കോഴിക്കോട്- തന്റെ തടിയെക്കുറിച്ച് ആരും വ്യാകുലപ്പെടേണ്ടെന്ന് നടി സനൂഷ. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പിലാണ് സനുഷ പൊട്ടിത്തെറിക്കുന്നത്. എല്ലാം തികഞ്ഞവരായി ആരും തന്നെ ഇല്ലെന്നും രണ്ട് വിരലുകള്‍ ഒരാള്‍ക്ക് നേരെ ചൂണ്ടുമ്പോള്‍ മൂന്ന് വിരലുകള്‍ നിങ്ങള്‍ക്ക് നേരെയാണ് വരുന്നതെന്നും സനുഷ കുറിച്ചു.
'എന്റെ തടിയെക്കുറിച്ച് സൂചിപ്പിക്കുന്നവരോട്, അതിനെക്കുറിച്ചോര്‍ത്ത് എന്നേക്കാളധികം വ്യാകുലപ്പെടുന്നവരോട്, ശരീരഭാരം കുറഞ്ഞ് സൗന്ദര്യമുള്ളവരായി എല്ലാക്കാലവും നില്ക്കാന് പറ്റില്ല. മറ്റൊരാളെ ബോഡി ഷെയിം ചെയ്ത് ചൊറിയാന്‍ താല്‍പ്പര്യമുള്ളവരാണ് നിങ്ങളെങ്കില്‍ ഒന്നോര്‍ക്കുക, നിങ്ങള്‍ രണ്ട് വിരലുകള്‍ ഒരാള്‍ക്ക് നേരെ ചൂണ്ടുമ്പോള്‍ മൂന്നു വിരലുകള്‍ നിങ്ങളിലേക്കാണ് ചൂണ്ടുന്നത്. നിങ്ങളും എല്ലാം തികഞ്ഞവരല്ല.' സനുഷയുടെ കുറിപ്പില്‍ പറയുന്നു.
ബാലതാരമായി വന്ന് പ്രേക്ഷകരുടെ സ്നേഹം പിടിച്ചു വാങ്ങിയ നായികയാണ് സനുഷ. ഏറെ നാളായി സിനിമയില്‍നിന്നു വിട്ടു നിന്നിരുന്ന താരം തന്നെ ബാധിച്ച വിഷാദ രോഗത്തെ കുറിച്ച് തുറന്ന് പറച്ചിലുമായി എത്തിയത് വലിയ ചര്‍ച്ചയായിരുന്നു. തന്റെ യൂട്യൂബ് ചാനലിലൂടെയായിരുന്നു സനുഷയുടെ വെളിപ്പെടുത്തല്‍. ഡിപ്രഷന്, പാനിക്ക് അറ്റാക്ക് എല്ലാം ഉണ്ടായിട്ടുണ്ട്. ആരോടും സംസാരിക്കാന്‍ തോന്നിയിരുന്നില്ല. ആത്മഹത്യയെക്കുറിച്ച്പോലും ചിന്തിച്ചുവെന്ന് താരം വ്യക്തമാക്കിയിരുന്നു. വിഷാദാവസ്ഥയില്‍ സഹായം തേടുന്നതില്‍ മടി കാണിക്കാതിരിക്കുകയെന്ന നിര്‍ദ്ദേശം മുന്നോട്ട് വച്ചായിരുന്നു താരത്തിന്റെ തുറന്ന് പറച്ചില്.