റിയാദ് - വിദേശങ്ങളിൽ നിന്ന് സൗദിയിലേക്ക് വരുന്ന, കോവിഡ് വാക്‌സിൻ സ്വീകരിച്ചവരുടെ രജിസ്‌ട്രേഷന് ഏഴു വ്യവസ്ഥകൾ ബാധകമാണെന്ന് ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ വ്യക്തമാക്കി.
സൗദിയിൽ അംഗീകാരമുള്ള വാക്‌സിനുകളിൽ പെട്ട ഏതെങ്കിലും ഒരു വാക്‌സിനാണ് സ്വീകരിക്കേണ്ടത്. രണ്ടു ഡോസ് ഫൈസർ-ബയോൻടെക് വാക്‌സിൻ, രണ്ടു ഡോസ് ഓക്‌സ്‌ഫോർഡ്-അസ്ട്രസെനിക്ക വാക്‌സിൻ, രണ്ടു ഡോസ് മോഡേണ വാക്‌സിൻ, ഒരു ഡോസ് ജോൺസൺ ആന്റ് ജോൺസൺ വാക്‌സിൻ ഇവയിൽ ഏതെങ്കിലും ഒരു വാക്‌സിനാണ് സ്വീകരിക്കേണ്ടത്. (ഇന്ത്യയിൽ ലഭിക്കുന്ന കോവിഷീൽഡും ഇതിൽ ഉൾപ്പെടും)
![]() |
ജിദ്ദയിലെ ആദ്യ മലയാളി വനിതാ ഡോക്ടര്‍ ഐഷാബി അബൂബക്കര്‍ അന്തരിച്ചു |
വാക്‌സിൻ സ്വീകരിച്ചത് വ്യക്തമാക്കുന്ന സർട്ടിഫിക്കറ്റ് യാത്രക്കാർ വരുന്ന രാജ്യങ്ങളിലെ ആരോഗ്യ മന്ത്രാലയം പോലെ ഔദ്യോഗിക ആരോഗ്യ വകുപ്പുകൾ അറ്റസ്റ്റ് ചെയ്തിരിക്കണമെന്നും വ്യവസ്ഥയുണ്ട്.
ഇരട്ട ഡോസ് വാക്‌സിനുകളിലെ രണ്ടാമത്തെ ഡോസ് വാക്‌സിനും ഒറ്റ ഡോസ് വാക്‌സിൻ ഇനത്തിലെ ആദ്യ ഡോസും സ്വീകരിക്കുന്ന തീയതിയും സൗദിയിലേക്ക് യാത്ര തിരിക്കുന്ന തീയതിയും തമ്മിൽ ചുരുങ്ങിയത് 14 ദിവസത്തെ കാലയളവുണ്ടായിരിക്കണം.
സൗദിയിലേക്ക് യാത്ര തിരിക്കുന്നവർ ഒറിജിനൽ വാക്‌സിൻ സർട്ടിഫിക്കറ്റ് കൈവശം വെക്കണം. സൗദി യാത്രയുടെ പരമാവധി 72 മണിക്കൂർ മുമ്പാണ് വിവരങ്ങൾ പോർട്ടലിൽ നൽകേണ്ടത്.
പോർട്ടലിൽ നൽകിയ വിവരങ്ങൾ ശരിയാണ് എന്നതിന് സത്യവാങ്മൂലവും നൽകണം. ഈ വിവരങ്ങളുടെ സത്യാവസ്ഥ ബോർഡിംഗ് പാസ് അനുവദിക്കുമ്പോഴും സൗദിയിലെ എയർപോർട്ടുകളിൽ വെച്ചും ഉറപ്പുവരുത്തും. പതിനെട്ടു വയസിൽ കുറവ് പ്രായമുള്ളവരുടെ വിവരങ്ങൾ പോർട്ടലിൽ രജിസ്റ്റർ ചെയ്യേണ്ടതില്ല. ഈ വ്യവസ്ഥകൾ പാലിക്കാത്ത യാത്രക്കാരെ സൗദിയിൽ പ്രവേശിക്കാൻ അനുവദിക്കാതെ വിലക്കുകയും ഇതുമൂലമുള്ള നിയമ പ്രത്യാഘാതങ്ങൾ അവർ വഹിക്കേണ്ടിയും വരും.