റിയാദ് - പെട്രോൾ വില വർധന നിലവിൽ വന്നതിന് പിന്നാലെ ടാക്‌സികൾ നിരക്ക് ഉയർത്തി. നഗരങ്ങൾക്കകത്ത് സർവീസ് നടത്തുന്ന ലിമോസിനുകളും പ്രധാന നഗരങ്ങൾക്കിടയിൽ സർവീസ് നടത്തുന്ന ടാക്‌സികളും നിരക്ക് ഉയർത്തി. ലിമോസിനുകൾ തോന്നിയ പോലെയാണ് നിരക്ക് ഈടാക്കുന്നതെന്നാണ് വ്യാപകമായ പരാതി. അധിക ടാക്‌സികളും മീറ്ററുകൾ പ്രവർത്തിപ്പിക്കുന്നില്ല. തോന്നിയ നിരക്കാണ് ഡ്രൈവർമാർ യാത്രക്കാരിൽ നിന്ന് ഈടാക്കുന്നത്.
നേരത്തെ 35 റിയാൽ ഈടാക്കിയിരുന്ന ട്രിപ്പുകളിൽ ഇപ്പോൾ 45 റിയാൽ മുതൽ 60 റിയാൽ വരെയാണ് ഈടാക്കുന്നതെന്ന് ജിദ്ദയിൽ ലിമോസിൻ ഓടിക്കുന്ന സൗദി യുവാവ് മുഹമ്മദ് അൽശഹ്‌രി പറഞ്ഞു. ഒട്ടുമുക്കാൽ ടാക്‌സി ഡ്രൈവർമാരും മീറ്റർ പ്രവർത്തിപ്പിക്കുന്നില്ല. ഓരോ ഡ്രൈവർമാരും തങ്ങൾക്ക് തോന്നിയ നിരക്കാണ് ഈടാക്കുന്നതെന്നും മുഹമ്മദ് അൽശഹ്‌രി പറഞ്ഞു.
Also Read: സന്ദർശക വിസ പുതുക്കാൻ ഇൻഷുറൻസ് വേണം -ജവാസാത്ത്
ഇന്ധന നിരക്ക് വർധനവിന്റെ പശ്ചാത്തലത്തിൽ ടാക്‌സി ഡ്രൈവർമാർ നിരക്ക് ഉയർത്തുന്നത് സ്വാഭാവികമാണെന്ന് ലിമോസിൻ ഡ്രൈവറായ അബൂഅബ്ദുല്ല പറഞ്ഞു. പുതിയ പരിഷ്‌കരണങ്ങളുടെ പശ്ചാത്തലത്തിൽ ഗതാഗത നിരക്കുകൾ ഉയരുന്നതിൽ അസ്വാഭാവികതയില്ലെന്ന് സൗദി കൗൺസിൽ ഓഫ് ചേംബേഴ്‌സിലെ ദേശീയ ഗതാഗത കമ്മിറ്റി പ്രസിഡന്റ് സഈദ് അൽബസ്സാമിയും അഭിപ്രായപ്പെട്ടു. പരാതികൾക്ക് ഇട നൽകാതിരിക്കുന്നതിന് ലിമോസിനുകൾ മീറ്റർ പ്രവർത്തിപ്പിക്കണമെന്നാണ് ദേശീയ ഗതാഗത കമ്മിറ്റി ആവശ്യപ്പെടുന്നത്. യാത്രാ ദൂരത്തിന് അനുസൃതമായി മാത്രമേ നിരക്ക് ഈടാക്കാവൂ. സൗദിയിൽ ആയിരക്കണക്കിന് ടാക്‌സികൾ സർവീസ് നടത്തുന്നുണ്ട്. ഇവയെല്ലാം നിരീക്ഷിക്കുക ദുഷ്‌കരമാണ്. മീറ്റർ പ്രവർത്തിപ്പിക്കുന്നതിന് യാത്രക്കാർ തന്നെ ഡ്രൈവർമാരോട് ആവശ്യപ്പെടുകയാണ് വേണ്ടതെന്നും സഈദ് അൽബസ്സാമി പറഞ്ഞു.






