കാജല്‍ അഗര്‍വാളിന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചു

മുംബൈ-തെന്നിന്ത്യന്‍ സുന്ദരി കാജല്‍ അഗര്‍വാള്‍ ടൈറ്റില്‍ റോളിലെത്തുന്ന ബോളിവുഡ് സിനിമ പ്രഖ്യാപിച്ചു. ഉമ സയലന്‍സ് ഓഫ് ലൈഫ് ഡ്രാമ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. സുജോയ് ഗോഷ് ക്രിയേറ്റീവ് ഡയറക്ടറായി എത്തുന്ന ചിത്രത്തെക്കുറിച്ചുള്ള വിശേഷങ്ങള്‍ കാജല്‍ തന്നെയാണ് സോഷ്യല്‍മീഡിയ വഴി പങ്കുവെച്ചത്. എവിഎംഎ മീഡിയ മിറാജ് ഗ്രൂപ്പ് എന്നിവ യോജിച്ച് മന്ത്രരാജ് പലിവാള്‍, അവിഷേക് ഘോഷ് എന്നിവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മിക്കുന്നത്. നവാഗതനായ തതഗട്ട സിങ്കയാണ് സിനിമ സംവിധാനം ചെയ്യുന്നത്.
ഒരു വിവാഹ വീടും അവിടേക്ക് എത്തുന്ന ഉമ എന്ന പെണ്‍കുട്ടിയേയും ചുറ്റിപ്പറ്റിയാണ് ചിത്രം. ഉമയെ അടുത്തറിയാന്‍ ഒരുങ്ങുകയാണെന്നാണ് സിനിമയെ കുറിച്ച് വിവരിച്ച് കാജല്‍ കുറിച്ചത്. ഉമയുടെ ഭാഗമാകുന്ന മറ്റ് താരങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ അണിയറപ്രവര്‍ത്തകര്‍ ഉടന്‍ പുറത്തുവിടും. 2021 പകുതിയോടെ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ഉമയുടെ ചിത്രീകരണം ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് അണിയറപ്രവര്‍ത്തകരെന്ന് നിര്‍മാതാക്കള്‍ അറിയിച്ചു. 
 

Latest News