Sorry, you need to enable JavaScript to visit this website.

ആനന്ദ്: ഇന്ദ്രജാലം പരമാനന്ദം

നാടകവും പാട്ടും മിമിക്രിയുമൊക്കെയായി ക്ലബ് പ്രോഗ്രാം ചെയ്തുകൊണ്ടിരിക്കുന്ന സമയത്താണ് ഇന്ദ്രജാല പ്രോഗ്രാമുകളുമായി ബന്ധപ്പെട്ട് പ്രഗത്ഭരായ മൂന്നു മാന്ത്രികന്മാരുടെ പ്രോഗ്രാം തൃത്താലയ്ക്കടുത്ത മേഴത്തൂരിൽ നടക്കുന്നത്. യാദൃച്ഛികമായി മൂന്നു പേരും വേദിയിലേക്ക് കാണികളെ വിളിച്ചപ്പോൾ കയറിയവരിൽ ഒരാൾ ആനന്ദായിരുന്നു. കൂട്ടുകാർ അത് പറഞ്ഞു കളിയാക്കാൻ തുടങ്ങിയപ്പോൾ അവരോടു ആനന്ദ് വെറുതെ വാശിക്ക് പറഞ്ഞതാണ്, ഇനി ഞാൻ വേദിയിൽ കയറുകയാണെങ്കിൽ അത് മജീഷ്യന്റെ കുപ്പായമിട്ട് കൊണ്ടായിരിക്കും എന്ന്. അങ്ങനെയാണ് മാന്ത്രികതയുടെ മാസ്മരികത മോഹിച്ച് ഗുരുവിനെ തേടി പോയതും ജാലവിദ്യക്കാരനായി വേദികളിൽ കയറിയതും. 
ഓരോ കാഴ്ചയിലും പുതിയ കൗതുകവും അനുഭൂതിയും സൃഷ്ടിക്കുന്ന ഒന്നാണ് ഇന്ദ്രജാലം. ആഗ്രഹം കൊണ്ടു മാത്രം ഒരു മാന്ത്രികൻ രൂപപ്പെടില്ല. സമർപ്പിതമായൊരു മനസ്സും കാലത്തിനും നേരത്തിനും അനുസരിച്ച മനശ്ശക്തിയും ചടുലതയും വേണം. ഇന്ദ്രജാലത്തിന്റെ മാസ്മരികത ഓരോരുത്തരുടെയും മനോധർമമനുസരിച്ചു മാറിക്കൊണ്ടിരിക്കും.
അതൊരു സമ്പർക്കപുണ്യമാണ്. ഇന്ദ്രജാലവിദ്യകൾക്ക് പുതുമയാർന്ന പരീക്ഷണം നൽകി മാജിക്കിന് മറ്റെന്തിനേക്കാൾ പ്രാധാന്യം നൽകുന്ന ഒരു അതുല്യ കലാകാരനാണ് മേഴത്തൂരിലെ ഇടവര കള്ളിയത്തു വീട്ടിൽ ആനന്ദ്.
വളർന്ന് വരുന്ന തലമുറക്ക് മാന്ത്രികവിദ്യ പകർന്ന് നൽകുക മാത്രമല്ല, സാമൂഹ്യ ബോധവൽക്കരണത്തിന് ഇത് ഉപാധിയാക്കുക കൂടി ചെയ്യുന്നു, ആനന്ദ്. 
കൂട്ടുകാർ പലരും പലവഴിക്ക് നീങ്ങിയപ്പോൾ ആനന്ദ് മാജിക്കിന്റെ വഴി തെരഞ്ഞെടുത്തു. അതും സ്വയം നിശ്ചയിച്ചുറച്ച വഴി. അങ്ങനെ ആനന്ദ്, മജീഷ്യൻ ആനന്ദ് മേഴത്തൂർ ആയി മാറി. മോഹിപ്പിക്കുന്ന ജാലവിദ്യകളാൽ മാജിക് രംഗത്ത് തനതായ വ്യക്തിമുദ്ര പതിപ്പിച്ച കലാകാരനാണ് ഇദ്ദേഹം.


അപകടകരവും ഏറ്റവും സാഹസികത നിറഞ്ഞതുമായ പ്രോഗ്രാമുകളിലൂടെ മാജിക് രംഗത്ത് പുതിയ ഒരു നേട്ടമാണ്  കരസ്ഥമാക്കിയത്. കാലികപ്രാധാന്യമുള്ള വിഷയങ്ങളായ മതസൗഹാർദ്ദ സന്ദേശം, ദേശസ്‌നേഹം, രോഗത്തെക്കുറിച്ചുള്ള ബോധവൽക്കരണം, സാക്ഷരതാ സന്ദേശം, മദ്യപാനത്തിനും പുകവലിക്കും എതിരെയുള്ള ബോധവൽക്കരണം, എന്നിവയെല്ലാം തന്റെ മാന്ത്രിക പരിപാടിയായ മാജിക് വേൾഡിൽ ഉൾപ്പെടുത്തിയിരിക്കുന്നു. അറിവിന്റെ അക്ഷരങ്ങൾ വായനക്കാരിലെത്തിച്ച 'വായനജാലം', പരിസ്ഥിതി ദിന സന്ദേശം പകർന്ന 'ഗ്രേറ്റ് ഇന്ത്യൻ മംഗോ ട്രീ' തദ്ദേശ തെരഞ്ഞെടുപ്പിൽ ഫല പ്രവചനം നടത്തിയ 'ഇലക്ഷൻ റിസൾട്ട് പ്രഡിക്ഷൻ മിസ്റ്ററി' എന്നിവയെല്ലാം സാഹസികതയും മിടുക്കും പ്രതിഫലിച്ച പ്രവർത്തനമായിരുന്നു. 
കാൽനൂറ്റാണ്ട് പിന്നിട്ട തന്റെ മാന്ത്രിക ജീവിതത്തിൽ ആനന്ദ് ഇന്ത്യയിൽ ഒട്ടുമിക്ക വേദികളിലും മാജിക് അവതരിപ്പിച്ചിട്ടുണ്ട്. പിന്നീട് ഗോപിനാഥ് മുതുകാടിന്റെ ശിഷ്യനായി. അത് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ മഹാഭാഗ്യമായി ആനന്ദ് കരുതുന്നു. മാന്ത്രികലോകത്ത് തുടരാനും അതൊരു പ്രചോദനമായി.  
വാഴകുന്നം നമ്പൂതിരിയുടെ ശിഷ്യൻ മജീഷ്യൻ കുമ്പിടി രാധാകൃഷ്ണൻ അദ്ദേഹത്തിന്റെ അടുത്തു ഗുരുകുല സമ്പ്രദായത്തിൽ വീട്ടിൽ വെച്ചുള്ള പഠനം. സഹായിയായും ശിഷ്യനായും പഠിക്കുന്ന കുട്ടികൾക്ക് ഗുരുനാഥനായും അങ്ങനെ കുറെ കാലം. വർഷങ്ങൾക്കു ശേഷം 1996 ജനുവരിയിൽ ഗുരുവിന്റെ ഉപകരണങ്ങൾ കൂടി ചേർത്ത് നാട്ടിലെ അമ്പലത്തിൽ എന്തിനും തുണയായ ഇരുപ്പക്കോട്ടുകാവിൽ അയ്യപ്പന്റെ മുന്നിൽ അരങ്ങേറ്റം. പിന്നീടങ്ങോട്ട് ഒട്ടനവധി മാന്ത്രിക വേദികൾ. ഈ ഇരുപത്തിയഞ്ചാം വർഷത്തിലും തീരാത്ത മാന്ത്രികപ്രകടന യാത്രകൾ. ദേശസ്‌നേഹ സന്ദേശവുമായി കശ്മീർ മുതൽ കന്യാകുമാരി വരെ റോഡ്മാർഗം നടത്തിയ ഇന്ദ്രജാല യാത്രകളിൽ പങ്കെടുക്കാൻ സാധിച്ചു. വിദ്യാലയങ്ങളിലും വിജ്ഞാന സദസ്സുകളിലും വിസ്മയകാഴ്ചകളുമായി കാലുകുത്താനും സാധിച്ചു. തിരുവനന്തപുരത്തെ മാജിക് പ്ലാനെറ്റിന്റെ പ്രാരംഭ ചർച്ചകൾ മുതൽ പ്രവർത്തന ഉദ്ഘാടനം വരെ സജീവ സാന്നിധ്യം. ഇപ്പോൾ മാജിക്കിനെ വിവിധ സന്ദേശ പ്രചാരണങ്ങൾക്ക് വേണ്ടി ഉപയോഗിക്കുന്നു. ജാലവിദ്യ അവതരണത്തിലൂടെ ഒരു ഗിന്നസ് വേൾഡ് റെക്കോർഡ്, അതിനുള്ള പരിശ്രമത്തിലാണ് ഈ യുവ കലാകാരൻ ഇപ്പോൾ.


ശാസ്ത്രത്തിന്റെ പുതിയ അറിവുകൾ ഉൾക്കൊള്ളുവാനും  അവയെ ഉപയോഗിക്കുവാനും മനുഷ്യന് കഴിയണം. നമ്മുടെ രാജ്യത്തിനു വേണ്ടി പോരാടി ജീവത്യാഗം വരിച്ച ധീരജവാന്മാർക്ക്  പ്രണാമം അർപ്പിക്കുന്ന 'വന്ദേഭാരതം' അക്ഷരങ്ങൾ അഗ്നിയാണെന്നും അറിവില്ലായ്മയുടെ അപകട വശങ്ങളെക്കുറിച്ചു വിശദീകരിക്കുകയും ചെയ്യുന്ന 'അക്ഷരജാലം' ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിച്ച 17 വാർഡുകളിലെ വിജയികളെയും അവർക്കു ലഭിക്കുന്ന ഭൂരിപക്ഷവും നേരത്തെ പ്രവചിക്കുകയും ചെയ്ത ഇന്ദ്രജാലം, വാഹനയാത്രക്കാരുടെ അകക്കണ്ണു തുറപ്പിക്കാൻ  രണ്ടു കണ്ണുകളും മൂടിക്കെട്ടികൊണ്ടു  വാഹനമോടിക്കുന്ന ''ബ്ലൈൻഡ്ഫോൾഡ് ആക്റ്റ്' എന്ന പരിപാടി, വിജയകരമായി നടത്തിയ പ്രവചന വിസ്മയങ്ങൾ തുടങ്ങി ഒരുപാട് സന്ദേശ പ്രചാരണ വിസ്മയങ്ങൾ. 
പത്‌നി ധന്യ ആനന്ദ് ബലൂണുകൾ കൊണ്ടു വിസ്മയങ്ങൾ തീർക്കുന്നു. ഒമ്പതാം ക്ലാസ്സിൽ പഠിക്കുന്ന മകൻ ആദർശ് ആനന്ദ് അഗ്‌നിയിൽ നിന്നും രക്ഷപ്പെടൽ അടക്കമുള്ള ജാലവിദ്യകൾ അവതരിപ്പിച്ചു കൊണ്ട് അച്ഛന്റെ പിൻഗാമിയായി കൂടെ ഉണ്ട്. എല്ലാറ്റിനും പരിപൂർണ പിന്തുണയുമായി അമ്മ സീമന്തിനിയും.
ഇന്ദ്രജാലത്തിലെ ബാലപാഠങ്ങൾ കൊച്ചു കൂട്ടുകാർക്ക് പകർന്നു നൽകുന്നതിനായി തൃശൂരിൽ മാജിക് പഠനകേന്ദ്രം ഉണ്ട്. 'മേഴത്തൂർ മാജിക് വേൾഡ്' എന്നപേരിൽ മാജിക് ട്രൂപ്പ്.
ഇപ്പോൾ വളരെ അധികം ആളുകൾ ഇഷ്ടപ്പെടുന്നത് 'മെന്റലിസം'പ്രോഗ്രാമുകൾ ആണ്.കാണികളുടെ മനസ്സ് വായിക്കുന്ന ഇന്ദ്രജാലം. പ്രശസ്ത ഗായിക ജ്യോത്സ്‌ന മനസ്സിൽ പാടിയ പാട്ടിന്റെ വരികൾ ഏറ്റു പാടിയതും മറ്റുമുള്ള പ്രോഗ്രാമുകൾ വളരെയധികം ശ്രദ്ധിക്കപ്പെട്ടവയാണ്.
അങ്ങനെ ഈ വിസ്മയ യാത്ര തുടർന്നു കൊണ്ടിരിക്കുന്നു. കൈവിലങ്ങുകളണിയിച്ച മാന്ത്രികനെ സ്‌ഫോടക വസ്തുക്കൾ നിറഞ്ഞ വൈക്കോൽ പെട്ടിയിലാക്കി തീ കൊളുത്തുന്നു, അതിൽ നിന്നും രക്ഷപ്പെടുന്ന മാന്ത്രികൻ കാണികൾക്കിടയിൽ പ്രത്യക്ഷപ്പെടുന്ന അത്യധികം അപകടം നിറഞ്ഞ ജാലവിദ്യ സ്വന്തം നാട്ടുകാർക്ക് മുന്നിൽ അവതരിപ്പിച്ചതാണ് മറക്കാൻ പറ്റാത്ത അനുഭവങ്ങളിലൊന്ന്.
ജാലവേദിയിൽ എന്നും മാതൃകയാക്കുന്നത് വിസ്മയങ്ങളുടെ രാജകുമാരൻ ഗോപിനാഥ് മുതുകാടിനെയാണ്. മാജിക് എന്ന കലയെ വ്യത്യസ്തമായ അവതരണ ശൈലിയിലൂടെ സന്ദേശ പ്രചാരണത്തിനുപയോഗിക്കുന്ന അദ്ദേഹത്തിന്റെ രീതി എന്നും അത്ഭുതപ്പെടുത്തുന്നതും പ്രചോദനപാഠവുമാണ്. മാന്ത്രികതയോട് ആർക്കും അപ്രിയം ഇല്ലെന്നാണ്  ആനന്ദിന്റെ അഭിപ്രായം. സഹൃദയ സമക്ഷം ഓർമയിൽ എന്നും നിറഞ്ഞു നിൽക്കുന്ന മഹാ മാന്ത്രികൻ  വാഴക്കുന്നം നീലകണ്ഠൻ  നമ്പൂതിരിപ്പാട് ആനന്ദിന്റെ അയൽ നാട്ടുകാരനായിരുന്നു.
മലയാളികളുടെ മാന്ത്രിക മുത്തച്ഛൻ നമുക്കെന്നും വഴികാട്ടിയാണ്. സ്വതഃസിദ്ധമായ ശൈലിയിൽ ജാലവിദ്യ അവതരിപ്പിച്ചു കാണികളെ കയ്യിലെടുക്കാൻ മിടുക്കനായിരുന്നു അദ്ദേഹം. ജാലവിദ്യക്ക് ഇന്ന് കാണുന്ന മനോഹരമായ സിനിമാറ്റിക് രൂപം നൽകിയതിൽ പ്രധാനിയായിരുന്നു പി.സി.സർക്കാർ. നിഗൂഢ കലയായി നിന്നിരുന്ന മാജിക്കിനെ  പാട്ടും മ്യൂസിക്കും ഡാൻസും എല്ലാം കൂട്ടിച്ചേർത്തു അതിമനോഹരമായ കലാസൃഷ്ടിയാക്കിയത് പി.സി സർക്കാരാണ്.


പണ്ട് കാലങ്ങളിൽ ജാലവിദ്യയെ ഒരു മോശം പരിപാടിയായിട്ടാണ് പലരും കണ്ടിരുന്നത്. തെരുവിന്റെ മാത്രം  കലാരൂപം. എന്നാൽ ഇന്ന് മജീഷ്യന് എവിടെയും ഒരു  ഉയർന്ന സ്ഥാനമുണ്ട്. മാജിക്കിന് എല്ലായിടത്തും സ്വീകാര്യതയുണ്ട്.
സർക്കാർ തലത്തിലാണെങ്കിലും പല കാര്യങ്ങളും ചെയ്യുന്നുണ്ട്. കേരള യൂണിവേഴ്സിറ്റി മാജിക്കിനെ ഒരു സർട്ടിഫൈഡ് കോഴ്‌സ് ആയി അംഗീകരിച്ചിട്ടുണ്ട്. ബേസിക് കോഴ്‌സും ഡിപ്ലോമ കോഴ്‌സും ഉണ്ട്.അതിന്റെ ആദ്യ ഡിപ്ലോമ ബാച്ച് ഫസ്റ്റ് ക്ലാസോടു കൂടി  പാസായ ഒരാളാണ് ആനന്ദ്.
അനന്തമായ സാധ്യതകളുള്ള ഈ കലാരൂപത്തെ മനുഷ്യ നന്മക്കായി ഉപയോഗിക്കാൻ സാധിക്കണം. ജാലവിദ്യ അറിയുക, ആസ്വദിക്കുക.
മജീഷ്യൻ ഒരിക്കലും അതീന്ദ്രിയമായ കഴിവുള്ള ഒരാളല്ല. നിരന്തരമായ പരിശീലനത്തിലൂടെ തയ്യാറാക്കുന്ന കലാവിരുന്ന് അതിന്റെ സൗന്ദര്യത്തോടുകൂടി ആസ്വദിക്കുകയാണ് വേണ്ടത്.
രഹസ്യങ്ങളെക്കുറിച്ചും മറ്റും ചിന്തിക്കാതെ സഹജവാസനയായി  കാണുവാൻ ശ്രമിക്കുക. ഒരുപാട് കേൾക്കുമ്പോൾ അതിന്റെ രാഗത്തെക്കുറിച്ചും സംഗതിയെക്കുറിച്ചുമൊന്നും ശ്രദ്ധിക്കാതെ ആസ്വദിക്കുന്നില്ലേ അതുപോലെ തന്നെയാണ് മാജിക്കിനെയും കാണേണ്ടത്.


മനുഷ്യാവസ്ഥയുടെ എല്ലാ മേഖലയിലും വിഹരിക്കുന്ന ഒരു അറിവാണിത്. അറിവും അഴകും ഗുരുക്കന്മാരിൽ നിന്നും തൊട്ടറിയണമെന്ന് ആനന്ദ് പറയുന്നു. മാന്ത്രിക വീഥിയിൽ എനിക്ക്  എന്നും പ്രചോദനം പ്രിയപ്പെട്ട ഗുരുനാഥൻമാർ തന്നെയാണ്. വാഴക്കുന്നം തിരുമേനിയുടെ ശിഷ്യൻ കുമ്പിടി രാധാകൃഷ്ണൻ. അദ്ദേഹത്തിന്റെ പഠനരീതികളാണ് എന്നെ ഒരു മജീഷ്യൻ ആക്കുന്നതിൽ പ്രധാന പങ്കു വഹിച്ചിട്ടുള്ളത്. മാജിക്കിന്റെ അടിസ്ഥാന തത്വങ്ങളെ സ്വായത്തമാക്കിയതിനു ശേഷം മാത്രമേ അടുത്ത പടിയിലേക്കു കയറാൻ സമ്മതിക്കുകയുള്ളൂ. പഠിക്കാൻ ആഗ്രഹമുണ്ടെന്ന് പറഞ്ഞു അദ്ദേഹത്തിനെഴുതിയ നീണ്ട കത്തിന് മറുപടിയായി തിരിച്ചയച്ച ഒരു കാർഡ് ഇപ്പോഴും ഞാൻ ഓർമച്ചിത്രമായി സൂക്ഷിക്കുന്നു.
രണ്ടേ രണ്ടു വരി.. 'ഇവിടെ മാജിക് പഠിപ്പിക്കുന്നുണ്ട്- താൽപര്യമുള്ളവർക്ക് മാത്രം'. അങ്ങനെ വർഷങ്ങൾ നീണ്ട പഠനം. ഇന്ന് ഒരു മണിക്കൂറിൽ ഒരുപാടു മാജിക്കുകൾ പഠിക്കുന്ന കാലഘട്ടമാണ്. ജീവിതത്തിന്റെ പുലർകാലമായി ഇന്നത്തെ തലമുറക്ക് കൈവന്നിരിക്കുന്ന സൗകര്യങ്ങൾ ഓർത്തുപോകുന്നു. ഇന്ദ്രജാലം ഇന്ന് എത്ര ആഹ്ലാദകരമായ അനുഭവമാണെങ്കിലും അതിന്റെ പിറകിലെ നല്ല  ഗുരുക്കന്മാരാണ് ആനന്ദിന് എപ്പോഴും മനസ്സിൽ നിറയുന്നത്.

Latest News