പൊരുതിനേടിയ വിജയം

തന്റെ ജീവിതം വരുംതലമുറയ്ക്ക് ഒരു പാഠമാകണമെന്ന ചിന്തയിലാണ് രഞ്ജിത്. രഞ്ജിത് പറയുന്നു: ആയിരക്കണക്കിന് കുടിലുകളിൽ വിടരുംമുൻപ് വാടിപ്പോയ ഒരുപാട് സ്വപ്‌നങ്ങളുടെ കഥയുണ്ട്. അതിനുപകരം ഇനി സ്വപ്‌നസാക്ഷാൽക്കാരത്തിന്റെ കഥകളുണ്ടാകണം. നിങ്ങളുടെ തലയ്ക്കുമുകളിൽ ഇടിഞ്ഞുവീഴാറായ മേൽക്കൂരയുണ്ടായിരിക്കാം. ചുറ്റിലും ഇടിഞ്ഞുവീഴാറായ ചുമരുകളുമുണ്ടായിരിക്കാം. എന്നാലും ആകാശത്തോളം സ്വപ്‌നം  കാണുക. ഒരു നാൾ ആ സ്വപ്‌നങ്ങളുടെ ചിറകിലേറി നിങ്ങൾക്കും വിജയതീരത്തെത്താം.

ഏതു കൂരിരുട്ടിനിടയിലും തെളിഞ്ഞുകത്തുന്ന നക്ഷത്രങ്ങളുണ്ടാകുമെന്നു പറയാറില്ലേ. കാസർകോട് ജില്ലയിലെ മലയോര ഗ്രാമമായ പാണത്തൂരിലെ രഞ്ജിത്ത് രാമചന്ദ്രന്റെ ജീവിതത്തിലും ഇത്തരം വഴിവിളക്കുകളാണ് തുണയായത്. ഇല്ലായ്മകളോടു പടവെട്ടി നേടിയ വിജയം. റാഞ്ചിയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റിന്റെ പടിക്കെട്ടുകൾ കയറിച്ചെല്ലുമ്പോൾ ആ യുവാവിന്റെ മനസ്സിൽ അതൊരു മധുരപ്രതികാരം കൂടിയായിരുന്നു. സ്വന്തം നാട്ടിലെ യൂണിവേഴ്‌സിറ്റി തന്നോടുകാട്ടിയ നെറികേടിനുള്ള കടുത്ത പ്രഹരം. 
ഒന്നുമില്ലായ്മയിൽനിന്നും ആകാശത്തോളം ഉയർന്ന, കുടിലിൽനിന്നും കൊട്ടാരത്തോളമെത്തിയ ഒരു ഗ്രാമീണ യുവാവിന്റെ ജീവിതകഥ കൂടിയാണിത്. ഐ.ഐ.എമ്മിൽ അസിസ്റ്റന്റ് പ്രൊഫസറായി ജോലി നേടിയതിനുശേഷം ലഭിച്ച ആദ്യത്തെ ഒഴിവുകാലം ആസ്വദിക്കുകയാണ് രഞ്ജിത്. ജന്മനാട് ഒരുക്കിയ സ്വീകരണങ്ങൾ ഏറ്റുവാങ്ങുന്ന സന്തോഷത്തിലാണിപ്പോൾ ഈ യുവാവ്.
കാഞ്ഞങ്ങാട് നഗരത്തിൽനിന്നും അൻപതുകിലോമീറ്ററോളം കിഴക്ക് കർണ്ണാടക അതിർത്തിയോടു ചേർന്നുകിടക്കുന്ന പാണത്തൂർ എന്ന മലയോര ഗ്രാമം. ആ ഗ്രാമത്തിലെ കേളപ്പൻകയത്താണ് രഞ്ജിത്തിന്റെ വീട്. വീടെന്നു പറഞ്ഞാൽ മൺകട്ടകൾ കൊണ്ട് നിർമ്മിച്ച ചുവരുകളും ഓടുമേഞ്ഞതുമായ ഒരു കുടിൽ. മഴയിൽ ചോർന്നൊലിക്കുന്നതിനാൽ ടാർപോളിൻ ഷീറ്റ് വിരിച്ച മേൽക്കൂരയുള്ള വീട്. മഴ വന്നാൽ വീടിനുചുറ്റും ചെളിക്കുളമാകും. ഒറ്റമുറി മാത്രമുള്ള ആ വീട്ടിലാണ് രഞ്ജിത്തും സഹോദരനും സഹോദരിയും അച്ഛനും അമ്മയും കഴിയുന്നത്. ഉണ്ണാനും ഉറങ്ങാനും പഠിക്കാനുമെല്ലാമുള്ള മുറി. സ്ഥലസൗകര്യമില്ലാത്തതിനാൽ പാത്രങ്ങളടക്കമുള്ള പല സാധനങ്ങളും ഇറയത്ത് മണ്ണിട്ടുയർത്തി അവിടെയാണ് നിരത്തിവച്ചിരിക്കുന്നത്. തയ്യൽക്കാരനായ അച്ഛൻ രാമചന്ദ്രനും തൊഴിലുറപ്പു തൊഴിലാളിയായ അമ്മ ബേബിക്കും ഒറ്റ ആഗ്രഹമേയുണ്ടായിരുന്നുള്ളു. മക്കളെല്ലാം പഠിച്ച് നല്ല നിലയിലെത്തണം. ആഗ്രഹിച്ചിട്ടും നടക്കാതെ പോയ സ്വപ്‌നങ്ങൾ മക്കളിലൂടെ സാർത്ഥകമാക്കണമെന്ന ചിന്തയിലായിരുന്നു അവർ. അതുകൊണ്ടുതന്നെ മക്കളെയെല്ലാം സ്‌കൂളിൽ ചേർക്കാനും പഠിപ്പിക്കാനും എല്ലാ സഹായവും ചെയ്തുപോന്നു. മൂത്തമകനായ രഞ്ജിത് വളാന്തോട് ഹയർ സെക്കണ്ടറി സ്‌കൂളിൽനിന്നും പ്ലസ് ടുവിന് നല്ല മാർക്കു വാങ്ങി പാസായപ്പോൾ തുടർപഠനം എങ്ങനെ സാധ്യമാകുമെന്ന ചിന്തയായിരുന്നു. താഴെയുള്ള രണ്ടു മക്കളെയും പഠിപ്പിക്കണം. ഉപായം കണ്ടുപിടിച്ചത് രഞ്ജിത് തന്നെയായിരുന്നു. തൽക്കാലം പഠനം നിർത്തി വല്ല തൊഴിലിനും പോകുക. മാതാപിതാക്കൾ ഒരിക്കലും പഠനം നിർത്താൻ പറഞ്ഞിരുന്നില്ല.  എന്തുചെയ്യണമെന്നറിയാത്ത ഈ  നിസ്സഹായാവസ്ഥയിലാണ് പാണത്തൂരിലെ ഗ്രാമീണ ടെലിഫോൺ എക്‌സ്‌ചേഞ്ചിൽ രാത്രികാല സെക്യൂരിറ്റിക്കാരനായി ജോലി ലഭിക്കുന്നത്. അതൊരു അനുഗ്രഹമായി. രാത്രികാലത്ത് ജോലി ചെയ്ത് വരുമാനം നേടുന്നതിനൊപ്പം പകൽ സമയം പഠിക്കാനുള്ള വഴികൂടിയായി. പഠനവും ജോലിയും ഒരുമിച്ചുകൊണ്ടുപോകേണ്ടിയിരുന്നതുകൊണ്ട് ദൂരദേശങ്ങളിൽ പോയുള്ള പഠനം പ്രായോഗികമായിരുന്നില്ല. 


വീടിന് സമീപമുള്ള കോട്ടയം രൂപതയ്ക്കു കീഴിലുള്ള രാജപുരം സെന്റ് പയസ് ടെൻത് കോളേജിൽ ചേർന്നു. കണ്ണൂർ യൂണിവേഴ്‌സിറ്റിക്കു കീഴിലുള്ള ഈ കോളേജിലെ ഇക്കണോമിക്‌സ് വിഭാഗത്തിന്റെ പെരുമയറിഞ്ഞ്  എക്കണോമിക്‌സ് ഐച്ഛികവിഷയമായി ബിരുദപഠനം തുടർന്നു.
സെന്റ് പയസ് കോളേജിലെ പഠനമാണ് മുന്നോട്ടുള്ള കുതിപ്പിന് ശക്തി പകർന്നുനൽകിയത്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഒട്ടേറെ വിദ്യാർത്ഥികൾ പഠിക്കുന്ന ആ സ്ഥാപനത്തിലെ അധ്യാപകർ വിദ്യാർത്ഥികളുടെ ഉന്നമനത്തിനായി അക്ഷീണം പ്രവർത്തിക്കുന്നവരായിരുന്നു. ഉന്നതങ്ങളിലേയ്ക്കു പഠിച്ചുയരാനുള്ള ആത്മവിശ്വാസം ലഭിച്ചത് ഈ കലാലയ പഠനത്തിലൂടെയായിരുന്നുവെന്ന് രഞ്ജിത് പറയുന്നു. പൊതുവേദികളിൽ സംസാരിക്കാൻ പ്രാപ്തനാക്കിയതുപോലും ഇവിടത്തെ അധ്യാപകരായിരുന്നു.
ബിരുദപഠനം മികച്ച രീതിയിൽ പൂർത്തിയാക്കിയെങ്കിലും ഉന്നതപഠനത്തിന് ആരും പച്ചക്കൊടി കാട്ടിയില്ല. വീട്ടിലെ സാമ്പത്തികാവസ്ഥതന്നെ കാരണം. അക്കാലത്തായിരുന്നു കേന്ദ്ര സർവ്വകലാശാല കാസർകോട് ജില്ലയിലെ പെരിയയിൽ സ്ഥാപിതമാകുന്നത്. ആ സാഹചര്യം പ്രയോജനപ്പെടുത്താൻ ഉപദേശിച്ചത് സെന്റ് പയസിലെ അധ്യാപകരായിരുന്നു. പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ ബിരുദാനന്തര ബിരുദപഠനത്തിന് കേന്ദ്ര സർവ്വകലാശാലയിൽ ചേർന്നു. താമസിച്ചു പഠിക്കാനുള്ള സാമ്പത്തികപ്രയാസം കാരണം അറുപത് കിലോമീറ്ററിലധികം ദൂരമുണ്ടായിരുന്ന കോളേജിലേക്ക് ദിവസവും യാത്ര ചെയ്തു.
കേന്ദ്ര സർവ്വകലാശാലയിലെ പഠനത്തിനിടയിലാണ് സംസ്ഥാനത്തിന് പുറത്തുള്ള അക്കാദമിക ലോകവുമായി ബന്ധംപുലർത്താൻ കഴിഞ്ഞത്. കാരണം അവിടത്തെ അധ്യാപകരിലും വിദ്യാർത്ഥികളിലും ഏറിയ പങ്കും രാജ്യത്തിന്റെ പല ഭാഗത്തുനിന്നും എത്തിയവരായിരുന്നു. രണ്ടുവർഷത്തെ ബിരുദാനന്തര ബിരുദപഠനം പൂർത്തിയാക്കിയതിനുശേഷം ഗവേഷണ പഠനത്തിനു  ചേരാനുള്ള പ്രേരണ നൽകി വഴികാട്ടിയായത് ഇവിടത്തെ ശ്യാംപ്രസാദ് എന്ന അധ്യാപകനായിരുന്നു. തുടർന്നാണ് ചെന്നൈ ഐ.ഐ.ടിയിൽ പ്രവേശനപരീക്ഷയെഴുതി പി.എച്ച്.ഡി പ്രവേശനം സാധ്യമാക്കിയത്. അഡ്മിഷനുള്ള ആദ്യഫീസ് അടച്ചതും ശ്യാംസാർ തന്നെയായിരുന്നുവെന്ന് രഞ്ജിത് നന്ദിയോടെ ഓർക്കുന്നു.
തന്റെ ജീവിതമാകെ മാറ്റിയത് ചെന്നൈ നഗരമാണെന്ന് രഞ്ജിത് പറയുന്നു. കാസർകോടും ചുറ്റുവട്ടവും മാത്രം കണ്ടുശീലിച്ച തനിക്ക് ആ മഹാനഗരം ഏറെ അനുഭവങ്ങളാണ് പകർന്നുനൽകിയത്. മലയാളം മാത്രം പറഞ്ഞുശീലിച്ച തനിക്ക് ചെന്നൈ ഐ.ഐ.ടിയിലെ വിശാലമായ ലോകത്തെത്തിയപ്പോൾ ശരിക്കും ഒറ്റപ്പെട്ട അനുഭവമായിരുന്നു. നാടും വീടും വിട്ടുള്ള ഈ പറിച്ചുനടലുമായി പൊരുത്തപ്പെടാൻ ഏറെ സമയമെടുത്തു. അവിടത്തെ പഠനരീതിയും അന്തരീക്ഷവും വ്യത്യസ്തമായിരുന്നു. ഇത് തന്റെ ലോകമല്ലെന്ന തോന്നലിൽ ഒരിക്കൽ പി.എച്ച്.ഡി പഠനം ഉപേക്ഷിച്ച് നാട്ടിലേയ്ക്കു മടങ്ങാൻപോലും ചിന്തിച്ചു.
എന്നാൽ അവിടെയും ചില വഴിവിളക്കുകൾ രഞ്ജിത്തിനെ സഹായിക്കാനുണ്ടായിരുന്നു. ഗൈഡായി തിരഞ്ഞെടുത്തിരുന്ന ഡോ. സുഭാഷ് സാറിനോടു കാര്യം പറഞ്ഞപ്പോൾ തോറ്റു പിന്മാറുന്നതിനുമുൻപ് ഒന്നു പൊരുതിനോക്കുകയെങ്കിലും ചെയ്തുകൂടെ എന്നായിരുന്നു ചോദിച്ചത്. നഷ്ടപ്പെടാൻ ഒന്നുമില്ലാത്തവന്റെ പോരാട്ടമായി കണ്ടാൽ മതി. 
എന്തിനേയും ജയിക്കണമെന്ന ചിന്ത മനസ്സിലുണ്ടെങ്കിൽ ഏതു ദുർഘടസന്ധിയെയും അനായാസം കീഴടക്കാനാകുമെന്ന് അദ്ദേഹം പറഞ്ഞപ്പോൾ മറ്റൊന്നും ആലോചിച്ചില്ല. വാശിയോടെ പൊരുതാൻ തന്നെയായിരുന്നു തീരുമാനം. ഡോ. സുഭാഷും അദ്ദേഹത്തിന്റെ പത്‌നി ഡോ. വൈദേഹിയും കരുത്തായി കൂടെ നിന്നപ്പോൾ ധൈര്യമായി. ഒരു സഹോദരനോടെന്നപോലെയായിരുന്നു അവരുടെ പെരുമാറ്റം. പഠനപ്രവർത്തനങ്ങളിലെല്ലാം കൂടെനിന്ന് സഹായിച്ചപ്പോൾ വിജയം വിദൂരമല്ലെന്ന് തെളിയുകയായിരുന്നു. 


ജർമ്മനിയിലും ജപ്പാനിലുമെല്ലാം പോയി അവിടത്തെ അന്താരാഷ്ട്ര ജേണലുകളിൽ പ്രബന്ധങ്ങൾ അവതരിപ്പിക്കാനുള്ള അവസരം ലഭിച്ചതും ഈ ഗവേഷണ പഠനകാലത്തായിരുന്നു.
‘ഇന്ത്യയിലെ വ്യവസായ രംഗത്തേക്കുള്ള വിദേശ നിക്ഷേപങ്ങളുടെ വരവിന്റെ ഭൂമിശാസ്ത്രപരമായ വിതരണം' എന്നതായിരുന്നു പി.എച്ച്.ഡിയുടെ പഠനവിഷയം. മഹാനഗരങ്ങളും ഗ്രാമാന്തരങ്ങളും തമ്മിലും അസന്തുലിതാവസ്ഥയെക്കുറിച്ചായിരുന്നു ഗവേഷണം.
അഞ്ചുവർഷക്കാലത്തെ പി.എച്ച്.ഡി നാലരവർഷംകൊണ്ട് പൂർത്തിയാക്കി ഡോക്ടറൽ ഫെലോഷിപ്പും കരസ്ഥമാക്കി. രാജ്യത്തെ മികച്ച സ്വകാര്യ സർവ്വകലാശാലയായ ബാംഗ്ലൂരിലെ ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റിയിൽ അസിസ്റ്റന്റ് പ്രൊഫസറായി. അതേസമയംതന്നെയായിരുന്നു ഐ.ഐ.എമ്മിലേയ്ക്കുള്ള ഇന്റർവ്യുവിലും പങ്കെടുത്തത്. ഫലം വന്നപ്പോൾ അവിടെയും ഭാഗ്യം തുണച്ചിരുന്നു. ഇതിനിടയിൽ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ അധ്യാപക ജോലിക്ക് അപേക്ഷിച്ചെങ്കിലും നാലാം സ്ഥാനമാണ് ലഭിച്ചത്. സംവരണാനുകൂല്യമുണ്ടായിട്ടും നിയമനം ലഭിച്ചില്ല. കാരണംതേടി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണിപ്പോൾ. ഐ.ഐ.എമ്മിൽ ജോലി നേടിയെങ്കിലും നിയമവഴിയിൽനിന്നും പിന്തിരിയാൻ രഞ്ജിത് ഒരുക്കമല്ല. തനിക്കു ജോലി ലഭിച്ചില്ലെങ്കിലും വരുംതലമുറയ്‌ക്കെങ്കിലും അതിന്റെ ഗുണം ലഭിക്കട്ടെ എന്ന അഭിപ്രായമാണ് ഇദ്ദേഹത്തിനുള്ളത്. രഞ്ജിത്തിന്റെ അർപ്പണമനോഭാവമാണ് പഠനവഴിയിൽ സഹോദരങ്ങൾക്കും പ്രചോദനമായത്. അനുജത്തി രഞ്ജിത എം.എയും ബി.എഡും പൂർത്തിയാക്കി. അനുജൻ രാഹുൽ ഹോട്ടൽ മാനേജ്‌മെന്റ് പൂർത്തിയാക്കി കോട്ടയത്തെ ഒരു റിസോർട്ടിൽ ഷെഫ് ആയി ജോലി നോക്കുകയാണ്.
തന്റെ ജീവിതം വരുംതലമുറയ്ക്ക് ഒരു പാഠമാകണമെന്ന ചിന്തയിലാണ് രഞ്ജിത്. രഞ്ജിത് പറയുന്നു: ആയിരക്കണക്കിന് കുടിലുകളിൽ വിടരുംമുൻപ് വാടിപ്പോയ ഒരുപാട് സ്വപ്‌നങ്ങളുടെ കഥയുണ്ട്. അതിനുപകരം ഇനി സ്വപ്‌നസാക്ഷാൽക്കാരത്തിന്റെ കഥകളുണ്ടാകണം. നിങ്ങളുടെ തലയ്ക്കുമുകളിൽ ഇടിഞ്ഞുവീഴാറായ മേൽക്കൂരയുണ്ടായിരിക്കാം. ചുറ്റിലും ഇടിഞ്ഞുവീഴാറായ ചുമരുകളുമുണ്ടായിരിക്കാം. എന്നാലും ആകാശത്തോളം സ്വപ്‌നം കാണുക. ഒരുനാൾ ആ സ്വപ്‌നങ്ങളുടെ ചിറകിലേറി നിങ്ങൾക്കും വിജയതീരത്തെത്താം.

Latest News