Sorry, you need to enable JavaScript to visit this website.

നാട്ടിലേക്ക് മടങ്ങുന്നവര്‍ ഇഖാമ എന്തു ചെയ്യണം? ജവാസാത്ത് വിശദീകരണം

ഫൈനല്‍ എക്‌സിറ്റില്‍ പോകുന്നവര്‍ക്ക് ഇഖാമ
സ്‌പോണ്‍സറേയും ഏല്‍പിക്കാം
ഇഖാമ ദുരുപയോഗം തടയുക പ്രധാനം

റിയാദ് - ഫൈനല്‍ എക്‌സിറ്റില്‍ നാട്ടിലേക്ക് പോകുന്നവര്‍ അവരുടെ ഇഖാമ വിമാനത്താവളങ്ങളില്‍തന്നെ  ഏല്‍പിക്കണമെന്ന് നിര്‍ബന്ധമില്ലെന്നും അത് സ്‌പോണ്‍സറെയോ ആശ്രിതരാണെങ്കില്‍ രക്ഷിതാക്കളെയോ ഏല്‍പിക്കാമെന്നും ജവാസാത്ത് വിഭാഗം അറിയിച്ചു. വിമാനത്താവളങ്ങളിലെ ജവാസാത്ത് വിഭാഗത്തിലും ഏല്‍പിക്കാവുന്നതാണ്. ഫൈനല്‍ എക്‌സിറ്റില്‍ പോകുന്നവരുടെ ഇഖാമ മറ്റാരെങ്കിലും ദുരുപയോഗം ചെയ്യാതിരിക്കുകയാണ് പ്രധാനമെന്ന് ജവാസാത്ത് വിശദീകരിച്ചു.

അബ്ശിര്‍ വഴി ഫൈനല്‍ എക്‌സിറ്റ് അടിച്ചവരുടെ ഇഖാമയാണ് ഇത്തരത്തില്‍ സ്‌പോണ്‍സറെയോ ജവാസാത്തിനേയോ ഏല്‍പിക്കേണ്ടത്. എന്നാല്‍ തര്‍ഹീല്‍, ജവാസാത്ത് എന്നിവിടങ്ങളില്‍നിന്ന് ഫൈനല്‍ എക്‌സിറ്റിന് അപേക്ഷിക്കുമ്പോള്‍ ഒറിജിനല്‍ ഇഖാമ അവിടെ നല്‍കേണ്ടിവരും.

കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശകലനങ്ങള്‍ക്കും മലയാളം ന്യൂസ്  ഫേസ്ബുക്ക്, ട്വിറ്റര്‍  ലൈക്ക് ചെയ്യൂ 

ഇഖാമ നഷ്ടപ്പെടുകയോ സ്‌പോണ്‍സര്‍ പിടിച്ചുവെക്കുകയോ ചെയ്താല്‍ ഇഖാമ കൈവശമില്ലാത്തതിന്റെ പേരില്‍ 1000 റിയാല്‍ പിഴയടച്ചാല്‍ മാത്രമേ ജവാസാത്തിലെയും തര്‍ഹീലിലെയും ഉദ്യോഗസ്ഥര്‍ ഫൈനല്‍ എക്‌സിറ്റ് അടിക്കുകയുള്ളൂ. വിദേശികളില്‍നിന്ന് ഇത്തരത്തില്‍ സ്വീകരിക്കുന്ന ഇഖാമകള്‍ ജവാസാത്തും തര്‍ഹീലും പിന്നീട് നശിപ്പിക്കുകയാണ് ചെയ്യുന്നത്.
എന്നാല്‍ നിലവില്‍ ഫൈനല്‍ എക്‌സിറ്റില്‍ പോകുന്നവരോട് ജവാസാത്ത് വിഭാഗം വിമാനത്താവളത്തില്‍ വെച്ച് ഇഖാമ ചോദിക്കാറില്ല. പലരും അത് കൈവശം വെച്ച് നാട്ടിലേക്ക് പോകുകയാണ് ചെയ്യുന്നത്.
അതേസമയം റീ എന്‍ട്രിയില്‍ പോയി തിരിച്ചുവന്നിട്ടില്ലെങ്കില്‍ അവരുടെ പേര് സ്ഥാപനത്തിന്റെ സിസ്റ്റത്തില്‍നിന്ന് നീക്കം ചെയ്യുന്നതിന് ഒറിജിനല്‍ ഇഖാമ നിര്‍ബന്ധമാണ്.
റീ എന്‍ട്രി വിസയുടെ കാലാവധി കഴിഞ്ഞ് 30 ദിവസത്തിന് ശേഷം ഒറിജിനല്‍ ഇഖാമയുമായി സ്ഥാപനമുടമ ജവാസാത്തിനെ സമീപിക്കുകയാണ് ഇതിന് വേണ്ടത്. സ്ഥാപനത്തിന്റെ ജീവനക്കാരുടെ ലിസ്റ്റില്‍ നിന്ന് ജവാസാത്ത് അവരെ നീക്കിയാലും ജവാസാത്തിന്റെ സിസ്റ്റത്തില്‍ റീ എന്‍ട്രിയില്‍ പോയി തിരിച്ചുവന്നില്ല എന്ന് രേഖപ്പെടുത്തിവെക്കും. ഇത്തരക്കാര്‍ക്ക് മൂന്നുവര്‍ഷത്തേക്ക് മറ്റു സ്‌പോണ്‍സര്‍മാരുടെ അടുത്തേക്ക് ജോലിക്ക് വരാന്‍ സാധിക്കില്ല. എന്നാല്‍ റീ എന്‍ട്രിയില്‍ പോയ അതേ സ്ഥാപനത്തില്‍ പുതിയ വിസയില്‍ വരുന്നതിന് തടസ്സവുമുണ്ടാകില്ല.

 

Latest News