സിദാന്റെ മകന്‍ ഫ്രഞ്ച് ക്ലബ്ബില്‍

ടുളൂസ് - ഫ്രഞ്ച് ഫുട്‌ബോള്‍ രോമാഞ്ചം സിനദിന്‍ സിദാന്റെ മൂത്ത മകന്‍ എന്‍സൊ സിദാന്‍ ഫ്രഞ്ച് രണ്ടാം ഡിവിഷന്‍ ലീഗില്‍ കളിക്കും. ഇരുപത്താറുകാരനായ മിഡ്ഫീല്‍ഡര്‍ രണ്ടാം ഡിവിഷന്‍ ക്ലബ് റോഡെസുമായി കരാറൊപ്പിട്ടു. സിദാന്റെ നാലു മക്കളില്‍ മൂത്തവനായ എന്‍സൊ റയല്‍ മഡ്രീഡ് അക്കാദമിയിലൂടെയാണ് വളര്‍ന്നുവന്നത്. 2014 ല്‍ റയലിന്റെ ബി ടീമില്‍ അരങ്ങേറിയിരുന്നു. 
2017 ല്‍ റയല്‍ വിട്ട ശേഷം നിരവധി ക്ലബ്ബുകളില്‍ കളിച്ചെങ്കിലും എവിടെയും സ്ഥാനമുറപ്പിക്കാന്‍ സാധിച്ചിട്ടില്ല. സ്‌പെയിന്‍ രണ്ടാം ഡിവിഷനില്‍ അലാവേസ്, സ്വിറ്റ്‌സര്‍ലന്റില്‍ ലൊസേന്‍, പോര്‍ചുഗീസ് രണ്ടാം ഡിവിഷനില്‍ സി.ഡി ആവേസ് ടീമുകള്‍ക്കും കളിച്ചിട്ടുണ്ട്. റോഡെസ് ക്ലബ്ബിന് സിദാന്‍ കുടുംബവുമായി ബന്ധമുണ്ട്. 2012 മുതല്‍ ക്ലബ്ബിന്റെ ഓഹരിയുടമയാണ് സിദാനും ഭാര്യ വെറോണിക്കയും. വെറോണിക്ക ഈ നഗരവാസിയായിരുന്നു. റയല്‍ മഡ്രീഡില്‍ സിദാന്‍ സ്വീകരിച്ച അഞ്ചാം നമ്പര്‍ ജഴ്‌സിയായിരിക്കും റോഡെസില്‍ എന്‍സോക്കും ലഭിക്കുക. 
സിദാന്റെ മറ്റൊരു മകന്‍ ലൂക്ക സ്‌പെയിനില്‍ റയൊ വായകാനോയുടെ ഗോളിയാണ്. മറ്റൊരു മകന്‍ തിയൊ സിദാന്‍ റയല്‍ മഡ്രീഡിന്റെ അണ്ടര്‍-19 ടീമിലുണ്ട്. 

Latest News