Sorry, you need to enable JavaScript to visit this website.

ഇസ്രായിലിലെ മലയാളി ബട്‌ലർ ലേഖകനായപ്പോൾ.... 

ഇത് സോഷ്യൽ മീഡിയക്കാലം. ആധുനിക സാങ്കേതിക വിദ്യയുടെ സാധ്യത ഉപയോഗപ്പെടുത്തി ആർക്ക് വേണേലും പ്രക്ഷേപകനാകാം. സ്വന്തം മൊബൈൽ ഫോണിനെ സംപ്രേഷണ കേന്ദ്രമാക്കാം. പലപ്പോഴും വിവരക്കേടുകളുടെ ഘോഷയാത്രയാണ് വാട്ട്‌സാപ്പ് ടെലികാസ്റ്റിൽ കേൾക്കാറുള്ളത്. 1948ൽ ഇസ്രായിൽ എന്ന അധിനിവേശ രാജ്യം സ്ഥാപിക്കപ്പെട്ട ശേഷമുള്ള ഫലസ്തീന്റെ ദൈന്യത കാര്യബോധമുള്ളവർക്ക് അറിയാം. ഇക്കഴിഞ്ഞ പുണ്യമാസത്തിലും ഫലസ്തീൻ  ഇസ്രായിൽ പൈശാചികതയ്ക്ക് സാക്ഷ്യം വഹിച്ചു. കുഞ്ഞുങ്ങളും സ്ത്രീകളുമുൾപ്പെടെ ഡസൻ കണക്കിനാളുകൾ കൊല്ലപ്പെട്ടു. ആയിരങ്ങൾ ഭവനരഹരിതരായി. ഗാസ മുനമ്പിലെ കാര്യങ്ങൾ അപ്പപ്പോൾ ലോകത്തെ അറിയിക്കാനാണ് അന്താരാഷ്ട്ര വാർത്താ ഏജൻസിയായ എ.പിയും പ്രമുഖ ന്യൂസ് ചാനലായ അൽജസീറയും ഗാസയിൽ ഓഫീസ് തുറന്നത്. ഇസ്രായിൽ ബോംബ് വർഷത്തിൽ അന്താരാഷ്ട്ര മാധ്യമ സ്ഥാപനങ്ങളുടെ ഓഫീസുകൾ നിമിഷനേരം കൊണ്ട് ചാരമായി.

ഇങ്ങനെയൊക്കെ ചെയ്യുന്ന രാജ്യത്തെ സമൂഹ മാധ്യമങ്ങളിൽ ചിലർ ന്യായീകരിക്കുന്നത്  കണ്ടു. പത്ത് മിനിറ്റ് മുമ്പ് ഒഴിഞ്ഞുപോകാൻ മുന്നറിയിപ്പ് നൽകിയിട്ടാണല്ലോ ഇസ്രായിൽ തീഗോളങ്ങൾ തുപ്പി ഗാസയെ നശിപ്പിച്ചതെന്ന്. എന്തൊരു മഹാ മനസ്‌കത. അതിലും ഭീകരമാണ് ചില മല്ലൂസിന്റെ ഇസ്രായിലിൽ നിന്ന് നേരിട്ടുള്ള വിവരണം. വളരെ നല്ലവരാണ് ഇസ്രായിലികൾ. മലയാളികൾക്ക് ഹോട്ടലിൽ പണി തരും. മണിക്കൂറിന് അഞ്ഞൂറ് രൂപ വരെ പ്രതിഫലം. എത്ര മണിക്കൂർ വേണേലും പണിയെടുക്കാം. എന്നാലും അവർക്കിഷ്ടം ഗാസയിലേയും വെസ്റ്റ് ബാങ്കിലേയും ഫലസ്തീൻകാരെ ജോലിക്ക് വെക്കാനാണ്. (ഒരേ  ജനത, സംസ്‌കാരം, ജീവിത ശൈലി എന്നീ ഘടകങ്ങളാണ് ഇതിന് പിന്നിലെന്ന് സംപ്രേഷണ വിദഗ്ധന് അറിയേണ്ട കാര്യമില്ലല്ലോ.) ഈ ഫലസ്തീന് വെള്ളവും വൈദ്യുതിയുമൊക്കെ നൽകുന്നത് ഇസ്രായിലാണ്-പ്രഭാഷണം തുടരുന്നു. ഇസ്രായിൽ മനസ്സു വെച്ചാൽ  അഞ്ച് മിനുറ്റ് കൊണ്ട് തീർക്കാവുന്ന കാര്യമേയുള്ളു. യുദ്ധതന്ത്രജ്ഞതയിലും കേമൻ തന്നെ മല്ലു ബട്‌ലർ. വിഷ ലിപ്തമായ ഈ ക്ലിപ്പ് ഫോർവേഡഡ് സെവറൽ ടൈംസ് എന്ന വിഭാഗത്തിലാണ് വാട്ട്‌സപ്പിൽ പറക്കുന്നതെന്നോർക്കുമ്പോഴാണ് എത്ര അപകടം പിടിച്ച കാലമാണിതെന്ന് വ്യക്തമാവുക. മലയാളി യുവതി സൗമ്യ ഇസ്രായിലിൽ ജോലി തേടിപ്പോയ പ്രവാസിയാണ്.

സംഘർഷത്തിനിടെയാണ് വിലപ്പെട്ട ജീവൻ നഷ്ടമായത്. മലയാളി പ്രവാസികൾ ഇതിന് മുമ്പ് യമനിലെ സൻആയിലും കാബൂളിലുമൊക്കെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ഇതാണ് പ്രവാസ ജീവിതത്തിന്റെ ഏറ്റവും വലിയ റിസ്‌കും. നാട്ടിലേതിനേക്കാൾ പ്രതിഫലം അൽപം കൂടുമെങ്കിലും പട്ടാളക്കാരുടെ ജീവിതത്തിന് തുല്യമാണ് ലോകത്തിന്റെ നാനാഭാഗത്തുള്ള ഓരോ പ്രവാസിയുടേയും ജീവിതം. കേരളത്തിലെ പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ സൗമ്യയുടെ മൃതദേഹം കൊച്ചി എയർപോർട്ടിലെത്തിയത് വലിയ സംവാദങ്ങൾക്ക് വഴി തുറന്നു. കേരള സർക്കാർ ഇതിൽ പ്രതികരിച്ചില്ലേ എന്ന് ഇസ്രായിൽ സർക്കാർ പ്രതിനിധി അന്വേഷിച്ച കാര്യമൊക്കെ സൗമ്യയുടെ ബന്ധു പറയുന്നത് മാതൃഭൂമി ന്യൂസിലെ വാർത്തയിൽ കേട്ടു. വിദേശ രാജ്യത്തിന് അങ്ങനെ ഇന്ത്യയുടെ ആഭ്യന്തര കാര്യത്തിലിടപെടാമോ? പ്രത്യേകിച്ച് ഇന്ത്യ എന്നും ഫലസ്തീന്റെ ഉറ്റ മിത്രമാണല്ലോ. അതുകൊണ്ടാണല്ലോ ന്യൂദൽഹിൽ ഏറ്റവും മികച്ച എംബസി തന്നെ നമ്മൾ ആ രാജ്യത്തിന് ഏർപ്പാടാക്കി കൊടുത്തത്. ഫലസ്തീന് നീതി നിഷേധിക്കപ്പെടുന്നതിനെതിരെയാണ് മോഡിക്കാലത്ത് പോലും ഇന്ത്യയുടെ യു.എൻ പ്രതിനിധി സംസാരിച്ചത്. ദ്വിരാഷ്ട്ര ഫോർമുല നടപ്പാക്കാൻ വൈകുന്നതിലാണ് ഇന്ത്യയുടെ ഉൽക്കണ്ഠ. 

***    ***    ***

മലയാള മാധ്യമ രംഗത്തിന് ഇതു അഭിമാന നിമിഷം. രണ്ടാം പിണറായി സർക്കാരിൽ ഒരു മാധ്യമ പ്രവർത്തകയാണ് മന്ത്രിയായി ചുമതലയേറ്റത്. 
സംസ്ഥാനത്ത് മന്ത്രി സഭയിലെത്തുന്ന ആദ്യ മാധ്യമ പ്രവർത്തകയുമാണ് വീണ ജോർജ്. ഒരു കാലത്ത് ദൃശ്യ മാധ്യമ രംഗത്തെ സുപരിചിത മുഖം ആയിരുന്നു വീണ. 16 വർഷത്തിലേറെയായി പ്രധാന മലയാള വാർത്ത ചാനലുകളിൽ പ്രവർത്തിച്ചിട്ടുണ്ട്. പഠനം, കല, മാധ്യമ പ്രവർത്തനം, പിന്നെ രാഷ്ട്രീയം എന്നിവയിൽ മികവുതെളിയിച്ച പ്രതിഭയാണ്  വീണ ജോർജ്. കലോൽസവത്തിൽ ജില്ലാ കലാതിലകം. എംഎസ്‌സി ഫിസിക്‌സിലും, ബിഎഡിലും റാങ്ക് നേടിയ വീണ മനോരമ ന്യൂസ്, റിപ്പോർട്ടർ ടി,വി, ടിവി ന്യൂ, കൈരളി, ഇന്ത്യാവിഷൻ എന്നിവിടങ്ങളിൽ പ്രവർത്തിച്ചു. മാധ്യമമേഖലയിൽ നിന്ന് 2016ൽ സ്വയം വിരമിച്ചു.


ശൈലജ ടീച്ചർക്ക് ശേഷം ആര് എന്ന ചോദ്യത്തിനും മാസ് മറുപടി തന്നെയാണ് സി.പി.എമ്മും മുഖ്യമന്ത്രിയും നൽകിയിരിക്കുന്നത്. 
ശൈലജ ടീച്ചറെ പോലെ തന്നെ കർമ്മനിരതയാണ് വീണ ജോർജും. കഴിഞ്ഞ അഞ്ച്  വർഷത്തെ പ്രവർത്തനത്തിലൂടെ അവരത് തെളിയിച്ചിട്ടുള്ളതുമാണ്. പ്രളയകാലത്ത് പാതിരാത്രിയിൽ പോലും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്ന ആറൻമുള എം.എൽ.എയുടെ ദൃശ്യങ്ങൾ ഈ നാട് കണ്ടിട്ടുള്ളതാണ്. പ്രതിസന്ധികളിൽ ജനങ്ങൾക്കൊപ്പം നിന്ന് അതിജീവനത്തിനായി പോരാടാനാണ് ശൈലജ ടീച്ചർ ശ്രമിച്ചിട്ടുള്ളത്. അതു തന്നെയാണ് തന്റെ പരിമിതിക്കുള്ളിൽ നിന്നും വീണയും ചെയ്തിട്ടുള്ളത്.  പുതിയ മന്ത്രിസഭയിൽ ശൈലജ ടീച്ചറില്ലെന്ന വാർത്ത പുറത്തു വന്നപ്പോൾ മാതൃഭൂമിയുൾപ്പെടെയുള്ള ചാനലുകളിൽ അവരുടെ പ്രതികരണം സംപ്രേഷണം ചെയ്തിരുന്നു. പിണങ്ങിപ്പോയി മൊട്ടയടിക്കാനോ, സി.പിഎം എസ് എന്ന പുതിയ പാർട്ടിയുണ്ടാക്കാനോ ഒന്നും മുതിരാതെ വളരെ മാന്യമായാണ് അവർ നിലപാട് വ്യക്തമാക്കിയത്. ആരോഗ്യ വകുപ്പ് എന്നതൊരു സിസ്റ്റമാണ്. ശൈലജ ഇല്ലെങ്കിലും അതെല്ലാം നടക്കും. പാർട്ടി ഏൽപിച്ച കർത്തവ്യം ഭംഗിയായി നിറവേറ്റിയെന്നാണ് വിശ്വാസം. 


അതേസമയം, ശൈലജ ടീച്ചറെ തിരിച്ചു കിട്ടണമെന്ന് വാശി പിടിച്ച് ചിലർ രംഗത്തിറങ്ങിയിട്ടുണ്ട്. വാശിയോടെയാണ് അവരുടെ പുറപ്പാട്. 
ശൈലജ ടീച്ചർക്കു വേണ്ടി മുറവിളി കൂട്ടുന്നവരുടെ നേതൃത്വം റിമാ കല്ലിങ്കലിനാണ്. ആരോഗ്യമന്ത്രി സ്ഥാനം ശൈലജക്ക് നൽകാത്തതിൽ നിരാശയായ മറ്റൊരു സിനിമാതാരം പാർവതി തിരുവോത്താണ്. റിമയുടെ മറ്റൊരു സുഹൃത്തായ സംവിധായിക ഗീതു മോഹൻദാസും പരോക്ഷമായി സി.പി.എം തീരുമാനത്തിൽ അതൃപ്തി രേഖപ്പെടുത്തുന്ന തരത്തിൽ തന്നെയാണ് ഫേസ്ബുക്കിൽ പോസ്റ്റിയത്.  വോഗ് മാസികയിൽ വന്ന ശൈലജയുടെ കവർ ചിത്രം പങ്കുവെച്ചാണ് യുവനടി രജീഷ വിജയൻ ശൈലജ വേണമെന്ന നിലപാടറിയിച്ചിരിക്കുന്നത്.
ഗായിക സിതാര കൃഷ്ണകുമാറും ശൈലജയ്ക്ക് അവസരം നിഷേധിച്ചതിൽ വലിയ വിഷമം പ്രകടിപ്പിച്ചിട്ടുണ്ട്. ശൈലജ ടീച്ചറെ ഈ പ്രതിസന്ധി ഘട്ടത്തിൽ തുടരാൻ അനുവദിക്കാമായിരുന്നുവെന്ന് പറയുന്ന ചില നിഷ്‌കുകളുമുണ്ട്. അങ്ങനെ അവസരം കൊടുത്താൽ ബാധ്യതയായി മാറുന്ന ചില മാലിന്യങ്ങളും ഞങ്ങളും തയാറെന്ന് പറഞ്ഞ് അടുത്തു കൂടും. 

***    ***    ***

ലോകത്ത് എന്തു നടന്നാലും അതൊന്നും തങ്ങളെ ബാധിക്കില്ലെന്ന മട്ടിൽ ഏയ് ഓട്ടോ സ്‌റ്റൈലിൽ ഐ ലവ് യു പറഞ്ഞു കളിച്ച് മുന്നേറിയ ഒന്നാണ് ഏഷ്യാനെറ്റിലെ റിയാലിറ്റി ഷോയായ ബിഗ് ബോസ് സീസൺ 3. അഞ്ചു മിനിറ്റിലധികം ഈ ഷോ കണ്ടിരിക്കാൻ കഴിയുന്നവരോട് പലപ്പോഴും ബഹുമാനം തോന്നിയിട്ടുണ്ട്. ചെന്നൈയിൽ നിന്ന് ആശ്വാസ വാർത്ത എത്തിയിരിക്കുന്നു. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തു വന്ന റിയാലിറ്റി ഷോയായ ബിഗ് ബോസ് സീസൺ 3 ഷൂട്ടിങ് നിർത്തിവെപ്പിച്ചു. പോലീസും ആരോഗ്യ അധികൃതരും അപ്രതീക്ഷിതമായാണ് ബിഗ്‌ബോസ് ഷൂട്ട് ചെയ്യുന്ന ഇവിപി ഫിലിം സിറ്റിയിൽ എത്തി നടപടിയെടുത്തത്.  അണിയറ പ്രവർത്തകർക്ക് ആലോചിക്കാൻ പോലും സമയം കിട്ടാത്ത വിധം ആയിരുന്നു അധികൃതരുടെ നടപടി. കോവിഡ് സാഹചര്യത്തിൽ തമിഴ്‌നാട് ആരോഗ്യ വകുപ്പിന്റേതാണ് നടപടി. പരിപാടി നിർത്തി വെക്കാനുള്ള അധികൃതരുടെ നിർദ്ദേശം പാലിക്കാതെ വന്നതിനേത്തുടർന്നാണ് നടപടി. 


തമിഴ്‌നാട്ടിൽ ലോക് ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് സിനിമ സീരിയൽ ചിത്രീകരണങ്ങൾ നിർത്തിവെച്ചിരിക്കുകയായിരുന്നു. ഇവിപി ഫിലിം സിറ്റിയിലെ മറ്റ് ചിത്രീകരണങ്ങൾ മെയ് 15 ന് തന്നെ അവസാനിപ്പിച്ചിരുന്നു. 'ഞങ്ങൾ സെറ്റിലെത്തുകയും ഗ്ലാസ് ഡോറിലൂടെ അകത്ത് ആളുകളെ കാണുകയും ചെയ്തു. ഏഴ് മത്സരാർത്ഥികളും ക്യാമറാമാനും ടെക്‌നീഷ്യൻസും ഉൾപ്പെടെയുള്ള അണിയറ പ്രവർത്തകരും പ്രൊഡക്ഷൻ സ്റ്റാഫുകളും സെറ്റിലുണ്ടായിരുന്നു. 95 ദിവസത്തെ ഷൂട്ടിംഗ് പൂർത്തിയായി ഇനി അഞ്ച് ദിവസം കൂടി മാത്രമേ ബാക്കിയുള്ളൂവെന്നും 100 ദിവസത്തെ ഷൂട്ടിംഗ് പൂർത്തിയാക്കാൻ അനുവദിക്കണമെന്നും അവർ പറഞ്ഞു. ഞങ്ങൾ അനുമതി നൽകിയില്ല. എല്ലാവർക്കും പിപിഇ കിറ്റ് നൽകുകയും ഹോട്ടലിലേക്ക് മാറാൻ ആവശ്യപ്പെടുകയും ചെയ്തു. 


സെറ്റ് സീൽ ചെയ്യുകയും ഒരു ലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്തു- തിരുവള്ളൂർ ആർ.ഡി.ഒ പ്രീതി പർകവി പറഞ്ഞു. പ്രതിസന്ധി മാറിയാൽ ഉടൻതന്നെ ബിഗ് ബോസിന്റെ സംപ്രേഷണം പുനരാരംഭിക്കുന്നതായിരിക്കുമെന്നാണ് ഏഷ്യാനെറ്റ് അധികൃതർ അറിയിച്ചിരിക്കുന്നത്. ബിഗ് ബോസിനെ കൊണ്ടോ മോഹൻലാലിനെ കൊണ്ടോ ഒരു സമാപന സന്ദേശം പോലും നൽകാനുള്ള സാഹചര്യം ലഭ്യമായില്ല എന്നതും സങ്കടമായി. കേരളത്തിൽ മെയ് മൂന്നാം വാരത്തിൽ അപ്രതീക്ഷിതമായെത്തിയ മഴക്കിടയിൽ വീട്ടമ്മമാരുടെ സങ്കടം ആരുമറിഞ്ഞില്ല. 

***    ***    ***

പെരിന്തൽമണ്ണ ആശുപത്രികളുടെ നഗരമാണ്. കോവിഡ് കാലം വന്നപ്പോൾ മനുഷ്യരെ പിഴിയുന്ന വിഷയത്തിൽ ഡോക്ടറേറ്റ് എടുക്കുകയാണോ ഇവിടത്തെ ആശുപത്രികളെന്ന് സംശയിക്കണം. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഒരു ക്ലിപ്പിൽ പാലക്കാട് ജില്ലയിലെ ഒരു കുടുംബത്തിന്റെ വേദനയാണ് ഒരു പെൺകുട്ടി വിവരിക്കുന്നത്. എട്ട് ദിവസത്തെ ആശുപത്രി വാസത്തിന് ഒരു ലക്ഷത്തിലേറെ രൂപ വാങ്ങിയെന്ന് മാത്രമല്ല, മാറ്റമില്ലാത്ത രോഗങ്ങളുമായാണ് ഈ കുടുംബം നിളയുടെ തീരത്തെ സ്വദേശത്തേക്ക് തിരിച്ചു പോയത്. 


ഇതൊരു സ്വകാര്യ ആശുപത്രിയുടെ മാത്രം കാര്യമല്ല. സീ ന്യൂസ് റിപ്പോർട്ട് പ്രകാരം ലോകത്തെ വാക്‌സിൻ നിർമാതാക്കൾക്കെല്ലാം കോവിഡ് കാലം അവസരമായി മാറുകയാണുണ്ടായത്. ലോകം ഏറ്റവും വലിയ പ്രതിസന്ധി നേരിട്ടപ്പോൾ  വാക്‌സിൻ വിറ്റ് ശതകോടീശ്വരൻമാരായ  ഫാർമ കമ്പനി ഉടമകളുടെ പട്ടിക  പീപ്പിൾസ് വാക്‌സിൻ അലയൻസാണ്  പുറത്തുവിട്ടത്. കോവിഡ്  വാക്‌സിന്റെ  നിർമ്മാണ വിതരണത്തിലൂടെ  ഇവരുടെ ആസ്തി 19.3 ബില്യൺ ഡോളറായി ഉയർന്നു.  ഈ  തുകയ്ക്ക് ദരിദ്ര രാഷ്ട്രങ്ങളിലെ മുഴുവൻ ആളുകൾക്കും  വാക്‌സിൻ  നൽകാൻ സാധിക്കുമെന്നുമാണ് വാക്‌സിൻ അലയൻസ് വെളിപ്പെടുത്തുന്നത്.


മോഡേണയുടെ സി.ഇ.ഒ സ്റ്റീഫൻ ബാൻസെൽ,സി.ഇ.ഒയും ബയോടെക്കിന്റെ സഹസ്ഥാപകനുമായ ഉഗുർ സാഹിൻ, ഇമ്യൂണോളജിസ്റ്റും മോഡേണയുടെ സ്ഥാപക നിക്ഷേപകനുമായ തിമോത്തി സ്പ്രിംഗർ, മോഡേണയുടെ ചെയർമാൻ നൗബർ അഫിയാൻ അടക്കം  ഒൻപതുപേരാണ്   ശതകോടീശ്വരൻമാരുടെ പട്ടികയിലുള്ളത്. 
കൊവിഷീൽഡ് വാക്‌സിൻ നിർമാതാക്കളായ സെറം ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യയുടെ സ്ഥാപകനും അദാർ പൂനവാലയുടെ പിതാവുമായ സൈറസ് പൂനവലയുടെ വരുമാനത്തിലും കൊറോണയുടെ  വരവോടെ വൻ വർദ്ധനയുണ്ടായി. കഴിഞ്ഞ വർഷം 8.2 ബില്യൺ ഡോളറായിരുന്നുവെങ്കിൽ 2021 ൽ 12.7 ബില്യൺ ഡോളറായി ഉയർന്നുവെന്നും കണക്കുകൾ സൂചിപ്പിക്കുന്നു. 

Latest News