മലയാളി വിദ്യാർത്ഥിനി തസ്‌നീം അസ്ലമിനെ ആദരിച്ച് ദുബായ് പത്രവും

ദുബായ്- യു.എ.ഇയുടെ ഗോൾഡൻ വിസ നേടുന്ന ആദ്യ മലയാളി വിദ്യാർഥി തസ്‌നീം അസ്ലമിന് ആദരവുമായി ദുബായ് പത്രവും. യു.എ.ഇയിലെ പ്രമുഖ പത്രമായ അൽ ബയാൻ തസ്‌നീം അസ്ലമിനെ പറ്റി വീഡിയോ പുറത്തിറക്കി. യു.എ.ഇയുടെ ആദ്യ ഗോൾഡൻ വിസ നേടുന്ന മലയാളി വിദ്യാർഥിനിയാണ് ആലപ്പുഴ സ്വദേശിയായ തസ്‌നീം അസ്ലം. ഷാർജ അൽ ഖാസിമിയ്യ യൂണിവേഴ്‌സിറ്റിയിൽ പഠിച്ച് മികവ് തെളിയിച്ച മലയാളി വിദ്യാർഥിനിയാണ് തസ്‌നീം അസ് ലം.
72 രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർഥികൾക്കിടയിൽ നിന്നും ഉന്നത വിജയം നേടിയ തസ്‌നീമിനെ തേടി അഭിനന്ദന പ്രവാഹമാണ്. 
വിവിധ മേഖലകളിലെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി പ്രമുഖ ആഗോള വ്യക്തികൾക്കായി മാത്രം ലഭിക്കുന്ന 10 വർഷത്തെ ഗോൾഡൻ വിസയാണ് തസ്‌നീമിന്റെ യോഗ്യതയും മികച്ച അക്കാദമിക് യോഗ്യതകളും  കണക്കാക്കി വിസ നൽകിയത്. കഴിഞ്ഞ വർഷം ഷാർജ അൽഖാസിമിയ യൂണിവേഴ്‌സിറ്റിയിൽ ഇസ്ലാമിക ശരീഅത്ത് ഡിഗ്രിയിൽ ഒന്നാം റാങ്ക് നേടിയതാണ് തസ്‌നീമിന്റെ നേട്ടം. 

ഷാർജയിൽ താമസിക്കുന്ന ആലപ്പുഴ ചന്തിരൂർ അൽസനാബിലിൽ മുഹമ്മദ് അസ് ലമിന്റെയും സുനിതയുടെയും മകളാണ് തസ്‌നീം അസ്ലം. വിവിധ മേഖലകളിലെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായാണ് ഗോൾഡൻ വിസ സമ്മാനിക്കുന്നത്. 
ഖുർആൻ മനഃപാഠമാക്കിയ തസ്‌നീം ഷാർജ സർവകലാശാലയിൽ തന്നെ ഫിഖ്ഹിൽ (ഇസ്ലാമിക കർമശാസ്ത്രം)പി ജിക്ക് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷയിൽ യു എ ഇയിൽ നിന്ന് നാലാം റാങ്കോടെയാണ് തസ്‌നീം പാസായത്.

Latest News