Sorry, you need to enable JavaScript to visit this website.

രാജീവ് വധം; ശോകസാന്ദ്രമായ വാർത്താവതരണം

1991 മെയ് 21-ാം തീയതി വെള്ളിയാഴ്ച, ഇന്ത്യാചരിത്രത്തിലെ ഏറ്റവും ഇരുണ്ട ദിവസങ്ങളിലൊന്നാണ്: തമിഴ്‌നാട്ടിലെ ശ്രീപെരുംപുതൂരിൽ തമിഴ്പുലികൾ നടത്തിയ മനുഷ്യബോംബ് സ്‌ഫോടനത്തിൽ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ  ജീവൻ നഷ്ടപ്പെട്ട ദിവസമാണത്. ഞാൻ അന്ന് തിരുവനന്തപുരം ദൂരദർശൻ ഡയറക്ടറാണ്. രാത്രി ഒൻപത് മണിയോടെ സഹപ്രവർത്തകരായ ജോൺ ഉലഹന്നാനും ബൈജു ചന്ദ്രനും ഫോണിൽ വിവരം വിളിച്ചുപറഞ്ഞു. അവരോട് ഉടനെ ഓഫീസിലെത്താൻ നിർദ്ദേശിച്ചു. വേറെ വളരെ അത്യാവശ്യമുളള ക്യാമറാമെൻ, എഡിറ്റർമാർ എന്നിവരെയും വിളിക്കാൻ പറഞ്ഞു. രാത്രിയിൽ തന്നെ ദുഃഖാചരണം തുടങ്ങിയിരുന്നതിനാൽ വാഹനങ്ങളൊന്നും ഓടുന്നില്ല. ഒടുവിൽ പോലീസ് ജീപ്പിലാണ് ഓഫീസിലെത്തിയത്. 
കുടുംബം സ്‌കൂളവധിയായതിനാൽ  നാട്ടിൽ, തളിപ്പറമ്പിലേക്ക് പോയിരുന്നു. ഓർക്കാൻ പ്രത്യേക കാരണമുണ്ട്. ഭാര്യ രാഗിണിയുടെ വീട്ടിൽ വെച്ച് ഒരു കുരങ്ങൻ അതിനെ ഉപദ്രവിച്ചതിനാലാകണം എന്റെ ഇളയമകൻ വിശ്വനാഥനെ കടിച്ചു.

 

അവൻ ആരെയും അറിയിക്കാതെയിരുന്നെങ്കിലും മൂത്തമകൻ ജയദീപ് അനിയന്റെ വികൃതി വെളിപ്പെടുത്തിയത് സുഹൃത്ത് കരുണാകരൻ നമ്പ്യാരുടെ വീട്ടിൽ 21-ാം തീയതി പോയപ്പോഴാണ്. വാഹനമില്ലാത്തതിനാൽ അവർക്ക് പിറ്റേന്ന് പകൽ യാത്ര ചെയ്യാനായില്ല. ഒടുവിൽ രാത്രി കണ്ണൂർ വരെ യാത്ര ചെയ്ത്, മരുന്ന് കടയുടെ മുൻഭാഗത്തുളള ഷട്ടറുകൾ തുറന്നാൽ നാട്ടുകാർ തല്ലിപ്പൊളിക്കുമെന്നതിനാൽ പിറകിൽ കൂടി തുറപ്പിച്ചാണ് ഇൻജക്ഷനെടുത്തത്. എ.ടി.എസ് ഇൻജക്ഷൻ എടുക്കാൻ പറ്റാത്തതിനാൽ എന്റെ മനസ്സിൽ നല്ല ആധിയുണ്ടായിരുന്നു. 
ഓഫീസിലെത്തിയ ഉടനെ കഴിയുന്നത്ര വേഗത്തിൽ ഒരു വാർത്താബുളളറ്റിൻ തയ്യാറാക്കി സംപ്രേഷണം ചെയ്യാൻ ഞങ്ങളെല്ലാം കൂടി തീരുമാനിച്ചു. ബൈജു ചന്ദ്രനും സഹപ്രവർത്തകരും കൂടി (രാജീവ്ഗാന്ധിയുടെ മുൻ കേരള സന്ദർശനങ്ങളുടെ ദൃശ്യങ്ങൾ കവർ ചെയ്തിരുന്ന ബൈജുവായിരുന്നു ദൃശ്യങ്ങൾ സൂക്ഷിച്ചിരുന്നത്) ഒന്നാന്തരമൊരു വാർത്താ ബുളളറ്റിൻ തയ്യാറാക്കി, ഡൽഹിയിൽ നിന്നുളള റിലെ മാറ്റിവെച്ച്, രാത്രി 11 മണിക്ക് തന്നെ സംപ്രേഷണം ചെയ്തു. 


ശ്രീകണ്ഠൻ നായരായിരുന്നു ബുള്ളറ്റിൻ അവതരിപ്പിച്ചത്. ദൂരദർശനിൽ പ്രാദേശിക കേന്ദ്രങ്ങളിൽ വേറെയൊന്നിലും അത്തരമൊരു വാർത്താബുളളറ്റിൻ സംപ്രേഷണം ചെയ്തിരുന്നില്ല. അതിന്റെ ക്രെഡിറ്റ് ദൂരദർശനിലെ ടീമിനവകാശപ്പെട്ടതാണ്. ക്യാമറാമാൻ വി.ജി.ജോസഫ്, അളകപ്പൻ (പ്രസിദ്ധനായ സിനിമാട്ടോഗ്രാഫർ), സി.എൻ.പിളള എന്നിവർ; വാർത്താ എഡിറ്ററായിരുന്ന ടി.ടി.ജോസഫ്; ദൃശ്യങ്ങൾ എഡിറ്റ് ചെയ്തിരുന്ന ബസന്ത്കുമാർ, ചാമിയാർ (ന്യൂസ് പ്രൊഡ്യൂസർ), ജോൺ ഉലഹന്നാൻ (വാർത്താ ലേഖകൻ) എല്ലാം ഏകോപിപ്പിച്ച ബൈജു ചന്ദ്രൻ എന്നീ പേരുകൾ ഓർക്കുന്നു.


സാധാരണഗതിയിൽ രാത്രിയിലത്തെ ഷിഫ്റ്റ് കഴിഞ്ഞാൽ, ട്രാൻസ്മിഷൻ ഡ്യൂട്ടിയിലുളളവരെ വീട്ടിൽ കൊണ്ടുവിടും. പക്ഷെ, അന്ന് രാത്രി വാഹനങ്ങൾ ഓടാൻ പറ്റുകയില്ലെന്നതിനാൽ, അപകടമൊഴിവാക്കാൻ എല്ലാവരോടും ഓഫീസിൽ തന്നെ കഴിയാൻ പറഞ്ഞു. ഏറ്റവും അഭിമാനകരമായ കാര്യം, രാത്രിയിൽ തന്നെ രാജീവ്ഗാന്ധിയെക്കുറിച്ച് ഒരു മണിക്കൂർ നീണ്ടുനിന്ന പ്രത്യേക പരിപാടി തയ്യാറാക്കി പിറ്റേന്ന് രാവിലെ എട്ട് മണിക്ക്  സംപ്രേഷണം ചെയ്യാൻ കഴിഞ്ഞുവെന്നതാണ്. രാജീവ്ഗാന്ധി കേരളത്തിൽ വന്നപ്പോഴെല്ലാമെടുത്ത ദൃശ്യങ്ങളും (1987 ഡിസംബർ 20-28 വരെ കേരളത്തിൽ നടന്ന ദേശീയ ഗെയിംസിന്റെ സമാപനച്ചടങ്ങിൽ പ്രധാനമന്ത്രി രാജീവ് ഗാന്ധിയായിരുന്നു മുഖ്യാതിഥി; അതിന് മുൻപ് കൊച്ചിയിൽ നടന്ന ഇന്ദിരാഗാന്ധി അന്തർദ്ദേശീയ വളളംകളി മത്സരത്തിലും പ്രധാനമന്ത്രി മുഖ്യാതിഥിയായിരുന്നു; അവയ്ക്ക് പുറമെ കേരള അസംബ്ലി സമുച്ചയത്തിന്റെ തറക്കല്ലിടാനും അദ്ദേഹം എത്തിയിരുന്നു; അവയുടെയെല്ലാം ദൃശ്യങ്ങൾ (ബൈജു സൂക്ഷിച്ചിരുന്നു)  പ്രത്യേക പരിപാടിയിൽ ഉൾപ്പെടുത്തി. രാജീവ്ഗാന്ധിക്ക് കേരളത്തോടുളള ആഭിമുഖ്യം വ്യക്തമാക്കുന്ന ഒന്നാന്തരം പരിപാടി.  വളരെയേറെ പ്രേക്ഷകപ്രീതി നേടിയതായിരുന്നു അത്. പല രാഷ്ട്രീയ നേതാക്കന്മാരും പ്രമുഖ വ്യക്തികളും വിളിച്ച് അഭിനന്ദനമറിയിക്കുകയും വളരെയേറെയാളുകൾ കത്തുകളയയ്ക്കുകയും ചെയ്തു.


രാജീവ് ഗാന്ധിയോട് വ്യക്തിപരമായി എനിക്ക് വളരെ ബഹുമാനം തോന്നിയ സംഭവമുണ്ട്. (1984 ലെ കോൺഗ്രസ് പ്രകടനപത്രികയിൽ ഇന്ത്യൻ ആകാശങ്ങളിലേക്ക് വിദേശ ഉപഗ്രഹങ്ങളിൽ നിന്നുളള നിഗ്നലുകളെത്തുമെന്നും അതിന് വേണ്ട തയ്യാറെടുപ്പുകൾ നടത്തണമെന്നും നിഷ്‌കർഷിച്ച ദീർഘവീക്ഷണവും, ടെലിവിഷൻ റേഡിയോ സെറ്റുകളുടെ ലൈസൻസ് റദ്ദാക്കിയതും ബഹുമാനം കൂടുതലാവാൻ കാരണമായി.) 1982 നവംബറിൽ ഇന്ത്യ ഏഷ്യൻ ഗെയിംസിന് ആതിഥ്യമരുളി; ഇന്ത്യൻ ടെലിവിഷൻ ചരിത്രത്തിലെ വളർച്ചയുടെ ഏറ്റവും വലിയ നാഴികക്കല്ലാണ് മുപ്പത്തിയൊന്ന് രാജ്യങ്ങളിൽ നിന്ന് 4595 അത്‌ലറ്റുകൾ പങ്കെടുത്ത 196 കായികമത്സരങ്ങൾ നടന്ന ഏഷ്യൻഗെയിംസ്. ഇരുപത്തിയൊന്ന് സ്റ്റേഡിയങ്ങളിൽ നിന്നുളള കായികമത്സരങ്ങൾ തത്സമയം സംപ്രേഷണം ചെയ്യുകയെന്നതും പങ്കെടുത്ത രാജ്യങ്ങളിലെ ടെലിവിഷൻ ശൃംഖലകളിലേക്ക് ദൃശ്യങ്ങൾ നൽകുകയെന്നതും ഭാരിച്ച ചുമതലയായിരുന്നു. പിന്നീട് ദൂരദർശൻ ഡയറക്ടർ ജനറലറായ ശിവ്ശർമ്മയായിരുന്നു കവറേജുകളുടെ ചുമതല വഹിച്ചിരുന്നത്.

 

അദ്ദേഹം എല്ലാ ദൂരദർശൻ കേന്ദ്രങ്ങളിലെയും ഏറ്റവും മിടുക്കരും വിദഗ്ദ്ധരുമായവരുടെയെല്ലാം ഒരു ടീമിനെ ഡൽഹിയിലേക്ക് വിളിപ്പിച്ച ആഴ്ചകൾക്ക് മുമ്പേ തന്നെ പരിശീലനം നൽകി. ബി.ബി.സിയടക്കമുളള അന്തർദ്ദേശീയ ടെലിവിഷൻ ചാനലുകളിൽ നിന്ന് വന്ന വിദഗ്ധർ പരിശീലകരുടെ കൂട്ടത്തിൽ ഉണ്ടായിരുന്നു. സാങ്കേതികവിഭാഗത്തിന്റെ ചുമതല ചീഫ് എഞ്ചിനീയർ വി.വി. റാവുവിനായിരുന്നു. ഒമ്പതാമത് ഏഷ്യൻ ഗെയിംസ് നവംബർ 19 മുതൽ ഡിസംബർ 4 വരെയായിരുന്നെങ്കിലും തയ്യാറെടുപ്പുകൾക്കായി ഞങ്ങളെല്ലാവരും സെപ്തംബറിൽ തന്നെ ഡൽഹിയിലെത്തി. മദ്രാസ് ദൂരദർശൻ കേന്ദ്രത്തിൽ ഡെപ്യൂട്ടി ഡയറക്ടറായിരുന്ന എന്റെ നേതൃത്വത്തിൽ നാൽപതിലേറെ ജീവനക്കാർ ഏഷ്യൻ ഗെയിംസിൽ ഭാഗഭാക്കാവാൻ നിയുക്തരായിരുന്നു. കായികമേളയുടെ ഏകദേശം 35% നടന്ന ഇന്ദിരാഗാന്ധി ഇൻഡോർ സ്‌റ്റേഡിയത്തിലെ ഇനങ്ങളുടെ കവറേജിന്റെ ചുമതലയായിരുന്നു എനിക്ക്.

 

ഏറ്റവും കൂടുതൽ ഇനങ്ങൾ ജവഹർലാൽ നെഹ്‌റു സ്‌റ്റേഡിയത്തിൽ നിന്നായിരുന്നു. സ്‌റ്റേഡിയത്തിന്റെ നിർമാണവും സജ്ജീകരണങ്ങളും പൂർത്തിയായത് മേള നടക്കുന്നതിന് ഏതാനും ദിവസങ്ങൾക്ക് മുമ്പ് മാത്രം.
മേള തുടങ്ങി ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോൾ ഒരത്യാഹിതം സംഭവിച്ചു. മദിരാശിയിൽ നിന്ന് കൂട്ടത്തിലുണ്ടായിരുന്ന അതിപ്രഗത്ഭനായ ക്യാമറാമാൻ രാമനാഥൻ ഒരു വാഹനാപകടത്തിൽ തൽക്ഷണം മരിച്ചു. സ്വാഭാവികമായും എല്ലാവരെയും വളരെ ദുഃഖിതരാക്കിയ സംഭവമായിരുന്നു അത്. മദിരാശി ദൂരദർശൻ കേന്ദ്രത്തിൽ വിളിച്ച് വിവരമറിയിക്കാനും ബാംഗ്ലൂരിലെ കുടുംബവീട്ടിലറിയിക്കാനും (മേൽവിലാസം  അറിയില്ലായിരുന്നു) മറ്റുമായി ഞാനാണ് നിയോഗിക്കപ്പെട്ടത്. രാമനാഥന്റെ മൃതദേഹം വിമാനത്താവളത്തിൽ നിന്ന് പുറപ്പെടുന്നതുവരെ ആ രാത്രി മുഴുവൻ ഞാൻ ആളുകളുമായി ബന്ധപ്പെട്ടുകൊണ്ടിരുന്നു; ഒടുവിൽ അക്കാലത്തെ ബാംഗ്ലൂർ പോലീസ് കമ്മീഷണർ എ.ആർ.നിസാമുദ്ദീനാണ് ബാംഗ്ലൂർ എന്ന മഹാനഗരത്തിൽ നിന്ന് ബന്ധുക്കളെ കണ്ടെത്തി മദ്രാസിലേക്കയ്ക്കാൻ ഏർപ്പാട് ചെയ്തത്. അദ്ദേഹത്തിന്റെ മകൻ ഏഷ്യൻ ഗെയിംസിൽ കമന്റേറ്ററായി ഞങ്ങളുടെ കൂട്ടത്തിലുണ്ടായിരുന്ന സണ്ണിയുടെ രക്ഷിതാവിന്റെ ചുമതല എന്നെയായിരുന്നു ലക്ഷ്മിയേടത്തിയും നിസാമുദ്ദീനും ഏൽപ്പിച്ചിരുന്നത്. (കർണാടക ഡി.ജി.പിയായി റിട്ടയർ ചെയ്ത നിസാമുദ്ദീന്റെ പത്‌നി പാലക്കാട് ശ്രീകൃഷ്ണപുരത്തെ പ്രസിദ്ധമായ മമ്പിള്ളിക്കളത്തിൽ കുടുംബാംഗമായ ലക്ഷ്മിയാണ്).  


വാഹനാപകടത്തിൽപ്പെട്ട് മരിക്കുന്നവർക്ക് ഡൽഹി ലഫ്റ്റനെന്റ് ഗവർണർ 5000 രൂപ താൽക്കാലികാശ്വാസമായി നൽകാറുണ്ടെന്നും അതിനായി ശ്രമിക്കണമെന്നും തീരുമാനിക്കപ്പെട്ടു. അതിനു നിയുക്തരായവർ എത്ര ശ്രമിച്ചിട്ടും ആ അയ്യായിരം കിട്ടിയില്ല. നിത്യേന കവറേജുകൾ കഴിഞ്ഞ് നടക്കുന്ന അവലോകനയോഗത്തിൽ ഇക്കാര്യം ഉന്നയിക്കപ്പെട്ടപ്പോൾ ശിവ്ശർമ എന്നോട്, സ്‌റ്റേഡിയങ്ങളിലെ നടത്തിപ്പിന്റെ കാര്യക്ഷമത അന്വേഷിക്കാൻ കൂടെക്കൂടെ വരുന്ന രാജീവ്ഗാന്ധിയുടെ അടുത്തുചെന്ന് കാര്യം പറയണമെന്ന് നിർദ്ദേശിച്ചു. ഇന്ദ്രപ്രസ്ഥ സ്റ്റേഡിയത്തിന്റെ മൊത്തം ചുമതല ഡൽഹി പോലീസിലെ ഉന്നതോദ്യോഗസ്ഥനും സിനിമാനിരൂപകനുമായിരുന്ന ഗൗതംകൗളിനായിരുന്നു. ബന്ധുവായ അദ്ദേഹവുമായി രാജീവ്ഗാന്ധി കുറെ നേരം സംസാരിക്കുന്നതായി കണ്ടിരുന്നു. ഏതായാലും എനിക്ക് നിർദ്ദേശം കിട്ടിയതിന്റെ പിറ്റേദിവസം രാജീവ്ഗാന്ധി, ഇന്ദ്രപ്രസ്ഥ സ്റ്റേഡിയത്തിൽ വന്നു. മൂന്നോ നാലോ പേർ കൂടെയുണ്ടായിരുന്നു. അദ്ദേഹം വാഹനത്തിൽ നിന്നിറങ്ങി നടക്കാൻ തുടങ്ങുമ്പോൾ തന്നെ ഞാൻ അഭിവാദ്യം ചെയ്തു. പുഞ്ചിരിച്ചുകൊണ്ട് അദ്ദേഹം പ്രത്യഭിവാദ്യം ചെയ്തു.  ഞാൻ പറയുന്നതെല്ലാം അദ്ദേഹം ശ്രദ്ധയോടെ കേട്ടു. കൂടെയുണ്ടായിരുന്ന ഒരാളോട് വിവരങ്ങളെഴുതാൻ പറഞ്ഞു. പത്തുമിനിട്ടെങ്കിലും ഞങ്ങൾ നിന്നുകൊണ്ട് സംസാരിച്ചു. എല്ലാം കേട്ടുകഴിഞ്ഞ് അദ്ദേഹം എന്നെ പുറത്ത് തട്ടി സമാശ്വസിപ്പിച്ചു, ''സമാധാനമായിരിക്കൂ. ഞങ്ങളെന്തെങ്കിലും ചെയ്യും. ഒന്നും നടന്നില്ലെങ്കിൽ ഈ നിൽക്കുന്ന അരുൺസിംഗിനെ ബന്ധപ്പെട്ടാൽ മതി. ഫോൺ നമ്പർ എഴുതിക്കോളൂ.''


അദ്ദേഹവും സംഘവും പോയിക്കഴിഞ്ഞ് രണ്ട് മണിക്കൂർ കഴിഞ്ഞില്ല. ഡൽഹി ലഫ്റ്റനന്റ് ഗവർണറുടെ ഓഫീസിൽ നിന്ന്, ഇന്ദ്രപ്രസ്ഥ സ്റ്റേഡിയത്തിലെ ടെലിഫോണിൽ ഒരു വിളി വന്നു: അയ്യായിരം ഉറുപ്പിക പിറ്റേ ദിവസം 11 മണിക്ക് ഡൽഹി ലഫ്റ്റനെന്റ് ഗവർണറിൽ നിന്ന് തന്നെ സ്വീകരിക്കാം. ഒരഭ്യർത്ഥന: അത് ദൂരദർശൻ വാർത്തയിൽ കാണിക്കണം. ഞാൻ എന്റെ മേലധികാരി ശിവ്ശർമയെ വിളിച്ച് വിവരം പറഞ്ഞു. അദ്ദേഹം വളരെ സന്തുഷ്ടനായി, ചെക്ക് വാങ്ങാൻ ആരെയോ നിയോഗിച്ചു.


പിറ്റേ ദിവസം രാജീവ്ഗാന്ധി, സ്റ്റേഡിയത്തിൽ വന്നില്ല. അതിനടുത്ത ദിവസം വന്ന വിവരമറിഞ്ഞപ്പോൾ, ഞാൻ ഓടിച്ചെന്ന്  നന്ദി പറയാൻ അടുത്തെത്തിയപ്പോൾ തന്നെ അദ്ദേഹം കൈയുയർത്തി ചിരിച്ചുകൊണ്ട് പറഞ്ഞു, ''നിങ്ങളുടെ കാര്യം ശരിയായല്ലോ. അല്ലേ?'',- ഞാൻ നന്ദി പറഞ്ഞു തുടങ്ങിയപ്പോൾ തന്നെ പറഞ്ഞു, ''ഇനി എന്ത് പ്രശ്‌നമുണ്ടായാലും അരുൺ സിംഗിനോട് പറഞ്ഞാൽ മതി.'' അരുൺസിംഗ് അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തും മന്ത്രിയുമായിരുന്നു. അതിനു ശേഷം അദ്ദേഹം സ്റ്റേഡിയത്തിൽ വരുമ്പോഴെല്ലാം എന്നെ കണ്ടാൽ ഉടനെ ചോദിക്കുമായിരുന്നു, ''കാര്യങ്ങളെല്ലാം ശരിയായി നടക്കുന്നുണ്ടല്ലോ. പ്രശ്‌നമൊന്നുമില്ലല്ലോ.'' ഞാൻ മറുപടി പറയാൻ തുടങ്ങുമ്പോൾ തന്നെ അദ്ദേഹം പുഞ്ചിരിച്ചുകൊണ്ട് യാത്ര പറയുമായിരുന്നു. ഒരു വലിയ ആൾക്കൂട്ടത്തിനിടയിൽ ഒരു അപേക്ഷയുമായി ചെന്ന അദ്ദേഹം തിരിച്ചറിഞ്ഞ് കുശലം ചോദിച്ചിരുന്നത് എന്റെ ജീവിതത്തിലെ മഹാഭാഗ്യങ്ങളിലൊന്നായി ഇപ്പോഴും ഞാനോർക്കുന്നു.


 

Latest News