Sorry, you need to enable JavaScript to visit this website.

സോഷ്യലിസം വരുന്ന ഓരോ വഴികൾ.... 

കാൽ നൂറ്റാണ്ടിനപ്പുറം മലപ്പുറത്ത് ജില്ലാ പോലീസ് സൂപ്രണ്ടായിരുന്ന ഹൈദരബാദ് സ്വദേശിയെ ഒരു മാധ്യമ പ്രവർത്തകൻ പരിചയപ്പെടാൻ ചെന്ന അനുഭവം  കേട്ടിട്ടുണ്ട്. മലയാളിയല്ലാത്ത ഐ.പി.എസ് ഓഫീസറോട് താൻ ഇന്ന മാധ്യമ സ്ഥാപനത്തിന്റെ പ്രതിനിധിയാണെന്ന് പറഞ്ഞ് സ്വയം പരിചയപ്പെടുത്താൻ പുറപ്പെട്ട പത്രക്കാരനോട് നിങ്ങളെ ഞാൻ അരിയുമെന്നാണ് പോലീസ് മേധാവി പ്രതികരിച്ചതെന്നാണ് കഥ. 


എന്നാൽ രാജസ്ഥാനിലെ ബിക്കാനീർ സ്വദേശിയായ ഋഷിരാജ് സിംഗ് നേരെ മറിച്ചാണ്. കോഴിക്കോട്ടും കേരളത്തിന്റെ മറ്റു ഭാഗങ്ങളിലും പോലീസ് സേനയുടെ വിവിധ വിഭാഗങ്ങളിൽ ജോലി ചെയ്ത് പേരെടുത്ത അദ്ദേഹത്തിന് മലയാള ഭാഷയിലെ പ്രയോഗങ്ങളെ കുറിച്ചെല്ലാം നല്ല ധാരണയുണ്ട്. മലയാള സിനിമകൾ മുടങ്ങാതെ കാണുന്ന അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ ഇന്ത്യയിലെ ഇതര ഭാഷാ സിനിമകളേക്കാൾ ഒരു പടി മുന്നിലാണ് മലയാള സിനിമ. നാടോടിക്കാറ്റിൽ ഉന്തുവണ്ടിയിൽ പച്ചക്കറി വിൽക്കുന്ന മോഹൻലാലിനെ നമുക്ക് കാണാം. എന്നാൽ ഏതെങ്കിലും ബോളിവുഡ് പടത്തിൽ ഷാരൂഖ് ഖാൻ ഇങ്ങനെയൊക്കെ ചെയ്യുന്നത് സങ്കൽപിക്കാനാവുമോ?  ദ ക്യുവിലെ എൻ.ഇ സുധീർ നടത്തിയ അഭിമുഖത്തിലാണ് ഋഷിരാജ് സിംഗ് കേരളത്തെ കുറിച്ചും മലയാള സിനിമയെ പറ്റിയും വാചാലനായത്. മലയാള ഭാഷ ഇത്ര പെട്ടെന്ന് സ്വായത്തമാക്കിയതെങ്ങനെയെന്നും സിംഗ് പറയുന്നുണ്ട്. കേരളത്തിലെത്തിയത് മുതൽ മുടങ്ങാതെ മലയാള സിനിമകൾ കാണുമായിരുന്നു. വാണിജ്യ സിനിമയിലെ കഥാപാത്രങ്ങൾ സാഹിത്യ ഭാഷയിൽ സംസാരിക്കില്ല. സാധാരണക്കാരന്റെ ഭാഷയായിരിക്കുമത്. ചേട്ടൻ എന്ന വാക്ക് സഹോദരൻ എന്നതിനും ഭർത്താവ് എന്നർഥത്തിലും മലയാളികൾ ഉപയോഗിക്കുന്നത് ആദ്യ കാലത്ത് കുഴക്കിയ അനുഭവവും അദ്ദേഹം പങ്കുവെക്കുന്നു. കേരളത്തിലെ നഗരങ്ങൾ മാറിയതിനെ കുറിച്ച് കഴിഞ്ഞ മൂന്നര പതിറ്റാണ്ടുകളായി സംസ്ഥാനത്ത് ജോലി ചെയ്തു വരുന്ന തലയെടുപ്പുള്ള പോലീസ് ഓഫീസർ വിവരിക്കുന്നത് കേട്ടിരിക്കുന്നത് സമയം പാഴാക്കില്ല. 

***    ***    ***

കോവിഡ് 19 എന്ന് ഓമനപ്പേരുള്ള കൊറോണയെ ചൈനീസ് കൊറോണ എന്ന് വിളിച്ചതിന്റെ പേരിൽ മുൻ അമേരിക്കൻ പ്രസിഡന്റ് നേരിട്ട വിമർശനങ്ങൾക്ക് കൈയും കണക്കുമില്ല. ചെങ്കോലും കിരീടവും നഷ്ടപ്പെട്ട അവസ്ഥയിലായി ട്രംപ്. ശാസ്ത്രജ്ഞരുടെ നിഗമനങ്ങളുടെ അടിസ്ഥാനത്തിൽ സാർസ്‌കോവി2 വൈറസിന്റെ  ഉത്ഭവത്തെക്കുറിച്ച് ലോകാരോഗ്യസംഘടന വീണ്ടും അന്വേഷിക്കണമെന്ന് ഇതിനോടകം അമേരിക്കയും ബ്രിട്ടനും അടക്കമുള്ള രാജ്യങ്ങൾ ആവശ്യപ്പെട്ടു.   'ചൈനീസ് വൈറസ്' തന്നെ, തന്റെ  വെളിപ്പെടുത്തൽ ശരിയെന്ന് തെളിഞ്ഞുവെന്ന്  ട്രംപ് പറഞ്ഞതായി റിപ്പബ്ലിക് ടിവി റിപ്പോർട്ട് ചെയ്തു.   വൈറസ് ചൈനയിലെ വുഹാനിലുള്ള വൈറോളജി ലാബിൽ നിന്നും  ചോർന്നതാണെന്ന സംശയങ്ങൾക്ക് കൂടുതൽ ആക്കം വന്നതോടെയാണ്  തന്റെ  ആരോപണങ്ങൾ  ശരിയായിരുന്നുവെന്ന വാദവുമായി ഡോണൾഡ് ട്രംപ്  എത്തിയിരിക്കുന്നത്.


ലോകത്ത് കൊറോണ വ്യാപനം ശക്തമായതോടെ വൈറസിന്റെ ഉറവിടം ചൈനയാണെന്ന വാദത്തിൽ ഉറച്ചുനിൽക്കുകയായിരുന്നു  ട്രംപ്.   ചൈനയിലെ വുഹാൻ വൈറോളജി ലാബിൽ നിന്നാണ് വൈറസ് പടർന്നതെന്ന് അദ്ദേഹം ഉറപ്പിച്ചു പറയുകയും ചെയ്തിരുന്നു.   ട്രംപിന്റെ  വാദങ്ങൾ മുഖവിലയ്‌ക്കെടുക്കാത്ത  സാമൂഹിക മാധ്യമങ്ങൾ പലപ്പോഴും അദ്ദേഹത്തിന്റെ അഭിപ്രായങ്ങൾ  നീക്കം ചെയ്തിരുന്നു. കൊറോണ വൈറസിന്റെ  പേരിൽ ഏറ്റവുമധികം വിമർശനം നേരിട്ട ലോക നേതാവാണ് ട്രംപ്.

'ഇപ്പോൾ എന്നെ ആദ്യം എതിർത്ത  എതിരാളികൾ പോലും ഞാൻ ശരിയായിരുന്നുവെന്നാണ് പറയുന്നത്. ചൈന നഷ്ടപരിഹാരമായി 10 ട്രില്യൺ ഡോളർ അമേരിക്കയ്ക്കും ലോകത്തിനുമായി നൽകണം. അവർ മൂലം ഉണ്ടായ മരണങ്ങൾക്കും നാശത്തിനും പകരമായാണ് അത്'- ട്രംപ്  പ്രസ്താവനയിൽ വ്യക്തമാക്കി. കൊറോണ വൈറസിന്റെ  ഉത്ഭവം സംബന്ധിച്ച  നിർണായകമായ പുതിയ വെളിപ്പെടുത്തലുകൾ പുറത്തായ സാഹചര്യത്തിൽ വൈറസിന്റെ  ഉത്ഭവത്തെക്കുറിച്ച് അന്വേഷിച്ച് 90 ദിവസത്തിനകം റിപ്പോർട്ട് നൽകാൻ യു.എസ്. ഇന്റലിജൻസ് ഏജൻസികളോട്  പ്രസിഡൻറ്  ജോ ബൈഡൻ ഉത്തരവിട്ടിട്ടുണ്ട്. പ്രസിഡന്റ്  ജോ ബൈഡന്റെ  മെഡിക്കൽ ഉപദേഷ്ടാവും നാഷണൽ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് അലർജി ആൻഡ് ഇൻഫെക്ഷ്യസ് ഡിസീസസിന്റെ   ഡയറക്ടറുമായ ഡോ. ആന്റണി ഫൗച്ചിയും പുനരന്വേഷണത്തിന്  ലോകാരോഗ്യസംഘടനയോട്  അഭ്യർഥിച്ചു.


***    ***    ***

ഇഞ്ചി കൃഷിയിലൂടെയും മഞ്ഞൾ വിപണനത്തിലൂടെയും റോഡരികിൽ പച്ചക്കറിയും മീനും വിറ്റും ധനികരായ രാഷ്ട്രീയക്കാരെ കുറിച്ച് കേട്ടിട്ടുണ്ട്. ഇതൊക്കെയും പ്രിവിലേജ്ഡ് ക്ലാസിൽ പെടുന്ന പ്രമാണി കുടുംബങ്ങളിൽ പെടുന്നവർക്ക് മാത്രമേ വിധിച്ചിട്ടുള്ളുവെന്നാണ് പൊതുവേയുള്ള ധാരണ. സാമൂഹികമായി ഏറെ പിന്നാക്കം നിൽക്കുന്ന ആദിവാസി വിഭാഗങ്ങളേയും വേണ്ടേ ഉദ്ധരിക്കാൻ?  മുത്തങ്ങ സമരനായികയ്ക്ക് ഇലക്ഷനുമായി ബന്ധപ്പെട്ട് പത്ത് ലക്ഷം ലഭിച്ചുവെന്നാണ് വെള്ളിയാഴ്ച പ്രചരിച്ച ഓഡിയോ ക്ലിപ്പുകളിലുള്ളത്. തെരഞ്ഞെടുപ്പു കാലത്ത് തെക്കേ അറ്റത്തെ വനിതാ സാരഥിയുടെ ശബ്ദ സന്ദേശത്തിൽ മലപ്പുറത്ത് പോയി പണം സംഘടിപ്പിക്കാൻ പറയുന്നതും ബെഹ്‌റയെ ബന്ധപ്പെടണമെന്ന് പറഞ്ഞതുമെല്ലാം നമുക്ക് വിസ്മരിക്കാം. ഏതായാലും എൻഡിഎ വിട്ടു പോയി അടുത്തിടെ തിരിച്ചെത്തിയ സംസ്ഥാന അതിർത്തിയിലെ വനിതാ നേതാവിന്റേയും സംസ്ഥാന പ്രസിഡന്റിന്റേയും ശബ്ദം കേട്ടവരൊക്കെ സ്ഥിരീകരിച്ചു. അപ്പോഴതാ മാതൃഭൂമി ന്യൂസിലെ സായാഹ്ന സംവാദത്തിന്റെ ഇൻട്രോയിൽ ഹശ്മി ചോദിക്കുന്നു. സർ, ഈ ശബ്ദം എന്റേതല്ലെന്ന് പറഞ്ഞ് ഒന്ന് നിഷേധിക്കുകയെങ്കിലും ചെയ്തു കൂടെയെന്ന്. എന്ത് ചോദ്യമാണിത്?  ഒരു പൊളിറ്റീഷ്യനേയും ഹോണസ്റ്റാവാൻ അനുവദിക്കില്ലെന്നാണോ? വയനാട്ടിലെ മഹിളയും കാസർകോട്ടെ അപരനുമൊക്കെ ധനികരാവട്ടെ. എങ്ങനെയൊക്കെയാണ് സോഷ്യലിസം വരുന്നതെന്നാർക്കറിയാം? കാസർകോട്ടെ സുന്ദരന് പണവും സ്മാർട്ട് ഫോണും മാത്രമല്ല വാഗ്ദാനം. 


സ്ഥാനാർഥി എം.എൽ.എയാവുന്ന പക്ഷം കർണാടകയിലെ മംഗളുരുവിൽ ബീർ-വൈൻ പാർലർ തുടങ്ങാനും സൗകര്യമൊരുക്കും. ഇങ്ങനെയൊക്കെയല്ലേ രാമരാജ്യം സൃഷ്ടിക്കുക എന്ന് തിരിച്ചറിയാനാവാത്തവരെ കുറിച്ച് കഷ്ടമെന്നേ പറയാനുള്ളു. ശനിയാഴ്ച രാവിലെ ആദ്യ ബുള്ളറ്റിനിൽ ന്യൂസ് 18 മലയാളം ഇത് ബ്രേക്ക് ചെയ്ത് അര മണിക്കൂറിനകം വടകര എം.പി കെ. മുരളീധരനെത്തി വാർത്താ സമ്മേളനം നടത്തി. കേന്ദ്രവും സംസ്ഥാനവും ഭരിക്കുന്നവർ തമ്മിൽ അന്തർധാരയുണ്ടാക്കിയാലും ഇല്ലെങ്കിലും ശരി കുഴൽ ഇടപാടുകളെ പറ്റി  ജുഡീഷ്യൽ അന്വേഷണം വേണമെന്നതാണ് മുരളിയുടെ ആവശ്യം. സുപ്രീം കോടതി ജസ്റ്റിസിനെ കിട്ടിയില്ലെങ്കിൽ ഹൈക്കോടതിയിൽ നിന്ന് പിരിഞ്ഞ ഏെതങ്കിലും പ്രമുഖൻ അന്വേഷിച്ചാലും മതി. ഹെലികോപ്ടർ യാത്ര കുഴൽപ്പണ ഇടപാടിനാവുമെന്ന സംശയവും മരുളിയ്ക്കുണ്ട്. ആകാശത്ത് വാഹനം തടഞ്ഞ് പരിശോധിക്കാൻ ഒരുത്തനും വളർന്നിട്ടില്ലല്ലോ. 

***    ***    ***

കഴിഞ്ഞ കുറച്ചു കാലമായി രൂപമാറ്റം സംഭവിച്ച ഇന്ത്യയിലെ മാധ്യമങ്ങളും മാറ്റത്തിന്റെ പാതയിലാണോ? കോവിഡ് പ്രതിരോധത്തിലുണ്ടായ പാളിച്ചകളുടെ പേരിൽ അന്താരാഷ്ട്ര മാധ്യമങ്ങൾ ഉൾപ്പെടെ മോഡി സർക്കാരിനെ വിമർശിക്കുന്ന പശ്ചാത്തലത്തിൽ ഇന്ത്യൻ മാധ്യമങ്ങൾക്ക് കേന്ദ്രസർക്കാരിനോടുള്ള സമീപനത്തിൽ  മാറ്റം വന്നതായി സിഎൻഎൻ ബിസിനസിന്റെ വിലയിരുത്തൽ. 
മറ്റ് രാഷ്ട്രീയ വിഷയങ്ങളെക്കാളുപരി കോവിഡ് പ്രതിരോധം എന്നത് മനുഷ്യജീവനെ സംബന്ധിക്കുന്ന കാര്യമായതിനാൽത്തന്നെ മോഡിയോട് മുമ്പ് മൃദുസമീപനം സ്വീകരിച്ചിരുന്ന മാധ്യമങ്ങൾ പോലും ഇപ്പോൾ പ്രധാനമന്ത്രിയുടെ നിത്യവിമർശകരായെന്ന് ഇന്ത്യൻ മാധ്യമങ്ങളുടെ തലപ്പത്തുള്ള പ്രമുഖരെ ഉദ്ധരിച്ച്  സിഎൻഎൻ റിപ്പോർട്ട് ചെയ്തു. ഗംഗാ നദിയിലൂടെ കോവിഡ് രോഗികളുടേതെന്ന് സംശയിക്കുന്ന മൃതദേഹങ്ങൾ ഒഴുകിനടന്ന സംഭവത്തിന് ശേഷം ഇന്ത്യൻ മാധ്യമങ്ങൾ കുറച്ചുകൂടി ബോൾഡ് ആയതായി സിഎൻഎൻ വിലയിരുത്തുന്നു.  പ്രാദേശിക ചെറുപത്രങ്ങൾ പോലും കേന്ദ്രത്തെ അതിരൂക്ഷമായി വിമർശിക്കുന്ന കാഴ്ചയാണ് ഇപ്പോൾ കാണാനാകുന്നത്. ഗുജറാത്ത് സർക്കാർ കോവിഡ് മരണങ്ങൾ കുറച്ചുകാണിക്കുന്നുവെന്ന് റിപ്പോർട്ട് ചെയ്ത ദിവ്യ ഭാസ്‌കർ എന്ന ദിനപത്രത്തെ ലേഖനത്തിൽ പ്രത്യേകം പരാമർശിക്കുന്നുണ്ട്.


 സർക്കാരിനെ കാണാനില്ല എന്ന് ഔട്ട്‌ലുക്ക് മാസിക കവർ പേജിൽ സൂചിപ്പിച്ചത് സിഎൻഎൻ പരാമർശിക്കുന്നുണ്ട്. ജനങ്ങൾക്കിടയിൽ തങ്ങൾ ഉപേക്ഷിക്കപ്പെട്ടു എന്ന തോന്നൽ ശക്തമായതിനാലാണ് അങ്ങനെയൊരു കവർ ഫോട്ടോ നൽകിയതെന്ന് ഔട്ട്‌ലുക്ക്  മാസികയുടെ ചീഫ് എഡിറ്റർ സിഎൻഎന്നിനോട് വ്യക്തമാക്കി. അവർക്കൊക്കെ അങ്ങനെയാവാം. എന്നാൽ ടൈംസ് നൗ ചാനലിൽ കഴിഞ്ഞ രണ്ടു ദിവസമായി പ്രധാന വാർത്ത  കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിനെ തുടർന്ന് ബോളിവുഡ് താരങ്ങളായ ടൈഗർ ഷ്‌റോഫ്, ദിഷ പഠാണി എന്നിവർക്കെതിരേ മുംബൈ പോലീസ് കേസെടുത്തതാണ്.  


മുംബൈ  ബാന്ദ്ര ബസ് സ്റ്റാന്റിന് സമീപം വൈകുന്നേരം കറങ്ങി നടന്നതിനാണ് കേസ്. കോവിഡ് സാഹചര്യത്തിൽ ഉച്ച തിരിഞ്ഞ് ഇവിടെ സഞ്ചരിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഇരുവരും ഈ നിയന്ത്രണങ്ങൾ ലംഘിച്ചതായാണ് പോലീസ് പറയുന്നത്. 
പോലീസ് നടപടിയെ വിമർശിച്ച്  ടൈഗറിന്റെ അമ്മ അയിഷ ഷ്‌റോഫ് രംഗത്തെത്തിയത് അടുത്ത ദിവസത്തെ ഫോളോ അപ്പും. അവൻ നിയമം ലംഘിച്ചുവെന്ന് പറഞ്ഞ് ബഹളം വെക്കുന്ന മാധ്യമങ്ങളെന്തേ ടൈഗർ ഷ്‌റോഫ് ചെയ്യുന്ന നല്ല  കാര്യങ്ങൾ കാണാതെ പോകുന്നതെന്നാണ് അവരുടെ ചോദ്യം. നിത്യേന എത്ര  പാവങ്ങൾക്കാണ് ഈ കോവിഡ് കാലത്ത് വിശപ്പടക്കാൻ ടൈഗർ വഴിയൊരുക്കുന്നതെന്നത് കാണാതെ പോകരുതെന്നും അയിഷ പറയുന്നു.  

Latest News