Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സൗദിയില്‍ വിസിറ്റ് വിസ പുതുക്കാന്‍ ഇന്‍ഷുറന്‍സ് നിര്‍ബന്ധം

ഇൻഷുറൻസ് ഇൻജാസ് പോർട്ടൽ വഴി

റിയാദ് - ഫാമിലി സന്ദർശക വിസ എടുക്കാനും പുതുക്കാനും ഹെൽത്ത് ഇൻഷുറൻസ് നിർബന്ധമാണെന്ന് ജവാസാത്ത് ഡയറക്ടറേറ്റ് അറിയിച്ചു. ഇൻഷുറൻസ് എടുക്കൽ ജവാസാത്തിന്റെ പരിധിയിൽ പെടുന്ന കാര്യമല്ലെന്നും ഇൻഷുറൻസ് നടപടികൾ പൂർത്തിയാക്കിയവർക്ക് അബ്ശിർ വഴി ബന്ധപ്പെട്ടവരുടെ വിസ പുതുക്കാനുള്ള സൗകര്യം ലഭ്യമാണെന്നും ജവാസാത്ത് വ്യക്തമാക്കി. എന്നാൽ വിദേശകാര്യ മന്ത്രാലയത്തിന്റെ വിസ സർവീസ് പ്ലാറ്റ്‌ഫോം (ഇൻജാസ്) വഴിയാണ് ഇൻഷുറൻസ് നടപടികൾ പൂർത്തിയാക്കേണ്ടതെന്ന് സൗദി കൗൺസിൽ ഓഫ് കോ-ഓപറേറ്റീവ് ഹെൽത്ത് ഇൻഷുറൻസ് (സി.സി.എച്ച്.ഐ) അറിയിച്ചു. ഇത് സംബന്ധിച്ച് മലയാളം ന്യൂസ് ജവാസാത്തുമായി ബന്ധപ്പെട്ടപ്പോഴാണ് സ്ഥിരീകരണം ലഭിച്ചത്. 
കഴിഞ്ഞ നവംബർ മുതലാണ് വിദേശികളുടെ സന്ദർശക വിസക്ക് ഇൻഷുറൻസ് ഏർപ്പെടുത്തിയതായി സി.സി.എച്ച്.ഐ അറിയിച്ചത്. ഇൻജാസ് മുഖേന എടുക്കേണ്ട ഈ ഇൻഷുറൻസ് സ്‌കീം വഴി സൗദിയിൽ സാധാരണയുള്ള ചികിത്സാ സൗകര്യങ്ങളോ മരുന്നോ ലഭ്യമാകില്ല. എന്നാൽ അപകടങ്ങൾ കാരണമുള്ള ചികിത്സ, പ്രസവം, ഡയാലിസിസ് തുടങ്ങിയ അടിയന്തര ശുശ്രൂഷകളും ഇവയുടെ പേരിൽ ആശുപത്രി അഡ്മിറ്റും ഇൻഷുറൻസിന്റെ കീഴിൽ വരുമെന്ന്  സി.സി.എച്ച്.ഐ സെക്രട്ടറി ജനറൽ മുഹമ്മദ് ഹുസൈൻ അറിയിച്ചു.
മിക്ക സന്ദർശക വിസകളും 90 ദിവസത്തേക്കാണ് വിദേശ രാജ്യങ്ങളിലെ കോൺസുലേറ്റുകൾ സ്റ്റാമ്പ് ചെയ്യുന്നത്. മറ്റൊരു 90 ദിവസത്തേക്ക് കൂടി പുതുക്കാവുന്നതുമാണ്. ഒരു വിസയിൽ പരമാവധി 180 ദിവസമേ രാജ്യത്ത് തങ്ങാനാവൂ. സിറിയക്കാർക്കും യെമനികൾക്കും മാത്രമാണ് ഇളവുള്ളത്. 
സന്ദർശക വിസ പുതുക്കാൻ കാലാവധിയുടെ ഏഴു ദിവസം മുതൽ കാലാവധി കഴിഞ്ഞ് മൂന്നു ദിവസം വരെ സമയമുണ്ടെന്നും മൂന്നാമത്തെ ദിവസം പുതുക്കിയില്ലെങ്കിൽ രാജ്യം വിടണമെന്നും ജവാസാത്ത് അറിയിച്ചു. ഇല്ലെങ്കിൽ അവരെ കൊണ്ടുവന്നവർ പിഴ അടയ്‌ക്കേണ്ടിവരും. രാജ്യത്ത് അവർ പ്രവേശിച്ച ദിവസം മുതലാണ് 180 ദിവസം കണക്കാക്കുന്നത്. അതേ സമയം അവരെ കൊണ്ടുവരുന്നവരുടെ ഇഖാമയുടെ കാലാവധി അവസാനിച്ചാൽ സന്ദർശക വിസ നീട്ടാനും സാധിക്കില്ല. ബാങ്ക് വഴി 100 റിയാൽ അടച്ചാണ് അബ്ശിർ വഴി ഇൻഷുറൻസ് പുതുക്കേണ്ടത്. പുതുതായി ഇൻഷുറൻസ് എടുത്തിട്ടില്ലെങ്കിലും നേരത്തെയുള്ള ഇൻഷുറൻസ് കാരണം ചിലപ്പോൾ വിസ പുതുക്കിവരുന്നുണ്ട്. എന്നാൽ ചില സമയങ്ങളിൽ ഇൻഷുറൻസ് ഇല്ലാത്തത് കാരണം വിസ നീട്ടി നൽകില്ല എന്ന സന്ദേശം അബ്ശിറിൽ നിന്ന് ലഭിക്കുന്നുണ്ട്. വിസ പുതുക്കിയവർക്ക് പിന്നീട് ഇൻഷുറൻസ് എടുക്കൽ നിർബന്ധവുമില്ല.
സൗദി വിദേശകാര്യ മന്ത്രാലയത്തിന്റെ വിസ സർവീസ് പ്ലാറ്റ് ഫോം (ഇൻജാസ്) പോർട്ടലിൽ വ്യക്തിഗത സേവനങ്ങളുടെ പേജിൽ ഹെൽത്ത് സർട്ടിഫിക്കറ്റ് പേയ്‌മെന്റ് വഴിയാണ് ഇൻഷുറൻസിന് അപേക്ഷിക്കേണ്ടത്. ഈ ഭാഗത്ത് വിസ, പാസ്‌പോർട്ട് നമ്പറുകൾ എന്റർ ചെയ്താൽ വ്യക്തിയുടെ വിവരങ്ങൾ കാണിക്കും. ഇൻഷുറൻസ് ചാർജായി കാണിക്കുന്ന സംഖ്യ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് അടയ്ക്കണം. അപേക്ഷകന്റെ പ്രായത്തിനനുസരിച്ച് സിസ്റ്റം ഓട്ടോമാറ്റിക് ആയി ഇൻഷുറൻസ് ചാർജ് എത്രയെന്ന് പറഞ്ഞുതരും.
വിസ സ്റ്റാമ്പ് ചെയ്യുമ്പോൾ വിസയുടെ യഥാർഥ കാലാവധിയായ 90 ദിവസം വരെ മാത്രമേ ഇൻഷുറൻസ് ലഭിക്കുകയുള്ളൂ. അഞ്ചു വയസ്സു വരെയുള്ള കുട്ടികൾക്ക് 47.58 ഡോളർ, ആറു മുതൽ 15 വയസ്സു വരെ 37.15 ഡോളർ, 16 മുതൽ 40 വയസ്സു വരെ 31.5 ഡോളർ, 41 മുതൽ 65 വയസ്സു വരെ 53.5 ഡോളർ,  65 ന് മുകളിലുള്ളവർക്ക് 119.5 ഡോളർ എന്നിങ്ങനെയാണ് കോൺസുലേറ്റിൽ വിസ സ്റ്റാമ്പ് ചെയ്യാൻ സമർപ്പിക്കുമ്പോൾ ഇൻജാസ് പോർട്ടൽ വഴി ഏജൻസികൾ അടയ്ക്കുന്നത്. 

കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശകലനങ്ങള്‍ക്കും മലയാളം ന്യൂസ് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യൂ. 
 


 

Latest News