അക്ഷയ് കുമാർ ചിത്രം 'പൃഥിരാജി'നെതിരെ കർണി സേന 

രജ്പുത്ര രാജാവ് പൃഥിരാജ് ചൗഹാന്റെ വേഷത്തിൽ അക്ഷയ് കുമാർ എത്തുന്ന ചിത്രം 'പൃഥ്വിരാജി'നെതിരെ ക്ഷത്രിയ സംഘടനയായ കർണിസേന. ചിത്രത്തിന്റെ പേര് മാറ്റണമെന്നാണ് ഇവരുടെ ആവശ്യം.
ചിത്രത്തിന്റെ പേര് പൃഥിരാജ് ചൗഹാനെ അപമാനിക്കുന്നതിന് തുല്യമാണെന്നാണ് അവർ പറയുന്നത്. ഒന്നുകിൽ അദ്ദേഹത്തിന്റെ പേര് മുഴുവനായി നൽകുക, അല്ലെങ്കിൽ ചിത്രത്തിന്റെ പേര് മാറ്റുക. ചിത്രം റിലീസ് ചെയ്യുന്നതിന് മുമ്പ് കർണി സേനയ്ക്ക് മുമ്പാകെ പ്രദർശിപ്പിക്കണമെന്നും ഇല്ലെങ്കിൽ വലിയ പ്രതിഷേധം നേരിടേണ്ടി വരുമെന്നും അവർ ഭീഷണി മുഴക്കുന്നുണ്ട്. 
മുമ്പ് ദീപിക പദുകോൺ ചിത്രം പദ്മാവതിനെതിരെയും കർണി സേന രംഗത്തെത്തിയിരുന്നു. അവരുടെ ആവശ്യപ്രകാരമാണ് പത്മാവതി എന്ന പേര് മാറ്റി പത്മാവത് ആക്കിയത്. സംവിധായകൻ സസഞ്ജയ് ലീലാ ബൻസാലി വലിയ ഭീഷണിയാണ് അന്ന് നേരിട്ടത്.


യാഷ് രാജ് ഫിലിംസിന്റെ ബാനറിൽ ആദിത്യ ചോപ്ര നിർമിക്കുന്ന പ്രിഥ്വിരാജിന്റെ രചനയും സംവിധാനവും ചന്ദ്രപ്രകാശ് ദ്വിവേദിയാണ്. മുൻ മിസ് ഇന്ത്യ മാനുഷി ചില്ലറാണ് ചിത്രത്തിലെ നായിക. മാനുഷിയുടെ ബോളിവുഡ് അരങ്ങേറ്റമാണിത്. സഞ്ജയ് ദത്ത്, സോനു സൂദ്, അശുതോഷ് റാണ, സാക്ഷി തൻവാർ, മാനവ് വിജ്, ലളിത് തിവാരി തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.
2019 നവംബറിൽ രാജസ്ഥാനിൽ ആരംഭിച്ച ചിത്രീകരണം കോവിഡ് 19 വ്യാപനത്തെത്തുടർന്ന് മുടങ്ങി. ഏഴ് മാസത്തെ ഇടവേളക്കുശേഷം കഴിഞ്ഞ നവംബറിലാണ് ഷൂട്ട് പുനരാരംഭിച്ചത്. ഈ വർഷം നവംബർ അഞ്ചിനാണ് ചിത്രം റിലീസ് ചെയ്യാനിരിക്കുന്നത്.

Latest News