Sorry, you need to enable JavaScript to visit this website.

ഗുജറാത്തി കാൽത്തളകെട്ടിയ മലയാളി...  

പണ്ടു കാലത്ത് മലയാളി സിനിമാസ്വാദകർ നാനയിലെ ഗോസിപ്പ് കോളങ്ങളിലൂടെയാണ് സിനിമാ രംഗത്തെ അണിയറക്കഥകൾ അറിഞ്ഞിരുന്നത്. മാനനഷ്ടക്കേസുകളെ ഭയന്നാണോ എന്നറിയില്ല, രണ്ടക്ഷര നടിയോട്് രണ്ടക്ഷര സംവിധായകന് പ്രണയം എന്നിത്യാദി പ്രയോഗങ്ങൾ അതിലുണ്ടാവാറുണ്ടായിരുന്നു. നടൻ സുകുമാരനെ നാനയിലെ കോളമിസ്റ്റ് വിശേഷിപ്പിച്ചിരുന്നത് ഡയലോഗ് വീരനെന്നാണ്. അന്നത്തെ ബോക്്‌സ് ഓഫീസ് ഹിറ്റ് ചിത്രങ്ങളുടെ വിജയഘടകങ്ങളിലൊന്ന് സുകുമാരന്റെ നെടുനെടുങ്കൻ സംഭാഷണങ്ങളായിരുന്നു. സത്യന് ശേഷം ആരെന്ന ചോദ്യത്തിന് മലയാള സിനിമ കണ്ടെത്തിയ ഉത്തരമായിരുന്നു വിദ്യാസമ്പന്നനായ ഈ ചെറുപ്പക്കാരൻ. പിൽക്കാലത്ത് താരപദവി ഉറപ്പിക്കാൻ ചില മെഗാ സ്റ്റാറുകൾ വരെ സുകുമാരനെ ആദ്യകാലത്ത്് അനുകരിച്ചുവെന്നത് സത്യം. എല്ലാ തരം സിനിമകളിലും തന്മയത്വത്തോടെ അഭിനയിച്ച് പ്രേക്ഷക മനസ്സ് കീഴടക്കിയ നടനായിരുന്നു മലപ്പുറം എടപ്പാൾ സ്വദേശി സുകുമാരൻ. മലയാളത്തിന് ദേശീയ തലത്തിൽ അംഗീകാരം നേടിക്കൊടുത്ത നിർമാല്യത്തിൽ തിളങ്ങിയ സുകുമാരൻ കുറുക്കന്റെ കല്യാണം പോലുള്ള കോമഡി ചിത്രങ്ങളും തനിക്കിണങ്ങുമെന്ന് തെളിയിച്ചിരുന്നു. 
സുകുമാരന്റെ മകൻ പൃഥ്വിരാജാണ് ഇപ്പോൾ താരം. സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുകയാണ് പൃഥ്വി. ലക്ഷദ്വീപിൽ അടുത്തിടെയായി ഭരണകൂടം നടപ്പിലാക്കിയ പുതിയ നിയമങ്ങളിൽ പ്രതിഷേധം രേഖപ്പെടുത്തിയാണ്  നടനും സംവിധായകനുമായ പൃഥ്വിരാജ് ശ്രദ്ധേയനായത്.  ഭരണകൂടം അവതരിപ്പിച്ച വിചിത്ര നിയമങ്ങളിൽ ദ്വീപ് നിവാസികൾ സന്തുഷ്ടരല്ലെന്നും ദ്വീപിലെ അതിലോല പ്രകൃതിയുടെ നിലനിൽപ്പിനെ തന്നെ ബാധിക്കുന്ന തരത്തിലുള്ള പ്രവർത്തനം എങ്ങനെയാണ് സുസ്ഥിര പുരോഗതിയിലേക്ക് നയിക്കുന്നതെന്ന് തനിക്ക് മനസിലാകുന്നില്ലെന്നും പൃഥ്വിരാജ് പറയുന്നു. ആറാം ക്ലാസിൽ പഠിക്കുമ്പോൾ സ്‌കൂളിൽ നിന്ന് യാത്രപോകുന്നതാണ് ഈ കൊച്ചുദ്വീപിനെ കുറിച്ചുള്ള ആദ്യ ഓർമ. നീല നിറമുള്ള ജലാശയവും, പൊയ്കകളും എന്നെ അതിശയിപ്പിച്ചു. വർഷങ്ങൾക്ക് ശേഷം സച്ചിയുടെ അനാർക്കലിയുടെ ഭാഗമായി  വീണ്ടും  ഈ ദ്വീപിലെത്തി. കവരത്തിയിൽ രണ്ട് മാസമാണ് ഞാൻ താമസിച്ചത്. ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയാത്ത ദിനങ്ങളായിരുന്നു അത്. പിന്നീട് രണ്ട് വർഷങ്ങൾക്ക് മുൻപ് ലൂസിഫറിന്റെ ചിത്രീകരണത്തിനായി വീണ്ടും ലക്ഷദ്വീപിലേക്ക് പോയി. സ്‌നേ ഹനിധികളായ ദ്വീപ് നിവാസികളുടെ പിന്തുണയില്ലായിരുന്നുവെങ്കിൽ ഇതൊന്നും സാധ്യമാകില്ലായിരുന്നു. എന്നാൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ദ്വീപിൽ നടക്കുന്ന സംഭവങ്ങൾ പുറംലോകത്തെ അറിയിക്കാൻ നിരവധി പേർ തനിക്ക് സന്ദേശങ്ങൾ അയക്കുന്നുണ്ട്.  രാഷ്ട്രീയമോ, അതിർത്തികളോ, ഭൂപ്രകൃതിയോ ഒന്നുമല്ല, മറിച്ച് അവിടുത്തെ ജനതയാണ് ഒരു രാജ്യത്തെ, സംസ്ഥാനത്തെ, കേന്ദ്രഭരണ പ്രദേശത്തെ, ആ പ്രദേശമാക്കുന്നത്. എങ്ങനെയാണ് നൂറ്റാണ്ടുകൾ പഴക്കമുള്ള സമാധാനപൂർണമായ അന്തരീക്ഷത്തെ പുരോഗതിക്കെന്ന പേരിൽ പ്രക്ഷുബ്ധമാക്കുന്നത്? ദ്വീപിലെ അതിലോല പ്രകൃതിയുടെ നിലനിൽപ്പിനെ തന്നെ ബാധിക്കുന്ന തരത്തിലുള്ള പ്രവർത്തനം എങ്ങനെയാണ് സുസ്ഥിര പുരോഗതിയിലേക്ക് നയിക്കുന്നതെന്ന് എനിക്ക് മനസിലാകുന്നില്ല. അതുകൊണ്ട് ഭരണകൂടത്തോട് ഒറ്റ  അപേക്ഷയേ ഉള്ളു. ജനങ്ങളുടെ ശബ്ദം കേൾക്കുക. അവരുടെ മണ്ണിന് എന്താണ് നല്ലതെന്ന അവരുടെ അഭിപ്രായത്തെ വിശ്വസിക്കുക. ലോകത്തെ ഏറ്റവും സുന്ദരമായ പ്രദേശങ്ങളിലൊന്നാണ് അത്-അതിനേക്കാൾ സുന്ദരമാണ് അവിടുത്തെ ജനത-പൃഥ്വിരാജ് പറഞ്ഞു.
*** *** ***
ലക്ഷദീപിലും ബീഫ് നിരോധനം വരുമോ എന്ന ചർച്ചയിലാണ് സോഷ്യൽ മീഡിയ. അതിന് തുടക്കമിട്ടത് യുവ സംവിധായികയായ ഐഷ സുൽത്താനയുടെ ഫേസ്ബുക്ക് പോസ്റ്റാണ്. 90 ശതമാനത്തിൽ കൂടുതൽ മുസ്‌ലിം  ജനങ്ങൾ ജീവിക്കുന്ന ലക്ഷദ്വീപിനെ അടിമുടി കാവിവത്ക്കരിക്കാനുള്ള നീക്കമാണ് കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നതെന്ന് ഐഷ പറയുന്നു. സേവ് ലക്ഷദ്വീപ് എന്ന ഹാഷ്് ടാഗിൽ ആണ് സംവിധായികയുടെ പോസ്റ്റ്.  ലക്ഷദ്വീപിലിപ്പോ ബീഫ് കഴിക്കാൻ പാടില്ലാ പോലും, ഗോവധവും, മാംസാഹാരവും അവിടെ നിരോധിച്ചു. നൂറ് ശതമാനം മുസ്ലിംസ് താമസിക്കുന്ന സ്ഥലത്ത് അവരുടെ വിശ്വാസത്തെ തകർത്ത് ഫാസിസ്റ്റ് നയങ്ങൾ അടിച്ചേൽപ്പിക്കുകയാണ്. കേരളത്തിൽ നിന്നും വരുന്ന ഹിന്ദുക്കൾക്ക് വേണ്ടി അമ്പലം പണിത് കൊടുത്ത ഞങ്ങളെയാണ് ഇന്ന്  കേന്ദ്രം ദ്രോഹിക്കുന്നത്...
ഏതു ദൈവത്തിനാണ് ഇത് ഇഷ്ടമാവുക? നിങ്ങൾ തന്നെ പറയ്? ഞങ്ങൾക്ക് സ്വാതന്ത്ര്യം വേണം... അത് നേടിയെടുക്കാൻ ഇന്ന് ഞങ്ങൾക്ക് കേരളത്തിലെ സാധാരണക്കാരുടെ സപ്പോർട്ട് വേണം, കേന്ദ്രത്തിന്റെ കണ്ണുകൾ തുറപ്പിക്കേണ്ടതിന് ഞങ്ങൾക്ക് നിങ്ങളുടെ സഹായം കൂടി വേണം. ലക്ഷദ്വീപിൽ ഒരു മീഡിയ പോലും ഇല്ലാത്ത സാഹചര്യത്തിൽ ഞങ്ങളുടെ പ്രശ്‌നം ആര് ആരിൽ എത്തിക്കും? നിങ്ങളെ കൊണ്ട് സാധിക്കും... പ്ലീസ്  അവിടെ വന്നവർ പറഞ്ഞു പോയൊരു വാക്കുണ്ട്. ദ്വീപുകാർക്ക് പടച്ചോന്റെ മനസ്സാണെന്ന്' അവരെയല്ലേ ഇന്നെല്ലാവരും ചേർന്ന് ഇല്ലായ്മ  ചെയ്യുന്നത്. ഐഷയുടെ അഭ്യർഥന മീഡിയ ശ്രവിച്ചു. മലയാള പത്രങ്ങളിൽ നിന്ന്് കേരളത്തിലെ ചാനലുകൾ ഏറ്റെടുത്ത് എൻഡിടിവിയും ടൈംസ് നൗവും പറഞ്ഞ കാര്യങ്ങൾ അൽ ജസീറ ഇംഗഌഷിലും കൂടി വന്നതോടെ ദ്വീപിൽ പുകയുന്ന അശാന്തിയുടെ കഥ ലോകജനത അറിഞ്ഞു. ഐഷ പങ്കെടുത്ത റിപ്പോർട്ടർ ചാനലിലെ സംവാദത്തിൽ ബി.ജെ.പി പ്രതിനിധി വിയർക്കുന്നതും ശ്രദ്ധേയമായി. മയക്കുമരുന്ന്-തോക്ക് കടത്തിന്റെ കാര്യം പറഞ്ഞപ്പോൾ ലക്ഷദ്വീപ് സമൂഹത്തിൽ എത്ര ദ്വീപുകളുണ്ടെന്ന ചോദ്യത്തിന് ഉത്തരം നൽകാൻ പോലും അവർക്കായില്ല. മറ്റൊരു ചാനൽ ചർച്ചയിൽ ദേശീയ മുസ്്‌ലിം അബ്ദുല്ലക്കുട്ടി ലക്ഷദ്വീപിലെ സ്‌കൂളുകളിൽ ഉച്ച ഭക്ഷണത്തിൽ ബീഫ് ഒഴിവാക്കിയതിന്റെ ന്യായം പറയുന്നത് കേട്ടു. ഊണിനൊപ്പം ബീഫൊക്കെ കഴിച്ചാൽ കുട്ടികൾ വേഗം മയങ്ങിപ്പോവുമത്രെ. 
*** *** ***
ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററായ പ്രഫുൽ പട്ടേലിന്റെ പരിഷ്‌കാരങ്ങളിൽ  രണ്ടിൽ കൂടുതൽ കുട്ടികളുള്ള പഞ്ചായത്ത് അംഗങ്ങളെ അയോഗ്യരാക്കുമെന്ന്് പറയുന്നുണ്ട്. മൂപ്പരിത് ദാമൻ ദിയുവിൽ നടപ്പാക്കിയതുമാണ് പോലും. കേന്ദ്രമന്ത്രിസഭയിലെ പല മന്ത്രിമാർക്കും മൂന്ന് കുട്ടികൾ വീതമുള്ളപ്പോൾ രണ്ടിൽ കൂടുതൽ കുട്ടികളുള്ള പഞ്ചായത്ത് അംഗങ്ങളെ അയോഗ്യരാക്കുന്നതെങ്ങനെ എന്നാണ് പശ്ചിമ ബംഗാളിൽ നിന്നുള്ള തൃണമൂൽ കോൺഗ്രസ് എം.പി  മഹുവ മൊയ്ത്ര ചോദിക്കുന്നത്. രാഷ്ട്രീയ നേതാവാകുന്നതും കുട്ടികളുടെ എണ്ണവും തമ്മിലുള്ള ബന്ധമാണ് അവർ ചോദ്യം ചെയ്യുന്നത്.  'നിലവിലെ കേന്ദ്ര പ്രതിരോധ, വിദേശകാര്യ, റോഡ് ഗതാഗത മന്ത്രിമാർക്കെല്ലാം മൂന്ന് കുട്ടികൾ വീതമുണ്ട്. ഈ സാഹചര്യത്തിൽ ലക്ഷദ്വീപിലെ രണ്ടിൽ കൂടുതൽ കുട്ടികളുള്ള പഞ്ചായത്ത് അംഗങ്ങളെ അയോഗ്യരാക്കുന്ന കരട് നിയമം ദ്വീപിലെ അഡ്മിനിസ്‌ട്രേറ്റർ എങ്ങനെയാണ് അവതരിപ്പിക്കുക, -മഹുവ ചോദിച്ചു. 
കേന്ദ്ര ഭരണ പ്രദേശമായ ദാമൻ ദിയു അദ്ദേഹം ഭരിച്ച കാലത്ത് അവിടത്തെ കടലോര വാസികളെ കുടിഒഴിപ്പിച്ചതിന്റെ കാര്യം ശനിയാഴ്ച ഏഷ്യാനെറ്റിൽ മുംബൈ ലേഖകൻ റിപ്പോർട്ട്് ചെയ്തിട്ടുണ്ട്. അവിടെ അന്ന് തുടങ്ങിയ പ്രക്ഷോഭം ഇപ്പോഴും തുടരുകയാണ്. മാത്രമല്ല, സ്ഥലം എം.പി അടുത്തിടെ മുംബൈയിലെ ഒരു ഹോട്ടലിൽ ആത്മഹത്യ ചെയ്തപ്പോഴും പ്രഫുൽ പട്ടേലിനെ അനുസ്മരിച്ചിരുന്നു. ദ്വീപിലെ ഇപ്പോഴത്തെ വിഷയം ഒരു മുസ്്‌ലിം വിഷയമല്ലെന്ന് വേണം മനസ്സിലാക്കാൻ. അറബിക്കടലിലെ ശാന്ത സുന്ദരമായ ദ്വീപുകൾ ഒഴിപ്പിച്ചെടുത്ത് നല്ല വിലയ്ക്ക് ഏതെങ്കിലും മുതലാളിയ്ക്ക് വിൽക്കാം. എയർ ഇന്ത്യ, റെയിൽവേ കച്ചവടമൊന്നും ഗുണം പിടിക്കാത്ത സ്ഥിതിയ്ക്ക് ഇനി ഇതുതന്നെ വഴി. ഗുജറാത്തി ബുദ്ധി ഫയങ്കരം തന്നെ. ഗുജറാത്തി കാൽത്തള കെട്ടിയ മലയാളി പെണ്ണ് എന്നു തുടങ്ങുന്ന സിനിമാ പാട്ടിനെ വിമർശിച്ച നമ്മുടെ സ്വന്തം യുവജന ക്ഷേമ അധ്യക്ഷ ചിന്ത ജെറോമിനെ പോലുള്ളവർ വേണം പ്രതികരിക്കാൻ. മലയാളി പെണ്ണിന് ഗുജറാത്തി കാൽത്തളയുടെ ആവശ്യമൊന്നുമില്ലെന്ന് ചിന്ത മുമ്പേ പറഞ്ഞുവെച്ചിട്ടുണ്ട്. 
*** *** ***
അഭിമുഖം നേടുന്നതിനായും രാജകുടുംബത്തിനെതിരെ തിരിക്കുന്നതിനുമായി ഡയാന രാജകുമാരിയെ വ്യാജ രേഖകൾ ഉപയോഗിച്ചു വഞ്ചിച്ചതുപോലെയുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ബിബിസി നടപടി സ്വീകരിക്കണമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞു. 1995 ലെ അഭിമുഖത്തിന് മാർട്ടിൻ ബാഷിർ വ്യാജ രേഖകൾ ചമച്ചുവെന്ന് കണ്ടെത്തിയതിനെത്തുടർന്ന് താൻ വളരെ  ആശങ്കാകുലനാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. നീണ്ട 25 വർഷങ്ങൾക്കു ശേഷം സത്യം പുറത്തുകൊണ്ടുവരാൻ അന്വേഷണം നടത്തിയ മുൻ സുപ്രീം കോടതി ജഡ്ജി ഡൈസനോട് നന്ദിയുണ്ടെന്ന് ബോറിസ് അറിയിച്ചു. പ്രധാനമന്ത്രിയുടെ മുന്നറിയിപ്പ് ഒരു സ്വതന്ത്ര എഡിറ്റോറിയൽ ബോർഡ് രൂപീകരിക്കാൻ ബിബിസിയെ നിർബന്ധിതരാക്കുമെന്നാണ് പ്രതീക്ഷ.  ബിബിസിയുടെ ഡയറക്ടർ ജനറൽ ടിം ഡേവിയും ചെയർമാൻ റിച്ചാർഡ് ഷാർപ്പും വിഷയം ഉൾക്കൊണ്ടു അർത്ഥവത്തായ മാറ്റത്തിനുള്ള പ്രതിബദ്ധത പ്രകടിപ്പിക്കുകയും വേണം എന്നാണ് സാംസ്‌കാരിക സെക്രട്ടറി ഒലിവർ ഡൗഡനുമായി അടുത്ത വൃത്തങ്ങൾ നൽകിയിരിക്കുന്ന മുന്നറിയിപ്പ്. 1995ൽ ബിബിസി പനോരമ നടത്തിയ ഡയാന രാജകുമാരിയുടെ  അഭിമുഖം വലിയ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു.  25 വർഷത്തിന് ഇപ്പുറം നടത്തിയ അന്വേഷണ റിപ്പോർട്ടിൽ വ്യാജ രേഖകൾ ഉപയോഗിച്ച് ഡയാനയെ തെറ്റിദ്ധരിപ്പിച്ചാണ് മാർട്ടിൻ ബാഷിർ ആ അഭിമുഖം നടത്തിയതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഡയാനയുമായി അടുപ്പത്തിൽ നിന്നിരുന്നവർ 'വഞ്ചകരാണെന്ന്' തെളിയിക്കാൻ ബാഷിർ വ്യാജ രേഖകൾ സൃഷ്ടിക്കുകയും ഇത് സത്യമെന്ന് വിശ്വസിച്ച് രാജകുമാരി നടത്തിയ വെളിപ്പെടുത്തലുകൾ അവരെ രാജകുടുംബത്തിന് പുറത്തേക്കും, ഒടുവിൽ മരണത്തിലേക്കും നയിക്കുകയുമായിരുന്നു. 
ഡയാനയുടെ അടുത്ത ബന്ധുക്കളെ വഞ്ചകരായി വ്യാഖ്യാനിച്ച മാധ്യമപ്രവർത്തകന്റെ നടപടി പുറത്തുവന്നതോടെ ഡയാനയുടെ സഹോദരൻ ഏൾ സ്‌പെൻസർ പ്രതികരണവുമായി രംഗത്തെത്തി. തന്റെ സഹോദരിയുടെ മരണത്തിന് ഉത്തരവാദി ബിബിസിയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ബിബിസിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ടു. സ്‌പെൻസർ സ്‌കോട്ട് ലൻഡ് യാർഡിന് കത്തെഴുതിയിട്ടുണ്ട്.
*** *** ***
ടൗട്ടെ ചുഴലിക്കാറ്റിന് പിന്നാലെ എത്തിയ യാസ് പശ്ചിമ ബംഗാളിലും ഒഡിഷയിലും ജാർഖണ്ഡിലുമടക്കം ദുരിതം വിതച്ചിരിക്കുകയാണ്. അതിനിടെ ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട വാർത്ത റിപ്പോർട്ട് ചെയ്യുന്നതിനിടെ ചാനൽ റിപ്പോർട്ടർക്ക് യുവാവ് നൽകിയ മറുപടി സോഷ്യൽ മീഡിയയിൽ വൈറലായി. ശക്തമായ കാറ്റും മഴയുമാണ് ഒഡിഷയുടെ വിവിധ ഭാഗങ്ങളിൽ. ഇതേക്കുറിച്ച് റിപ്പോർട്ട് ചെയ്യുകയായിരുന്നു നക്ഷത്ര ന്യൂസിലെ റിപ്പോർട്ടർ.  കാറ്റിനും മഴയ്ക്കും ഇടയിൽ ആളുകൾ പുറത്തിറങ്ങി നടക്കുന്ന കാഴ്ചയാണ് ഒഡിഷയിൽ കണ്ടത്. ഇതേക്കുറിച്ച് റിപ്പോർട്ടർ വഴിയിൽ കണ്ട ഒരാളോട് ചോദ്യം ചോദിച്ചതും അതിനുളള മറുപടിയുമാണ് സോഷ്യൽ മീഡിയയെ ചിരിപ്പിക്കുന്നത്. ഈ സമയത്ത് താങ്കൾ എന്താണ് പുറത്തിറങ്ങി നടക്കുന്നത് എന്നാണ് റിപ്പോർട്ടറുടെ ചോദ്യം. 
നിങ്ങൾ പുറത്തിറങ്ങിയത് കൊണ്ടാണ് താനും പുറത്ത് ഇറങ്ങിയത് എന്നാണ് യുവാവ് നൽകിയ മറുപടി. താൻ പുറത്തിറങ്ങിയത് വാർത്ത നൽകാനാണ് എന്ന് റിപ്പോർട്ടർ പറഞ്ഞു. അതുകൊണ്ട് തന്നെയാണ് താനും പുറത്തിറങ്ങിയത് എന്നും തങ്ങൾ പുറത്തിറങ്ങിയില്ലെങ്കിൽ പിന്നെ നിങ്ങൾ വാർത്തയിൽ ആരെ കാണിക്കും എന്നുമാണ് യുവാവ് ചോദിച്ചത്. ഇതോടെ റിപ്പോട്ടർക്ക് ഉത്തരം മുട്ടി.
 

Latest News