ദോഹ- കുട്ടികളെ വാഹനങ്ങളില്‍ തനിച്ചാക്കി പുറത്തുപോകുന്ന സംഭവങ്ങള്‍ വർധിച്ചതിനെ തുടർന്ന് അധികൃതരുടെ മുന്നറിയിപ്പ്. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി കുട്ടികള്‍ക്ക് ഷോപ്പിംഗ് മാളുകളില്‍ പ്രവേശനമില്ലാത്തതിനാല്‍ പല രക്ഷിതാക്കളും കുട്ടികളെ വാഹനങ്ങളില്‍ തനിച്ചാക്കി ഷോപ്പിംഗിന് പോകുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇത് ഗുരുതരമായ കുറ്റമാണ്. ചൂട് അനുദിനം കൂടിവരുന്ന സാഹചര്യത്തില്‍ ഈ നിര്‍ദേശത്തിന് പ്രാധാന്യമേറെയാണ്.
റോഡരികിലും ഷോപ്പിംഗ് മാളുകളോട് ചേര്‍ന്നുള്ള പാര്‍ക്കിംഗ് ഏരിയകളിലും വണ്ടി നിര്‍ത്തി കുട്ടികളെ വാഹനങ്ങളില്‍ തനിച്ചാക്കി മുതിര്‍ന്നവര്‍ പുറത്ത് പോകുകയാണ്.
ഷോപ്പിംഗിന് പോകുമ്പോള്‍ സുരക്ഷ പരിഗണിച്ച് കഴിയുന്നതും കുട്ടികളെ കൊണ്ടുപോകാതിരിക്കുക, പരമാവധി ഓണ്‍ ലൈന്‍ സംവിധാനങ്ങളെയും ഹോം ഡെലിവറിയേയും ആശ്രയിക്കുക എന്നീ നിര്‍ദേശങ്ങളാണ് പരിഹാരമായി ശുപാര്‍ശ ചെയ്യപ്പെടുന്നത്. അത്യാവശ്യമാണെങ്കില്‍ രക്ഷിതാക്കളില്‍ ഒരാള്‍ മാത്രം ഷോപ്പിംഗിന് പോകുകയെന്നതും പരീക്ഷിക്കാവുന്നതാണ് . എന്തു തന്നെയായിരുന്നാലും കുട്ടികളെ വാഹനങ്ങളില്‍ തനിച്ചാക്കി മുതിര്‍ന്നവര്‍ പുറത്തുപോകുന്നത് ഒഴിവാക്കണമെന്നാണ് അധികൃതര്‍ നല്‍കുന്ന മുന്നറിയിപ്പ് .