2017 കേരളം:വിവാദം, സംഘർഷം, പ്രകൃതിദുരന്തം...

വർത്തമാന കാലത്ത് എന്നും ചർച്ച ചെയ്യപ്പെടുന്ന രാഷ്ട്രീയ സംഭവങ്ങളും നടുക്കുന്ന ഓർമകളുമാണ് ഇന്ത്യൻ ജനതക്ക് 2017 വർഷം.ചരിത്രം തിരുത്തിയെഴുതപ്പെട്ട നിരവധി സംഭവങ്ങൾക്കാണ് 2017 സാക്ഷിയായായത്. നോട്ട് അസാധുവാക്കലിനു പിറകെ എത്തിയ ജി.എസ്.ടി, ബീഫ് നിരോധനം,
മാംസം കൈവശം വെച്ചതിന്റെ പേരിലുളള കൊലപാതകങ്ങൾ, തമിഴ്‌നാട്ടിലെ രാഷ്ട്രീയ നാടകങ്ങൾ, ഗുജറാത്ത് തെരഞ്ഞെടുപ്പ്, പുതിയ രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും, സുപ്രീം കോടതിയിൽ കേരളത്തിലെ കേസുകളിലെ വിധി അടക്കം ഇന്ത്യയെ കലുഷിതമാക്കിയപ്പോൾ കേരളത്തിൽ എൽ.ഡി.എഫ് ഭരണത്തിൽ രണ്ടു മന്ത്രിമാരുടെ രാജിയും സെൻകുമാർ കേസ്, ഹാദിയ കേസ്, സി.പി.ഐ - സി.പി.എം പോര്,ബി.ജെ.പിയുടെ കോഴ, സുധീരന്റെ കെ.പി.സി.സി പ്രസിഡണ്ട് രാജി, കലാലയ രാഷ്ട്രീയ നിരോധനം, നടിയെ ആക്രമിക്കലും ദിലീപിന്റെ അറസ്റ്റുമടക്കം വാർത്തകളിൽ നിറഞ്ഞപ്പോഴാണ് ഓഖി ചുഴലിക്കാറ്റിന്റെ നാശത്തോടെ 2017 വിട വാങ്ങുന്നത്. രാഷ്ട്രീയ സാംസ്‌കാരിക, സിനിമാ മേഖലയിലെ നിരവധി പേരുടെ വേർപാടും 2017 നെ വേറിട്ട് നിർത്തുന്നു.

ജനുവരി

മന്ത്രി മേഴ്‌സിക്കുട്ടിയമ്മക്കെതിരെ വിജിലൻസ് 
തോട്ടണ്ടി ഇറക്കുമതിയിൽ അഴിമതി നടന്നെന്ന പരാതിയിൽ ഫിഷറീസ് മന്ത്രി മേഴ്‌സിക്കുട്ടിയമ്മക്കും ഭർത്താവ് തുളസീധരക്കുറിപ്പിനുമെതിരെ വിജിലൻസ് ഡയറക്ടർ ഡോ.ജേക്കബ് തോമസ് അന്വേഷണത്തിന് ഉത്തരവിട്ടു.ബന്ധു നിയമന കേസിൽ മുൻമന്ത്രി ഇ.പി.ജയരാജൻ, പി.കെ.ശ്രീമതി ടീച്ചർ എം.പിയുടെ മകൻ സുധീർ നമ്പ്യാർ  ഒന്നും രണ്ടും പ്രതികളാക്കി വിജിലൻസ് കേസ്.
സംസ്ഥാനത്തെ ഐ.എ.എസുകാർ കൂട്ട അവധിയെടുക്കുമെന്ന് ഭീഷണിപ്പെടുത്തി ഒടുവിൽ പിൻവലിച്ചെങ്കിലും ഭരണ സ്തംഭനമുണ്ടായി. ആറ് മാസം കൊണ്ട് ജനങ്ങളിൽ ഇടതു ഭരണം മതിപ്പുളവാക്കിയില്ലെന്ന് പറഞ്ഞ് മുഖ്യമന്ത്രിക്കെതിരെ പോളിറ്റ് ബ്യൂറോക്ക് കത്ത്.തിരുവനന്തപുരം ലോ അക്കാദമി പ്രിൻസിപ്പൽ ലക്ഷ്മി നായർക്കെതിരെ വിദ്യാർത്ഥികൾ രംഗത്ത്,
അഞ്ച് വർഷത്തേക്ക് പരീക്ഷ നിയന്ത്രണങ്ങളിൽ നിന്ന് മാറ്റി നിർത്തി. എന്നാൽ അക്കാഡമി പ്രിൻസിപ്പൽ സ്ഥാനത്തു നിന്ന് ലക്ഷ്മി നായരെ മാനേജ്‌മെന്റ് മാറ്റാൻ തയ്യാറായില്ല. സി.പി.എം, കോൺഗ്രസ് പാർട്ടികളുടെ പ്രതിഷേധം കത്തിക്കയറി. കോളേജ് അടച്ചിട്ടു. എസ്.എഫ്.ഐ സമരം ശക്തമാക്കുകയും ചെയ്തതോടെ ലക്ഷ്മി നായരെ പ്രിൻസിപ്പൽ സ്ഥാനത്ത് നിന്ന് മാറ്റി.

ഫെബ്രുവരി

ലക്ഷ്മി നായരും നടിക്കെതിരെയുളള ആക്രമണവും
 തിരുവനന്തപുരം ലോ അക്കാദമി വിഷയം വീണ്ടും കത്തി, യു.ഡി.എഫ് നിരാഹാര സമരവും വിദ്യാർത്ഥി സമരവും സംഘർഷത്തിൽ മണക്കാട് സ്വദേശി അബ്ദുൾ ജബ്ബാർ കുഴഞ്ഞ് വീണ് മരിച്ചു. ഒടുവിൽ സമരം സർക്കാർ ഒത്തുതീർപ്പാക്കി. സർവ്വകലാശാല ബിരുദമുളള യോഗ്യരെ മാത്രം പ്രിൻസിപ്പലാക്കാൻ തീരുമാനം. അക്കാഡമിയുടെ പ്രധാന കവാടം സർക്കാർ ഭൂമിയിലാണെന്ന് കെണ്ടത്തിയതിനെ തുടർന്ന് പൊളിച്ചു നീക്കി. കളളും ബിയറും വൈനും മദ്യമല്ലെന്ന് ചൂണ്ടിക്കാട്ടി കേരളം സുപ്രീം കോടതിയെ സമീപിച്ചു.
  കൊച്ചിയിൽ പ്രമുഖ നടിയെ വാഹനത്തിൽ കയറി അപമാനിച്ച സംഭവം വിവാദമായി. പ്രതികളിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്‌തെങ്കിലും മുഖ്യ പ്രതി പൾസർ സുനി ഒളിവിൽ പോയി. താര സംഘടന ശക്തമായ നിലപാടുമായി രംഗത്തെത്തി.
പോലീസ് വല വീശിയെങ്കിലും പൾസർ സുനിയും കൂട്ടാളി വിജീഷും ബൈക്കിൽ വേഷം മാറിയെത്തി കോടതിയുടെ മതിൽ ചാടി പോലീസിന്റെ കണ്ണു വെട്ടിച്ച് അകത്ത് കയറി. എന്നാൽ കോടതിക്കകത്ത് നാടകീയ രംഗങ്ങൾ സൃഷ്ടിച്ച് പോലീസ് ഇരുവരേയും അറസ്റ്റ് ചെയ്തു. നടിക്ക് നീതി നിഷേധിക്കുന്നതിൽ പ്രതിഷേധിച്ച് നിയമസഭയിൽ ബഹളവും വാക്കേറ്റവും. സഭ സ്തംഭിച്ചു. പാറ്റൂർ ഭൂമി ഇടപാട് കേസിൽ മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, ചീഫ് സെക്രട്ടറി ഇ.കെ. ഭരത് ഭൂഷൺ എന്നിവർക്കെതിരെ വിജിലൻസ് കേസെടുത്തതും ഫെബ്രുവരിയിലാണ്.

മാർച്ച്

മന്ത്രി ശശീന്ദ്രൻ ഔട്ട്
അതിരപ്പിളളി വൈദ്യുത പദ്ധതിയുമായി സർക്കാർ മുന്നോട്ട്. എൽ.ഡി.എഫ് സർക്കാറിന്റെ ആദ്യ സമ്പൂർണ്ണ ബജറ്റ് തോമസ് ഐസക് അവതരിപ്പിച്ചു. കെ.പി.സി.സി പ്രസിഡണ്ട് സ്ഥാനത്ത് നിന്ന് വി.എം സുധീരൻ രാജിവെച്ചു. പകരം ചുമതല എം.എം.ഹസ്സന് നൽകി. കേരളത്തിലെ വരൾച്ച സംബന്ധിച്ച് വിവരങ്ങൾ ധരിപ്പിക്കാൻ ശ്രമിച്ച കേരള സംഘത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോഡി മുഖം കൊടുക്കാത്തത് കോളിളക്കമുണ്ടാക്കി. മലപ്പുറം ഉപതെരഞ്ഞെടുപ്പിൽ പി.കെ. കുഞ്ഞാലിക്കുട്ടി യു.ഡി.എഫ് സ്ഥാനാർത്ഥി. എം.ബി.ഫൈസൽ ഇടതു സ്ഥാനാർത്ഥി. ചോദ്യം ചോർന്നതിനെ തുടർന്ന് എസ്.എസ്.എൽ.സി.കണക്ക് പരീക്ഷ റദ്ദാക്കി. മംഗളം ചാനൽ തുടങ്ങിയ ആദ്യ ദിവസം തന്നെ ഗതാഗത മന്ത്രിയായ എം.കെ. ശശീന്ദ്രൻ ലൈംഗികച്ചുവയോടെ പെൺകുട്ടിയോട് സംസാരിച്ചത് വിവാദമായി. മന്ത്രി രാജിവെച്ചു. തോമസ് ചാണ്ടിയെ മന്ത്രിയാക്കാൻ ആലോചന.
ഫോൺ വിവാദത്തിൽ ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവ്. മൂന്നാറിൽ കെട്ടിടങ്ങൾ പൊളിക്കുന്നതിനെ ചൊല്ലി വി.എസ്.അച്യുതാനന്ദനും മന്ത്രി എം.എം.മണിയും തുറന്ന പോരിൽ.
 
ഏപ്രിൽ

ജിഷ്ണു കേസ് 
പാമ്പാടി നെഹ്‌റു കോളേജ് വിദ്യാർത്ഥി ജിഷ്ണുവിന്റെ ദുരൂഹ മരണ വിവാദം ചർച്ചയായി. ജിഷ്ണുവിന്റെ ഫോൺ സന്ദേശം പുറത്തുവന്നു. നെഹ്‌റു കോളേജ് ഗ്രൂപ്പ് ചെയർമാൻ കൃഷ്ണദാസ് അറസ്റ്റിലായി. നീതി തേടിയെത്തിയ ജിഷ്ണുവിന്റെ അമ്മ മഹിജയേയും കുടംബാംഗങ്ങളേയും പോലീസ് മർദിച്ചത് സർക്കാറിനെതിരെയുളള പ്രതിഷേധ ജ്വാലയായി. ജിഷ്ണുവിന്റെ മരണം പ്രത്യേക അന്വേഷണ സംഘത്തെക്കൊണ്ട് അന്വേഷിപ്പിക്കും. നിരാഹാര സമരം നടത്തിയ ജിഷ്ണുവിന്റെ അമ്മ ആശുപത്രിയിലേക്ക് മാറ്റി. മന്ത്രി കടകം പളളി സുരേന്ദ്രന്റെ അനുനയ ശ്രമവും വിജയം കണ്ടില്ല. ഒടുവിൽ മുഖ്യമന്ത്രി നേരിട്ട് വിളിച്ച് സമരം അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടു. പ്രതികളെ പിടികൂടുന്നതടക്കം 10 ആവശ്യങ്ങൾ അംഗീകരിച്ചു. ഫോൺ കെണിയിൽ മംഗളം മേധാവികൾ അറസ്റ്റിലായി.
സംസ്ഥാനത്ത് പത്താം ക്ലാസ് വരെ മലയാളം പാഠ്യവിഷയം ശക്തമാക്കാൻ തീരുമാനിച്ചു. മലപ്പുറം പാർലമെന്റ് തെരഞ്ഞെടുപ്പിൽ 70.41 ശതമാനം പോളിംഗ് രേഖപ്പെടുത്തി. മൂന്നാർ കയ്യേറ്റത്തിലും സംസ്ഥാന ഭരണത്തെ ചൊല്ലിയും സി.പി.ഐ-സി.പി.എം പാർട്ടി നേതാക്കൾ തമ്മിൽ നടത്തിയ തുറന്ന പോര് രാഷ്ട്രീയ കേരളത്തിൽ ചർച്ചയായി. മൂന്നാറിൽ കയ്യേറ്റ ഭൂമിയിലെ കുരിശ് തകർത്തത് വിവാദമായി. ജില്ലാ കലക്ടർക്ക് മുഖ്യമന്ത്രിയുടെ ശാസന. മലപ്പുറം തെരഞ്ഞെടുപ്പിൽ പി.കെ.കുഞ്ഞിലിക്കുട്ടിക്ക് 1,71,023 വോട്ടിന്റെ ഭൂരിപക്ഷം. ബി.ജെ.പിക്ക് മലപ്പുറത്ത് തിരിച്ചടി. മൂന്നാറിൽ സ്ത്രീ കൂട്ടായ്മയായ പെമ്പിളൈ ഒരുമൈക്കെതിരെ മന്ത്രി മണിയുടെ അശ്ലീല പരാമർശം വിവാദത്തിലായി. മണിയുടെ പരാമർശം പാർട്ടിയിലും ചർച്ച. ഒടുവിൽ മന്ത്രിയെ പാർട്ടി പരസ്യമായി ശാസിച്ചു. സൗമ്യ വധക്കേസിൽ പ്രതി ഗോവിന്ദച്ചാമിക്ക് വധശിക്ഷ സുപ്രീം കോടതി റദ്ദാക്കി.

മെയ്

പിണറായിക്ക് തിരിച്ചടി; സെൻകുമാർ വീണ്ടും ഡി.ജി.പി
കേരള കോൺഗ്രസ് മാണി ഗ്രൂപ്പ് സി.പി.എമ്മിനൊപ്പം ചേർന്ന് കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനത്തേക്ക്. മാണി യു.ഡി.എഫിൽ നിന്ന് എൽ.ഡി എഫിലേക്ക് മാറുന്നത് മറനീക്കി പുറത്തായത് രാഷ്ട്രീയ കേരളത്തിൽ ചർച്ചയായി. സംസ്ഥാന സർക്കാറിന് കടുത്ത പ്രഹരമേൽപിച്ച സുപ്രീം കോടതി വിധിയിലൂടെ ടി.പി.സെൻകുമാർ വീണ്ടും ഡി.ജി.പിയായി ചുമതലയേറ്റു.മൂന്നാർ പ്രശ്‌നത്തിൽ സർവ്വകക്ഷി യോഗ ചർച്ചയിൽ രമ്യമായ പരിഹാരം. 1977 ന് മുമ്പുളള കുടിയേറ്റക്കാർക്ക് പട്ടയം നൽകാമെന്ന് സർക്കാർ ഉറപ്പ് നൽകി.എന്നാൽ മുഖ്യമന്ത്രി വൺമാൻ ഷോ നടത്തുകയാണെന്ന് ആരോപിച്ച് സി.പി.ഐ രംഗത്തെത്തി. ലൈംഗിക പീഡനത്തെ തുടർന്ന് സ്വാമിയുടെ ജനനേന്ദ്രിയം പെൺകുട്ടി മുറിച്ചു.സംസ്ഥാനത്ത് പി.എസ്.സിയുടെ പ്രവർത്തനം അവതാളത്തിലായതായി സി.എ.ജി റിപ്പോർട്ട് പുറത്തു വന്നത് വിവാദത്തിന് ഇടയാക്കി.മൃഗങ്ങളെ ബലി അറുക്കുന്നതിന് കേന്ദ്ര നിരോധനത്തിനെതിരെ കേരളത്തിൽ യു.ഡി.എഫ് കരിദിനം ആചരിച്ചു.ഭക്ഷ്യ സ്വാതന്ത്ര്യം നിഷേധിക്കുന്നതിനെതിരെ സംഘടനകൾ രംഗത്ത്.സർക്കാർ വിഷയത്തിൽ ഹൈക്കോടതിയെ സമീപിച്ചു.നാടെങ്ങും ബീഫ് ഫെസ്റ്റ് നടത്തി പ്രതിഷേധം.കന്നുകാലി നിരോധനത്തിന് ഒടുവിൽ കേന്ദ്രം ഭേദഗതി വരുത്തി.

ജൂൺ

ഹാദിയ കേസ്
സംസ്ഥാനത്ത് മദ്യശാലകൾക്ക് ഇനിമുതൽ തദ്ദേശ സ്ഥാപനങ്ങളുടെ അനുമതി വേണ്ടെന്ന വിവാദ തീരുമാനം മന്ത്രി സഭ പാസാക്കി.വിഴിഞ്ഞം തുറമുഖ പദ്ധതി ഉപേക്ഷിക്കണമെന്ന് വി.എസ്.അച്യുതാനന്ദന്റെ നിർദേശം മുഖ്യമന്ത്രി തള്ളി.കൊച്ചി മെട്രോ ട്രെയിൻ തുടങ്ങി. ഇസ്‌ലാം മതം സ്വീകരിച്ച് വിവാഹിതയായ ഹാദിയയുടെയും ഷെഫിൻ ജഹാന്റെയും വിവാഹം കോടതി അസാധുവാക്കി. ത്രീ സ്റ്റാർ മുതൽ ബാർ ലൈസൻസ് നൽകിക്കൊണ്ട് സംസ്ഥാന സർക്കാർ മദ്യ നയം പ്രഖ്യാപിച്ചു. കൊച്ചി മെട്രോയുടെ ഉദ്ഘാടനത്തിന് ഇ.ശ്രീധരന് പ്രധാനമന്ത്രി ഓഫീസ് വിലക്കിയതും പിന്നീട് ഉൾപ്പെടുത്തിയും വാർത്തകളിൽ നിറഞ്ഞു. കേരളത്തിൽ പനിമരണം വർധിച്ചു.ബി.ജെ.പി നേതാവും സംഘവും കളളനോട്ടു അച്ചടിക്കിടെ പിടിയിലായത് ചർച്ചയായി.വില്ലേജ് ഓഫീസർ നികുതി സ്വീകരിക്കാൻ തയ്യാറാവാത്തതിൽ മനം നൊന്ത് ചക്കിട്ടപ്പാറ സ്വദേശി ജോയ് ആത്മഹത്യ ചെയ്ത സംഭവം വിവാദമായി.നടിയെ ആക്രമിച്ച കേസിൽ പൾസർ സുനി നടൻ ദിലീപിന് എഴുതിയ കത്ത് വിവാദമായി.ദീലീപ് നിയമക്കുരുക്കിലേക്ക്.സംസ്ഥാന പോലീസ് മേധാവി സ്ഥാനത്ത് നിന്ന് ടി.പി.സെൻകുമാർ വിരമിച്ചതോടെ തൽസ്ഥാനത്ത് ലോകനാഥ് ബെഹ്‌റയെ വീണ്ടും നിയമിച്ചു.

ജൂലൈ

ദിലീപിന്റെ അറസ്റ്റും എം.എൽ.എയുടെ പീഡനവും 
ഇടുക്കിയിൽ പുതിയ പട്ടയ അപേക്ഷകൾ സ്വീകരിച്ചെങ്കിലും റവന്യൂ മന്ത്രി വിട്ടുനിന്നത് വിവാദമായി.പോലീസ് രംഗത്ത് സെൻകുമാറിന്റെ ഉത്തരവുകൾ ബെഹ്‌റ മരവിപ്പിച്ചു.മൂന്നാർ പ്രശ്‌നത്തിൽ സി.പി.എം-സി.പി.ഐ പോര് മുറുകുന്നു.സംസ്ഥാനത്ത് ബാറുകൾ കൂട്ടത്തോടെ തുറന്നു.ദിലീപിന് മേൽ കുരുക്ക് മുറുകുന്നു.ദിലീപും നാദിർഷയും നിയമോപദേശം തേടി.ജയിൽ സുനിയുടെ ഫോൺ സന്ദേശം പുറത്ത്.സിനിമാ മേഖലയിലെ കൂടുതൽ പേർ കുടുങ്ങും.ടി.പി.സെൻകുമാറിന്റെ മുസ്ലിം വിരുദ്ധ പരാമർശങ്ങൾക്കെതിരെ വ്യാപക പ്രതിഷേധം.സെൻകുമാറിനെതിരെ കേസെടുത്തു.ജി.എസ്.ടിയിൽ കോഴി വ്യാപാരികളും സർക്കാറും ഇടഞ്ഞു.നടൻ ദിലീപ് അറസ്റ്റിലായി. ദിലീപിനെതിരെ ബലാൽസംഗക്കുറ്റം ചുമത്തി.മതസ്പർധ വളർത്തുന്ന പരാമർശം നടത്തിയ ടി.പി.സെൻകുമാറിനെതിരെ ജാമ്യമില്ല വകുപ്പ്.നഴ്‌സിംഗ് സമരം മുഖ്യമന്ത്രിയുടെ ചർച്ചയെ തുടർന്ന് മാറ്റിവെച്ചു.ബി.ജെ.പി നേതാക്കളുടെ കോഴ ആരോപണം ലോക്‌സഭയിലും കേരളത്തിലും പ്രതിഷേധം.വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ എം.വിൻസന്റ് എം.എൽ.എ അറസ്റ്റിലായി.ലണ്ടനിൽ നടന്ന ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ പി.യു.ചിത്രയെ മാറ്റി നിർത്തിയത് വിവാദമായി.കോടതി ഇടപെട്ടെങ്കിലും മൽസരിക്കാനായില്ല.തലസ്ഥാനത്ത് ബി.ജെ.പി-സി.പി.എം ആക്രമണം സംസ്ഥാനത്ത് ബി.ജെ.പി ഹർത്താൽ നടത്തി.

ഓഗസ്റ്റ്

മാധ്യമങ്ങളോട് 
പിണറായി 
-കടക്കൂ പുറത്ത്
മെഡിക്കൽ പ്രവേശനത്തിൽ മതസംഘടനകളുടെ പേരിൽ സംവരണം നൽകാനുളള ആരോഗ്യ വകുപ്പിന്റെ ഉത്തരവ് സർക്കാർ തിരുത്തി. മാധ്യമപ്രവർത്തകരോട് കടക്ക് പുറത്ത് എന്ന് മുഖ്യമന്ത്രിയുടെ ആക്രോശം വിവാദമായി. കൊല്ലത്ത് വാഹനാപകടത്തിൽ പരിക്കേറ്റ യുവാവിന് തമിഴ്‌നാട് സ്വദേശി മരിച്ച സംഭവത്തിൽ ആശുപത്രികൾക്കെതിരെ അന്വേഷണം.ബ്ലൂവെയിൽ,ചാലഞ്ച് ഗെയിം കേരളത്തിലും ആശങ്ക പടർത്തി. വ്യാജ രേഖ സമർപ്പിച്ചെന്ന പരാതിയിൽ ടി.പി സെൻകുമാറിനെതിരെ വീണ്ടും കേസ്.ഗതാഗത മന്ത്രി തോമസ് ചാണ്ടിക്കെതിരെ കായൽ കയ്യേറ്റത്തിന് കേസ്.ലാവ്‌ലിൻ കേസിൽ പിണറായി വിജയൻ മുക്തനായി.
   
സെപ്തംബർ

സോളാർ കമ്മീഷൻ റിപ്പോർട്ട് സമർപ്പണം
 സംസ്ഥാനത്ത് മതപരിവർത്തന കേന്ദ്രങ്ങൾ അടച്ചു പൂട്ടാൻ നിർദേശം.മന്ത്രി തോമസ് ചാണ്ടിക്കെതിരെ സർക്കാർ ഭൂമി കയ്യേറ്റം. ഷാർജയിൽ കഴിയുന്ന 149 ഇന്ത്യക്കാർക്ക് മോചനം നൽകാൻ ഷാർജ ഭരണാധികാരി ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽഖാസിമിയുടെ പ്രഖ്യാപനം.സോളാർ കമ്മീഷൻ റിപ്പോർട്ട് ജസ്റ്റിസ് ജി. ശിവരാജൻ സർക്കാറിന് സമർപ്പിച്ചു.നടിയെ ആക്രമിച്ച കേസിൽ പോലീസിനെ വിമർശിച്ച് ഹൈക്കോടതി.കാവ്യാ മാധവൻ മുൻകൂർ ജാമ്യാപേക്ഷ നൽകി.ദിലീപിന്റെ ജാമ്യം കോടതി തളളി.വേങ്ങര തെരഞ്ഞെടുപ്പ് ഒക്ടോബർ 11 ന് തിശ്ചയിച്ചു.അഡ്വ.കെ.എൻ.എ.ഖാദറും പി.പി.ബഷീറും സ്ഥാനാർത്ഥികൾ.കായൽ കയ്യേറ്റത്തിൽ കുടുങ്ങി മന്ത്രി തോമസ് ചാണ്ടിയെ മുഖ്യമന്ത്രിയും കൈവിട്ടു.

ഒക്ടോബർ

തോമസ് ചാണ്ടിക്കെതിരെ സി.പി.ഐയും യു.ഡി.എഫും 
 കേരളത്തിൽ മതപരിവർത്തന കേന്ദ്രങ്ങളെന്നും ഭൂരിപക്ഷ സമുദായത്തിന് രക്ഷയില്ലെന്നും ആർ.എസ്.എസ് നേതാവ് മോഹൻ ഭഗവതിന്റെ പ്രസ്താവനക്കെതിരെ പ്രതിഷേധം. മുഖ്യമന്ത്രിയടക്കം രംഗത്ത്.സോളാർ കേസിൽ സർക്കാർ നിയമോപദേശം തേടി.ബംഗ്ലൂരുവിൽ രജിസ്റ്റർ ചെയ്ത സോളാർ കേസിൽ ഉമ്മൻ ചാണ്ടി പുറത്ത്.കേരളത്തിലെ മതസൗഹാർദ്ദത്തെ പ്രകീർത്തിച്ച് രാഷ്ട്രപതി. ഹാദിയ നിർബന്ധിത മതം മാറ്റലിന് വിധേയമായിട്ടില്ലെന്ന് ക്രൈം ബ്രാഞ്ച്.
ഹാദിയ കേസ് സുപ്രീം കോടതിയിൽ.നേരിട്ട് വിളിപ്പിക്കുമെന്ന് കോടതി.കേരളത്തിൽ അന്യസംസ്ഥാന തൊഴിലാളികൾ മർദനത്തിന് ഇരയാകുന്നുവെന്ന് വ്യാജ പ്രചാരണം.സംരക്ഷണം ഉറപ്പ് വരുത്തി സർക്കാർ.
 വേങ്ങരയിൽ വോട്ടെടുപ്പ് നടപടിക്കിടെ സോളാർ കേസ് പുറത്ത് വിട്ട് സംസ്ഥാന സർക്കാർ.പ്രതിഷേധം ശക്തമായി.പ്രതിരോധ തന്ത്രം മെനഞ്ഞ് യു.ഡി.എഫ്.കലാലയ രാഷ്ട്രീയത്തിന് ഹൈക്കോടതി വിധി.പഠിപ്പ് മതി മുടക്കൽ വേണ്ടായെന്ന് നിർദേശം.വേങ്ങരയിൽ എൻ.എ.ഖാദറിന് 23,310 വോട്ടിന്റെ ഭൂരിപക്ഷം.
നടി ആക്രമിച്ച കേസിൽ ദിലീപ് ഒന്നാം പ്രതി.ടി.പി.സെൻകുമാറിനെ കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണൽ അംഗമായി നിയമിക്കുന്നതിനെതിരെ കേന്ദ്രം.കേസുകൾ കഴിഞ്ഞിട്ട് മതി നിയമനമെന്ന് കേന്ദ്രം വ്യക്തമാക്കി.കെ.പി.സി.സി പട്ടികയെ ചൊല്ലി തർക്കം.കായൽ കയ്യേറ്റത്തിൽ ജില്ലാ കലക്ടറുടെ റിപ്പോർട്ടിലും തോമസ് ചാണ്ടി പ്രതിസ്ഥാനത്ത്.സി.പി.ഐ തോമസ് ചാണ്ടിക്കെതിരെ രംഗത്ത്.ചാണ്ടി പ്രശ്‌നം ഉപദേശക സമിതിക്ക് വിട്ടു.പിതാവ് മർദ്ദിക്കുന്നു,  ഞാൻ വീട്ടുതടങ്കലിൽ എന്ന ഹാദിയയുടെ വീഡിയോ ക്ലിപ്പിംഗ് പുറത്ത്.ഹാദിയയെ ഹാജരാക്കണമെന്ന് സുപ്രീം കോടതി. 

നവംബർ

മന്ത്രി തോമസ് ചാണ്ടി പുറത്തേക്ക് 
അന്വേഷണ ഉദ്യോഗസ്ഥരെ വെല്ലുവിളിച്ച് തോമസ് ചാണ്ടി,മുഖ്യമന്ത്രി തോമസ് ചാണ്ടിയെ ശാസിച്ചു.പ്രശ്‌നത്തിൽ സർക്കാറിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം.അപകടങ്ങളിൽ പെടുന്നവർക്ക് 48 മണിക്കൂറിനുളളിൽ സൗജന്യ ചികിൽസ നൽകാൻ സർക്കാർ ഉത്തരവ്.കേരളത്തിൽ നിർബന്ധിത മതപരിവർത്തനമില്ലെന്ന് വനിതാ കമ്മീഷൻ ഹൈക്കോടതിയെ അറിയിച്ചു. ഗെയിൽ സമരം ശക്തമാക്കിയതിനെ തുടർന്ന് നഷ്ടപരിഹാരം ഇരട്ടിയാക്കി.തോമസ് ചാണ്ടി രാജിവെച്ചു.
കോടതി വിമർശിച്ച മന്ത്രിയോടൊപ്പം അടിയന്തര മന്ത്രിസഭാ യോഗത്തിൽ നിന്ന് സി.പി.ഐ മന്ത്രിമാർ വിട്ടുനിന്നു. ഇത് സി.പി.ഐ - സി.പി.എം കൊമ്പുകോർക്കലിലെത്തി.സോളാർ കേസിൽ സാമ്പത്തിക അഴിമതി,ലൈംഗിക പീഡനം.ഉമ്മൻ ചാണ്ടി ഉൾപ്പെടെയുളളവർക്കെതിരെ കേസ്.ദിലീപിന് ജാമ്യം.കുറ്റപത്രത്തിൽ എട്ടാം പ്രതി ദിലീപ്.ഫോൺ കെണിയിൽ ശശീന്ദ്രനെ കുടുക്കിയതെന്ന് അന്വേഷണ കമ്മീഷൻ.

ഡിസംബർ

ഓഖി ചുഴലിയുടെ സംഹാര താണ്ഡവം
കേരളത്തെ നടുക്കിയ ഓഖി ചുഴലിക്കാറ്റ്.
മരണം,കടൽ പ്രക്ഷുബ്ധം, മൽസ്യത്തൊഴിലാളികളെ കാണാതെയായി. മരണ സംഖ്യ വർധിക്കുന്നു. മുഖ്യമന്ത്രിക്ക് മുമ്പിൽ ജനരോഷം. നിലമ്പൂർ എം.എൽ.എ പി.വി.അൻവറിനെതിരെ കക്കാടം പെയിലിൽ കയ്യേറ്റ കേസ്.സ്വത്ത് വിവരങ്ങൾ വെളിപ്പെടുത്തിയില്ലെന്നും ആരോപണം.മാണിയേയും വീരനേയും ഒപ്പം നിർത്താൻ സി.പി.എം ശ്രമം.
ജിഷ വധക്കേസിൽ അമീറുൽ ഇസ്‌ലാമിന് വധശിക്ഷ. ഓഖി ചുഴലിക്കാറ്റിൽ കേരളത്തിൽ നിരവധി മരണം. കണക്കുകൾ അവ്യക്തം. കാണാതായത് മുന്നൂറിലേറെ പേരെ. സർക്കാറിനെതിരെ ജനരോഷം. മുൻകൂട്ടി അറിയിപ്പ് ലഭിച്ചിട്ടും മുന്നറിയിപ്പ് നൽകിയില്ലെന്നത് വിവാദമായി. സർവകക്ഷി യോഗത്തിൽ ആശ്രിതർക്ക് ജോലിയും നഷ്ടപരിഹാരവും നൽകാൻ തീരുമാനം. 
പ്രധാനമന്ത്രി നരേന്ദ്ര മോഡി ഓഖി ദുരന്ത പ്രദേശങ്ങളിലെത്തി. 7340 കോടിയുടെ സഹായം. സംസ്ഥാനത്ത് നിയമവാഴ്ചയില്ലെന്ന് തുറന്നടിച്ച വിജിലൻസ് മേധാവി ജേക്കബ് തോമസിന് സസ്‌പെൻഷൻ. എം.പി.വീരേന്ദ്ര കുമാർ രാജ്യസഭാംഗത്വം രാജിവെച്ചു.
 

Latest News