Sorry, you need to enable JavaScript to visit this website.

ഖത്തർ ഒരു മാസത്തിനകം കോവിഡിനെതിരെ സമൂഹ പ്രതിരോധ ശേഷി കൈവരിക്കും

ദോഹ- കോവിഡിനെതിരെ ഖത്തറിൽ ഒരു മാസത്തിനകം സമൂഹ പ്രതിരോധ ശേഷി (ഹേർഡ് ഇമ്മ്യൂണിറ്റി ) രൂപപ്പെടുമെന്ന് പൊതുജനാരോഗ്യ മന്ത്രാലയത്തിലെ പബ്ലിക്  ഹെൽത് ഡയറക്ടർ ശൈഖ് ഡോ. മുഹമ്മദ് ബിൻ ഹമദ് അൽ ഥാനി അഭിപ്രായപ്പെട്ടു.മാസ്സ് വാക്‌സിനേഷൻ മുഖേനയും രോഗം ബാധിച്ച് ഭേദമാകുന്നതിലൂടേയും സമൂഹത്തിലുണ്ടാകുന്ന രോഗ പ്രതിരോധ ശേഷിയെയാണ് ഹേർഡ് ഇമ്മ്യൂണിറ്റി എന്ന് വിശേഷിപ്പിക്കുന്നത്.

ഖത്തറിന്റെ സാമ്പത്തിക വളർച്ചയും അവസരങ്ങളും എന്ന വിഷയത്തിൽ ദോഹ ബാങ്ക് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോക രാജ്യങ്ങളിൽ ഹേർഡ് ഇമ്മ്യൂണിറ്റി സ്വന്തമാക്കുന്ന ആദ്യ രാജ്യങ്ങളുടെ കൂട്ടത്തിലായിരിക്കും ഖത്തറെന്നും താമസിയാതെ നിയന്ത്രണങ്ങൾ നീക്കുമെന്നും അദ്ദേഹം പറഞ്ഞു. ടൂറിസം മേഖല ഉണരും. ആദ്യ ഘട്ടത്തിൽ വാക്‌സിനെടുത്തവർക്കാണ് പരിഗണന. ഓരോ ഘട്ടവും സൂക്ഷ്്മമായി വിശകലനം ചെയ്താണ് മുന്നോട്ടു പോവുക.

ഖത്തറിൽ വളരെ ഊർജിതമായ രീതിയിലാണ് വാക്‌സിനേഷൻ കാമ്പയിൻ നടക്കുന്നത്.പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് പകുതിയിലധികം ജനങ്ങളും വാക്‌സിനേഷൻ പൂർത്തീകരിച്ച് കഴിഞ്ഞു. രാജ്യത്തെ പ്രതിദിന കോവിഡ് കേസുകൾ നിയന്ത്രണവിധേയമാണ് .ഘട്ടം ഘട്ടം നിയന്ത്രണങ്ങൾ നീക്കി എത്രയും വേഗം രാജ്യം സാധാരണ നിലയിലേക്ക് വരുമെന്നാണ് പ്രതീക്ഷ, അദ്ദേഹം പറഞ്ഞു.

ഇനിയും വാക്‌സിനെടുക്കാത്ത അർഹരായ എല്ലാവരും എത്രയും വേഗം വാക്‌സിനേഷൻ പൂർത്തിയാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. 30 വയസിനും അതിനുമേലുള്ളവർക്കുമാണ് ഇപ്പോൾ വാക്‌സിൻ നൽകുന്നത്.
 

Latest News