Sorry, you need to enable JavaScript to visit this website.

ഖത്തറില്‍ തിലാപ്പിയ കൃഷി പ്രോല്‍സാഹിപ്പിക്കുവാന്‍ വിപുലമായ പദ്ധതിയുമായി മുനിസിപ്പല്‍ പരിസ്ഥിതി മന്ത്രാലയം

ദോഹ- ഖത്തറില്‍ തിലാപ്പിയ കൃഷി പ്രോല്‍സാഹിപ്പിക്കുവാന്‍ വിപുലമായ പദ്ധതിയുമായി മുനിസിപ്പല്‍ പരിസ്ഥിതി മന്ത്രാലയം.
ദേശീയ ഭക്ഷ്യ സുരക്ഷ സ്ടാറ്റജിയുടെ ഭാഗമായി മല്‍സ്യങ്ങള്‍ പ്രാദേശികമായി ഉല്‍പാദിപ്പിക്കുന്നതിനുളള വൈവിധ്യമാര്‍ന്ന പദ്ധതികളാണ് മന്ത്രാലയം ആവിഷ്‌ക്കരിക്കുന്നതെന്ന് മല്‍സ്യ കൃഷി വകുപ്പ് ഡയറക്ടര്‍ മുഹമ്മദ് മഹ് മൂദ് അല്‍ അബ്ദുല്ല പറഞ്ഞു.

പ്രതിവര്‍ഷം 600 ടണ്‍ തിലാപ്പിയ മല്‍സ്യം പ്രാദേശികമായി ഉല്‍പാദിപ്പിക്കുവാനാണ് പരിപാടി. ഖത്തര്‍ ഇറക്കുമതി ചെയ്യുന്നതിന്റെ ഏകദേശം 25 ശതമാനം വരുമിത്. തിലാപ്പിയ മല്‍സ്യയം പ്രാദേശികമായി ഉല്‍പപാദിപ്പിച്ച് മിതമായ നിരക്കില്‍ മാര്‍ക്കറ്റില്‍ ലഭ്യമാക്കുവാനാണ് മന്ത്രാലയം ലക്ഷ്യം വെക്കുന്നത്.

പ്രതിവര്‍ഷം ഏകദേശം 2000 ടണ്‍ തിലാപ്പിയ മല്‍സ്യമാണ് ഖത്തര്‍ ഇറക്കുമതി ചെയ്യുന്നത് . മുഖ്യമായും ഇന്ത്യ, പാക്കിസ്ഥാന്‍, ബംഗ്‌ളാദേശ്, ഇറാന്‍ മുതലായ രാജ്യങ്ങളില്‍ നിന്നാണ് മല്‍സ്യം ഇറക്കുമതി ചെയ്യുന്നത്. ഇറക്കുമതി ചെയ്യുമ്പോഴുള്ള ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട സാങ്കേതിക പ്രയാസങ്ങള്‍ പരിഹരിക്കുകയും പ്രാദേശിക ഉല്‍പാദനം പ്രോല്‍സാഹിപ്പിക്കുകയുമാണ് പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നതെന്ന് അല്‍ അബ്ദുല്ല പറഞ്ഞു.

മന്ത്രാലയത്തില്‍ രജിസ്റ്റര്‍ ചെയയ്ത രണ്ട് ഫാമുകളാണ് തിലാപ്പിയ കൃഷി ചെയ്യുക. ഓരോ ഫാമും പ്രതിവര്‍ഷം 310 ടണ്‍ തിലാപ്പിയ വീതം ഉല്‍പാദിപ്പിക്കുമെന്നാണ് കണക്കുകൂട്ടുന്നത് .

ഖത്തറില്‍ വിവിധ മല്‍സ്യങ്ങളുടെ കൃഷി പ്രോല്‍സാഹിപ്പിക്കുവാന്‍ ഖത്തര്‍ മുനിസിപ്പല്‍ പരിസ്ഥിതി മന്ത്രാലയത്തിലെ മല്‍സ്യ കൃഷി വകുപ്പ് പരിപാടികള്‍ തയ്യാറാക്കി നടപ്പാക്കുന്നുണ്ട് . നേരത്തെ വിപുലമായ തോതില്‍ സീബാസ് വളര്‍ത്തുന്നതിനുള്ള പദ്ധതി വിജയകരമായി നടപ്പാക്കിയിരുന്നു.

Latest News