്ലാത്ത മുറിയിലാണ് റഹ്മാന്റെ അച്ഛനും അമ്മയും സഹോദരങ്ങളും പോലുമറിയാതെ യുവതി ഇത്രയും കാലം താമസിച്ചത്. യുവാവ് പുറത്തിറങ്ങുമ്പോഴെല്ലാം മുറി പ്രത്യേകതരം ലോക്കുപയോഗിച്ച് പൂട്ടും. ജനലിന്റെ പലക നീക്കിയാൽ പുറത്തുകടക്കാൻ കഴിയുന്ന സംവിധാനവുമുണ്ട്. ഇതുവഴി ഭക്ഷണമെത്തിക്കും. 
രാത്രി ആരുമറിയാതെ പുറത്തുകടന്നാണ് യുവതി പ്രാഥമിക കാര്യങ്ങൾ നിർവഹിച്ചിരുന്നത്. സജിതയെ കാണാനില്ലെന്ന് ബന്ധുക്കൾ പരാതി നൽകിയതിനെ തുടർന്ന് റഹ്മാനെ ഉൾപ്പെടെ ചോദ്യം ചെയ്തിരുന്നെങ്കിലും പോലീസിന് തുമ്പൊന്നും ലഭിച്ചിരുന്നില്ല.
ഇലക്ട്രീഷ്യനായ റഹ്മാൻ ഇക്കഴിഞ്ഞ മാർച്ചിൽ ജോലിക്കെന്ന് പറഞ്ഞ് വീടുവിട്ടിറങ്ങി. വിത്തിനശേരിയിൽ വാടക വീടെടുത്ത് സജിതയെ രഹസ്യമായി കൊണ്ടുവന്ന് താമസം തുടങ്ങി. ദിവസങ്ങൾ പിന്നിട്ടിട്ടും ഇയാളെ കുറിച്ച് വിവരം ലഭിക്കാത്തതിനാൽ ബന്ധുക്കൾ പോലീസിൽ പരാതി നൽകി. മൂന്നുമാസം അന്വേഷണം നടത്തിയെങ്കിലും പോലീസിന് കണ്ടെത്താനായില്ല. ലോക് ഡൗണിനിടെ സഹോദരൻ നെന്മാറയിൽ വെച്ച് അവിചാരിതമായി റഹ്മാനെ കണ്ടു. വാഹന പരിശോധന നടത്തിയിരുന്ന പോലീസിനെ വിവരമറിയിച്ചതോടെ റഹ്മാനെ കസ്റ്റഡിയിലെടുത്തു. തുടർന്ന് സജിതയെയും കണ്ടെത്തി. ഇരുവരെയും പോലീസ് ആലത്തൂർ കോടതിയിൽ ഹാജരാക്കി. 
റഹ്മാനൊപ്പം താമസിക്കാനാണ് താൽപര്യമെന്നും പരാതിയില്ലെന്നും സജിത പറഞ്ഞതോടെ ഇരുവരെയും കോടതി വിട്ടയച്ചു. ഈ കഥയിലെ കാമുകിയ്ക്ക്് എത്രയും  പെട്ടെന്ന്് ആരോഗ്യം വീണ്ടെടുക്കാനുള്ള സൗകര്യങ്ങളേർപ്പെടുത്തണം. സുരക്ഷിത താവളമൊരുക്കാനുള്ള കഥാനായകന്റെ സിദ്ധി നമ്മുടെ ഭരണകൂടങ്ങൾ പ്രയോജനപ്പെടുത്തുകയും വേണം. ഒരു കാര്യത്തിൽ റഹ്്മാനെ  അഭിനന്ദിക്കാം. മുംബൈ സെൻട്രലിലെ  മറാത്ത മന്ദിർ ടാക്കീസിൽ ദിൽവാലെ ദുൽഹനിയ ലേ ജായേംഗെ  സിനിമ തുടർച്ചയായി കളിച്ചതിലും അധികം കാലം പ്രണയം നീണ്ടിട്ടും യുവതിയെ അയാൾ ഉപദ്രവിച്ചില്ലല്ലോ. മറൈൻ ഡ്രൈവിലെ ആഡംബര ഫഌറ്റിലെ കാമുകിയേക്കാൾ എത്രയോ ഭാഗ്യവതിയാണ് ഈ കുട്ടി. 
*** *** ***
പാലക്കാട് നെന്മാറയിലേത് സാധാരണ കുടുംബത്തിലെ വിശേഷം. ദക്ഷിണേന്ത്യയിലെ തലയെടുപ്പുള്ള നായികയുടെ ഇപ്പോഴത്തെ കാമുകനാരെന്ന്് അവർക്ക് മാത്രമേ അറിയൂ. താരത്തെ സ്വന്തമാക്കാൻ ഒരു വിദ്വാൻ മുപ്പത് കോടി മുടക്കി ആദ്യ ഭാര്യയെ ഡിവോഴ്‌സ് ചെയ്തതൊക്കെ ചരിത്രം. ബോളിവുഡിലാണെങ്കിൽ കഥ പറയാനുമില്ല. ഡേറ്റിംഗും പ്രാക്ടിക്കലുമൊക്കെ കഴിഞ്ഞ ശേഷമാണ് ഗോസിപ്പുകാരെ വിളിച്ച് വാർത്തയാക്കാൻ പറയുന്നത്. പിന്നിട്ട വാരത്തിൽ കത്രീന കൈഫിന്റെ പ്രണയ കഥയാണ് പുറത്തായത്. ബോളിവുഡ് നടി കത്രീന കൈഫും യുവതാരം വിക്കി കൗശലും തമ്മിൽ പ്രണയത്തിലാണെന്ന് മുമ്പും വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ, താരങ്ങളുടെ ഭാഗത്ത് നിന്ന് ഇതിനെപ്പറ്റി സ്ഥിരീകരണമൊന്നുമുണ്ടായിട്ടില്ല. ഇപ്പോഴിതാ, ഇരുവരും തമ്മിലുള്ള ബന്ധത്തെ കുറിച്ചുള്ള വാർത്തകളാണ് വീണ്ടും വരുന്നത്. അടുത്തിടെ സോണി എന്റർടെയിൻമെന്റ്  ചാനലുമായുള്ള അഭിമുഖത്തിൽ  ഹർഷ് വർധൻ കപൂറാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ബോളിവുഡിലെ യഥാർഥ പ്രണയബന്ധങ്ങളെ കുറിച്ച് പറയാമോ എന്ന ചോദ്യത്തിന് ഹർഷ് വർധൻ കത്രീനയെയും വിക്കി കൗശലിനെയുമാണ് പരാമർശിച്ചത്.
‘വിക്കിയും കത്രീനയും ഒരുമിച്ചാണ്, അത് ശരിയായ ശ്രുതിയാണ്. ഇത് പറഞ്ഞതിൽ ഞാൻ കുഴപ്പത്തിലാകുമോ? എനിക്കറിയില്ല. അവർ ഇതിനെക്കുറിച്ച് പുറത്തറിയിക്കുമെന്ന് ഞാൻ കരുതുന്നു,' എന്നാണ് ഹർഷ് വർധൻ കപൂർ പറഞ്ഞത്. 2019ൽ വിക്കി കൗശലും കത്രീന കൈഫും മുംബൈയിൽ ഒരുമിച്ച് ഡിന്നറിനെത്തിയ ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ മുമ്പ് പ്രചരിച്ചിട്ടുണ്ട്. 2018ൽ കരൺ ജോഹറിന്റെ കോഫി വിത്ത് കരൺ 6ന്റെ എപ്പിസോഡിൽ കത്രീന കൈഫ് വിക്കി കൗശലിനൊപ്പം അഭിനയിക്കുന്നതിനെ കുറിച്ച് പരാമർശം നടത്തിയതാണ് ഗോസിപ്പുകൾക്ക് തുടക്കമിട്ടത്. 
*** *** ***
ലക്ഷദ്വീപ് സ്വദേശിയും സിനിമാ പ്രവർത്തകയുമായ ആയിഷ സുൽത്താന എത്ര മനോഹരമായ മലയാളത്തിലാണ് ചാനൽ ചർച്ചകളിൽ സംസാരിക്കുന്നത്? കേരളത്തിലെ ഏതെങ്കിലും പ്രദേശത്തുകാരിയായിരുന്നെങ്കിൽ ലോക്കൽ സ്ലാംഗ് കടന്നു കൂടുമായിരുന്നു. ദ്വീപിന്റെ ഭാഷയായ മഹലിന്റെ സ്വാധീനവുമില്ല. സംവാദങ്ങളിൽ പാനലിസ്റ്റുകളെ ബഹുമാനിച്ചാണ് അവതരണം.  ചാനൽ ചർച്ചയ്ക്കിടെ കടന്നു വന്ന ബയോ വെപ്പൺ പ്രയോഗമാണ് കുഴപ്പമായത്.  ബയോ വെപ്പൺ പരാമർശത്തിന്റെ പേരിൽ ലക്ഷദ്വീപ് ബിജെപി അധ്യക്ഷന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ആയിഷയ്ക്ക് എതിരെ രാജ്യദ്രോഹത്തിന് കവരത്തി പോലീസ്  124 എ, 153 ബി എന്നീ വകുപ്പുകൾ ചേർത്ത്് കേസെടുത്തിരിക്കുന്നത്. ചാനൽ ചർച്ചയിൽ പങ്കെടുത്ത ബിജെപി പ്രതിനിധി പരാമർശം പിൻവലിക്കണമെന്ന്  ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ആയിഷ തയ്യാറായില്ല. തുടർന്നാണ് കേന്ദ്രസർക്കാരിനെതിരെ രാജ്യദ്രോഹ പരാമർശം നടത്തിയെന്ന് ആരോപിച്ച് കേസെടുത്തത്. ഇതിത്ര വിവാദമാകാൻ അവസരം നൽകാതെ അവതാരകന് തിരുത്തിക്കാവുന്നതേ ഉണ്ടായിരുന്നുള്ളു.  ദ്വീപിൽ കോവിഡ് പടരാനിടയാക്കിയ ആൾ എന്ന നിലയിലാണ് അദ്ദേഹത്തെ ‘ജൈവായുധം' എന്ന് വിശേഷിപ്പിച്ചതെന്ന് ആയിഷ  സുൽത്താന വ്യക്തമാക്കിയിരുന്നു. ആയിഷയ്ക്ക് പിന്തുണയുമായി ക്യാംപെയ്‌ന് തുടക്കമിട്ടിരിക്കുകയാണ് സോഷ്യൽ മീഡിയ. എംപിമാരായ എഎം ആരിഫ്, വി ശിവദാസൻ, ജെഎൻയു വിദ്യാർത്ഥി യൂണിയൻ നേതാവ് ഐഷെ ഘോഷ് അടക്കമുളളവർ പിന്തുണയുമായി രംഗത്ത് വന്നിട്ടുണ്ട്. ഐപിസിയുടെ 124 എ, 153 എന്നീ വകുപ്പുകൾക്ക് വ്യാഖ്യാനം ആവശ്യമാണെന്ന്് ഈയിടെ  ടിവി 9, ആന്ധ്രാജ്യോതി എന്നീ ചാനലുകൾക്കെതിരെ രാജ്യദ്രോഹ കുറ്റം ആരോപിച്ച് കേസെടുത്തതിൽ, സുപ്രീംകോടതി ആന്ധ്രാ സർക്കാരിന്റെ പ്രതികരണം തേടിയിട്ടുണ്ട്. പ്രത്യേകിച്ച് മാധ്യമ സ്വാതന്ത്ര്യത്തിന്റെയും അഭിപ്രായസ്വാതന്ത്ര്യത്തിന്റെയും അവകാശങ്ങൾ സംബന്ധിച്ച്. 
*** *** ***
വീട്ടിലേക്ക് അത്യാവശ്യമുള്ള സാധനങ്ങൾ കിട്ടാതായാലും എന്തെങ്കിലും ചെയ്യാം. അതു പോലെയാണോ ടെലിവിഷൻ പരമ്പരകൾ? എന്ത് ത്യാഗം സഹിച്ചും അവ ആവശ്യക്കാർക്ക് വിളമ്പേണ്ട ബാധ്യത ടെലിവിഷൻ ചാനലുകൾക്കുണ്ടല്ലോ.  ലോക്ഡൗൺ നിയമങ്ങൾ ലംഘിച്ച് രഹസ്യമായി ഷൂട്ടിംഗ് നടത്തിയതിന് സീതാകല്യാണം സീരിയൽ ലൊക്കേഷനായിരുന്ന റിസോർട്ട് പോലീസ് അടപ്പിച്ചെന്നും താരങ്ങളെയും അണിയറ പ്രവർത്തകരെയും അറസ്റ്റ് ചെയ്തു കൊണ്ടുപോയെന്നും വാർത്ത വന്നിരുന്നു. എന്നാൽ അറസ്റ്റ് ചെയ്യപ്പെട്ടിട്ടില്ല എന്നാണു താരങ്ങളുടെ പ്രതികരണം. ഇത് സംബന്ധിച്ച് സീരിയലിലെ പ്രധാന താരങ്ങളുടെ പ്രതികരണമാണ് ഇപ്പോൾ ചർച്ചയാകുന്നത്. വർക്കലയിലെ റിസോർട്ടിൽ ലോക്ഡൗൺ നിയമങ്ങൾ ലംഘിച്ച് ഷൂട്ടിംഗ് നടത്തിയതിനെ തുടർന്നാണ് അറസ്റ്റ് നടന്നത്. സമീപവാസികൾ അറിയിച്ചതിനെ തുടർന്ന് അരിയൂർ പോലീസ് എത്തി അഭിനേതാക്കളെയും അണിയറപ്രവർത്തകരെയും അറസ്റ്റ് ചെയ്യുകയും റിസോർട്ട് സീൽ ചെയ്‌തെന്നുമാണ് വാർത്ത. അഭിനേതാക്കളും അറസ്റ്റിലായി എന്ന വാർത്ത വന്നതോടെ തങ്ങൾ സെയ്ഫ് ആണെന്ന് സീരിയലിലെ പ്രധാന താരം ധന്യ മേരി വർഗീസ് വ്യക്തമാക്കി.  ഇൻസ്റ്റഗ്രാം സ്‌റ്റോറിയിലൂടെയാണ് താരം പ്രതികരിച്ചത്. ജിത്തുവും റനീഷയും തങ്ങൾ വീട്ടിൽ തന്നെയാണ് ഉള്ളതെന്ന് അറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്. സീതാകല്യാണം സീരിയലുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്ന 20 ഓളം താരങ്ങളും അണിയറ പ്രവർത്തകരും അറസ്റ്റിലായി എന്നായിരുന്നു റിപ്പോർട്ടുകൾ.

Latest News