Sorry, you need to enable JavaScript to visit this website.

മഹാനഗരത്തിന്റെ ആത്മാവ്

 

 

ദൂരദർശനിൽ ഞാൻ ആദ്യം ജോലിക്ക് ചേരുന്നത്, അസിസ്റ്റന്റ് സ്‌റ്റേഷൻ ഡയറക്ടർ പദവിയിൽ, കൊൽക്കത്ത കേന്ദ്രത്തിലാണ് - 1977 നവംബറിൽ. അതിന് രണ്ട് മാസം മുൻപ് തന്നെ നിയമന ഉത്തരവ് കിട്ടിയിരുന്നെങ്കിലും, ആന്ധ്ര-ഒറീസാ തീരങ്ങളിൽ കൊടുങ്കാറ്റ് നിമിത്തം റെയിൽ പാളങ്ങൾക്ക് കാര്യമായ കേട് പറ്റിയിരുന്നു. ആന്ധ്രയിൽ - ഒദ്യോഗിക കണക്കുകളനുസരിച്ച് 10,000 ആളുകൾക്ക് ജീവഹാനി സംഭവിക്കുകയും ലക്ഷക്കണക്കിന് ആളുകൾക്ക് കിടപ്പാടം നഷ്ടപ്പെടുകയും ചെയ്ത കൊടുങ്കാറ്റ്; ആന്ധ്ര-ഒറീസാ തീരങ്ങളിൽ മിക്ക കൊല്ലങ്ങളിലും പ്രകൃതിയുടെ താണ്ഡവം നടക്കുന്നുണ്ടല്ലൊ. യാത്ര രണ്ട് തവണ റിസർവ് ചെയ്‌തെങ്കിലും, നീട്ടിവെക്കേണ്ടി വന്നു. ഒടുവിൽ നവംബർ അവസാനമാണ് പുറപ്പെട്ടത്. കാസർകോട്ട് നിന്ന് മദിരാശി മെയിലിലും, അവിടെ നിന്ന് ചുരുങ്ങിയ സമയവ്യത്യാസത്തിൽ പുറപ്പെടുന്ന കോറമൻഡൽ എക്‌സ്പ്രസിലും ഏകദേശം 48 മണിക്കൂർ നേരത്തെ യാത്ര. പകൽ മുഴുവൻ ആന്ധ്രയിലെ കൊടുങ്കാറ്റ് വിതച്ച നാശനഷ്ടങ്ങളുടെ ശേഷിപ്പുകൾ കാണാമായിരുന്നു. കൊടുങ്കാറ്റിന് ശേഷം ഞങ്ങൾ കയറിയ വണ്ടിയാണ് ആദ്യം കൊൽക്കത്തയിലേക്ക് പോകുന്നത്. പല സ്റ്റേഷനുകളിലും മേൽപ്പുര പോലും ഇല്ലായിരുന്നു. ദൂരേക്ക് തെറിച്ചുപോയ റെയിൽപ്പാളങ്ങളും കണ്ടു.


യാത്രയുടെ തിയതി നിശ്ചയിക്കാനുളള ഒരു കാരണം കൊൽക്കത്തയിലെ അക്കാലത്തെ മാതൃഭൂമി പ്രതിനിധിയായ എം.എസ്.മണിയുടെ കമ്പി സന്ദേശമായിരുന്നു. ജോലിയുടെ ഉത്തരവ് കിട്ടിയപ്പോൾ, എം.ടി.വാസുദേവൻ നായർ അദ്ദേഹത്തോട് വേണ്ട സഹായങ്ങൾ ചെയ്യാൻ നിർദ്ദേശിച്ചിരുന്നു. അന്യനാട്ടിൽ ആദ്യം വേണ്ടത് താമസിക്കാനൊരിടമാണല്ലൊ. ഒരു ഫഌറ്റ് ശരിയായിട്ടുണ്ടെന്നും ഉടനെ പുറപ്പെടണമെന്നും അദ്ദേഹം കമ്പിസന്ദേശമയച്ചു. അതിനാൽ വീട്ടുസാധനങ്ങളൊക്കെ-അന്നും കാര്യമായി കനം പുസ്തകങ്ങൾക്കായിരുന്നു-ഒരു ട്രാൻസ്‌പോർട്ട് സർവീസിൽ ബുക്ക് ചെയ്തയച്ചു. അമ്മിക്കല്ല് നിർബന്ധമായും കൊണ്ടുപോകണമെന്ന്്് രാഗിണി ശാഠ്യം പിടിച്ചു! അത് കൊൽക്കത്തയിലെത്തിയപ്പോൾ കരിങ്കൽ കഷ്ണങ്ങളായി എന്ന് മാത്രം! ഹൗറാ സ്‌റ്റേഷനിൽ വണ്ടിയിറങ്ങി ടാക്‌സിപിടിച്ച് മണിയുടെ ഫഌറ്റിലെത്തി. പക്ഷേ, അപ്പോഴാണറിയുന്നത് ഞങ്ങളെത്തുന്നതിന് മുൻപ് തന്നെ ഫഌറ്റ് വേറെയാർക്കോ വാടകയ്ക്ക് കൊടുത്തിരിക്കുന്നു! 'ഉണ്ടായ ഞെട്ടൽ ബത മിണ്ടാവതല്ലാത്ത' അവസ്ഥ!
ഏകദേശം ഒരാഴ്ചയോളം മണിയുടെ ഫഌറ്റിൽ തന്നെ കഴിഞ്ഞു. ഓരോ ദിവസവും സ്‌റ്റേറ്റ്‌സ്മാൻ പത്രത്തിൽ വരുന്ന പരസ്യങ്ങൾ നോക്കി, ഒടുവിൽ ദൂരദർശൻ കേന്ദ്രം അക്കാലത്ത് പ്രവർത്തിച്ചിരുന്ന ടോളിഗഞ്ചിലെ പഴയ രാധാ സ്റ്റുഡിയോവിന് അടുത്തുളള ഒരു വീടിന്റെ ഭാഗമുണ്ട്: മറ്റ് മാർഗങ്ങളില്ലാത്തതിനാൽ അത് വാടകയ്‌ക്കെടുത്തു. മഴ പെയ്താൽ അകത്ത് വെളളം കയറും; തൊട്ടപ്പുറത്ത്, ബംഗ്ലാദേശിൽ നിന്ന് വന്ന അഭയാർത്ഥികൾ കൂട്ടമായി കഴിഞ്ഞിരുന്ന മൈതാനം. പക്ഷേ, വേറെയെവിടെയും താമസസൗകര്യം കിട്ടാനില്ല. ബാലിഗഞ്ചിലെ പ്രേമവിലാസം ഹോട്ടലിൽ മാസവാടകയ്ക്ക് നോക്കാമെന്ന് ഒരുപദേശം കിട്ടിയെങ്കിലും അത് പ്രായോഗികമായിരുന്നില്ല. കാസർകോട്്് വിടുമ്പോൾ അന്നത്തെ ആർ.ഡി.ഒ വാസുദേവൻ, ഗാർഡൻ റീച്ചിൽ നാവികസേനയിൽ ജോലി ചെയ്തിരുന്ന കമാൻഡർ മുകുന്ദന്റെ മേൽവിലാസം തന്നിരുന്നു, സഹായത്തിന് ബന്ധപ്പെടാൻ. പക്ഷെ, അദ്ദേഹം ഏതാനും മാസങ്ങളുടെ അവധിയിലാണ്. മടങ്ങിവന്നത്, ഞങ്ങൾ കൊൽക്കത്ത വിടുന്നതിന്റെ കുറച്ച്്് ആഴ്ചകൾക്ക് മുൻപായിരുന്നു. (വർഷങ്ങൾ കഴിഞ്ഞ് അദ്ദേഹത്തിന്റെ സുന്ദരിയും മിടുക്കിയുമായ മകൾ ഉഷ തിരുവനന്തപുരം ദൂരദർശനിൽ സാങ്കേതികവിഭാഗത്തിൽ എന്റെ സഹപ്രവർത്തകയായിരുന്നു.) ഞങ്ങളുടെ പരിതാപകരമായ അവസ്ഥയിൽ ഓഫീസിൽ നിന്ന് കുറെ ദൂരെയാണെങ്കിലും, തന്റെ ഫഌറ്റിൽ താമസിക്കാമെന്ന് അദ്ദേഹം നിഷ്‌കർഷിച്ചിരുന്നു.


പാചകത്തിന് സൗകര്യങ്ങളില്ലാതിരുന്നതുകൊണ്ടും വീട്ടുസാധനങ്ങൾ എത്തിച്ചേരാത്തതിനാലും, ഉച്ചഭക്ഷണം ദൂരദർശനിലെ കാന്റീനിൽ നിന്നായിരുന്നു. വൈകുന്നേരത്തെ ഭക്ഷണത്തിന് കുറെ ദിവസങ്ങളോളം ടോളിഗഞ്ചിൽ നിന്ന് ട്രാമിൽ ബാലിഗഞ്ചിലെത്തി അവിടെയുളള പ്രേമവിലാസ് എന്ന ദക്ഷിണേന്ത്യൻ ഹോട്ടലിനെയാണ് ആശ്രയിച്ചത്. ട്രാം യാത്ര എന്റെ മൂന്ന് വയസ്സുകാരൻ മകൻ ജയദീപിന് വലിയ ഹരമായിരുന്നു; ട്രാം ഓടുന്നതിന്റെ ഒച്ച അവൻ അനുകരിച്ചുകൊണ്ടേയിരിക്കുമായിരുന്നു. ചില ദിവസങ്ങളിൽ ട്രാമിൽ തിരക്ക് നിമിത്തം കയറാൻ കഴിഞ്ഞില്ലെങ്കിൽ സൈക്കിൾ റിക്ഷയിൽ പോകും. അത്തരമൊരു റിക്ഷാ യാത്രയിലാണ് മനസ്സിൽ എക്കാലവും മറക്കാൻ പറ്റാത്ത അനുഭവമുണ്ടായത്.
ഞങ്ങൾ സൈക്കിൾ റിക്ഷയിൽ യാത്രചെയ്തുകൊണ്ടിരിക്കുന്നു. സമാന്തരമായി ട്രാമുകളും ഓടുന്നുണ്ട്. ട്രാമിന്റെ ഡ്രൈവർ റിക്ഷാക്കാരനോട് ഞങ്ങളെ ചൂണ്ടി ഇടയ്ക്കിടെ എന്തോ പറയുന്നുണ്ട്. മെട്രോ റെയിലിനുവേണ്ടി റോഡ് കുഴിച്ചിരുന്നതിനാൽ വീതി കുറവായിരുന്നു. പെട്ടെന്ന്, റോഡിന്റെ നടുവിൽ ട്രാം നിർത്തി, ഡ്രൈവർ ഇറങ്ങി ഞങ്ങളുടെ അടുത്തേക്ക് വന്ന് ബംഗാളിയിൽ ഉച്ചത്തിൽ എന്തോ പറഞ്ഞുകൊണ്ടിരുന്നു: ഒന്നും മനസ്സിലാവുന്നില്ല. ഒടുവിൽ ആംഗ്യങ്ങളിൽനിന്ന് കാര്യം മനസ്സിലായി. 
സൈക്കിൾ റിക്ഷയുടെ ടയറിൽ ഭാര്യയുടെ സാരിയുടെ മുന്താണി കുടുങ്ങിയിരിക്കുകയാണ്. കുറെ സമയമായി അയാൾ അതിന്റെ അപകടസൂചന അറിയിച്ചുകൊണ്ടിരിക്കുകയാണ്. കുരുക്ക് മുറുകിയാൽ റിക്ഷയിൽ നിന്ന് തെറിച്ച് വീണ് എന്തും സംഭവിക്കാം! വിളിച്ച് പറഞ്ഞിട്ടൊന്നും കാര്യമില്ലെന്ന കണ്ടതിനാൽ അയാൾ യാത്രക്കാർ നിറഞ്ഞ ട്രാം നിർത്തിയാണ് ഇറങ്ങിവന്ന് ഞങ്ങൾക്ക് രക്ഷകനായത്! തിരക്ക് പിടിച്ച റോഡിലുളളവരോ, ട്രാമിൽ തിങ്ങിനിറഞ്ഞിരുന്ന യാത്രക്കാരോ ഡ്രൈവർ ട്രാം നിർത്തിയതിനെതിരെ ഒരപശബ്ദം പോലും ഉയർത്തിയില്ല.  സ്ത്രീകളോടുളള കരുതൽ ബോധ്യപ്പെടുത്തിയ ആ ഡ്രൈവർ നഗരസംസ്‌കാരത്തിന്റെ പ്രതീകമായി മനസ്സിലുണ്ട്. 
ഞങ്ങളുടെ ദുരിതവാസസ്ഥാനത്തിന് വലിയൊരു ആശ്വാസമായത്, പയ്യന്നൂർ കോളേജിൽ സഹപ്രവർത്തകയായിരുന്ന, എക്കണോമിക്‌സ് വിഭാഗത്തിലെ ശാന്ത ടീച്ചറെയും പുരുഷോത്തമനെയും കണ്ടുമുട്ടിയതോടെയാണ്. ദൂരദർശനിൽ ചേർന്ന കുഞ്ഞിക്കൃഷ്ണൻ ഞാൻ തന്നെയാണോ എന്ന് സംശയം തീർക്കാൻ അവർ ഒരു ദിവസം ഓഫീസിൽ വന്നു. പിന്നീടങ്ങോട്ട് ഏറെക്കുറെ എല്ലാദിവസവും വൈകുന്നേരങ്ങളിൽ ഞങ്ങൾ അവരുടെ പ്രിൻസ് അൻവർഷാ റോഡിലുളള ഫഌറ്റിലെത്തും. അവിടെ ടിവി ഉണ്ടായിരുന്നു. 
ടിവി കാണുകയും ഭക്ഷണം കഴിക്കുകയും ചെയ്ത ശേഷം ഫഌറ്റിൽ നിന്ന് അവർ ഞങ്ങളെ കാറിൽ കൊണ്ടുവിടും. മഹാസമുദ്രത്തിലകപ്പെട്ടവർ ഒരു ദ്വീപ് കണ്ടെത്തിയതുപോലെ ആശ്വാസകരമായിരുന്നു അവരുടെ അടുപ്പവും കരുതലും. ജനുവരി കഴിഞ്ഞിട്ടും നവംബറിൽ ഞങ്ങൾ കയറ്റിയയച്ച വീട്ടുസാമഗ്രികൾ എത്തിയില്ല. ഇച്ചോഗിൽ എന്ന സ്ഥലത്ത്  കുടുങ്ങിക്കിടക്കുകയാണെന്നും അവിടെ മാസങ്ങളായി തൊഴിലാളികൾ സമരത്തിലാണെന്നും അറിയാൻ കഴിഞ്ഞു. ഓഫീസിലെ സഹപ്രവർത്തകരിൽ പലരും ഞങ്ങൾക്ക് പറ്റിയ താമസസ്ഥലം അന്വേഷിച്ചുകൊണ്ടേയിരുന്നു. ഒരു ദിവസം രാവിലെ ഓഫീസിലെ എന്റെ പ്യൂൺ മൃൺ മോയ്്് വളരെ സന്തോഷത്തോടെ വന്ന് പറഞ്ഞു: അധികം ദൂരെയല്ലാത്ത ചണ്ടിത്തല ലെയ്‌നിൽ ഒരു വീടിന്റെ താഴത്തെ നില ഞങ്ങൾക്കായി കണ്ടുവെച്ചിട്ടുണ്ട്; വളരെ നല്ല ഉടമസ്ഥരാണ്. വാടകയും താങ്ങാവുന്നതേയുളളു. ഞങ്ങൾ ഉടനെ പോയി നോക്കി: വളരെ ഇഷ്ടമായി. ശാന്തയും പുരുഷോത്തമനും വന്നു നോക്കി. അവർക്കും വീടും ഉടമസ്ഥരെയും നല്ലപോലെ ബോധിച്ചു. ഒരു പൈസ പോലും അഡ്വാൻസ് വേണ്ട. ഉടനെ തന്നെ ഞങ്ങൾ താമസം മാറി. വീട്ടുസാധനങ്ങളൊന്നുമില്ല. കൊൽക്കത്തയിലെത്തിയ ശേഷം ഞങ്ങൾ പരിചയപ്പെട്ട ഒ.എൻ.ജി.സിയിൽ ഉദ്യോഗസ്ഥനായ തൃച്ചംബരത്തുകാരൻ പങ്കജാക്ഷൻ അത്യാവശ്യമുളള ഫർണിച്ചർ വാടകയ്ക്ക് ഏർപ്പാടാക്കിത്തന്നു. താമസം സുഖമായി. മകനെ അടുത്തുളള ശാരദാ നഴ്‌സറി സ്‌കൂളിൽ ചേർത്തു: നടന്നുപോകാവുന്ന ദൂരമേയുളളു. പക്ഷേ, ഇടറോഡുകളിലൊന്നിൽ മകനെ വിളിച്ചുകൊണ്ടു വരുന്ന വഴിക്ക് രാഗിണിക്ക് വഴിതെറ്റി ഏതോ ഒരു ഗ്രാമത്തിലെത്തി. വഴിതെറ്റിയ മകൻ ഇനി അച്ഛനെ കാണാനാവില്ലേയെന്ന് സങ്കടത്തോടെ ചോദിച്ച കാര്യം അമ്മ ഇപ്പോഴും ഓർക്കുന്നു. ഒരു വഴിപോക്കൻ, മറ്റൊരാളെയും കൂട്ടി വീടെത്തുന്നതുവരെ അനുയാത്ര ചെയ്തു. അന്നത്തെ ഭയം ഇപ്പോഴും പേടിസ്വപ്‌നമാണ്. ഭാഷയറിയാത്ത ഒരു അജ്ഞാത സ്ഥലത്ത് ഈ സ്ഥിതിയിലെത്തിച്ചേർന്നാലത്തെ അവസ്ഥ ആലോചിച്ചുനോക്കൂ. ഒരു ദിവസം മകന് കഠിനമായ പനി. എന്തുചെയ്യണമെന്നറിയില്ല; വീട്ടുടമസ്ഥ, ഞങ്ങളെ ആശ്വസിപ്പിക്കുകയും രാത്രി മുഴുവൻ കൂടെയിരുന്ന് നെറ്റിയിൽ തണുത്ത വെളളത്തിൽ മുക്കിവച്ചുകൊണ്ടിരിക്കുകയും ചെയ്തു. മാത്രവുമല്ല, അവരുടെ വീട്ടിലുണ്ടാക്കുന്ന ഭോജ്യങ്ങൾ പ്രത്യേകിച്ചും മധുരപലഹാരങ്ങൾ, ഞങ്ങളുമായി പങ്കിടുകയും ചെയ്തു. പനി കഴിയുമ്പോഴേക്കും മകന് മീസിൽസ് പിടിപെട്ടു. 


ഇന്ത്യൻ ഓയിൽ കോർപറേഷനിലെ പബ്ലിക് റിലേഷൻസ് മാനേജരായിരുന്ന കുട്ടി പ്രത്യേകമായി ഗ്യാസ് കണക്ഷനും ഏർപ്പാടാക്കി. നവംബറിൽ അയച്ചിരുന്ന വീട്ടുസാമഗ്രികൾ നാലുമാസം കഴിഞ്ഞ് എത്തിച്ചേർന്നു. പുസ്തകങ്ങളടങ്ങിയ കെട്ടുകളൊഴികെ ബാക്കിയെല്ലാം അഴിച്ചുവെച്ച് വീട് ചിട്ടപ്പെടുത്തി. രണ്ടാഴ്ച കഴിഞ്ഞപ്പോൾ, ഓഫീസിലെത്തിയ ഉടനെ ഡയറക്ടർ മീരാ മസൂംദാർ പറഞ്ഞു,''ഞങ്ങൾക്കൊരു ദുഃഖവാർത്ത; കുഞ്ഞിക്കൃഷ്ണൻ. നിങ്ങളെ നഷ്ടമാകുന്നു.'' മദ്രാസിലേക്കുളള സ്ഥലംമാറ്റ ഉത്തരവ് അവർ കയ്യിൽ തന്നു. ഞാൻ ഉടനെ ചെയ്തത് ഞങ്ങളുടെ വീട്ടുടമസ്ഥയുടെ ഫോണിൽ രാഗിണിയെ വിളിച്ച് പൊളിക്കാൻ ബാക്കിയുളളവയൊന്നും ഇനി പൊളിക്കേണ്ടെന്ന് പറയുകയായിരുന്നു. ഓഫീസിൽ സഹായിയായി ജോലി ചെയ്തിരുന്ന ബെട്രാബിയാലും മറ്റൊരാളുമായിരുന്നു കെട്ടുകൾ പൊളിക്കാനും വീണ്ടും പായ്ക്കുചെയ്യാനും സഹായിച്ചുകൊണ്ടിരുന്നത്. ഗാർഡൻ  റീച്ച് വർക്ക്‌ഷോപ്പിൽ നിന്ന് കമാൻഡർ 
മുകുന്ദൻ തന്നിരുന്ന പല വലിപ്പത്തിലുളള മരപ്പെട്ടികൾ മൂന്ന് ദശാബ്ദം കഴിഞ്ഞ് വിരമിച്ച് തിരുവനന്തപുരത്തേക്ക് വരുന്നതുവരെ സ്ഥലംമാറ്റങ്ങളിൽ ഉപയോഗിച്ചു. പിന്നീട് ഒരാഴ്ചയാണ് കൊൽക്കത്തയിൽ തുടർന്നത്. കൊൽക്കത്ത ദൂരദർശൻ കേന്ദ്രത്തിലെ സഹപ്രവർത്തകർ, പ്രത്യേകിച്ച് ഡയറക്ടർ മീരാ മസൂംദാർ (ഇന്ത്യൻ ദൂരദർശനിലെ ആദ്യത്തെ വനിതാ ഡയറക്ടർ: എല്ലാവരോടും വളരെ സമഭാവനയോടെ പെരുമാറുന്ന അവരെ മീരാദി എന്നാണ് എല്ലാവരും വിളിച്ചിരുന്നത്.  കുറച്ചുദിവസം രാത്രി വളരെ വൈകുന്നതുവരെ ഞങ്ങൾക്ക് ഓഫീസിൽ ഇരിക്കേണ്ടി വന്നപ്പോൾ എനിക്ക് കഴിക്കാനുളള ഭക്ഷണം കൂടി അവർ കൊണ്ടുവന്നിരുന്നു.) എഞ്ചിനീയർമാരായ ശ്രീനിവാസൻ, സിപ്ര റെ, അഭിജിത് ദാസ്ഗുപ്ത തുടങ്ങിയവർ ചൊരിഞ്ഞ സ്‌നേഹവാത്സല്യങ്ങൾ, പ്രത്യേകിച്ചും ടെലിവിഷനിൽ പുതിയതായി ചേർന്ന എനിക്ക് അതെക്കുറിച്ച് ഗ്രാഹ്യമില്ലാതിരുന്നിട്ടും, നിസ്സീമമാണ്.
മദിരാശിയിലേക്ക് വണ്ടി കയറുന്നതിന് രണ്ട് ദിവസം മുൻപ് ഡയറക്ടർ ഞങ്ങളെ ബെൽവെഡേയറിലെ അവരുടെ വീട്ടിൽ അത്താഴവിരുന്നിന് വിളിച്ചു. ഭക്ഷണം കഴിഞ്ഞ ശേഷം വീട്ടിലേക്ക് മടങ്ങാൻ ഓഫീസിൽ നിന്ന് ഒരു കാർ അയക്കാൻ അവർ വിളിച്ചപ്പോഴെല്ലാം വണ്ടികളെല്ലാം യാത്രയിലാണ്. ഒടുവിൽ ഒരു മിനി ബസ്സിൽ കയറിക്കൂടി. ഇറങ്ങേണ്ട സ്ഥലമെത്തി, മകനെ കാണാനില്ല! മുൻ വാതിലിൽ കൂടിയായിരുന്നു ഇറങ്ങേണ്ടിയിരുന്നത്. ഞങ്ങൾ പിന്നിലായിരുന്നു. തിരക്കിൽകൂടി കുട്ടിയെയും എടുത്തുകൊണ്ട് ഇറങ്ങാൻ പറ്റാത്തതിനാൽ ഒരു സഹയാത്രികൻ കുട്ടിയെ എടുത്ത് ഇറക്കിത്തരാമെന്ന് പറഞ്ഞു. ഇറങ്ങിയ ഞങ്ങൾ കുട്ടിയെ കാണാഞ്ഞ് പരിഭ്രാന്തരായി. മിനി ബസ് യാത്ര തുടരാൻ ബെല്ലടിക്കുമ്പോൾ രാഗിണി പൊട്ടിക്കരഞ്ഞ് നിലവിളിക്കാൻ തുടങ്ങി. ഉളളിൽ നിന്ന് കുട്ടി അമ്മയെ വിളിക്കുന്നത് ഞങ്ങൾക്ക് കേൾക്കാം. ഉടനെ യാത്രക്കാർ മിനി ബസ് നിർത്തി. യാത്രക്കാരെല്ലാം കൂട്ടത്തോടെ ഇറങ്ങി. ചിലർ മിനി ബസിന്റെ വശങ്ങളിൽ തട്ടി ഒച്ചയെടുക്കാൻ തുടങ്ങി.  
കുട്ടിയെ എടുത്തിരുന്നയാൾ, തിരക്കിനിടയിൽ പലർക്കും കൈമാറിയതിനാലാണ് അവനെ ഇറക്കാൻ വൈകിയത്. ഒടുവിൽ യാത്രക്കാരെല്ലാവരും, ഇറങ്ങിവന്ന ഡ്രൈവറും, ഭയന്ന് വിറച്ചുനിൽക്കുന്ന ഞങ്ങളെ സമാശ്വസിപ്പിച്ച രംഗം മറ്റൊരു മഹാനഗരത്തിൽ ഇന്ത്യയിലെവിടെയും സങ്കൽപിക്കാൻ പോലും കഴിയില്ല. കാളിമാതാവ് സംരക്ഷിക്കുന്ന നഗരത്തിനേ, അങ്ങനെ ആത്മാവുളള മഹാനഗരമെന്ന വിശേഷണത്തിന് അർഹതയുളളു. കേരളത്തിൽ അത്തരമൊരു സംഭവം നടന്നാൽ എന്താവും പ്രതികരണമെന്നത് ഊഹിക്കാവുന്നതേയുളളു.

Latest News