മിഠായിതെരുവൊരു ബീവി...

കണ്ണന്താനം മന്ത്രിയുടെ കഷ്ടകാലം തീരുന്നില്ല. പ്രധാനമന്ത്രിജി വിഴിഞ്ഞത്തെ ചുഴലിക്കാറ്റ് ദുരന്തത്തിൽ പെട്ടവരെ ആശ്വസിപ്പിക്കാനെത്തിയതായിരുന്നു. വിഴിഞ്ഞവും കോവളവുമൊന്നും വലിയ അകലങ്ങളിലുള്ള സ്ഥലമൊന്നുമല്ലല്ലോ. കോവളമാണ് നമ്മുടെ പ്രധാന ടൂറിസം ഡെസ്റ്റിനേഷനും. കേന്ദ്രത്തിൽ വിനോദ സഞ്ചാരത്തിന്റെ ചുമതലയുള്ള മന്ത്രി പുംഗവൻ കർതവ്യബോധത്തോടെ മോഡിജിയോട് ചേർന്നു നിന്നതായിരുന്നു. അപ്പോഴേക്കുമതാ കറുപ്പ് കുപ്പായമിട്ടവർ തോണ്ടുന്നു. ആദ്യ തോണ്ടൽ മന്ത്രിജി അറിഞ്ഞതായി ഭാവിച്ചില്ല. തിരക്കുള്ള സ്ഥലത്ത് ഇങ്ങിനെ ആരൊക്കെ വന്നു കൂടും? അപ്പോഴതാ രണ്ട് മൂന്ന് കറുത്ത കോട്ടുകാർ കാഞ്ഞിരപ്പള്ളിയുടെ മുത്തിനെ ബലം പ്രയോഗിച്ച് മാറ്റുന്നു. ഇത്തരമൊരു ദൃശ്യം ലഭിച്ചപ്പോൾ മാതൃഭൂമി വക്രദൃഷ്ടിയും കൈരളി വാർത്താ ബുള്ളറ്റിനുമെല്ലാം ആഘോഷിച്ചു. പാവം ഐ.എ.എസ് മന്ത്രി എവിടെ ചെന്നാലും ഇത് തന്നെയാണല്ലോ സ്ഥിതി. മോഡിജിയ്ക്ക് ഒപ്പം കഴിഞ്ഞിട്ടും ഇതൊന്നും മനസ്സിലാക്കാനാവുന്നില്ലല്ലോ. പണ്ട് വെള്ളിത്തിരയിലെ കലക്ടർ പറഞ്ഞ പോലെ സെൻസ് വേണം, സെൻസിബിലിറ്റി വേണം... ഇനി പറഞ്ഞിട്ടെന്ത് കാര്യം? തിരക്കേറിയ ഷെഡ്യൂളുമായാണ് പ്രധാനമന്ത്രി എത്തിയത്. കന്യാകുമാരി, ലക്ഷദ്വീപ്, തിരുവനന്തപുരം എല്ലാം മണിക്കൂറുകൾക്കകം ഫിനിഷ് ചെയ്ത് പറക്കുകയായിരുന്നു അദ്ദേഹം. അതിനിടയ്ക്ക് നമ്മുടെ പ്രതിപക്ഷ നേതാവിനും പരാതി. അഞ്ചര മണിയ്ക്ക് പ്രധാനമന്ത്രിയെ കാണാൻ അവസരമുണ്ടെന്ന വിവരം ലഭിക്കുന്നത് അഞ്ചേ കാലിന്. തലസ്ഥാനത്തെ ഗതാഗത കുരുക്കിനിടയ്ക്ക് ചെന്ന് കാണുകയെന്നത് വളരെ ദുഷ്‌കരം. ഹിന്ദി പ്രവീൺ പരീക്ഷയിൽ ഒന്നാം റാങ്കുള്ള രമേശ്ജി തകർപ്പൻ പെർഫോമൻസ് കാഴ്ച വെക്കുമെന്ന് ബേജാറുള്ള ആരോ ഒപ്പിച്ച വേലയാണോ ഇതെന്നുമറിയില്ല. ദേശീയ നേതാക്കൾ കേരളത്തിലെത്തിയാൽ തർജമ ഇപ്പോഴും പ്രശ്‌നമാണ്. രാഹുൽ ഗാന്ധി കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് വേളയിലെത്തിയപ്പോൾ ഇടതുപക്ഷത്തെ ഉദ്ദേശിച്ച് ലെഫ്റ്റ് എന്നു പറഞ്ഞതിന് ഒരു ബഹുഭാഷാ പണ്ഡിതൻ തർജമ ചെയ്തത് ഇവിടെ നിന്ന് പോയ ആളുകളുടെ കാര്യം പറയുകയാണെങ്കിൽ എന്നായിരുന്നുവല്ലോ. സമ്പൂർണ സാച്ചരതയുടെ മികവ് ഇക്കുറിയും പ്രകടമായി. പ്രധാനമന്ത്രിയുടെ  പൂന്തുറ പ്രസംഗത്തിലെ പരിഭാഷയിൽ തെറ്റുകളുടെ ഘോഷയാത്രയായിരുന്നു.  മോഡി പറഞ്ഞതും പരിഭാഷപ്പെടുത്തിയതും  രണ്ടായിരുന്നു.പല കാര്യങ്ങളും പരിഭാഷപ്പെടുത്താതെ വിടുകയും ചെയ്തു. കേരളത്തിൽ നിന്നു പോയ മത്സ്യത്തൊഴിലാളികളിൽ പലരും വിദേശ രാജ്യങ്ങളിലെത്തിയിരിക്കുകയാണെന്നും ഇവരുടെ കാര്യത്തിൽ വിദേശകാര്യ മന്ത്രാലയം ഇടപെടുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞെങ്കിലും ഇത് പരിഭാഷപ്പെടുത്തിയില്ല. മത്സ്യത്തൊഴിലാളികളെ കണ്ടെത്താനായി കേന്ദ്ര സർക്കാർ എല്ലാ പരിശ്രമവും നടത്തുമെന്ന് പറഞ്ഞത് വിട്ടു പോയി. ഇത് പ്രസംഗിക്കാനുള്ള സമയമല്ലെന്ന് പ്രധാനമന്ത്രി പറഞ്ഞപ്പോൾ ആഘോഷത്തിനുള്ള സമയമല്ലെന്ന് പറഞ്ഞും മികവ് പുലർത്തി.  
*** *** ***
പണ്ടു കാലത്ത് വോട്ടെടുപ്പിന്റെ പിറ്റേ ദിവസം സ്ഥാനാർഥികൾ എന്തെടുക്കുകയായിരുന്നുവെന്ന് അന്വേഷിച്ച് റിപ്പോർട്ട് ചെയ്ത് വായനക്കാരെ ഹരം കൊള്ളിക്കുകയെന്നത് പത്രങ്ങളുടെ ഒരു ശീലമായിരുന്നു. ഇ.എം.എസ് ചിന്ത വാരികയിൽ ശതമാന കണക്ക് എഴുതി ന്യായീകരിക്കാറുണ്ടായിരുന്നു. ജയിച്ച പാർട്ടിയെ തോറ്റതാക്കി മാറ്റുന്ന വിദ്യ. ഗുജറാത്ത് തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ കോൺഗ്രസിന്റെ സാരഥി രാഹുൽ ഗാന്ധി എന്ത് ചെയ്യാനാണ് സാധ്യത? ഇതിന് ഉത്തരം നൽകുന്നത് ദേശീയ ചാനലായ ടൈംസ് നൗ ആണ്. സ്റ്റാർവാർസ് എന്ന സിനിമയാണ് രാഹുൽ ഗാന്ധി കണ്ടത്. ബി.ജെ.പി നേതാവ് കർണാടകയിലെ വനിതാ സ്‌കൂൾ മേധാവിയെ പെരുമാറുന്നതിന്റെ ദൃശ്യങ്ങളും ടൈംസ് നൗ സംപ്രേഷണം ചെയ്യുകയുണ്ടായി. ഗുജറാത്തിലെ പുതിയ എം.എൽ.എ ദളിത് നേതാവ് ജിഗ്‌നേഷ് മെവാനിയെ റിപ്പബ്ലിക് ടി.വിയുടെ ലേഖിക ഏട് കോൺസ്റ്റബിൾ സ്റ്റൈലിലാണ് ചോദ്യം ചെയ്യുന്നത്. മോഡിയെ വ്യക്തിപരമായി വിമർശിച്ചതിനെയാണ് റിപ്പോർട്ടർ മെവാനിയെ പിടിച്ചു നിർത്തി ചോദ്യം ചെയ്തത്. മോഡിക്ക് പ്രായമായി,  പ്രത്യേകിച്ച് ഗുണമൊന്നും ഇല്ലാത്ത ഒരേ പ്രസംഗങ്ങൾ തന്നെ അദ്ദേഹം ആവർത്തിച്ചു കൊണ്ടിരിക്കുകയാണ്. അദ്ദേഹം രാഷ്ട്രീയത്തിൽ നിന്നും വിമരിക്കുന്നതാണ് എന്തു കൊണ്ടും നല്ലതെന്നുമാണ് ജിഗ്‌നേഷ് മെവാനി പറഞ്ഞത്. കൊട്ടിഘോഷിക്കുന്ന ചില ദേശീയ ചാനലുകളുടെ നയപരിപാടികളാണ് കൂടുതൽ പ്രതിലോമകരം. എൻഡിടിവി കഴിഞ്ഞ വാരത്തിൽ ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നമായി അവതരിപ്പിച്ചത് തിരുവനന്തപുരം മുക്കോല സെന്റ് തോമസ് സ്‌കൂളിലെ ആലിംഗന വിഷയമാണ്. കലാമത്സരത്തിൽ സമ്മാനം ലഭിച്ച കുട്ടിയെ സുഹൃത്ത് അനുമോദിച്ചതാണ് ഈ ഹഗെന്ന് ഡെക്കാൻ ക്രോണിക്കിൾ പത്രം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എൻഡിടിവിയെ കൊണ്ട് കേരളം ആഗോളതലത്തിൽ പോപ്പുലറായത് മിച്ചം. ഇതെന്തോ ഭയങ്കര സംഭവമാണെന്ന മട്ടിൽ ബിബിസിയും റിപ്പോർട്ട് ചെയ്തു. എൻഡിടിവി ഉടൻ പിരിച്ചുവിടാൻ പോകുന്ന 25 ശതമാനം വരുന്ന മാധ്യമ പ്രവർത്തകരുടെ മനുഷ്യാവകാശം ആര് സംരക്ഷിക്കും? 
*** *** ***
കരീന കപൂറിന്റെയും സെയ്ഫ് അലി ഖാന്റെയും പൊന്നോമന പുത്രൻ തൈമുറിന്റെ ഒന്നാം പിറന്നാൾ ആഘോഷം വളരെ വ്യത്യസ്തമായിരുന്നു. ഹരിയാനയിലെ സെയ്ഫിന്റെ പട്ടൗഡി ഹൗസിൽ കുടുംബാംഗങ്ങളോടൊപ്പമാണ് കരീന മകന്റെ പിറന്നാൾ ആഘോഷിച്ചത്. പ്രകൃതിയോടിണങ്ങിയ പിറന്നാൾ ആഘോഷമായിരുന്നു തൈമുറിന്റേത്. സെയ്ഫിനൊപ്പം ട്രാക്ടറിൽ യാത്ര ചെയ്തും കുതിര സവാരി നടത്തിയും തൈമുർ പിറന്നാൾ ആഘോഷമാക്കി. സെയ്ഫീന ദമ്പതികൾ മകന് പിറന്നാൾ സമ്മാനമായി ഒരു കാട് ആയിരുന്നു നൽകിയത്. തൈമുർ അലി ഖാൻ പട്ടൗഡി ഫോറസ്റ്റ് എന്നാണ് പേരിട്ടിരിക്കുന്നത്. 1000 സ്‌ക്വയർ ഫീറ്റിൽ ഒരുക്കിയ കാട്ടിൽ നൂറോളം മരങ്ങൾ ഉണ്ട്. മാതൃഭൂമി ഷി ന്യൂസിൽ ഇതു സംബന്ധിച്ച് വാർത്തയുണ്ടായിരുന്നു. കുഞ്ഞ് പിറന്നത് മുതൽ വിവാദ വ്യവസായികൾ ഉപദ്രവിച്ചതും പരാമർശിച്ചു. 

*** *** ***
സൈബർ ആക്രമണത്തിനിരയായ താരങ്ങളിൽ മുന്നിട്ടു നിൽക്കുന്നത് പാർവതിയാണ്. 
കസബയെന്ന മമ്മൂട്ടി ചിത്രത്തേയും ചിത്രത്തിലെ സ്ത്രീ വിരുദ്ധത  വിമർശിച്ചതുമാണ് വിവാദങ്ങൾക്ക് തുടക്കം കുറിച്ചത്. പാർവതിക്കെതിരെ പരോക്ഷമായ രീതിയിൽ രംഗത്തെത്തിയ സംവിധായകനും നടനുമായ ജൂഡ് ആന്റണിയുടെ ഫേസ്ബുക്ക് കുറിപ്പ് രംഗം കൊഴുപ്പിച്ചു. 
ഇതിന് മറുപടിയായി കണ്ടം വഴി ഓടാനാണ് പാർവതി ജൂഡിനോട് പറഞ്ഞത്. കണ്ടം വഴി ഓടുന്ന പെൺകുട്ടിയുടെ ചിത്രമാണ് പാർവതിയെ വീണ്ടും പരിഹസിച്ച് ജൂഡ് നൽകിയ മറുപടി. 
ഫെമിനിച്ചികളായ താരങ്ങൾ ഒ.എം.കെ.വി പോലുള്ള പ്രയോഗങ്ങൾ സമൂഹ മാധ്യമങ്ങളിൽ കുറിച്ചിട്ട് രസിക്കുകയാണ്. ഇതെന്താണെന്ന് വിശദീകരിക്കാൻ ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്ത പ്രോഗ്രാമിൽ വടക്കൻ കേരളത്തിൽ പ്രചാരത്തിലുള്ള തെറിയെന്നാണ് വിശേഷിപ്പിച്ചത്.  മാതൃഭൂമി ന്യൂസിന്റെ നമ്മളറിയണം പരിപാടിയിലും ഇത് ചർച്ച ചെയ്തു. തീരെ പ്രാധാന്യമില്ലാത്ത വിഷയമാണിതെന്ന മുഖവുരയോടെയാണ് മാതൃഭൂമി തുടങ്ങിയത്. ഗൾഫിൽ നിന്ന് വരെ പ്രേക്ഷകർ വിളിച്ചു. നടി പാർവതിയ്ക്ക് ബ്രേക്ക് നൽകിയ ചിത്രം ബാംഗ്ലൂർ ഡേയ്‌സ് ആണ്. ഇതിൽ ഇഷ തൽവാർ അവതരിപ്പിച്ച കഥാപാത്രത്തെ മാതൃകാ വനിതയായി കാണാനാവുമോ എന്ന കുവൈത്തിലെ പ്രേക്ഷകന്റെ ചോദ്യം പൊളിച്ചു. പുരോഗമന കേരളം കെട്ടിപ്പടുക്കുന്നതിൽ കെ.ആർ. ഗൗരിയമ്മയും അജിതയും മറ്റും അനുഭവിച്ച പ്രയാസങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ശീതീകരിച്ച മുറികളിലിരുന്ന് കീ ബോർഡിൽ പ്രതികരിക്കുന്ന ആക്റ്റിവിസ്റ്റുകളുടെ സംഭാവന യഥാർഥത്തിൽ എന്താണ്? 
*** *** ***
രണ്ട് മൂന്ന് ദൃശ്യമാധ്യമങ്ങളുടെ ഉത്സാഹമാണ് കേരളത്തിൽ പുതിയ സർക്കാർ അധികാരത്തിലേറാൻ വഴിയൊരുക്കിയത്. കെ.എം മാണിയുടെ വീട്ടിലെ നോട്ട് എണ്ണുന്ന യന്ത്രവും സോളാറിൽ പാഴായ കോടികളും ബജറ്റ് വിൽപനയുമെല്ലാം മലയാളി ഭവനങ്ങളിൽ സജീവ ചർച്ചാ വിഷയമായി. കോൺഗ്രസുകാരുടെ കണ്ണിലെ കരടായ വിജിലൻസ് ആപ്പീസർ ജേക്കബ് തോമസിന് പുതിയ സർക്കാർ സ്ഥാനക്കയറ്റം നൽകി ആദരിക്കുകയും ചെയ്തു. ഒരു ഫുട്‌ബോൾ മാച്ചിനെ ഓർമിപ്പിക്കുമാറ് അദ്ദേഹം മഞ്ഞ, ചുവപ്പ് കാർഡുകളെ കുറിച്ച് വിസ്തരിച്ചു. സ്രാവുകൾക്കൊപ്പം നീന്തുന്ന പോലീസ് ഓഫീസറെ പറ്റി റിപ്പോർട്ടർ ചാനൽ തുടർച്ചയായി ചർച്ച നടത്തി. പണക്കാർ മീൻ പിടിക്കാൻ പോകാറില്ലെന്ന സത്യം തിരിച്ചറിയാതെ വാചകമടിച്ചത് വിജിലൻസ് ഓഫീസർക്ക് വിനയായി. 
*** *** ***
കോഴിക്കോട്ട് തെരുവുകൾ പലതുണ്ടെങ്കിലും പേര് കേൾക്കുമ്പോൾ തന്നെ മധുരം കിനിയുന്ന സ്ട്രീറ്റ് ഒന്നേയുള്ളു. പണ്ടും ഇപ്പോഴും മിഠായിതെരുവ് സിനിമാ പാട്ടിലുണ്ട്. കോഴിക്കോട്ടങ്ങാടീലെ മിഠായി തെരുവിലിരിക്കുന്ന ഹലുവ കണ്ടം മാധുരിയുടെ ശബ്ദത്തിലാണ് യൂസുഫലി കേച്ചേരി രചിച്ച് മരം എന്ന സിനിമയിൽ ശ്രവിച്ചത്. ഗൂഢാലോചന എന്ന പുതിയ ചിത്രത്തിൽ ഖൽബിലെ തേനൊഴുകുന്ന  കോയിക്കോട് എന്ന പാട്ടിലുമുണ്ട് തെരുവിനെ  വർണിക്കൽ. വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം കോടികൾ ചെലവ് ചെയ്ത് നവീകരിച്ച മിഠായിതെരുവ് ഉദ്ഘാടനം ചെയ്തപ്പോഴും പ്രതിഷേധിക്കാൻ ആളുണ്ടായി. ഈ തെരുവിലൂടെ വാഹന ഗതാഗതം വേണമെന്നാണ് ചില കച്ചവടക്കാർ പറയുന്നത്. വാഹനം വന്നില്ലെങ്കിലും ഇവിടേക്ക് ആളുകൾ പ്രവഹിക്കുമെന്നതിൽ സംശയമില്ല. കോഴിക്കോട് നഗരത്തിൽ ജീവിച്ചു ശീലിച്ചവർക്ക് മിഠായി തെരുവിനെ അവഗണിക്കാനാവുമോ? പഴയ സൗഹൃദങ്ങൾ പുതുക്കാനും മുല്ല, കോഫി സുഗന്ധങ്ങൾ ആസ്വദിച്ച് ഷോപ്പിംഗ് നടത്താനും മറ്റെവിടെ സാധിക്കും? 


 

Latest News