Sorry, you need to enable JavaScript to visit this website.

ആവേശം വാനോളം, മൂന്നു  മണിക്കൂറിലേറെ വനിതാ സെമി

പാരിസ് - ഫ്രഞ്ച് ഓപണ്‍ ടെന്നിസിന്റെ വനിതാ ഫൈനലില്‍ റഷ്യക്കാരി അനസ്താസിയ പാവ്‌ലുചെങ്കോവ ചെക് റിപ്പബ്ലിക്കിന്റെ ബാര്‍ബോറ ക്രെയ്‌സികോവയെ നേരിടും. തോല്‍വിയുടെ വക്കില്‍ നിന്ന് തിരിച്ചടിച്ചാണ് മൂന്നു മണിക്കൂറിലേറെ നീണ്ട സെമിയില്‍ പതിനേഴാം സീഡ് മരിയ സക്കാരിയെ ക്രെയ്‌സികോവ 7-5, 4-6, 9-7 ന് തോല്‍പിച്ചത്. നാല് കന്നി ഗ്രാന്റ്സ്ലാം സെമി ഫൈനലിസ്റ്റുകള്‍ ഏറ്റുമുട്ടിയ അവസാന നാലില്‍നിന്ന് തമാര സിദാന്‍സെക്കാണ് പുറത്തായത്. 
മുപ്പത്തൊന്നാം സീഡായ പാവ്‌ലുചെങ്കോവ സ്ലൊവേനിയയുടെ തമാര സിദാന്‍സെക്കിനെ നേരിട്ടുള്ള സെറ്റുകളില്‍ തോല്‍പിച്ചു. സ്‌കോര്‍: 7-5, 6-3. ബാര്‍ബോറ ക്രെയ്‌സികോവ പതിനേഴാം സീഡ് സക്കാരിക്കൈതിരെ തോല്‍വിയുടെ വക്കിലായിരുന്നു ഒരു ഘട്ടത്തില്‍. 
പുരുഷ സെമി ഫൈനലില്‍ വെള്ളിയാഴ്ച ടോപ് സീഡ് നോവക് ജോകോവിച്ചും റഫായേല്‍ നദാലും ഏറ്റുമുട്ടും. ഫൈനലിനു മുമ്പിലെ ഫൈനലാവും ഈ പോരാട്ടം. ഇറ്റലിയുടെ യുവ താരം മാറ്റിയൊ ബെററ്റീനിയെ നാലു സെറ്റുകളില്‍ കീഴടക്കിയാണ് നോവക് സെമിയിലെത്തിയത്. ആറാം സീഡ് അലക്‌സാണ്ടര്‍ സ്വരേവും അഞ്ചാം സീഡ് സ്‌റ്റെഫനോസ് സിറ്റ്‌സിപാസും തമ്മിലാണ് രണ്ടാം സെമി.
 

Latest News