മനാമ - 12 വയസ്സുള്ള ബഹ്‌റൈനി ബാലികയിൽനിന്ന് 28 പേർക്ക് കോവിഡ് ബാധിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 23 പേർക്ക് പ്രാഥമിക സമ്പർക്കത്തിലൂടെയും അഞ്ച് പേർക്ക് ദ്വിതീയ സമ്പർക്കത്തിലൂടെയുമാണ് കോവിഡ് പകർന്നത്. മാതാവ്, സഹോദരങ്ങൾ, ബന്ധുക്കൾ എന്നിവരിലേക്കാണ് ആദ്യം രോഗം പടർന്നത്. ഇതിൽ ആറു പേർ 10 വയസ്സിന് താഴെയുള്ളവരാണെന്നും ആരോഗ്യ മന്ത്രാലയം വെളിപ്പെടുത്തി.
ശരാശരി 2,400 പേർക്കാണ് പ്രതിദിനം ബഹ്‌റൈനിൽ കോവിഡ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. പ്രതിദിന രോഗികൾ ഈയിടെ 3,000 കടക്കുന്ന സാഹചര്യവുമുണ്ടായി. മെയ് 27 മുതൽ ജൂൺ രണ്ട് വരെയുള്ള കണക്കനുസരിച്ച് 18,309 പേർക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 10,669 പേർ സ്വദേശികളും 7,640 പേർ വിദേശികളുമാണ്. കോവിഡ് പ്രതിരോധം ശക്തിപ്പെടുത്തുന്നതിന് പരിശോധനകളും പ്രതിരോധ കുത്തിവെപ്പും നടത്തിവരികയാണ് ബഹ്‌റൈൻ. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുന്നുണ്ട്. കോവിഡ് ടെസ്റ്റുകൾക്കുള്ള ഫീസ് ഈയിടെ കുറച്ചിരുന്നു. ഇതോടെ പരിശോധനകളുടെ എണ്ണം കൂട്ടാനും പ്രതിരോധം ശക്തിപ്പെടുത്താനും കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.






