Sorry, you need to enable JavaScript to visit this website.

ദൂരദർശൻകാലം / ചായക്കോപ്പയിലെ കൊടുങ്കാറ്റ്

ചെന്നൈ ദൂരദർശൻ കേന്ദ്രം

1980 കളുടെ ആദ്യം നടന്ന സംഭവമാണ്. മദിരാശിയിലെ മരീന  കടപ്പുറം. തെക്ക് ഫോർഷോർ എസ്‌റ്റേറ്റ് മുതൽ വടക്ക് തമിഴ്‌നാട് സംസ്ഥാനത്തിന്റെ ആസ്ഥാനമായ സെന്റ് ജോർജ് കോട്ട വരെ ആറ് കിലോമീറ്ററോളം വ്യാപിച്ചുകിടക്കുന്ന വിശാലമായ മണൽപ്പരപ്പ്. വടക്ക് നേപ്പിയർ പാലത്തിനടുത്താണ് അണ്ണാ സമാധി. പാലത്തിന് തൊട്ടുമുമ്പുളള റോഡിൽ നിന്ന് ആഡംസ് റോഡിലേക്ക് തിരിയുന്നു. ആഡംസ് റോഡിലാണ് ചെന്നൈ തൊലൈക്കാച്ചി നിലയം -ദൂരദർശൻ കേന്ദ്രം. മരീന കടപ്പുറത്ത് വാരാന്ത്യങ്ങളിൽ നിറഞ്ഞുനിൽക്കുന്ന ആയിരക്കണക്കിന് സന്ദർശകരുണ്ടാവും. വഴിവാണിഭക്കാരും പല പ്രദേശങ്ങളിൽനിന്ന് കടപ്പുറത്ത് കാറ്റേറ്റ് സമയം ചെലവഴിക്കാനെത്തുന്നവരും അനന്തമായി നീങ്ങുന്ന കാഴ്ച.
മദിരാശി ദൂരദർശനിൽ അക്കാലത്ത് ഞായറാഴ്ച വൈകുന്നേരം തമിഴ് ചലച്ചിത്രങ്ങൾ പ്രദർശിപ്പിക്കും. ചലച്ചിത്രത്തിന് പുറമെ തമിഴിലും ഇംഗ്ലീഷിലും വാർത്തകളും മാത്രമേയുളളു. ഇംഗ്ലീഷ് വാർത്തകൾ കഴിഞ്ഞാൽ പരിപാടികൾ അവസാനിക്കും.


അക്കാലത്ത് (ഇപ്പോഴും) കാണാതാവുന്നവരെക്കുറിച്ചുളള വിവരങ്ങൾ ഫോട്ടോസഹിതം ദൂരദർശൻ പരിപാടികളെക്കുറിച്ചുളള അറിയിപ്പുകൾ കഴിഞ്ഞയുടനെ കാണിക്കും. ശനി, ഞായർ ദിവസങ്ങളിൽ കൂടുതൽ പ്രേക്ഷകർ ദൂരദർശൻ കാണുമെന്നതിനാൽ കാണാതാവുന്നവരെക്കുറിച്ചുളള ഏറ്റവും കൂടുതൽ അറിയിപ്പുകൾ ആ ദിവസങ്ങളിലാണ്. ഈ അറിയിപ്പുകൾ കാണിക്കുന്നതിന് ചില നടപടിക്രമങ്ങളുണ്ട്. ഒരു നിശ്ചിത ഫോറത്തിൽ കാണാതായ ആളെ -കുട്ടികളെ- (കൂടുതലും കുട്ടികളെയാണ് കാണാതാവുന്നത്) കുറിച്ചുളള വിവരങ്ങൾ നൽകണം. ഉയരം, തിരിച്ചറിയൽ അടയാളങ്ങൾ, കാണാതായപ്പോൾ ധരിച്ചിരുന്ന വസ്ത്രങ്ങളുടെ നിറം തുടങ്ങിയ കുറെയധികം വിവരങ്ങൾ നൽകേണ്ടതുണ്ട്. കാണാതായെന്ന് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയതിന്റെ വിവരങ്ങളും വേണം (വെറുതെ ഒരു ഫോട്ടോ ടെലിവിഷനിൽ കാണിക്കാൻ വേണ്ടി ശ്രമിക്കുന്നതൊഴിവാക്കാൻ). ദൂരദർശനിലെ ഡ്യൂട്ടി ഓഫീസർ സാക്ഷ്യപ്പെടുത്തിയ ശേഷം, അതതു ദിവസത്തെ പരിപാടികളുടെ സംപ്രേഷണത്തിന്റെ പൂർണചുമതല ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥർക്കാണ്. സഹായിക്കാൻ വിവിധ വിഭാഗങ്ങളിലെ സഹപ്രവർത്തകരുമുണ്ടാവും.  സംപ്രേഷണത്തിലടങ്ങുന്ന ഓരോ ഫ്രെയിമിന്റെയും വിശദാംശങ്ങൾ ഒരു ക്യൂ ഷീറ്റിലുണ്ടാവും. അതുറപ്പ് വരുത്താൻ പ്രക്ഷേപണം നടത്തുന്നതിന് ഒരു മണിക്കൂർ മുമ്പ് എല്ലാവരുടെയും ഒരു യോഗം നടക്കും. ഇന്നത്തെപ്പോലെ, തത്സമയം നടക്കുന്ന വാർത്താപ്രക്ഷേപണമൊഴിച്ചെല്ലാം ക്യാപ്‌സൂൾ ചെയ്യുന്ന സമ്പ്രദായമൊന്നും അക്കാലത്തുണ്ടായിരുന്നില്ല. സംപ്രേഷണത്തിന്റെ ചുമതലയുളള ഉദ്യോഗസ്ഥർക്ക് ഒഴിവ്ദിനങ്ങളിൽ ഓഫീസിലെത്താൻ കാറയയ്ക്കും. ഒരു ഞായറാഴ്ച ഉദ്യോഗസ്ഥ കാറിൽ വരുമ്പോൾ, മറീനയിലെ അണ്ണാ സമാധിക്കടുത്ത് കൂട്ടംതെറ്റി ഒറ്റപ്പെട്ട ഒരു ചെറിയ കുട്ടി അലറിക്കരഞ്ഞ് നിലവിളിക്കുന്നു. അത് കണ്ട് ഉദ്യോഗസ്ഥയായ അമ്മയുടെ മനസ്സ് നൊന്തു. ഒരു മിനുട്ടിനകം അവർ ഓഫീസിലെത്തി, ക്യാമറാ സംഘത്തെയും കൂട്ടി മറീനയിലെത്തി കുട്ടിയുടെ കരച്ചിൽ ഫിലിമിൽ പകർത്തി (16 എംഎം പോസിറ്റീവ് ഫിലിം), പ്രൊസസ്സ് നടത്തി ശബ്ദത്തോടുകൂടി ഏകദേശം ഒരു മിനുട്ട് നേരത്തേക്ക് സംപ്രേഷണത്തിന് തയ്യാറാക്കി, മരീന കടപ്പുറത്തെ അണ്ണാ സമാധിക്കടുത്ത് ഒറ്റപ്പെട്ട കുട്ടിയാണിതെന്ന അറിയിപ്പോടു കൂടി സംപ്രേഷണം ചെയ്തു. അണ്ണാ സമാധിയിൽ അക്കാലത്ത് സന്ദർശകർക്ക് ടെലിവിഷൻ കാണാൻ ഒരു സെറ്റുണ്ടായിരുന്നു.


പിറ്റേ ദിവസം പരിപാടികൾ അവലോകനം ചെയ്യുന്ന പ്രോഗ്രാം മീറ്റിംഗിൽ രേഖകളില്ലാത്ത, ഉത്തരവാദിത്തപ്പെട്ടവരുടെ  അനുമതിയില്ലാത്ത ഈ സംപ്രേഷണത്തെപ്പറ്റി പരാമർശം വന്നു. താൻ ഒരു അമ്മയാണെന്നും ഒറ്റപ്പെട്ട കുട്ടിയുടെ അമ്മയുടെ ഉത്കണ്ഠയും ദൈന്യതയുമോർത്താണ് മുൻപും പിൻപും നോക്കാതെ അങ്ങനെ ചെയ്തതെന്നും ആ ഉദ്യോഗസ്ഥ ന്യായീകരിച്ചു. പക്ഷെ, കേന്ദ്രത്തിന്റെ ഡയറക്ടർ തൃപ്തനായില്ല; മീറ്റിംഗിൽ അദ്ദേഹം ക്ഷുഭിതനായി അവരോട് കയർത്തു സംസാരിച്ചു. എന്തുകൊണ്ട് അത്തരമൊരു നിയമാനുസൃതമല്ലാത്ത സംപ്രേഷണത്തിന് ഫോണിൽ അദ്ദേഹത്തോടോ, അടുത്ത സ്ഥാനമുളള എന്നോടോ അനുവാദം എന്തുകൊണ്ട് വാങ്ങിയില്ലെന്ന ചോദ്യത്തിന് അവർ ഉത്തരം പറയാതിരുന്നത് അദ്ദേഹത്തെ കൂടുതൽ രോഷാകുലനാക്കി. മീറ്റിംഗ് കഴിഞ്ഞ ഉടനെ ഡെപ്യൂട്ടി ഡയറക്ടറായിരുന്ന എന്നെ വിളിച്ച്, നടന്നത് ഗൗരവതരമായ തെറ്റാണെന്നും പട്ടാളം ഭരണകൂടങ്ങളെ അട്ടിമറിക്കുമ്പോൾ ആദ്യം ചെയ്യുന്നത് ടെലിവിഷൻ, റേഡിയോ സ്‌റ്റേഷനുകൾ പിടിച്ചെടുക്കുകയാണെന്നും, അതിനാൽ ഇത് നിസ്സാരമായി കാണരുതെന്നും, ഉടൻ ശിക്ഷാ നടപടി എടുക്കണമെന്നും ആവശ്യപ്പെട്ടു. ഒരമ്മയുടെ പെട്ടെന്നുളള പ്രതികരണമായിരുന്നില്ല അതെന്നും, ക്യാമറാ സംഘത്തെക്കൊണ്ടുപോയി ഫിലിമിലെടുത്ത്, സംസ്‌കരിച്ച്, എഡിറ്റ്‌ചെയ്ത്  കാണിച്ചത് തയ്യാറെടുപ്പല്ലേയെന്ന് എന്നോടദ്ദേഹം ചോദിച്ചു. ശിക്ഷ നടപ്പാക്കുന്നതിന് മുമ്പ് ഒരന്വേഷണം നടത്താൻ അവരെ ന്യായീകരിക്കാൻ ശ്രമിക്കരുതെന്ന കർശന നിർദ്ദേശത്തോടെ എന്നോടാവശ്യെപ്പട്ടു. വഴിതെറ്റിയ കുട്ടിയെ കണ്ടെത്താൻ സഹായിക്കുന്നത് മനുഷ്യസ്‌നേഹപരമായ പ്രവൃത്തിയാണ്. അതു ചെയ്യുമ്പോൾ ചട്ടങ്ങൾ മറികടന്നത് മഹാപരാധമായി കാണാൻ കഴിഞ്ഞില്ല. ചട്ടങ്ങൾ പാലിക്കാതെ കാണാതാവുന്നവരെക്കുറിച്ചുളള അറിയിപ്പുകൾ സംപ്രേഷണം ചെയ്യാൻ പലപ്പോഴും അനുവാദം നൽകിയ ചരിത്രവുമുണ്ട്. കയ്ച്ചിട്ടിറക്കാനും മധുരിച്ചിട്ട് തുപ്പാനും പറ്റാത്ത അവസ്ഥ!


അന്വേഷണത്തിൽ കുട്ടിയുടെ മാതാപിതാക്കൾ താമസിയാതെ അവനെ കണ്ടെത്തിയെന്നറിയാൻ കഴിഞ്ഞു. ടെലിവിഷനിൽ കുട്ടി കരയുന്നത് കാണിച്ചത് സഹായകമായെന്നും മനസ്സിലായി. അത്യസാധാരണമായ മനുഷ്യനന്മയുടെ പ്രതീകമായി ആ സംഭവത്തെ കാണണമെന്നും, അവിടെ ചട്ടങ്ങൾ മറികടന്നത് ക്ഷമിക്കണമെന്നും ഞാൻ എഴുതിക്കൊടുത്തു: പ്രത്യേകിച്ചും , കുട്ടിയെ മാതാപിതാക്കൾക്ക് തിരിച്ചുകിട്ടിയ സാഹചര്യത്തിൽ. ഭാവിയിൽ ഇത്തരം കാര്യങ്ങൾ ചെയ്യുമ്പോൾ ഫോണിൽ അനുവാദം വാങ്ങണമെന്ന സന്ദേശം എല്ലാവർക്കും എഴുതിനൽകാമെന്നും ശുപാർശ ചെയ്തു.


സംഭവം നടന്നുകഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞില്ല. മദ്രാസ് സിറ്റി പോലീസിലെ ഒരു ഉയർന്ന ഉദ്യോഗസ്ഥൻ എന്നെ കാണാനെത്തി. കുട്ടി കരയുന്നത് സംപ്രേഷണം ചെയ്ത സാഹചര്യത്തിൽ വ്യക്തത തേടാനും ചില കാര്യങ്ങൾ അറിയാനുമാണ് വന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. കാരണം അവർക്കൊരു പരാതി കിട്ടിയിരിക്കുന്നു. കരയുന്ന കുട്ടിയെ ടെലിവിഷനിൽ കണ്ട കുട്ടിയുടെ മാതാപിതാക്കളുടെ ബന്ധുക്കൾ കുട്ടിയെ അവഗണിച്ചതുകൊണ്ട് ശകാരിച്ചുവെന്നും പക്ഷെ അവർ അടുത്തുതന്നെയുണ്ടായിരുന്നുവെന്നുമായിരുന്നു പരാതി. കുട്ടിയെ കാണാതായെന്ന് തെറ്റായി സംപ്രേഷണം ചെയ്തതിനാൽ അവർക്കുണ്ടായ വിഷമങ്ങൾ വിവരണാതീതമായിരുന്നു! സംപ്രേഷണത്തിന് ഉത്തരവാദികളായവരെ കണ്ടെത്തി ശിക്ഷിക്കണമെന്നായിരുന്നു ആവശ്യം. വന്ന പൊലീസുദ്യോഗസ്ഥന് നടപടിക്രമങ്ങളും അവയ്ക്കാധാരമായ ഓർഡറുകളും സാക്ഷ്യപ്പെടുത്തി നൽകണം. നടപടിക്രമങ്ങൾ വിശദീകരിച്ചുകൊടുത്തപ്പോൾ, പോലീസിന്റെ സാക്ഷ്യപത്രമില്ലാതെ അത് സംപ്രേഷണം ചെയ്തത് തെറ്റാണെന്നും ശിക്ഷാർഹമാണെന്നും ഞങ്ങളെല്ലാം ഉത്തരവാദിത്തമേറ്റെടുക്കേണ്ടിവരുമെന്നും അയാൾ മുന്നറിയിപ്പു നൽകി.  സംപ്രേഷണം ചെയ്തത് ഞങ്ങളുടെ പൊതുസേവന പ്രക്ഷേപണത്തിന്റെ ഭാഗമാണെന്നും പൊലീസ് സാക്ഷ്യപത്രം വേണമെന്നത് കാണാതായവരുടെ വിവരങ്ങൾ സത്യസന്ധമായിരിക്കാൻ ഞങ്ങൾ തന്നെ ഉണ്ടാക്കിയ നിബന്ധനയാണെന്നും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ താമസിക്കുമെന്നതിനാൽ ചിലപ്പോൾ അത്തരം ചിത്രങ്ങളും അറിയിപ്പുകളും കാണിച്ചിട്ടുണ്ടെന്നുമൊക്കെ പറഞ്ഞെങ്കിലും തലനാരിഴ കീറി നിയമം നോക്കുന്ന ഉദ്യോഗസ്ഥന്റെ ചെവിയിൽ ഏശിയില്ല. മനുഷ്യത്വം വേറെയാണെന്നും നിയമത്തിന് കണ്ണില്ലെന്നും അയാൾ ഓർമപ്പെടുത്തി.


പ്രശ്‌നം പരിഹരിക്കേണ്ടത് ഔദ്യോഗികമായി ഞങ്ങളുടെ ചുമതലയായി. എന്റെ മേലധികാരിയെ വിവരം അറിയിച്ചപ്പോൾ ഞാൻ സ്വയം വരുത്തിവെച്ച വിനയാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. നേരത്തേ ശിക്ഷാനടപടികളെടുത്തിരുന്നുവെങ്കിൽ ഒരു പോലീസുദ്യോഗസ്ഥന് നിയമം ചൂണ്ടിക്കാട്ടാൻ പറ്റുമായിരുന്നോ?
അക്കാലത്തെ മദ്രാസ് സിറ്റി പോലീസ് കമ്മീഷണർ തികഞ്ഞ മനുഷ്യസ്‌നേഹിയും പരമഭക്തനും പണ്ഡിതനുമായിരുന്നു: എസ്. ശ്രീപാൽ. പിന്നീട് അദ്ദേഹം തമിഴ്‌നാട് പൊലീസ് ഡയറക്ടർ ജനറലായി. ഞാൻ അദ്ദേഹത്തെ ഓഫീസിൽ ചെന്നുകണ്ട് സംഭവവും സാഹചര്യങ്ങളും വിശദീകരിച്ചു.. അദ്ദേഹം പറഞ്ഞത്, അത്തരമൊരു, കരയുന്ന കുട്ടിയുടെ പടമെടുത്ത് ടെലിവിഷനിൽ കാണിച്ച പ്രൊഡ്യൂസർക്ക്, പൊതുസേവനം ലക്ഷ്യമാക്കി പ്രക്ഷേപണം നടത്തുന്ന ദൂരദർശൻ അഭിനന്ദനവും വിശിഷ്ടോപഹാരവും നൽകേണ്ടിയിരുന്നുവെന്നാണ്. അങ്ങനെ ചായക്കോപ്പയിലെ കൊടുങ്കാറ്റ് കെട്ടടങ്ങി. പ്രണാമം, പ്രിയപ്പെട്ട ശ്രീമതി റോസ് പോൾ (മദിരാശി ദൂരദർശനിലെ മുൻ പ്രൊഡ്യൂസർ) കാണിച്ച മനുഷ്യസ്‌നേഹത്തിനും മഹാമനസ്സിനും. 



 

Latest News