പ്രണയത്തിലാണെന്ന് തുറന്നു പറഞ്ഞ് ലക്ഷ്മി മേനോന്‍

ഒറ്റപ്പാലം-തെന്നിന്ത്യന്‍ സിനിമയിലെ നിറസാന്നിധ്യമാണ് ലക്ഷ്മി മേനോന്‍. തമിഴിലൂടെ ശ്രദ്ധ നേടിയ ലക്ഷ്മി മലയാളത്തിലും തെലുങ്കിലുമെല്ലാം നിരവധി ഹിറ്റ് ചിത്രങ്ങളില്‍ നായികയായിട്ടുണ്ട്. കുംകി, സുന്ദരപാണ്ഡ്യന്‍ തുടങ്ങിയ സിനിമകളിലെ പ്രകടനങ്ങള്‍ ലക്ഷ്മിയ്ക്ക് ധാരാളം പുരസ്‌കാരങ്ങളും നേടിക്കൊടുത്തിട്ടുണ്ട്. ജിഗര്‍തണ്ഡ, വേതാളം, കൊമ്പന്‍, മിരുതന്‍, റെക്ക തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളിലെ നായികയായിരുന്നു ലക്ഷ്മി. ഇതിനിടെ 2017ല്‍ സിനിമയില്‍ നിന്നുമൊരു ഇടവേളയെടുത്ത താരം തന്റെ വിദ്യഭ്യാസം പൂര്‍ത്തിയാക്കുകയും ചെയ്തു. തിരിച്ചുവരവിലും കൈയ്യടി നേടാന്‍ ലക്ഷ്മിയ്ക്ക് സാധിച്ചു. സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് ലക്ഷ്മി. തന്റെ ചിത്രങ്ങളും വിശഷങ്ങളുമെല്ലാം ലക്ഷ്മി സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി പങ്കുവെക്കാറുണ്ട്.
ഇപ്പോഴിതാ താനൊരു പ്രണയ ബന്ധത്തിലാണെന്ന് ലക്ഷ്മി പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു ലക്ഷ്മി. ചോദ്യങ്ങള്‍ക്ക് ഉണ്ട്, ഇല്ല എന്ന് മാത്രമായിരുന്നു മറുപടി നല്‍കേണ്ടിയിരുന്നത്. ഇതിനിടെയായിരുന്നു ആരാധകര്‍ പ്രണയത്തെ കുറിച്ച് ചോദിച്ചത്.
ദീര്‍ഘകാലത്തേക്ക് ഏതെങ്കിലും പ്രണയബന്ധമുണ്ടായിരുന്നുവോ എന്ന ചോദ്യത്തിന് ഉണ്ടെന്നായിരുന്നു ലക്ഷ്മി നല്‍കിയ മറുപടി. മറ്റൊരാളുടെ ചോദ്യം മൂന്ന് വര്‍ഷത്തിലധികമായൊരു പ്രണയ ബന്ധമുണ്ടോ എന്നായിരുന്നു. ഇതിനും ഉണ്ട് എന്നായിരുന്നു ലക്ഷ്മി നല്‍കിയത്. ഇതാദ്യമായാണ് ലക്ഷ്മി മേനോന്‍ തന്റെ പ്രണയവുമായി ബന്ധപ്പെട്ട് പ്രതികരണം നടത്തുന്നത്.

Latest News