Sorry, you need to enable JavaScript to visit this website.
Friday , June   25, 2021
Friday , June   25, 2021

യാത്രകളെ പ്രണയിച്ച പെൺകുട്ടി

നിധി ശോശാകുര്യൻ

ഒരു സ്വപ്നസാക്ഷാത്കാരത്തിന്റെ നിറവിലാണ് നിധി ശോശാകുര്യൻ. ഇക്കഴിഞ്ഞ മേയ് ഒൻപതിനാണ് ഈ കോട്ടയത്തുകാരി തൊണ്ണൂറ്റിരണ്ടു ദിവസത്തെ സഞ്ചാരം കഴിഞ്ഞ് മടങ്ങിയെത്തിയത്. ഇരുപതിനായിരം കിലോമീറ്റർ ഒറ്റയ്ക്ക് തന്റെ പ്രിയപ്പെട്ട കാറിൽ ഗ്രാമാന്തരങ്ങൾ കടന്ന് കടലോരങ്ങളിലൂടെയും കുന്നിൻപുറങ്ങളിലൂടെയും കാടും മലയും പുഴയും താണ്ടി മഴയിൽ നനഞ്ഞും മേഘങ്ങളെ തൊട്ടുതലോടിയുമുള്ള ദേശാടനം.


ഫെബ്രുവരി ഏഴിനാണ് നിധി തന്റെ സ്വപ്നയാത്ര ആരംഭിച്ചത്. കൊച്ചിയിലെ കലൂർ സ്‌റ്റേഡിയത്തിൽവച്ച് പ്രായം മറന്ന് യാത്രകളെ സ്‌നേഹിക്കുന്ന ചായക്കടക്കാരൻ ബാലാജിയും ഭാര്യ മോഹനയും ചേർന്നാണ് ഫ്‌ളാഗ് ഓഫ് ചെയ്തത്. ദി ഗ്രേറ്റ് ഇന്ത്യൻ സോളോ ട്രിപ്പ് എന്നു പേരിട്ട ഈ യാത്രയിൽ നിധിക്ക് ആരും കൂട്ടുണ്ടായിരുന്നില്ല. കുരുവി എന്നു പേരിട്ട തന്റെ റിനോ ക്വിഡിൽ സ്വന്തമായി പാചകം ചെയ്തും വിശ്രമിച്ചുമുള്ള യാത്ര. കോവിഡിനെ പ്രതിരോധിക്കാനായി ഹോട്ടലുകളെയൊന്നും ആശ്രയിച്ചില്ല. ഇതിനായി പ്രത്യേക സജ്ജീകരണങ്ങളൊന്നും കാറിൽ ഒരുക്കിയിരുന്നുമില്ല.
സംവിധായകൻ സലീം അഹമ്മദിന്റെ അലൻസ് മീഡിയ മൂവി പ്രൊഡക്ഷൻസ് എന്ന കമ്പനിയിൽ ക്രിയേറ്റീവ് ഹെഡാണ് നിധി. കോവിഡിനുശേഷം ചില സിനിമകളുടെ ഷൂട്ടിംഗ് നിശ്ചയിച്ചതായിരുന്നു. ജനുവരിയിൽ യാത്രപോകാൻ തീരുമാനിച്ചതായിരുന്നെങ്കിലും ചില സാങ്കേതിക കാരണങ്ങളാൽ അത് ഫെബ്രുവരിയിലേയ്ക്ക് നീണ്ടുപോവുകയായിരുന്നു. എന്നാൽ അപ്പോഴേയ്ക്കും  കോവിഡ് വില്ലനായി എത്തി. കന്യാകുമാരിയിലെ ഉദയാസ്തമയം കണ്ട് മടങ്ങിയെത്താനായിരുന്നു തീരുമാനിച്ചതെങ്കിലും ലോക്ഡൗൺ കാരണം യാത്ര കൊച്ചിയിൽ അവസാനിപ്പിക്കുകയായിരുന്നു. നിയന്ത്രണങ്ങൾ അവസാനിക്കുമ്പോൾ കന്യാകുമാരിയിലെത്തിയതിനുശേഷമേ യാത്ര പൂർത്തിയാവുകയുള്ളുവെന്നും നിധി പറയുന്നു.


രാജ്യത്തിനകത്തും പുറത്തുമായി ഒട്ടേറെ യാത്രകൾ നടത്തിയിട്ടുണ്ട് നിധി കുര്യൻ. ഇസ്രായിൽ, ജോർദാൻ, ഈജിപ്ത്, സിറിയ, നേപ്പാൾ, ഭൂട്ടാൻ, ദുബായ് തുടങ്ങിയ ഒട്ടേറെ രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്. ആ യാത്രകളിലെല്ലാം കൂട്ടിന് ബന്ധുക്കളോ സുഹൃത്തുക്കളോ ഉണ്ടായിരുന്നു. എന്നാൽ ഇത്തവണ തനിച്ചായിരുന്നുവെന്നു മാത്രം. പലരും പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും നിധിയുടെ നിശ്ചയദാർഢ്യത്തിനുമുന്നിൽ അവരെല്ലാം അടിയറവു പറയുകയായിരുന്നു. വീട്ടിൽ അമ്മപോലും ഒറ്റയ്ക്കു പോകണമെന്നുണ്ടോ എന്നു ചോദിച്ചപ്പോൾ ചെറിയ മാനസികസംഘർഷമുണ്ടായെങ്കിലും തീരുമാനത്തിൽനിന്നും പുറകോട്ടു പോയില്ല.


മൂന്നുവർഷമായി മനസ്സിൽ താലോലിച്ച സ്വപ്നമാണ് സാർത്ഥകമായത്. കഴിഞ്ഞ ഏപ്രിലിൽ പോകാനായിരുന്നു ആദ്യം തീരുമാനിച്ചത്. എന്നാൽ കോവിഡ് വിലങ്ങുതടിയായി. കഴിഞ്ഞ അഞ്ചുവർഷമായി നിരന്തരം യാത്രകൾ നടത്തുന്നുണ്ട്. ഒറ്റയ്ക്കുള്ള യാത്രയായതിനാൽ  മാനസികമായി ഏറെ തയ്യാറെടുപ്പുകൾ വേണ്ടിയിരുന്നു. ജോലിയിൽനിന്നുള്ള വരുമാനത്തിൽനിന്നും മിച്ചംപിടിച്ചാണ് യാത്രയ്ക്കുള്ള പണം കണ്ടെത്തിയത്. ഏകാന്ത യാത്രയായതിനാൽ മടുപ്പുതോന്നുമോ എന്ന ഭയമുണ്ടായിരുന്നു. എന്നാൽ യാത്ര തുടങ്ങിയതോടെ അത്തരം ആശങ്കകൾ അസ്ഥാനത്തായി.
വാളയാർ വരെ സുഹൃത്തുക്കൾ അനുഗമിച്ചിരുന്നു. പിന്നീട് ഒറ്റയ്ക്കു യാത്ര തുടങ്ങി. യാത്ര തുടരുമ്പോൾ അവർ വിശേഷങ്ങൾ ചോദിച്ചറിയുമായിരുന്നു. ഒരു ദിവസം കഴിഞ്ഞപ്പോൾതന്നെ യാത്രയുമായി അലിഞ്ഞുചേർന്നുകഴിഞ്ഞിരുന്നു. ഒറ്റക്കാണെന്ന ചിന്തപോലും അസ്ഥാനത്തായി. രാവിലെ അഞ്ചുമണിക്ക് യാത്ര തുടങ്ങും. അതിനുമുൻപേ ഭക്ഷണം പാകംചെയ്തുവയ്ക്കും. കൂട്ടുകാർ സമ്മാനിച്ച പാവകളായ ഡോറയും ബുജിയുമായിരുന്നു കൂട്ട്. തൊണ്ണൂറു കിലോമീറ്റർ വേഗത്തിലാണ് കാറോടിച്ചത്. ഒരു ദിവസം  അഞ്ഞൂറിലേറെ കിലോമീറ്റർ സഞ്ചരിച്ചു. രാത്രി ഏഴിനു മുൻപ് താമസസ്ഥലത്ത് എത്തുകയായിരുന്നു പതിവ്. എന്നാൽ ചിലപ്പോൾ ആ പതിവ് തെറ്റിയിരുന്നു. എങ്കിലും രാത്രിയിലെ യാത്രകൾ പരമാവധി ഒഴിവാക്കിയിരുന്നു. ഉറങ്ങുന്നതിനുമുൻപ് യാത്രയെക്കുറിച്ച് വിശദമായി എഴുതിവയ്ക്കും. അടുത്ത ദിവസത്തെ യാത്രയെക്കുറിച്ച് ആസൂത്രണം ചെയ്യും.


ചെറിയ കാറായതുകൊണ്ട് അതിന്റേതായ പരിമിതികളുണ്ടായിരുന്നു. ഉധംപൂരിൽനിന്നും ശ്രീനഗറിലേയ്ക്കുള്ള യാത്രയ്ക്കിടയിൽ റോഡിൽ മണ്ണിടിച്ചിൽ ഉണ്ടായതിനെത്തുടർന്ന് രണ്ടു ദിവസം വഴിയിൽ കഴിയേണ്ടിവന്നു. ജമ്മുവിലെത്തിയപ്പോൾ ഒരു ദിവസം കാറിൽതന്നെ ഉറങ്ങേണ്ടിയുംവന്നു. ഗ്യാസും സ്റ്റൗവും കുക്കറും അവശ്യം മരുന്നുകളും മാത്രമല്ല, ഭക്ഷണം പാകം ചെയ്യാനായി അരിയും ഗോതമ്പും റവയും കാറിൽ കരുതിയിരുന്നു.
കൊച്ചിയിൽനിന്നും തുടങ്ങിയ യാത്ര പോണ്ടിച്ചേരി, മഹാബലിപുരം, ചെന്നൈ, നെല്ലൂർ, ഗുണ്ടൂർ, വിജയവാഡ, രാജമുന്ത്രി, വിശാഖപട്ടണം, പുരി, ഭുവനേശ്വർ വഴി ബാലസോറിലെത്തി. അവിടെനിന്നും കൊൽക്കത്തയും അസൻസോളും കടന്ന് വരാണസിലേയ്ക്ക്. കാശിയിലെ ബോധ്ഗയയിലെത്തിയപ്പോൾ മുടി മൊട്ടയടിച്ചു. ബുദ്ധന്റെ നാടായ നേപ്പാളിലേക്കായിരുന്നു അടുത്ത യാത്ര. ലുംബിനിയിലും ബുദ്ധഗയയിലും സാരനാഥിലും കുശിനഗരത്തും എത്തി. ഉത്തർപ്രദേശിലെ കനൗജും ആഗ്രയും കണ്ടശേഷം ഹിമാലയസാനുക്കളിലൂടെ സഞ്ചരിച്ചു. ഉത്തരാഖണ്ഡ്, ഹരിദ്വാർ, ഋഷികേശ്, ഡെറാഡൂൺ, മസൂറി, ഷിംല, കുളു, മണാലി, മണികരൺ, കാസോൾ വഴി കാശ്മീരിലേക്ക്. അവിടെനിന്നും പഞ്ചാബിലെ അമൃത്സർ, ജലന്ധർ, ലുധിയാന വഴി പാക്കിസ്ഥാന്റെ അതിർത്തിയിലെത്തി. ഹരിയാനയിലും കുരുക്ഷേത്രയിലും പോയി. രാജസ്ഥാനും ഗുജറാത്തും കടന്ന് ഒടുവിൽ ഗോവയിലെത്തി. അവിടെനിന്നും നേരെ മൂകാംബികയിലേയ്ക്കായിരുന്നു യാത്ര. കേരളത്തിൽ ലോക് ഡൗൺ പ്രഖാപിക്കുമെന്നറിഞ്ഞപ്പോൾ കന്യാകുമാരിയിലേയ്ക്ക് പോകാതെ കൊച്ചിയിലേയ്ക്കു തിരിച്ചു.


യാത്ര തുടങ്ങുന്നതിനു മുൻപായി ഫേസ്ബുക്കിൽ ഒരു പോസ്റ്റിട്ടിരുന്നു. ''പ്രിയപ്പെട്ട കൂട്ടുകാരെ റെനോ ക്വിഡ് ആണ് എന്റെ കാർ. നമ്പർ കെ.എൽ. 33 എൻ 0078. കടന്നുപോകുന്ന വഴിയിൽ എന്നെ കാണുകയാണെങ്കിൽ ഒരു ഹായ് പറയാൻ മറക്കരുത്.''- ഈ സന്ദേശം വലിയ പിന്തുണയാണ് നൽകിയത്. എവിടെ ചെന്നാലും ആളുകളുമായി ഇടപഴകാൻ ഈ സന്ദേശം ഉപകരിച്ചു. മാത്രമല്ല, പല സ്ഥലത്തുനിന്നും ഭക്ഷണം പൊതിഞ്ഞുതന്നു. താമസിക്കാനാണെങ്കിൽ ഹോസ്റ്റൽ, ഹോട്ടൽ, പള്ളികളിലെ ഗസ്റ്റ് ഹൗസുകൾ, പട്ടാള ക്യാമ്പ്, സുഹൃത്തുക്കളുടെ വീടുകൾ, ഓർഫനേജ്, ദാൽ തടാകത്തിലെ ഹൗസ് ബോട്ട് എന്നിവിടങ്ങളിൽ സൗകര്യവും ലഭിച്ചു. നേരത്തെയുള്ള ആസൂത്രണമായതിനാൽ പലയിടത്തും വിളിച്ച് താമസസൗകര്യം ഏർപ്പാടാക്കിയിരുന്നു. മാത്രമല്ല, ഒന്നും ലഭിച്ചില്ലെങ്കിൽ ടെന്റു കെട്ടി കിടക്കാനുള്ള സാമഗ്രികളും കാറിൽ കരുതിയിരുന്നു.


യാത്ര തുടങ്ങുമ്പോഴുണ്ടായ ആനന്ദം മടക്കയാത്രയിലുണ്ടായില്ല. കാരണം കൊറോണയുടെ സംഹാരതാണ്ഡവം തുടങ്ങിക്കഴിഞ്ഞിരുന്നു. ശ്വാസം കിട്ടാതെ പ്രാണവായുവിനുവേണ്ടി പിടഞ്ഞുവീഴുന്ന മനുഷ്യരെ കണ്ടായിരുന്നു യാത്ര. ജീവനും കൈയിൽ പിടിച്ചുള്ള ആ ഓട്ടത്തിൽ സ്വന്തം നെഞ്ചിടിപ്പുപോലും പുറത്തു കേൾക്കാമായിരുന്നു. നാട്ടിലെത്താനാവാതെ വഴിയിലെങ്ങാനും പെട്ടുപോകുമോ എന്ന ആധിയുമുണ്ടായി. യാത്രയുടെ ആസ്വാദ്യത അനുഭവിക്കണമെങ്കിൽ നമ്മൾ ജീവിച്ചിരിക്കേണ്ടേ. പെട്ടെന്നുള്ള മടങ്ങിവരവിന് പ്രേരണയായതും ഈ ഭീതിയായിരുന്നു.
മറ്റൊന്ന് ഏറെ യാത്ര ചെയ്തു വരുന്ന ആളായതുകൊണ്ട് കണ്ടുമുട്ടുന്നവർ പലരും ഒഴിഞ്ഞുമാറാൻ തുടങ്ങി. ഹരിയാനയിൽ എത്തിയപ്പോഴാണ് ദൽഹിയിൽ ശനി, ഞായർ ദിവസങ്ങൾ ലോക്ഡൗണാണെന്ന് അറിയുന്നത്. കർണാലിൽ ഒരു അനാഥാലയത്തിലാണ് കഴിഞ്ഞത്. തിങ്കളാഴ്ച രാവിലെ അവിടംവിട്ടു. ദൽഹിയിലെത്തിയപ്പോഴാണ് ലോക്ഡൗൺ തുടരുമെന്നറിഞ്ഞത്. അവിടെ തങ്ങുന്നത് സുരക്ഷിതമല്ലെന്നോർത്ത് ജയ്പൂരിലേയ്ക്ക് തിരിച്ചപ്പോൾ അവിടെയും ലോക്ഡൗൺ. ഒരാഴ്ച അവിടെ കഴിയേണ്ടിവന്നു. മലയാളി സുഹൃത്തുക്കളാണ് ഭക്ഷണമൊരുക്കിത്തന്നത്. തുടർന്ന് ഉദയ്പൂരിലേയ്ക്ക് യാത്ര തുടങ്ങി. അവിടെനിന്നും ഗോവയിലേയ്ക്കു മടങ്ങി. ഗോവയിൽ കർഫ്യൂ ആയതിനാൽ ഒരു മലയാളി ആന്റിയുടെ വീട്ടിൽ മൂന്നു ദിവസം താമസിച്ചു. അവിടെനിന്നാണ് കൊല്ലൂരിലേയ്ക്ക് യാത്ര തിരിച്ചത്.


യാത്രയ്ക്കിടയിൽ ഒട്ടേറെ സ്ത്രീകളെ കണ്ടുമുട്ടി. അവരുടെ ജീവിതരീതികൾ മനസ്സിലാക്കി. അവരിൽ പലരും ജീവിതത്തിൽ ഏറെ കഷ്ടപ്പെടുന്നവരായിരുന്നു. അതുകണ്ടപ്പോൾ നമ്മളെല്ലാം എത്രയോ ഭാഗ്യവാന്മാരാണെന്നു തോന്നി. ലോകം മുഴുവൻ ചുറ്റിക്കാണണമെന്നാണ് ഇനിയുള്ള മോഹം. ഒന്നുരണ്ടുവർഷം കഴിഞ്ഞേ അത്തരമൊരു യാത്രയ്ക്കുള്ള ഒരുക്കങ്ങൾ തുടങ്ങാനാവൂ.
ഓരോ യാത്രയെക്കുറിച്ചും കൃത്യമായി കുറിപ്പുകളെടുത്ത് പുസ്തകമാക്കാനും നിധി മറക്കാറില്ല. മൂന്നു പുസ്തകങ്ങൾ ഇതിനകം പുറത്തിറങ്ങിക്കഴിഞ്ഞു. പുണ്യഭൂവിന്റെ ഇടനാഴികൾ, ആകാശത്തിന്റെ ചിറകുകൾ, അശ്രദ്ധ എന്നിവയാണവ. ഈ യാത്രയും വൈകാതെ പുസ്തകമായി മാറും. ഇത്തരം യാത്രാനുഭവങ്ങൾ മറ്റൊരാൾക്ക് യാത്ര ചെയ്യാനുള്ള പ്രചോദനമായി മാറുന്നുവെങ്കിൽ നല്ലതല്ലേ. നിധി ചോദിക്കുന്നു. ലോക്ഡൗൺ ആയതിനാൽ യാത്രകൾക്ക് ഇടവേള നൽകിയിരിക്കുകയാണിപ്പോൾ. പഴയ നിലയിലായാൽ ഇനിയും സഞ്ചാരം തുടരും. രാജ്യത്തെ വിവിധ ഗ്രാമങ്ങൾ, ആചാരങ്ങൾ, ഉത്സവങ്ങൾ... എല്ലാം അടുത്തറിയുകയാണ് യാത്രയിലൂടെ ലക്ഷ്യമിടുന്നതെന്നും നിധി പറയുന്നു. ബസിലും തീവണ്ടിയിലും ബൈക്കിലുമെല്ലാമായി ഇതിനുമുൻപും യാത്ര ചെയ്തിട്ടുള്ള നിധി തന്റെ അവഞ്ചർ ബൈക്കിൽ കേരളമാകെ സഞ്ചരിച്ചിട്ടുണ്ട്. മാത്രമല്ല, എല്ലാവർഷവും ഹിമാലയ യാത്രയും പതിവാണ്. 2019 ൽ നടന്ന ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ റൈറ്റേഴ്‌സ് സൈനിംഗ് പ്രോഗ്രാമിലൂടെ ഗിന്നസ് റെക്കാർഡിനും ഉടമയായ ഈ യാത്രാകുതുകി യൂട്യൂബിൽ ട്രാവൽ എഫ്.എം എന്ന പേരിൽ യാത്രാനുഭവങ്ങൾ പങ്കുവയ്ക്കാനായി ഒരു ചാനലും ഒരുക്കിയിട്ടുണ്ട്.

 

Latest News